Tuesday, 2 April 2013

[www.keralites.net] വസ്ത്രത്തിലെന്തിരിക്കുന്നു?

 

വസ്ത്രത്തിലെന്തിരിക്കുന്നു ?
 
'നിനക്കിനിയും ഇറങ്ങാറായില്ലേ, സമയം ഒരു പാടായി'. ഭര്‍ത്താവ് വിളിച്ചു ചോദിച്ചു. ബന്ധുവിന്റെ മരണ വിവരമറിഞ്ഞു അവിടെ പോകാനുള്ള ഒരുക്കത്തിലാണ് ഭാര്യയും ഭര്‍ത്താവും. ഭര്‍ത്താവ് ഒരുക്കം കഴിഞ്ഞു മുറ്റത്ത് കാത്ത് നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒട്ടു നേരമായി.

'
ഞാന്‍ സാരി തിരയുകയാണ്. എങ്ങും കാണുന്നില്ല'
ഭാര്യയുടെ മറുപടി കേട്ട് ഭര്‍ത്താവിന് അത്ഭുതം. 'എത്ര സാരികളാ നിനക്കുള്ളത്. ഒന്നും കാണുന്നില്ലെന്നോ?'
'
കഴിഞ്ഞ പെരുന്നാളിനെടുത്ത കറുത്ത സാരിയില്ലേ. അതാണ് കാണാനില്ലാത്തത്'
'
എന്നാല്‍ വേറൊന്ന് ധരിച്ചാല്‍ പോരേ'
'
മരിച്ച വീട്ടിലേക്കല്ലേ പോകുന്നത്. കറുത്ത സാരിയല്ലേ മാച്ച് ചെയ്യുക'
*** *** *** ***
ഭാര്യയുടെ മറുപടി കേട്ട് അത്ഭുതം കൂറേണ്ടതില്ല. വസ്ത്ര ധാരണത്തില്‍ ചില പുതിയ രീതികളും ചിട്ടകളുമൊക്കെയുണ്ട് ആധുനിക സ്ത്രീ സമൂഹത്തിന്. വിവാഹപ്പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ഒരു തരം. സല്‍കാരത്തിന് മറ്റൊരു തരം. ടൂറിന് പോകുമ്പോള്‍ വേറൊരു വിധം. മരണവീട് ദുഃഖമയമാണല്ലോ. അവിടെ ധരിക്കുന്നത് കറുത്തതായിരിക്കണം. കറുത്ത സാരിയില്ലാത്തതിനാല്‍ മരണ വീട്ടില്‍ പോകേണ്ടെന്ന് തീരുമാനിച്ച ഒരു സ്ത്രീയെ സംബന്ധിച്ചു എവിടെയോ വായിച്ചതോര്‍ക്കുന്നു.
കാലം മാറുകയാണ്; അതിവേഗം. അതിനനുസരിച്ചു സമൂഹത്തിന്റെ ചിന്തകളും, ആചാരങ്ങളും, വേഷങ്ങളുമെല്ലാം മാറിക്കൊണ്ടിരിക്കുന്നു. സ്ത്രീകളുടെ വേഷവിധാനങ്ങളിലാണ് മാറ്റം വല്ലാതെ പ്രകടമാകുന്നത്. വസ്ത്ര സംബന്ധമായ സ്ത്രീകളുടെ ചിന്താധാരകളെ ഇന്ന് നിയന്ത്രിക്കുന്നത് ഉപഭോഗ സംസ്‌കാരം കൊഴുപ്പിക്കാന്‍ വ്രതമെടുത്ത ചില വനിതാ പ്രസിദ്ധീകരണങ്ങളും, റെഡിമെയ്ഡ് വസ്ത കമ്പനികളുമാണ്. കാലത്തിനൊത്ത ഫാഷനുകള്‍ എന്ന പേരില്‍ അവര്‍ അവതരിപ്പിക്കുന്ന വസ്ത്രധാരണ രീതികളെ അനുകരിക്കാന്‍ കാത്തിരിക്കുകയാണ് നമ്മുടെ സ്ത്രീവര്‍ഗം. മറ്റു ചിലര്‍ ഫാഷനുകള്‍ അനുകരിക്കുന്നത് സിനിമ, സീരിയലുകളില്‍ നിന്നാണ്. സിനിമാ താരങ്ങളണിയുന്ന പുതിയ വസ്തങ്ങള്‍ അനുകരിക്കാന്‍ യുവാക്കല്‍ വെമ്പല്‍ കാണിക്കുമ്പോള്‍, നായിക അണിഞ്ഞ സാരിയിലും ചുരിദാറിലും കണ്ണ് ഉടക്കി അത്തരം വസ്ത്രങ്ങള്‍ എവിടെ കിട്ടുമെന്ന് അന്വേഷിക്കുന്ന യുവതികള്‍ ധാരാളം.
പലപ്പോഴും സിനിമകളിലെയും വനിതാ മാസികകളിലെയും പുതിയ ഫാഷനുകള്‍ രംഗത്തിറക്കുന്നത് വസ്ത്ര കമ്പനികള്‍ തന്നെയാണ്. താരങ്ങളണിയുന്ന വസ്ത്രങ്ങള്‍ക്കു യുവസമൂഹത്തിനിടയില്‍ കൂടുതല്‍ അംഗീകാരവും സ്വാധീനവും നേടാനാകുമെന്നതിനാല്‍ ഇതൊരു കച്ചവട തന്തമായി സ്വീകരിച്ചിരിക്കുകയാണ് വസ്ത്ര നിര്‍മ്മാതാക്കള്‍.
ദാദാസാഹിബ് എന്ന സിനിമയില്‍ മമ്മുട്ടി അണിഞ്ഞ ദോത്തിയുടെ മോഡലിന്, സിനിമ ഇറങ്ങിയ കാലത്ത് ഡിമാന്റായിരുന്നു. സ്ഥിരമായി വിപണിയില്‍ ഇറങ്ങിക്കൊണ്ടിരുന്ന ദോത്തിക്ക് 'ദാദാസാഹിബ്' എന്ന പേര് നല്‍കി എന്നതൊഴിച്ചാല്‍ ഈ വസ്ത്രത്തിന് മറ്റു പുതുമകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ മമ്മുട്ടിയുടെ ആരാധര്‍ക്കു അത് തന്നെ ധാരാളം.

