Sunday 28 April 2013

[www.keralites.net] മഴ ...

 

മഴ ...

തുലാവര്‍ഷത്തില്‍ മാനം കറുക്കാന്‍ തുടങ്ങുമ്പോള്‍ മേഘക്കൂട്ടങ്ങളുടെ ഓട്ടം കണ്ടാല്‍ ചിരി വരും. അത്രയും നേരം കളിച്ചുനടന്ന കുട്ടികള്‍ ആരുടെയോ ആഞ്ജ കിട്ടിയപ്പോള്‍ സ്വന്തം സ്ഥാനങ്ങളില്‍ എത്തിനില്‍ക്കാനുള്ള തിരക്ക്‌ പോലെ തോന്നും. ചില മേഘങ്ങള്‍ കൂട്ടം തെറ്റി കളിക്കാന്‍ പോയത് കൊണ്ടാകും ദൂരെ നിന്ന് ഒറ്റക്ക് പാഞ്ഞുവരുന്നത് കണ്ടു. ഇതിനിടയില്‍ ചില മേഘപാളികള്‍ സ്ഥാനം ശരിയാക്കാന്‍ മെല്ലെ ഇടയിലൂടെ ഊളയിട്ടു നടക്കുന്നത് കാണാം. ഒറ്റക്ക് പായുന്ന പക്ഷികള്‍ക്ക്‌ പ്രത്യേകിച്ച് ഭാവം ഒന്നുമില്ലെന്ന് തോന്നി. കാക്കകള്‍ക്ക് മാത്രം ഒന്നും മിണ്ടാതെ പോകാന്‍ വയ്യ. കാ...കാ... എന്ന് ഒന്നും രണ്ടും പറഞ്ഞെ ഇവറ്റകള്‍ പറക്കൂ... പിന്നെയുള്ളത് പക്ഷിക്കൂട്ടങ്ങള്‍ ആണ്...അവ കുറെ കൂടി ഉയരത്തില്‍ ദൂരെ എവിടെയോ ലക്ഷ്യം വച്ച് പോകുന്നത് കാണാം. വീടിന്‍റെ മൂന്ന് ഭാഗത്തും കോലായം കെട്ടിയിരുന്നത് കൊണ്ട് കാഴ്ച കാണാന്‍ നല്ല രസമായിരുന്നു.

മെല്ലെ തണുത്ത കാറ്റ് വീശാന്‍ തുടങ്ങി. മരത്തിന്‍ ചില്ലകളില്‍ ചത്തിട്ടും പിടിവിടാതെ കഴിയുന്ന ഉണങ്ങിയ ഇലകള്‍ വിറച്ചു വിറച്ച് താഴെ വീഴുന്നത് കണ്ടു , ഉണങ്ങി ദ്രവിച്ചിട്ടും പ്രൌഢി കാണിച്ചുനില്‍ക്കുന്ന ചില മരക്കൊമ്പുകള്‍ ഉരുണ്ടുവീഴുന്നതും ഈ കാറ്റിലാണ്.

മാനത്ത്‌ അങ്ങിങ്ങായി നേര്‍ത്ത മേഘങ്ങള്‍ തിരക്ക്‌ പിടിച്ച് ഓടുന്നു . ഇപ്പോള്‍ മേഘങ്ങള്‍ എല്ലാം ഒന്നിച്ച് കൂടിയതുപോലെ . ആദ്യം ഇടയില്‍ കിടന്ന് ബഹളം വച്ച് ഓടി നടന്നിരുന്ന ചില മേഘശകലങ്ങളെ ഇപ്പോള്‍ കാണുന്നില്ല. അകത്തു ഒരു ശാന്തതയാണ്, കാര്യമായ എന്തോ ഒരു ചര്‍ച്ച പോലെ.

