Saturday 20 April 2013

[www.keralites.net] ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക്‌ എന്താണ്‌

 

 

ഗീത

അറിയപ്പെടുന്ന സ്ത്രീ വിമോചക പ്രവര്‍ത്തകയും സാംസ്‌കാരിക വിമര്‍ശകയും

കള്ളുകുടിച്ചുവന്ന്‌ പെണ്ണ്‌ ആണിനെ തല്ലാറില്ല. പിടിക്കപ്പെട്ട അഗമ്യഗമനത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ പെണ്ണ്‌ ആണിനോട്‌ അവകാശബോധത്തോടെ കയര്‍ക്കാറില്ല. പകരം കുറ്റവാളിയെപ്പോലെ നിശബ്‌ദം തലകുനിച്ചു നില്‍ക്കും. ചോറില്‍ തലനാരെന്നും കറിയില്‍ ഉപ്പേറിയെന്നും ചട്‌നിയില്‍ മുളകേറിയെന്നും ഉപ്പേരിക്കഷണം വെന്തില്ലെന്നും പെണ്ണ്‌ ആണിനോടു കയര്‍ക്കാറില്ല. സ്‌ത്രീധനം പോരെന്ന്‌ പറഞ്ഞ്‌ പെണ്ണ്‌ ആണിനെ മണ്ണെണ്ണയൊഴിച്ചു ചുട്ടുകരിക്കാറുമില്ല. അതായത്‌ കുടുംബവഴക്ക്‌ എന്ന ഓമനപ്പേരിലറിയപ്പെടുന്നത്‌ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ പ്രണയകലഹമല്ല. ഭര്‍ത്താവ്‌ ഭാര്യയ്‌ക്കുമേല്‍ ഏകപക്ഷീയമായി പ്രയോഗിക്കുന്ന അധികാരം മാത്രമാണ്‌

ഭര്‍ത്താവിന്റെ പരസ്‌ത്രീ ബന്ധത്തെപ്പറ്റി മന്ത്രിപത്‌നി അസ്വാരസ്യം രേഖപ്പെടുത്തിയപ്പോള്‍ മന്ത്രിന്ദിരത്തില്‍വെച്ച്‌ ഭാര്യ മന്ത്രിയെയും തിരിച്ചും െകെയാങ്കളി നടക്കുന്നു (?) മന്ത്രിപത്‌നി പരാതിയുമായി മുഖ്യമന്ത്രിയെ സമീപിക്കുന്നു. അച്‌ഛന്റെ സ്‌ഥാനത്തിരുന്നുകൊണ്ട്‌ അദ്ദേഹം സുരക്ഷിതമായ ഒത്തുതീര്‍പ്പുകള്‍ക്കു നിര്‍ദേശിക്കുന്നു. അതിനിടയില്‍ ഭാര്യയാണു തന്നെ അടിച്ചതെന്ന പരാതിയുമായി മന്ത്രി അടികിട്ടിയ മുഖഫോട്ടോ സഹിതം മാധ്യമങ്ങള്‍ക്ക്‌ മുമ്പാകെയെത്തുന്നു. ഭാര്യയും വിട്ടില്ല. കണ്ണീരില്‍ കുതിര്‍ന്ന പത്രസമ്മേളനം. വിവാഹം കഴിഞ്ഞന്നു തുടങ്ങി 16 വര്‍ഷമായി താന്‍ സഹിക്കുന്ന ദുരിതങ്ങളെപ്പറ്റി കേരളത്തിനു മുമ്പാകെ അവര്‍ കണ്ണീര്‍ വാര്‍ത്തു. മന്ത്രി രാജിവച്ചു. മുഖ്യമന്ത്രി രാജി വയ്‌ക്കണമെന്നു പ്രതിപക്ഷം ബഹളം വയ്‌ക്കുന്നു. കേസ്‌ കോടതി വിചാരണയ്‌ക്കെടുക്കുന്നു. മാധ്യമങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്‌തുകൊണ്ടേയിരിക്കുന്നു. പ്രതിപക്ഷം ഇതിന്റെ പേരില്‍ നിയമസഭ ബഹിഷ്‌കരിച്ചുകൊണ്ടുമിരിക്കുന്നു. വീണ്ടും ഒത്തുതീര്‍പ്പു ചര്‍ച്ചകളായി. ജനങ്ങള്‍ക്കു മുമ്പാകെ മാപ്പു പറയുകയെന്ന ഭാര്യയുടെ ആവശ്യം മന്ത്രി മാനിക്കുന്നു. പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന്‌ ഇരുവരും സന്നദ്ധരാകുന്നു. അതോടെ ഇരുവശത്തുമുള്ള കേസുകള്‍ പിന്‍വലിക്കപ്പെട്ടു. സമാധാനപൂര്‍വമോ അസമാധാനപൂര്‍വമോ എല്ലാവരും നിശബ്‌ദരാകുന്നു.