രണ്ടു വര്‍ഷം വര്‍ഷം 'ഝോധാ അക്ബര്‍' എന്ന പേരില്‍ ഒരു സാരി വിപണിയിലിറങ്ങി. ഇപ്പേരില്‍ റിലീസായ ഒരു സിനിമയിലെ നായിക അണിഞ്ഞിരുന്ന സാരിയെ അനുകരിച്ചു ഒരു കമ്പനി അവതരിപ്പിച്ച ഈ മോഡല്‍ നല്ല വിജയമായിരുന്നു. ധാരാളം സ്ത്രീകള്‍ വില കൂടിയ ആ സാരി വാങ്ങി അണിഞ്ഞു. കമ്പനിക്ക് നല്ല കൊയ്ത്ത്. ആഴ്ചകള്‍ക്കകം പ്രസ്തുത സാരിയുടെ മാര്‍ക്കറ്റ് നഷ്ടമായി. അത് വാങ്ങാന്‍ തിടുക്കം കൂട്ടിയ താരാരാധകരാകട്ടെ, അവയെല്ലാം പഴയ വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്ന ഷെല്‍ഫിലേക്ക് തള്ളി പുതിയ മോഡലിന്റെ പിന്നാലെ നടക്കുകയും ചെയ്തു.
ഫാഷന്‍ വസ്ത്രങ്ങളുടെ സ്ഥിതി അതാണ്. അതങ്ങനെ മാറിക്കൊണ്ടിരിക്കും. ഒരു പുതിയ മോഡലിന് രണ്ടോ, മൂന്നോ മാസത്തെ ആയുസ്സേ ഉണ്ടാകു. പിന്നീടത് പഴഞ്ചനായി. പുതുതായി അവതരിക്കുന്ന എല്ലാ ഫാഷനുകളെയും കണ്ണടച്ചു അനുകരിക്കുന്നത് വിഡ്ഡിത്തമാണ്.
അതേ സമയം വസ്ത്രത്തിലെന്തിരിക്കുന്നു എന്ന തത്വശാസ്ത്രവും ശരിയല്ല. അങ്ങനെ ചിന്തിക്കുന്ന വിഭാഗവുമുണ്ട് സമൂഹത്തില്‍. നാണം മറക്കാന്‍ എന്തെങ്കിലും ധരിച്ചാല്‍ മതിയല്ലോ എന്നതാണിവരുടെ നയം. നാണം മറച്ചില്ലെങ്കിലെന്ത് എന്ന വീക്ഷണക്കാരുമില്ലാതില്ല. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ ഓര്‍മ്മിപ്പിക്കുന്ന ഇത്തരക്കാര്‍ പടിഞ്ഞാറന്‍ നാടുകളില്‍ സുലഭമാണ്.
വസ്ത്രത്തില്‍ ചിലതൊക്കെയുണ്ട്. അത് മാന്യതയുടെ ലക്ഷണമാണ്. സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തലാണ്. ഓരോരുത്തരുടെയും ശരീരത്തിന് ഇണങ്ങുന്ന വസ്തധാരണ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സാമുഹികാംഗീരം നേടിയെടുക്കാനും സഹായകമാണ്. ഒരു പൊതു പരിപാടിയില്‍ സംബന്ധിക്കാന്‍ പോകുമ്പോള്‍, മാന്യമായി രീതിയില്‍, ശരീരത്തിന് നന്നായി ചേരുന്ന വസ്ത്രം ധരിച്ചാല്‍, സദസ്സിനെ അഭിമുഖികരിക്കാനുള്ള മനക്കരുത്ത് കൈവരുമെന്നത് അനുഭവ സത്യമാണ്. പ്രത്യുത, സദസ്സിനെ അഭിമുഖീകരിക്കാന്‍ പ്രയാസമനുഭവപ്പെടുകയും ആരാലും ശ്രദ്ധിക്കപ്പെടാത്ത വിധം ഒരൊഴിഞ്ഞ മൂലയില്‍ ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
മെഡിക്കല്‍ റപ്രസന്റേറ്റീവുമാരെ നാമൊക്കെ ശ്രദ്ധിച്ചു കാണും. ഭംഗിയുള്ള ഫാന്റും ഷര്‍ട്ടും ടൈയുമണിഞ്ഞു കൈയില്‍ വലിയൊരു ബാഗുമായി ആശുപത്രികളിലും ഡോക്ടര്‍മാരുടെ വീടുകളിലും കയറിയിറങ്ങുന്ന, ഈ വിഭാഗം ശ്രദ്ധിപ്പെടുന്നത് പ്രധാനമായും അവരുടെ ആകര്‍ഷകമായ വസ്ത്ര ധാരണ രീതി കൊണ്ടു തന്നെയാണ്. പ്രമുഖ ഹോട്ടലുകളിലെ സപ്ലയര്‍മാരും ചില കമ്പനികളിലെ ജീവനക്കാരും പ്രത്യേക യൂനിഫോം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. സാധാരണ ഹോട്ടലുകളിലെ വൃത്തിഹീനമായ വസ്ത്രം ധരിച്ച സപ്ലയര്‍മാരെ അപേക്ഷിച്ചു. വന്‍ കിട ഹോട്ടലുകളിലെ ഇത്തരം ജീവനക്കാര്‍ ഉപഭോക്താക്കളുടെ മനസ്സിനെ പെട്ടെന്ന് സ്വാധീനിക്കുന്നു. ഇത്തരം വസ്ത്ര ധാരണ ഒരു ബിസിനസ് തന്ത്രം കൂടിയാണ്. അത് കൊണ്ട് തന്നെ വസ്ത്ര ധാരണത്തെ പറ്റെ അവഗണിക്കാവതല്ല, ശ്രദ്ധിച്ചും അല്‍പമൊക്കെ കലാപരമായും നിര്‍വഹിക്കേണ്ട ഒന്നാണത്.
എന്നുവെച്ച് ആവശ്യത്തില്‍ കവിഞ്ഞ പരിഗണന നല്‍കയുമരുത്. ചിലരുണ്ട്; പൊതു ചടങ്ങുകള്‍ക്കു പുറപ്പെടുമ്പോള്‍, അണിഞ്ഞൊരുങ്ങാന്‍ അവര്‍ക്കു മണിക്കുറുകള്‍ വേണം. സ്ത്രീകളിലാണ് ഈ പ്രവണത കൂടുതല്‍. സാരി അണിഞ്ഞാലും അണിഞ്ഞാലും മതിയാകില്ല. ഒരിക്കല്‍ അണിഞ്ഞു കണ്ണാടിയുടെ മുമ്പില്‍ വന്നു നിന്നപ്പോള്‍ ശരിയായില്ലെന്ന തോന്നല്‍. അതുരിഞ്ഞു വീണ്ടും അണിയുന്നു. എന്നിട്ടും തൃപ്തി വരാതെ മൂന്നാമതും നാലാമതും അഞ്ചാമതുമൊക്കെ മാറിയുടുക്കുന്നു. സ്‌നേഹിതരോ, കുടുംബമോ ഒന്നിച്ചൊരു യാത്രക്കു പുറപ്പെടുമ്പോള്‍ മറ്റുള്ളവര്‍ക്കു ഇവരൊരു ശല്യമായിത്തീരാറുണ്ട്. സഹയാത്രികര്‍ എല്ലാ തയാറെടുപ്പുകളും കഴിഞ്ഞു കാത്തു നില്‍ക്കുമ്പോള്‍, സാരി ശരിപ്പെടുത്താന്‍ കണ്ണാടിയുടെ മുമ്പില്‍ തപസ്സിരിക്കുന്നവരെ അവര്‍ മനസ്സാ ശപിക്കാതിരിക്കില്ലെന്ന് തീര്‍ച്ച.
വസ്ത്ര ധാരണാ രീതി പലര്‍ക്കും ഒരു ഐഡന്റിറ്റി കൂടിയാണ്. വെള്ള വസ്ത്രവും തലപ്പാവും കേരളക്കരയില്‍ മുസ്‌ലിം പണ്ഡിതന്റെ വേഷമാണ്. കഷായ വസ്ത്രവും രുദ്രാക്ഷമാലയും ഹൈന്ദവ സന്യാസിമാരുടെ ലക്ഷണമായി ഗണിക്കുന്നു. ളോഹ ക്രിസ്ത്യന്‍ പാതിരിമാരുടെ സവിശേഷതയാണ്.സൂട്ടും കോട്ടും ഉന്നത ഉദ്യോഗസ്ഥരുടെയും ബിസിനസ് എക്‌സിക്യൂട്ടീവിന്റയും വസ്ത്രമായാണ് ഗണിക്കപ്പെടുന്നത്. രാഷ്ട്രീയത്തില്‍ ഖദര്‍ കോണ്‍ഗ്രസ് പരിവേഷമായി കരുതപ്പെടുന്നു. പര്‍ദ ധരിച്ചാല്‍ മുസ്‌ലിം സ്ത്രീയാണെന്ന് തിരിച്ചറിയാനെളുപ്പം. ശിരോവസ്ത്രത്തിനും ഒരു മുസ്‌ലിം ടച്ചുണ്ട്. അത് കൊണ്ടാണല്ലോ ചില വിദ്യാലയ മേധാവികള്‍ക്ക് പര്‍ദയോടും ശിരോവസ്ത്രത്തോടും അലര്‍ജി.
വസ്ത്രത്തില്‍ ഏത് രീതിയാണ് മെച്ചം എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനാകില്ല. ഓരോ രീതിക്കും ചില ഗുണങ്ങളുണ്ട്. അതിന്റെ പ്രയോജകര്‍ക്കു അവരുടേതായ ന്യായീകരണവുമുണ്ടാകും. കേരളീയര്‍ക്ക് പരമ്പരാഗത വസ്ത്രമായ മുണ്ടും ഷര്‍ട്ടുമാണ് പാന്റിനേക്കാളും മെച്ചമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. പാന്റാണ് തുണിയേക്കാള്‍ അന്തസ്സ് എന്ന ചിന്താഗതിക്കാരെയും കാണാം. നമ്മുടെ നാട്ടിലെ കൊടും ചൂടിലും, തണുപ്പന്‍ രാജ്യങ്ങളിലെ സൂട്ടിനും കോട്ടിനും മാന്യത കല്‍പിക്കുന്നവരും കുറവല്ല. ഇതില്‍ ഒരു വിവാദത്തിന് വലിയ പ്രസ്‌ക്തിയില്ല. ബഹുസ്വര സമൂഹത്തില്‍ വിശ്വാസാചാരങ്ങളിലെന്ന പോലെ വസ്ത്ര ധാരണത്തിലും വൈജാത്യം സ്വാഭാവികമാണ്. അവയെ പരസ്പരം അംഗീകരിച്ചു സഹിഷ്ണുതയോടെ ജീവിക്കുന്നതിലാണ് നാടിന്റെയും സമൂഹത്തിന്റെയും നന്മ.

============================================
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___