ഉമ്മറത്ത്‌ കോലായില്‍ രണ്ടറ്റത്തും സിംഹാസനം പോലുള്ള സിമന്റിട്ട ഇരിപ്പിടമുണ്ട്. ചുവപ്പും,കറുപ്പും നിറങ്ങളില്‍ റെഡ്‌ ഓക്ക്സൈഡ് ഉപയോഗിച്ച് അവ മിനുക്കിയിരുന്നു. ഇവിടെയിരുന്നായിരുന്നു ഞാന്‍ മാനത്തെ കാഴ്ചകള്‍ കാണുക. ഇവിടെയിരുന്നാല്‍ കൈനീട്ടി അഞ്ചിതള് ഉള്ള ചുവന്ന ചെമ്പരത്തി ചെടിയെ തൊടാം. കുഞ്ഞിക്കിളികള്‍ തേന്‍ കുടിക്കാന്‍ വരുന്ന ചാഞ്ഞുനില്‍ക്കുന്ന വെള്ള അശോകച്ചെത്തിയില്‍ തൊടാം. അശോകച്ചെത്തിക്ക് താഴെ ചവറില്‍ എന്തോ ഒന്ന് അനങ്ങുന്നത് കണ്ടു.... അമ്മേ.... ഒരു പാമ്പ്... എന്ന് പറയാന്‍ തുടങ്ങിയതായിരുന്നു. ...അപ്പോഴേക്കും തലമണ്ടയില്‍ ഒരു വലിയ ഉണക്ക ഇല പറ്റിപ്പിടിച്ച ഒരു മേക്കാന്‍ തവള പുറത്തേക്ക് ചാടി വന്നു. ചാട്ടത്തിനിടയില്‍ ഇടക്ക് നിന്ന് മുന്‍കൈ ഉയര്‍ത്തി എന്താണ് ഈ തവള കാട്ടുന്നത്...കുറച്ചു കൂടി അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഞാന്‍ ചിരിച്ചു പോയത്‌. ഒരു വലിയ തലമുടി ചുറ്റി കെട്ടിയത്‌ മുഖത്ത് ഉടക്കിയിരിക്കുന്നു....അതും കൊണ്ടാണ് ഓടുന്നത്, ഓടുന്നതിനിടയില്‍ കിട്ടുന്ന സമയത്താണ് കൈകൊണ്ടു തട്ടി മാറ്റാന്‍ ശ്രമിക്കുന്നത്.

വിശാലമായ വടക്കേ പറമ്പിനും അപ്പുറം അങ്ങുദൂരെ മഴ താണ്ഡവം ആടി വരുന്ന ഇരമ്പല്‍ കേട്ടു. വരുന്ന സ്ഥലം മുഴുവന്‍ അടക്കി തകര്‍ത്തുള്ള വരവാണ്. അതു പെരുകി പെരുകി അടുത്തെത്താറാകുന്നു. ഒടുവില്‍ ഓടിവന്ന് ഓലപ്പുറത്ത് മഷിപേന കുടഞ്ഞ പോലെ പോയി, വീണ്ടും പൂര്‍വ്വാധികം ശക്തിയോടെയുള്ള വരവറിഞ്ഞു, ഇരമ്പം കേട്ടപ്പോള്‍ തോന്നി, ഇത് തകര്‍ത്തിട്ടെ പോകു എന്ന്. അതുപോലെ തന്നെ ഇരച്ചുവന്നെത്തി മേല്‍ക്കൂരയില്‍ താളം തീര്‍ത്ത്‌ നിന്നു. തട്ടിമ്പുറത്ത് കയറാന്‍ കഴിഞ്ഞെങ്കില്‍ കിളിവാതിലിലൂടെ കാണാമായിരുന്നു. ഇറക്കാഴിയില്‍ ഓലത്തുമ്പില്‍ നിന്നും വള്ളി പൊട്ടാതെ വെള്ളം താഴേക്കിറങ്ങിവന്നു. മുറ്റത്ത്‌ കുമിളകള്‍ കൂട്ട് കൂടി വഴക്കിട്ട് പൊട്ടി അമരുന്നത് കൗതുകത്തോടെ നോക്കിയിരുന്നു. ഓരോ മഴത്തുള്ളിയില്‍ നിന്നും പെറ്റ് വീഴുന്ന മഴകുമിളകള്‍ ! ചിലവ രണ്ടും കൂടി ഒന്നാകുന്നതും ഒന്നിച്ച് നീങ്ങി പൊട്ടി ചിതറുന്നതും നോക്കിയിരുന്നപ്പോഴേക്കും അമ്മ അകത്തു നിന്നും വിളിച്ചു...


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment