Thursday 16 May 2013

[www.keralites.net] പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും

 

May 13, 2013

പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും b

ഒരു ബിഗ്‌ ബ്രദർ റിയാലിറ്റി ഷോയുടെ കുറവുണ്ടായിരുന്നു നമുക്ക്. സൂര്യ ടി വി അത് നിറവേറ്റിയിരിക്കുന്നു. ഇപ്പോൾ കേരളത്തിന് എല്ലാം തികഞ്ഞു. ഇനി ഐ എസ് ഒ സർട്ടിഫിക്കറ്റിന് ധൈര്യമായി അപേക്ഷിക്കാം. ഉഷാ ഉതുപ്പിന്റെ പാട്ടും ഇനി തല താഴ്ത്താതെ പാടാം 'ഹെന്റെ കേരളം ഹെത്ര സുന്ദരം!!'. റിയാലിറ്റി ഷോ എന്നാൽ ഇതാണ്. പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും ഒരു വീട്ടിൽ നൂറു ദിവസം കഴിയുന്നു. സീകരണ മുറി, അടുക്കള, കിടപ്പറ തുടങ്ങി എല്ലാം ലൈവായി നമ്മളെ കാണിക്കുന്നു. പോപ്പുലാരിറ്റി ഓർഡറിൽ പറഞ്ഞാൽ സന്തോഷ്‌ പണ്ഡിറ്റ്‌, സിന്ധു ജോയി, ജി എസ് പ്രദീപ്‌, ചിത്ര അയ്യർ, രാഹുൽ ഈശ്വർ തുടങ്ങി പതിനാറു താരങ്ങൾ 'മാറ്റുരക്കുന്ന' മൂത്ത് പഴുത്ത റിയാലിറ്റി.

മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാനുള്ള മനുഷ്യ സഹജമായ താത്പര്യത്തെ അതിവിദഗ്ദമായി ചൂഷണം ചെയ്യുന്നതാണ് ബിഗ്‌ ബ്രദർ ഷോയുടെ ഫോർമാറ്റ്‌. ഏതാണ്ട് ഒന്നര പതിറ്റാണ്ട് പ്രായമുള്ള ഈ ഫോർമാറ്റിനെ നാണവും മാനവും നാട് നീങ്ങിയ ഒരു 'അടിച്ചു പൊളി' ജീവിതത്തിന്റെ പുറംപോക്കിലേക്ക് ഗ്ലാമറും അനുബന്ധ ചേരുവകളും ചേർത്ത് സന്നിവേശിപ്പിക്കുന്നതാണ് 'മലയാളി ഹൗസ്'. രണ്ടു എപ്പിസോഡുകൾ കണ്ടതിൽ നിന്ന് എനിക്കെത്തിച്ചേരാനായ നിഗമനം അതാണ്‌. നമ്മുടെ സംസ്കാരത്തിന്റെയും ആ സംസ്കാരം നിർണയിക്കുന്ന സഭ്യതയുടെയും അതിരുകളെ ഈ ഷോ എങ്ങിനെ അതിലംഘിക്കുന്നുവെന്ന് തിരിച്ചറിയാൻ വേണ്ടി മാത്രം ഒരു എപ്പിസോഡിന്റെ ഏതാനും ഭാഗങ്ങൾ ഇവിടെ ചേർക്കാൻ എന്നെ അനുവദിക്കുക.