സംശയമില്ല, ഈ പ്രശ്‌നം വഷളാക്കിയത്‌ മാധ്യമങ്ങളല്ല. മുഖ്യമന്ത്രിയോ പ്രതിപക്ഷമോ അല്ല. കാരണം പ്രശ്‌നം മുമ്പു തന്നെ വഷളായിരുന്നു. പ്രഭുതയിതഥവാ നിനക്കുതാനഭിജന സങ്കട ദേശചര്യമേ.... എന്ന്‌ കുമാരനാശാന്‍ പറഞ്ഞിടത്തു തന്നെയാണ്‌ ഇപ്പോഴും കേരളത്തിലെ സ്‌ത്രീ-പുരുഷ ബന്ധങ്ങളുടെ സ്‌ഥിതി. ജീവിതശുദ്ധി, ഗുരുത്വം, മാന്യത എന്നിവയുടെ പേരില്‍ വീണ്ടും അതിക്രമങ്ങള്‍ ഒത്തുതീര്‍ന്നുപോകുന്നു.

എന്തുകൊണ്ട്‌ ഇത്തരം നാടകങ്ങള്‍ വീണ്ടും വീണ്ടും ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നു? നമുക്കിപ്പോഴും ഇക്കാര്യത്തില്‍ പ്രായപൂര്‍ത്തി വന്നിട്ടില്ല എന്നതുകൊണ്ടുതന്നെ കാരണം. പ്രായപൂര്‍ത്തിയായ രണ്ടു വ്യക്‌തികള്‍ പരസ്‌പരം ആഗ്രഹിച്ച്‌ നിയമപരമായ അംഗീകാരത്തോടെ ഒരുമിച്ചു ജീവിക്കുന്ന സമ്പ്രദായത്തെയല്ലല്ലോ വിവാഹമെന്നു നാം വിളിക്കാറ്‌. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ഉടമ്പടി മാത്രമാണത്‌. മതം, ജാതി, ജാതകം, തറവാട്ടുമഹിമ, ധനസ്‌ഥിതി, ഉദ്യോഗം, സൗന്ദര്യം എന്നിവ ഇരു കുടുംബങ്ങള്‍ക്കും സമ്മതമാവുമെങ്കില്‍ മാത്രമേ ഈ ഉടമ്പടി സാധുവാകൂ. അതോടെ തികച്ചും അപരിചിതരായ രണ്ടു വ്യക്‌തികള്‍ക്കിടയില്‍ ഒരിക്കലും പിരിയാനരുതാത്ത കെട്ടു മുറുകുകയായി. ഇതിനിടയില്‍ ചില പ്രേമവിവാഹങ്ങളുണ്ട്‌. വീട്ടുകാര്‍ നടത്തുന്ന ആലോചനക്കല്യാണത്തിലൂടെ എത്തിച്ചേരുന്ന കുടുംബഘടനയ്‌ക്കുള്ളിലേക്കുതന്നെ ഇവരും എത്തിച്ചേരുന്നു, അതേ അധികാരബന്ധങ്ങളെ പുനരുല്‌പാദിപ്പിച്ചുകൊണ്ട്‌.

കുടുംബം തികച്ചും പുരുഷാധിപത്യപരമായ ഒരിടമാണ്‌. പെണ്ണും മണ്ണും ആണിന്റെ സ്വകാര്യസ്വത്താണ്‌. തന്റെ ബീജത്തില്‍ നിന്നും ഉല്‌പാദിപ്പിക്കപ്പെടുന്ന അനന്തര തലമുറകളിലേക്ക്‌ െകെമാറാനുള്ളതാണ്‌ എല്ലാ സമ്പാദ്യവും. അതിനുള്ള ഉപാധി മാത്രമാണ്‌ കുടുംബത്തിനുള്ളില്‍ പെണ്ണ്‌. അതുകൊണ്ട്‌ മക്കളെച്ചൊല്ലി കരയാനും പറയാനും അഭിമാനിക്കാനും അച്‌ഛനേക്കാള്‍ അമ്മയ്‌ക്കവകാശമുണ്ട്‌. അച്‌ഛന്‍, അമ്മാമന്‍, ഭര്‍ത്താവ്‌, ആങ്ങള, മകന്‍ എന്നിങ്ങനെയാണ്‌ കുടുംബത്തിനുള്ളില്‍ ആണിന്റെ പദവി. ആണ്‌ ഏതു പദവിയിലിരുന്നാലും കുടുംബം പെണ്ണില്‍ നിന്നാവശ്യപ്പെടുന്നത്‌ നിരുപാധികമായ അനുസരണമാണ്‌; കാരണം ഏതു പദവിയിലിരുന്നാലും ആണില്‍ മാത്രമാണ്‌ കുടുംബത്തിന്റെ എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്‌.
ഇത്തരം പദവികളില്‍ അധികാരപൂര്‍വം അമര്‍ന്നിരുന്നുകൊണ്ടാണ്‌ പുരുഷന്‍ നാടും വീടും ഭരിക്കുക (ആ നിലയ്‌ക്ക്‌ ഭര്‍തൃപദവിയോടൊപ്പം മന്ത്രിസ്‌ഥാനവും തെറിപ്പിച്ചത്‌ അഭിനന്ദനീയം തന്നെ). സാധാരണ ഗതിയില്‍ ആ അധികാരിക്കെതിരേ പ്രവര്‍ത്തിക്കുന്നതു പോയിട്ട്‌
, അയാള്‍ക്കെതിരേ സംസാരിക്കാനോ ചിന്തിക്കാനോ പോലും കഴിയാത്തവിധം പെണ്ണുങ്ങള്‍ കുടുംബത്തിനുള്ളില്‍ മെരുക്കപ്പെട്ടിരിക്കുന്നു. അടിയും ഇടിയും കുത്തും കൊലയും നടന്നാലും അതൊന്നും പുറത്തറിയേണ്ടതില്ല! ചട്ടീം കലോം തട്ടീം മുട്ടീം ഇരിക്കും എന്നൊരു ചൊല്ലുമുണ്ട്‌, സമാധാനത്തിന്‌.

ഭാര്യാഭര്‍തൃകലഹത്തെ സൂചിപ്പിക്കാന്‍ ഈ ചൊല്ലുപയോഗിക്കുന്നതിലെ അനൗചിത്യം കൂടി പറയേണ്ടതുണ്ട്‌. ചട്ടിയും കലവും അടുക്കളയിലാണുണ്ടാവുക. പുരുഷന്‍ പ്രവേശിക്കേണ്ടതില്ലാത്ത ഇടം. അപ്പോള്‍ ചൊല്ലിലെ ചട്ടീം കലോം രണ്ട്‌ അടുക്കളപ്പെണ്ണുങ്ങളെയല്ലേ ഉദ്ദേശിച്ചിരിക്കുക? അമ്മായിയമ്മപ്പോരോനാത്തൂന്‍പോരോ ഇനി അമ്മയും മകളും തമ്മിലുള്ളതോ ജ്യേഷ്‌ഠാനുജത്തിമാര്‍ തമ്മിലുള്ളതോ ഒക്കെയാകാം. പെണ്ണുങ്ങളെപ്പോലെയല്ല/ആകരുത്‌ ആണുങ്ങള്‍. അവര്‍ അങ്ങാടിക്കാരാണ്‌.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക്‌ എന്താണ്‌? രണ്ടു സ്വതന്ത്ര വ്യക്‌തികള്‍ക്കിടയിലെ പിണങ്ങലോ അഭിപ്രായവ്യത്യാസമോ ഒന്നുമല്ല അത്‌. ഭര്‍ത്താവായ ആണിന്റെ ഏകപക്ഷീയമായ അധികാര പ്രയോഗവും അതിനോടുള്ള സഹനമോ ദുര്‍ബലമായ ചെറുത്തുനില്‌പോ ആണത്‌. വ്യക്‌തമാക്കാം. കള്ളുകുടിച്ചുവന്ന്‌ പെണ്ണ്‌ ആണിനെ തല്ലാറില്ല. പിടിക്കപ്പെട്ട അഗമ്യഗമനത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ പെണ്ണ്‌ ആണിനോട്‌ അവകാശബോധത്തോടെ കയര്‍ക്കാറില്ല. പകരം കുറ്റവാളിയെപ്പോലെ നിശബ്‌ദം തല കുനിച്ചു നില്‌ക്കും. ചോറില്‍ തലനാരെന്നും കറിയില്‍ ഉപ്പേറിയെന്നും ചട്‌നിയില്‍ മുളകേറിയെന്നും ഉപ്പേരിക്കഷണം വെന്തില്ലെന്നും പെണ്ണ്‌ ആണിനോടു കയര്‍ക്കാറില്ല. സ്‌ത്രീധനം പോരെന്ന്‌ പറഞ്ഞ്‌ പെണ്ണ്‌ ആണിനെ മണ്ണെണ്ണയൊഴിച്ചു ചുട്ടുകരിക്കാറുമില്ല. അതായത്‌ കുടുംബവഴക്ക്‌ എന്ന ഓമനപ്പേരിലറിയപ്പെടുന്നത്‌ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ പ്രണയകലഹമല്ല. ഭര്‍ത്താവ്‌ ഭാര്യയ്‌ക്കുമേല്‍ ഏകപക്ഷീയമായി പ്രയോഗിക്കുന്ന അധികാരം മാത്രമാണ്‌. സ്വന്തം ഉപജീവനമാര്‍ഗം, മാന്യത, സാമൂഹ്യാംഗീകാരം, കുടുംബ അംഗീകാരം എന്നിവയെല്ലാം ഭര്‍ത്താവൊത്തുള്ള ജീവിതത്തെ ആസ്‌പദിച്ചു മാത്രമാണെന്നുള്ള ധാരണ പെണ്ണിനെ കൂടുതല്‍ മെരുക്കിയെടുക്കാന്‍ ആണിനു സഹായകമായി.

കാലം മാറിയപ്പോള്‍ പെണ്ണു പുറത്തിറങ്ങി പഠിച്ചു ഉദ്യോഗം ഭരിച്ചു. സംഘടിച്ചു. കുടുംബകോടതികളായി ജീവനാംശമായി ഗാര്‍ഹികാതിക്രമ നിയമമായി (ഡൊമസ്‌റ്റിക്‌ വയലന്‍സ്‌ എന്ന വാക്കിന്‌ ഗാര്‍ഹികാതിക്രമം എന്ന വൃത്തികെട്ട തര്‍ജമ എങ്ങനെയുണ്ടായി ആവോ!) അപ്പോള്‍ ഒരു വീട്ടുകാര്യം-അതേതുതരം വീടുമായിക്കൊള്ളട്ടെ, മന്ത്രിമന്ദിരമോ ചേരിയിലെ ചാളയോ-വെറും വീട്ടുകാര്യം മാത്രമല്ലാതാകുന്നു. അടുക്കള വഴക്കുകളും കിടപ്പറ രഹസ്യങ്ങളും നിയമസഭയില്‍ പ്രധാന ബില്ലുകള്‍ മാറ്റിവെച്ചു ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളായി മാറുന്നു. എന്തുകൊണ്ടെന്നാല്‍ ഇതു കേരളത്തിന്റെ വികസന പ്രശ്‌നമാണ്‌. അത്രയും ചീഞ്ഞുനാറിയ കൃത്രിമ സ്‌ത്രീ- പുരുഷ ബന്ധങ്ങളുടെ ഭാരമാണ്‌ ഇന്നു കേരളത്തെ അവികസിതമാക്കിയിരിക്കുന്നത്‌. എന്നോ മുറിച്ചുകളയേണ്ടിയിരുന്ന ഇത്തരം ബന്ധങ്ങള്‍ നാടിനും നാട്ടാര്‍ക്കും ബാധ്യതയാകുന്നു.

നിര്‍ഭാഗ്യവശാല്‍ സപത്‌നികളില്‍ സഖീതുല്യം വര്‍ത്തിക്കുകയെന്നുപദേശിക്കുന്ന പിതാക്കന്മാരുടെ കാലം ഇവിടെ കഴിഞ്ഞിട്ടില്ല. ഹരജാന്നവീ ഗിരി സുതാ സംജല്‌പിതം നമ്മെയൊക്കെയും രക്ഷിക്കട്ടെയെന്ന്‌ ആശംസിക്കുന്ന പഴയ ചാക്യാരുടെ ചിരി മാഞ്ഞിട്ടുമില്ല. അതെ, ഇപ്പോഴും നാം സ്‌ത്രീ-പുരുഷ ബന്ധങ്ങളുടെ കാര്യത്തില്‍ ആധുനികീകരിക്കപ്പെട്ട ജനതയായിട്ടില്ല. ഗുരുതരമായ സാമൂഹ്യപ്രശ്‌നത്തെ വ്യക്‌തിഗതമായ കുടുംബപ്രശ്‌നമാക്കി ചുരുക്കുമ്പോള്‍ അവ പരിഹരിക്കപ്പെടാതെ വീടടങ്ങി നിശബ്‌ദമാകുന്നു. അങ്ങനെ നമ്മുടെ അടുത്ത തലമുറയെയും കാപട്യത്തിലേക്കു മെരുക്കിയെടുക്കുന്ന മഹാപാപികളായി നാം മാറുന്നു. സംശയമെന്ത്‌ ഒരു നാടിന്റെ വികസനവും പുരോഗതിയും അവിടെയുള്ള സ്‌ത്രീ-പുരുഷ ബന്ധത്തിലെ ജനാധിപത്യബോധത്തെ ആശ്രയിച്ചിരിക്കുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment