Sunday, 28 April 2013

[www.keralites.net] പലിശരഹിത ബാങ്കിന്‍റെ ഇസ്‌ലാമിക മാനം.

മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളെയും ചൂഴ്ന്നുനില്‍ക്കുന്ന സമഗ്രമായ ജീവിത വ്യവസ്ഥിതിയെന്ന നിലയില്‍ മറ്റേതൊരു വിഷയത്തിലുമെന്ന പോലെ സാമ്പത്തിക രംഗത്തും ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ജീവിതത്തിന്റെ നിലനില്‍പ്പ് തന്നെ പണം കൊണ്ടാണെന്ന് ഇസ്‌ലാമിന്റെ ഭരണഘടനയായ ഖുര്‍ആന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രത്യകിച്ചും. സാമ്പത്തിക രംഗത്തെ ഇസ്‌ലാമിന്റെ വിധിവിലക്കുകളും മാര്‍ഗനിര്‍ദേശങ്ങളും ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ രണ്ടാം കാണ്ഡമായ 'മുആമലാത്ത്' അഥവാ ഇടപാടുകള്‍ എന്ന ഭാഗത്ത് വിശദമായി പ്രതിപാദിച്ചതായി കാണാം.
വര്‍ത്തമാനകാലത്ത് ലോകം നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഒരളവോളം കാരണം മനുഷ്യന്‍ സ്വയം നിര്‍മിച്ചുണ്ടാക്കിയ ചില തെറ്റായ സാമ്പത്തിക നയനിലപാടുകളാണെന്നാണ് മനസ്സിലാക്കേണ്ടത്. സാമ്പത്തിക രംഗത്തെ മൂല്യച്യുതികള്‍ക്ക് പരിഹാരമന്വേഷിച്ചുകൊണ്ട്, സമ്പത്തിന്റെ യഥാര്‍ഥ ഉടമയും ദാതാവുമായ അല്ലാഹുവിന്റെ വിധിവിലക്കുകളെക്കുറിച്ച് അഥലാ ഇസ്‌ലാമിന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ഒരുകാലത്ത് അവയെ അവമതിക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്തവര്‍ തന്നെ മുന്നോട്ടുവരുന്നത് എന്തുകൊണ്ടും ശുഭോദര്‍ക്കമാണ്.
പലിശയിലധിഷ്ഠിതമായ ആഗോള സാമ്പത്തിക വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യാ മഹാരാജ്യത്തിന്റെ കാര്യമെടുത്താല്‍, രാജ്യത്തിന്റെ ദേശീയ വരുമാനത്തിന്റെ മൂന്നിലൊന്നിലധികം പലിശ കൊടുക്കാനാണ് നാം ചെലവഴിക്കുന്നത്. ഭക്ഷ്യ വിഭവസമാഹാരണത്തിനും കാര്‍ഷികാവശ്യത്തിനും വകയിരുത്തിയിട്ടുള്ള മൊത്തം ചെലവിനെക്കാള്‍ കൂടുതലാണിത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ ജനതയുടെ ഭക്ഷ്യാവശ്യത്തിന് വേണ്ടി വരുന്നതിലേറെ പണം നമ്മുടെ സര്‍ക്കാര്‍ വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും വാങ്ങിക്കൂട്ടിയ കടത്തിന്റെ പലിശയായി അടക്കേണ്ടിവരികയാണ്. രാജ്യത്തിന്റെ പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്ന ഇത്തരം കടക്കെണികള്‍ സൃഷ്ടിച്ചെടുത്തതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കരാളഹസ്തങ്ങള്‍ പലിശയുടേതാണ്. പലിശയെന്ന പിശാചിനെ ആട്ടിയകറ്റേണ്ടതാണെന്ന ഇസ്‌ലാമിക പാഠം ആധുനിക സാമ്പത്തികശാസ്ത്ര വിദഗ്ധര്‍ പോലും അംഗീകരിച്ചുവരുന്നത് ഇസ്‌ലാമികാശയങ്ങളുടെ സമഗ്രതയെയും കാലിക പ്രസക്തിയെയും സൂചിപ്പിക്കുന്നുവെന്നതില്‍ സംശയമില്ല.
സാമ്പത്തിക മേഖലയില്‍ ലോകം ഇന്നനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് പലിശ. ഒരു ചൂഷണോപാധിയായതു കൊണ്ടും ധനവികേന്ദ്രീകരണത്തിന് വഴിയൊരുക്കുമെന്നതിനാലും ഇസ്‌ലാം പലിശയെ ശക്തമായി എതിര്‍ക്കുന്നു. പലിശയെ അല്ലാഹു നശിപ്പിച്ചുകളയുമെന്ന് വിശുദ്ധ ഖുര്‍ആന്‍ അര്‍ഥശങ്കക്കിടമില്ലാത്തവിധം പ്രഖ്യാപിക്കുമ്പോള്‍ അല്ലാഹു യുദ്ധം പ്രഖ്യാപിച്ച വിഭാഗമാണ് പലിശയുമായി ബന്ധപ്പെടുന്നവര്‍ എന്നാണ് നബി (സ) തങ്ങള്‍ സമൂഹത്തെ പഠിപ്പിച്ചത്. പലിശ ഭക്ഷിക്കുന്നവനെയും ഭക്ഷിപ്പിക്കുന്നവനെയും (കൊടുക്കുന്നവനെയും വാങ്ങുന്നവനെയും) അതിനായി സാക്ഷി നില്‍ക്കുന്നവനെയും എഴുതുന്നവനെയുമെല്ലാം അല്ലാഹു ശപിച്ചിരിക്കുന്നുവെന്ന നബിവചനം പലിശയുടെ ഗൗരവം ബോധ്യപ്പെടുത്താന്‍ എത്രയും പര്യാപ്തമാണ്. പലിശബന്ധിതമായ ബേങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചു മുന്നോട്ട് പോകാന്‍ ഇതെല്ലാം മനസ്സിലാക്കിയ ഒരു സത്യവിശ്വാസിക്ക് കഴിയില്ല എന്നിടത്ത് നിന്നാണ് ഒരു പലിശരഹിത ബേങ്കിനെക്കുറിച്ചുള്ള ചിന്ത പ്രസക്തമാകുന്നത്. പലിശയുടെ നീരാളിപ്പിടുത്തത്തില്‍ കിടന്ന് ചക്രശ്വാസം വലിക്കുന്ന ചില രാജ്യങ്ങളും അവയിലെ ചിന്തകരുമെല്ലാം പലിശരഹിത ബേങ്കിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍, പലിശരഹിത ബേങ്കിന്റെ സാധ്യതകളെക്കുറിച്ച് ഇസ്‌ലാമികമായൊരു ചര്‍ച്ചക്ക് പ്രസക്തി ഏറിവരികയാണ്.
ധനത്തിന്റെ സുരക്ഷിതത്വത്തിനാണ് ഭൂരിഭാഗം പേരും ബേങ്കിനെ സമീപിക്കുന്നത്. സമ്പന്നന്‍മാരുടെ പക്കല്‍ മിച്ചം വരുന്ന ധനം പലിശരഹിതമായി സൂക്ഷിക്കുകയും ആവശ്യക്കാര്‍ക്ക് മതിയായ ഈടിന്മേല്‍ ഒട്ടും പലിശ വാങ്ങാതെ തന്നെ വിതരണം നടത്തുകയും ചെയ്യുന്ന ഒരു സാമ്പത്തിക സ്ഥാപനമെന്നതാണ് ഇസ്‌ലാമിക പലിശരഹിത ബേങ്ക് കൊണ്ടുള്ള വിവക്ഷ. കുറഞ്ഞ പലിശ നല്‍കി ധനം സ്വീകരിക്കുകയും അത് ഉയര്‍ന്ന പലിശക്ക് ആവശ്യക്കാരന് കടം നല്‍കി തടിച്ചുകൊഴുക്കുകയുമാണ് ആധുനിക ബേങ്കുകള്‍ ചെയ്യുന്നതെങ്കില്‍ പലിശയെ വെറുക്കുന്ന, എന്നാല്‍ ധനം സുരക്ഷിതമായിരിക്കണമെന്നാഗ്രഹമുള്ള ധനികരില്‍ നിന്ന് പണം സ്വീകരിച്ച് മതിയായ ഈടിന്മേല്‍, കഷ്ടപ്പെടുന്നവര്‍ക്ക് പലിശ വാങ്ങാതെ കടം കൊടുക്കുന്ന പരിപാടിയാണ് ഇസ്‌ലാമിക പലിശരഹിത ബേങ്ക് നിര്‍വഹിക്കുന്നത്. ഇതനുസരിച്ച് ധനികന് ധനസുരക്ഷയും ദരിദ്രന് കടാശ്വാസവും ലഭിക്കുന്നു. രണ്ട് പേരും പലിശ എന്ന വിപത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു.
മദ്‌റസ തുടങ്ങിയ മത സ്ഥാപനങ്ങളുടെ മിച്ചമുള്ള ധനം ഉപയോഗപ്പെടുത്തി പല മഹല്ലുകളിലും മദ്‌റസകളിലും മേശ, കസേര, ഡക്കറേഷന്‍സ്, പാത്രങ്ങള്‍ തുടങ്ങിയവ വാങ്ങി വാടകക്ക് കൊടുക്കുന്ന പതിവുണ്ട്. സ്ഥിര വരുമാനം ലഭിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ ഇസ്‌ലാമിക ബേങ്കിനും നടപ്പാക്കാവുന്നതേയുള്ളൂ. സ്വന്തമായി വാഹനം വാങ്ങാന്‍ കഴിയാത്ത ഡ്രൈവര്‍ക്ക് വാഹനം വാങ്ങിക്കൊടുക്കാനും ഡി ടി പി വര്‍ക്കുകള്‍ പഠിച്ചു പരിശീലിപ്പിച്ച് വെറുതെയിരിക്കുന്നവര്‍ക്ക് പ്രസ്തുത സൗകര്യമുള്ള കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുക്കാനും ഇസ്‌ലാമിക ബേങ്കുകള്‍ക്ക് നിഷ്പ്രയാസം സാധിക്കുന്നതാണ്. മേല്‍പ്പറഞ്ഞ തൊഴില്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുത്ത് അവരില്‍ നിന്ന് നിശ്ചിത വാടക ഈടാക്കിയും നിശ്ചിത വാടക, ഗഢുക്കളായി സ്വീകരിച്ച് അതവര്‍ക്ക് തന്നെ വില്‍ക്കുക വഴിയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സമൂഹത്തിന്റെ അധ്വാനഫലം വ്യക്തിക്കും സമൂഹത്തിനും ഉപകരിക്കുന്ന വിധത്തില്‍ വിനിയോഗിക്കാനും കഴിയും. ബേങ്കുകള്‍ക്കാകട്ടെ നല്ല വരുമാനം ലഭിക്കുകയും ചെയ്യും.
ചുരുക്കത്തില്‍, ഇസ്‌ലാമിക -പലിശരഹിത ബേങ്കിന് നിബന്ധനകളില്‍ ഒതുങ്ങിനിന്നു കൊണ്ട് തന്നെ സാമ്പത്തിക രംഗത്ത് പലവിധ സേവനങ്ങളും ചെയ്യാന്‍ കഴിയും. പലിശയിനത്തില്‍ ആധുനിക ബേങ്കുകള്‍ക്ക് ലഭിക്കുന്ന തുക കുറവുണ്ടാകുമെന്നതൊഴിച്ചാല്‍ ആധുനിക ബേങ്കുകള്‍ വഴി ലഭ്യമാകുന്ന മിക്ക സേവനങ്ങളും ഇസ്‌ലാമിക ബേങ്കിനും സമൂഹത്തിന് സമര്‍പ്പിക്കാന്‍ കഴിയും. ആധുനിക ബേങ്കുകളില്‍ നിന്ന് ഇസ്‌ലാമിക് ബേങ്കിനെ വേറിട്ടുനിര്‍ത്തുന്ന പ്രധാനപ്പെട്ടൊരു ഘടകം ചൂഷണത്തില്‍ നിന്ന് പൂര്‍ണമായും മുക്തമായ സേവനങ്ങള്‍ കാഴ്ചവെക്കുന്നുവെന്നതാണ്. ആധുനിക ബേങ്കുകള്‍ യാതൊരുവിധ അധ്വാനമോ ക്ലേശമോ നഷ്ട സാധ്യതയോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ചൂഷണമാണതിന്റെ മുഖമുദ്ര എന്നത് തന്നെ കാരണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇസ്‌ലാമിക് ബേങ്കിന്റെ എല്ലാ തലങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് സേവനവും സഹായവുമാണ്. സേവനമെന്ന പേരില്‍ ലാഭേഛയോടെ മാത്രം പ്രവര്‍ത്തിക്കുക വഴി ആധുനിക ബേങ്കുകള്‍, പാവപ്പെട്ടവരുടെ നിര്‍ബന്ധിതാവസ്ഥ ചൂഷണം ചെയ്ത് കൊള്ളപ്പലിശ വാങ്ങി തടിച്ചുകൊഴുക്കുമ്പോള്‍ സ്വയം നഷ്ടസാധ്യത ഏറ്റെടുത്തുകൊണ്ട് പോലും മറ്റുള്ളവരെ സഹായിക്കുകയാണ് ഇസ്‌ലാമിക് ബേങ്കിന്റെ ധര്‍മമെന്ന് ചുരുക്കം.
ധനികനെ കൂടുതല്‍ ധനികനാക്കാനും ദരിദ്രനെ കൂടുതല്‍ ദരിദ്രനാക്കാനും മാത്രമേ പല ഇസ്‌ലാമികേതര സാമ്പത്തിക വ്യവസ്ഥിതിക്കും സാധിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെയാണവയില്‍ പലതും അകാല ചരമം പ്രാപിച്ചതും ചിലത് ജീവഛവമായി നില നില്‍ക്കുന്നതും. സമ്പത്ത് ഒരു വിഭാഗത്തില്‍ മാത്രം കുമിഞ്ഞുകൂടുകയോ, വട്ടം കറങ്ങുകയോ ചെയ്യരുതെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. സമൂഹത്തിലെ എല്ലാക്കിടയിലുള്ള ജനങ്ങള്‍ക്കും സമ്പത്തിന്റെ പ്രയോജനം ലഭിക്കണം; അത് ഏറ്റക്കുറച്ചിലോടെയാണെങ്കിലും. ഇസ്‌ലാമിക ബേങ്ക് അഥവാ പലിശരഹിത ബേങ്ക് നിര്‍വഹിക്കുന്ന പ്രധാന ധര്‍മവും ഇതുതന്നെയാണ്.
ആധുനിക ബേങ്കുകളില്‍ പണം നിക്ഷേപിക്കുന്നവരില്‍ ഒരു വിഭാഗത്തിന്റെ ലക്ഷ്യം സുരക്ഷ മാത്രമല്ല വര്‍ധനവ് കൂടിയാണ്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിക ബേങ്കിന് ഇതിനും പരിഹാരം കാണാവുന്നതേയുള്ളൂ. പലിശയെ നിരോധിച്ച ഇസ്‌ലാം കച്ചവടം അനുവദിക്കുന്നുവെന്നു മാത്രമല്ല പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നു. കച്ചവടം നല്ലൊരു തൊഴിലായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. പ്രവാചകത്വ ലബ്ധിക്കു മുമ്പ് തിരുനബി (സ) കച്ചവടം ചെയ്തിട്ടുണ്ട്. പലിശരഹിത ബേങ്കിന്റെ മൂലധനം ഉപയോഗപ്പെടുത്തി ഷെയര്‍ ബിസിനസ്സ് പോലെയുള്ള സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഇസ്‌ലാമികമായി യാതൊരു വിരോധവുമില്ല. ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകളോടെയാകണം അതെന്ന് മാത്രം. ഇതിലൂടെ ഇസ്‌ലാമിക് ബേങ്കിന് ലാഭമുണ്ടാക്കുകയും അത് ഷെയറുടമകള്‍ക്ക് തോതനുസരിച്ചു വീതിക്കുകയും ചെയ്യാം. ഇതുവഴി നിക്ഷേപകര്‍ക്ക് ന്യായമായ ലാഭം അഥവാ വര്‍ധനവ് പ്രതീക്ഷിക്കാം. പലിശ കടന്നുവരാത്തതിനാല്‍ നിഷിദ്ധം കലരാതെ സമ്പത്ത് സംരക്ഷിക്കുകയും ചെയ്യാം. പലിശരഹിത ബേങ്ക് ഒരു നഷ്ടക്കച്ചവടമാണെന്ന് ധരിക്കേണ്ടതില്ലെന്നര്‍ഥം. മറ്റേതൊരു ബിസിനസ്സിനെയും പോലെ ബിസിനസ് പരാജയത്തില്‍ കലാശിച്ചാല്‍ അതും ഷെയറുടമകള്‍ വഹിക്കേണ്ടിവരുമെന്നേയുള്ളൂ.
മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, ഒരാളുടെ വശം പണമുണ്ട്. അയാള്‍ അധ്വാനിക്കാന്‍ തയ്യാറില്ല. മറ്റൊരാള്‍ അധ്വാനിക്കാന്‍ തയ്യാറാണ്. അയാളുടെ പക്കല്‍ മൂലധനമില്ല. ഈ രണ്ട് വ്യക്തികളെയും കൂട്ടിയിണക്കുന്ന ധര്‍മം ഇസ്‌ലാമിക് ബേങ്കിന് നിര്‍വഹിക്കാം. ഇതിലൂടെ ഒന്നാമന്റെ പണം പ്രത്യുത്പാദനപരമായി ഉപയോഗപ്പെടുത്താനും രണ്ടാമന് മാന്യമായൊരു തൊഴില്‍ നല്‍കാനും അധ്വാനം ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കുന്നു. ലഭിക്കുന്ന ലാഭം നിശ്ചിത തോതനുസരിച്ച് വീതിച്ചെടുക്കാം. കര്‍മശാസ്ത്ര വീക്ഷണത്തില്‍ അതിന് 'ഖിറാള്' എന്നാണ് പറയുക. 'ഖിറാള്' അനുവദനീയമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.
ലോക്കര്‍ സൗകര്യമാണ് ആധുനിക ബേങ്കുകളുടെ മറ്റൊരു സവിശേഷത. പണത്തിന്റെയും മറ്റും സുരക്ഷക്കായി ചിലരെങ്കിലും ബേങ്കിലേക്കാര്‍കര്‍ഷിക്കപ്പെടുന്നത് ഈ സൗകര്യം മുന്നില്‍ കണ്ടാണ്. പല ബേങ്കുകളുടെയും പരസ്യത്തില്‍ ലോക്കര്‍ സൗകര്യം ലഭ്യമാണെന്ന് കാണാം. ആധുനിക ബേങ്ക് ചെയ്തുവരുന്ന ഈ സേവനം ഇസ്‌ലാമിക് ബേങ്കിന് നടപ്പാക്കുന്നതില്‍ യാതൊരു തടസ്സവുമില്ല. സുരക്ഷിതത്വം ഉദ്ദേശിച്ച് ആഭരണങ്ങള്‍, വിലപിടിപ്പുള്ള രേഖകള്‍ എന്നിവക്കെല്ലാം 'അമാനത്ത്' സൂക്ഷിപ്പുകള്‍ എന്ന നിലയില്‍ ഇസ്‌ലാമിക് ബേങ്കിന് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താം. ഇങ്ങനെ കര്‍മശാസ്ത്രം പറയുമ്പോള്‍ ആ ഇനത്തില്‍ അഥവാ ലോക്കറുകള്‍ വാടകക്ക് കൊടുത്ത് ഇസ്‌ലാമിക് ബേങ്കിന് വരുമാനമുണ്ടാക്കുകയും ചെയ്യാം! ഇവിടെ ശ്രദ്ധിക്കാനുള്ള ഒരു കാര്യം ലോക്കറില്‍ നിക്ഷേപിക്കുന്ന പണം, മറ്റു വസ്തുക്കള്‍ എന്നിവയില്‍ ബേങ്കിന് ക്രയവിക്രയാധികാരം ഉണ്ടാകില്ലെന്നതാണ്. അത് വദീഅത്ത് സൂക്ഷിപ്പ് സ്വത്തിന്റെ പരിധിയില്‍ വരുമെന്നതാണ് കാരണം. ലോക്കര്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നവന്റെ ഉദ്ദേശ്യവും സ്വാഭാവികമായും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും.!
ഇസ്‌ലാമിക് ബേങ്കിന്റെ മറ്റൊരു ഗുണവശം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നതാണ്. തൊഴിലില്ലായ്മ ഒരു വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ആധുനിക യുഗത്തില്‍ ഇത്തരമൊരു സംവിധാനത്തിന്റെ പ്രസക്തി ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. (തൊഴിലില്ലായ്മാ വേതനത്തിന് വേണ്ടി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്ന ഒരു നാട്ടില്‍ ഒരു തൊഴിലാളിയെ തേടിയിറങ്ങിയാല്‍ കിട്ടിയെന്ന് വരില്ലെന്നതാണ് വേറെ കാര്യം).
സാമ്പത്തിക ശേഷിയില്ലാത്തതിന്റെ പേരില്‍ തൊഴിലുപകരരണങ്ങളോ ആയുധങ്ങളോ വാങ്ങാന്‍ സ്വന്തമായി കഴിയാത്തവരുണ്ടാകും സമൂഹത്തില്‍. അവര്‍ക്ക് ജോലി ചെയ്യാനാവശ്യമായ ഉപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിവ വാടകക്ക് നല്‍കുന്നതും ഇസ്‌ലാമിക് ബേങ്കിന് ചിന്തിക്കാവുന്നതാണ്.
===========================

www.keralites.net

No comments:

Post a Comment