ഏഷ്യാനെറ്റിനും മറ്റു ചാനലുകൾക്കും ഇനി വെറുതെ ഇരിക്കാൻ പറ്റില്ല. പ്രേക്ഷകരെ സൂര്യ കൊത്തിക്കൊണ്ടു പോയി. അതുകൊണ്ട് ഒരു ബിഗ്‌ ബ്രദർ ഷോയുമായി അവർക്ക് വന്നേ പറ്റൂ.. എന്തോ ഭാഗ്യത്തിന് സൂര്യക്കാർ കക്കൂസിൽ ക്യാമറ വെച്ചിട്ടില്ല. ഏഷ്യാനെറ്റിന്റെ നിലവാരം വെച്ച് അവിടെയും ഒരു ക്യാമറ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ചുരുക്കത്തിൽ ലോകത്തിനു മാതൃകയായി നമ്മുടെ സംസ്ഥാനം മാറാൻ പോവുകയാണ്. മൂന്നു ലൈറ്റ് ബോയിയും നാല് ക്യാമറയും റെഡിയാക്കി നിർത്തി ലൈവായി പ്രസവിക്കുന്ന സിനിമാതാരത്തെ സംഭാവന ചെയ്ത നമുക്ക് ഈ പതിനാറ് പേരും മറ്റൊരു മുതൽക്കൂട്ടാണെന്ന് പറയേണ്ടി വരും. പതിനാറു പേരിൽ എല്ലാ രംഗത്ത് നിന്നുമുള്ളവരുണ്ട്. സാമുദായിക സമതുലനം പാലിച്ചിട്ടില്ല എന്ന് മാത്രം. ഏതായാലും പെരുന്നയിലെ നായർ ഹാപ്പിയാകാനിടയുണ്ട്. സന്തോഷ്‌ പണ്ഡിറ്റുള്ള സ്ഥിതിക്ക് രഞ്ജിനി ഹരിദാസിനെക്കൂടി കൂട്ടിയാൽ ഷോ ഒന്ന് കൂടി കൊഴുപ്പിക്കാമായിരുന്നു.

Fun & Info @ Keralites.netസ്വന്തം പ്രതിച്ഛായയെ ഒരു കാട്ടു ചെന്നായയുടെ ശൗര്യത്തോടെ എങ്ങിനെ സ്വയം കടിച്ചു കീറി നശിപ്പിക്കാമെന്നു ഗ്രാൻഡ്‌ മാസ്റ്റർ ജി എസ് പ്രദീപും സിന്ധു ജോയിയും തെളിയിക്കുന്നു. രണ്ടു പേരും എത്തിപ്പെട്ട ദുരന്തത്തിന്റെ ആഴം ആരും തലതാഴ്ത്തിപ്പോവും വിധം ദാരുണമാണ്. അശ്വമേധം അവതരിപ്പിച്ചിരുന്ന പ്രദീപ്‌ കേരളീയ ബൗദ്ധിക സമൂഹത്തിന്റെ അഭിമാനമായി തിളങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തിൽ നിന്നും ഒരു കോമാളി ഇമേജിലേക്കുള്ള ഈ കൂപ്പുകുത്തിനെ നാം എന്താണ് വിളിക്കേണ്ടത്. സിന്ധു ജോയിയുടെ കാര്യം പറയേണ്ട. പണ്ഡിറ്റുമൊത്തുള്ള ആ ഡാൻസ് കണ്ടാലറിയാം ഭാവിയുണ്ടെന്ന്, പക്ഷേ ഭൂതകാലം പോയി എന്ന് മാത്രം!

ഹോ, രാഹുൽ ഈശ്വറിനെയാണ് കാണേണ്ടത്. മൂന്നാലു പെണ്‍പിള്ളേരെ കൂടെ കഴിയാൻ കിട്ടിയതോട് കൂടി ഇടിവെട്ട് ഫോമിലാണ് പുള്ളി എത്തിയിട്ടുള്ളത്. കാസനോവ ചിത്രത്തിൽ മോഹൻലാൽ പോസ് ചെയ്ത പോലെ അഞ്ചാറു പെണ്‍കിടാങ്ങൾക്ക് നടുവിൽ ഇരുന്നും നടന്നും കിടന്നും വെടി പൊട്ടിച്ചും കിടു കിടു പെർഫോമൻസ്. ഈ പഹയനാണല്ലോ ശബരിമല തന്ത്രിയാവാൻ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത് എന്നാലോചിക്കുമ്പോഴാണ് ഒരു കൊള്ളിയാൻ തലച്ചോറിനുള്ളിലൂടെ പായുന്നത്. "ഈ ഷോ കഴിഞ്ഞാൽ നമുക്ക് ഗോവയിൽ പോയി രണ്ടു മൂന്നു ദിവസം താമസിക്കണം. ഷോയുടെ ഭാഗമായുള്ള നിർബന്ധ താമസാണെന്ന് പറഞ്ഞു പോന്നാൽ മതി" എന്ന് ഈ മഹാൻ മൂന്നു പെണ്‍പിള്ളേരോട് പതുങ്ങിയ ശബ്ദത്തിൽ പറയുന്നത് ക്യാമറ പകർത്തിയിട്ടുണ്ട്. ഈ വീടിനകത്തുള്ള മുപ്പത് ക്യാമറകൾ വലിയ ശല്യമായി തോന്നിയത് കൊണ്ടാവണം സദാചാര പ്രഭാഷകൻ ഗോവയ്ക്ക് വെച്ചു പിടിക്കാമെന്ന് തീരുമാനിച്ചത്. ഭാരതത്തിന്റെ സംസ്കാരം, ഭക്തി, സന്യാസ ജീവിതം, തത്വചിന്ത തുടങ്ങിയ വിഷയങ്ങളിൽ മുഴുവൻ കേരളീയരെയും ഉത്ബുദ്ധരാക്കാൻ വേണ്ടി വേദികളിലും ടി വി കളിലും നിറഞ്ഞു നിൽക്കാറുള്ള ഈ യുവപുലിയുടെ ശരിക്കുള്ള ചിത്രം കണ്ട് ശിവ ശിവാ എന്ന് പ്രേക്ഷകർ വിളിച്ചു കാണണം. ഇനി ഭക്തിയും പറഞ്ഞിങ്ങു വരട്ടെ. അന്ന് ഞാനെന്റെ ടി വി അടിച്ചു പൊളിക്കും.

പുറത്തായാലും ഇല്ലെങ്കിലും ഈ ഷോയിലെ യഥാർത്ഥ വിജയി സന്തോഷ്‌ പണ്ഡിറ്റാണ്. തന്നെക്കാൾ കൂതറകളായ പതിനഞ്ച് പേർ കേരളത്തിലുണ്ടെന്ന് അവരോടൊപ്പം നിന്ന് കാണിച്ചു കൊടുക്കാൻ പറ്റി. പണ്ഡിറ്റിന് നഷ്ടപ്പെടുവാൻ ഒന്നുമില്ല. അത്രമാത്രം പാതാളത്തിലാണ് അയാളുടെ ഇമേജ് കിടക്കുന്നത്. പി സി ജോർജിന് പോലും അവിടേക്ക് എത്താൻ പറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതല്ല ഇതിനേക്കാൾ തറയായ പരിപാടിയിലും അയാൾ പങ്കെടുക്കും. കത്തുന്ന പുരയ്ക്കു ഊരുന്ന കഴുക്കോൽ ലാഭം എന്ന പോളിസി. എന്നാൽ ബുദ്ധിജീവി ചമഞ്ഞ് അയാളെ പരിഹസിച്ചു നടന്നിരുന്ന സകല ഫ്രോഡുകളും തന്നെക്കാൾ കൂതറകളാണെന്ന് തെളിയിക്കുന്ന ഒരു പ്രോഗ്രാമിൽ അയാൾക്കും പങ്കെടുക്കാൻ പറ്റി. യഥാർത്ഥ വിജയി പണ്ഡിറ്റാണെന്ന് ഞാൻ പറഞ്ഞത് അതുകൊണ്ടാണ്.

രക്ഷിതാക്കളോട് ഒരഭ്യർത്ഥനയുള്ളത് ഒറ്റ എപ്പിസോഡ് മുടങ്ങാതെ ഇത് മക്കൾക്ക്‌ കാണിച്ചു കൊടുക്കണം എന്നാണ്!. അവരിത് ആസ്വദിക്കട്ടെ. കണ്ടു പഠിക്കട്ടെ. ജീവിതത്തിന്റെ വഴികളിൽ അവർ അപഥ സഞ്ചാരം തുടങ്ങിയാൽ നമുക്ക് സമൂഹത്തെ പഴി പറഞ്ഞ് രക്ഷപ്പെടാം. സ്ത്രീ ശാക്തീകരണ വാദികളോടും പ്രസ്ഥാനങ്ങളോടും പറയാനുള്ളത് ഈ ഷോയെ പരമാവധി വിജയിപ്പിച്ചു കൊടുക്കുക എന്നതാണ്. പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെടുമ്പോൾ നമുക്ക് മെഴുകുതിരി കത്തിച്ചു പ്രകടനം നടത്താം. തെരുവിൽ മുദ്രാവാക്യം വിളിച്ച് കരുത്ത് തെളിയിക്കാം.



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment