Thursday 21 March 2013

Re: [www.keralites.net] വത്തിക്കാനിലെ വെളുത്ത പുകയും ചരിത്രത്തിലെ ചില തമാശകളും

 

ഏതൊരു വിശ്വാസസംഹിതയുടെയും പുറത്ത് പുരോഹിത വര്ഗങ്ങളുടെയും അധികാര രാഷ്ട്രീയ വര്ഗന്ളുടെയും നീരാളി കൈകള് പിടുത്തം ഇടുമ്പോളാണ് ഇത്തരം കാര്യങ്ങളെല്ലാം സംഭവിക്കുന്നത്‌. ഈ കൂട്ടരുടെ അനിയന്ത്രിതമായ ഇടപെടലുകള് മൂലമാണ് വിശ്വാസികള് ദൈവ വചനങ്ങളെല്ലാം ഉപേക്ഷിച്ചു വടിയുടെയും മുടിയുടെയും എല്ലാം പുറകെ പോകുന്നത്. 

 

വത്തിക്കാനിലെ വെളുത്ത പുകയും ചരിത്രത്തിലെ ചില തമാശകളും

 
 
1272 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി യൂറോപ്പിനു വെളിയില്‍ നിന്നും കത്തോലിക്കാ സഭക്ക് അതിന്റെ കുഞ്ഞാടുകളെ മേക്കാന്‍ ഒരിടയനെ കിട്ടിയിരിക്കുന്നു. ചരിത്രത്തിലെ ഒരു വഴിത്തിരിവായി മാധ്യമ രംഗത്തെ പല സഭാനിരീക്ഷകരും ഈ സംഭവത്തെ വിലയിരുത്തുന്നു. കര്‍മരംഗം അര്‍ജന്റീന ആയിരുന്നെങ്കിലും യൂറോപ്യന്‍ വംശീയത രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കുടിയേറ്റക്കാരനാണ് പുതിയ മാര്‍പ്പാപ്പ. ഇദ്ദേഹം കത്തോലിക്കാ സഭയുടെ 266-ാമത്തെ പോപ്പാണെന്ന അവകാശവാദത്തില്‍ വലിയ കഴമ്പുണ്ടെന്നു തോന്നുന്നില്ല. ആദ്യത്തെ ഇരുപത്തിരണ്ടോളം മാര്‍പ്പാപ്പമാരുടെ ചരിത്രം ഏറെക്കുറെ അജ്ഞാതമാണ് ഇവരെക്കുറിച്ചുള്ള പല ഐതിഹ്യ കഥകളും ഇടക്കിടെ വത്തിക്കാനില്‍ നിന്നുയരുന്ന വെളുത്ത പുകയും കറുത്ത പുകയും ഒക്കെപ്പോലെ പുകപടലങ്ങളാല്‍ മറയ്ക്കപ്പെട്ടുകിടക്കുന്നു. ആദ്യത്തെ മാര്‍പ്പാപ്പ ക്രിസ്തുശിഷ്യനായിരുന്ന പത്രോസായിരുന്നു എന്നതും പത്രോസിന്റെ സിംഹാസനത്തിലാണ് മാര്‍പ്പാപ്പമാര്‍ ഇരിക്കുന്നത് എന്നതുമൊക്കെ കേവലം ബാലിശ തമാശക്കഥകള്‍ മാത്രമാണ്. പ്രസിദ്ധ സഭാവിമര്‍ശകനായ ജോസഫ് പുലിക്കുന്നേലിന്റെ പ്രയോഗം കടമെടുത്തു പറഞ്ഞാല്‍; വിശുദ്ധ പത്രോസിനു സിംഹാസനം പോയിട്ട് കൊരണ്ടിപ്പലക പോലും ഉണ്ടായിരുന്നിരിക്കാന്‍ ഇടയില്ല.
അതെന്തും ആകട്ടെ, വിമോചന ദൈവശാസ്ത്രത്തിന്റെ നാടായ ലാറ്റിനമേരിക്കയില്‍ നിന്നു വരുന്ന കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോ, കര്‍ദിനാളിന്റെ കുപ്പായം ഊരി മാര്‍പാപ്പയുടെ കുപ്പായം ധരിക്കുമ്പോള്‍ കത്തോലിക്കാ സഭയില്‍ അടിസ്ഥാനപരമായി എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കും എന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നവര്‍ നിരാശപ്പെടേണ്ടിവരും. മാറ്റങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്നവരുടെ വായടപ്പിക്കാന്‍ യാഥാസ്ഥിതികാശയങ്ങളെ മുറുകെ പുണരുന്ന പുതിയ പോപ്പ്, തന്റെ അവകാശാധികാരങ്ങള്‍ പ്രയോഗിക്കുക തന്നെ ചെയ്യും എന്നു വേണം കരുതാന്‍. ഇപ്പോഴത്തെ 115 അംഗ കര്‍ദിനാള്‍ സംഘം മത യാഥാസ്ഥിതികതയുടെ കൂടാരമാണെന്നാണ് അവരുടെ ചരിത്രപശ്ചാത്തലം വ്യക്തമാക്കുന്നത്. അവരില്‍ മൂന്നില്‍ രണ്ട് വിഭാഗത്തിന്റെ പിന്തുണ നേടി അധികാരക്കസേരയില്‍ എത്തുന്ന വ്യക്തി മറിച്ചായിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. ജോണ്‍ 23-ാമന്റെയോ ജോണ്‍ പോള്‍ ഒന്നാമന്റെയോ തിരഞ്ഞെടുപ്പില്‍ സംഭവിച്ചതു പോലെ ഒരബദ്ധം കര്‍ദിനാളുമാര്‍ക്ക് ഫ്രാന്‍സിസ് ഒന്നാമന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കാനും ഇടയില്ല. യൂറോകേന്ദ്രീകൃതവും പുരുഷാധിപത്യപരവും യേശുവിരുദ്ധവുമായ ആഗോള കത്തോലിക്കാസഭക്കുള്ളിലും പുറത്തുമായി പാരമ്പര്യവാദികളും പരിഷ്‌കരണവാദികളും തമ്മില്‍ ദീര്‍ഘകാലമായി നടന്നുവരുന്ന ഏറ്റുമുട്ടലുകളില്‍ പുതിയ മാര്‍പാപ്പ പാരമ്പര്യവാദികളോടൊപ്പം നില്‍ക്കും എന്നത് തീര്‍ച്ചയാണ്.
സ്പാനിഷ് കോളനിവാഴ്ചയുടെ ഫലമായി കശക്കിയെറിയപ്പെട്ട അനേകം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഒന്നാണ് അര്‍ജന്റീന. ഔദ്യോഗിക മതം കത്തോലിക്കാ വിശ്വാസം ആണ്. ജനങ്ങളില്‍ ഭൂരിപക്ഷവും ദരിദ്രരാണ്. മാട്ടിറച്ചി ഉത്പാദനവും കയറ്റിയയക്കലുമാണ് പ്രധാന വരുമാന മാര്‍ഗം. ആഭ്യന്തര രാഷ്ട്രീയം സദാ കാലപകലുഷിതമാണ്. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനത്തില്‍ ബൈബിളിനെയും ബൈബിളിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്‌സിസത്തെയും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്ന വിമോചന ദൈവശാസ്ത്രകാരന്മാരുടെ നാടാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ പൊതുവേ. 1968ല്‍ കൊളംബിയയിലെ മെഡലീനില്‍ നടന്ന ലാറ്റിനമേരിക്കന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സില്‍ വെച്ചാണ് വിമോചന ദൈവശാസ്ത്രത്തിന്റെ സ്‌ഫോടനാത്മകമായ ചിന്തകള്‍ രൂപപ്പെട്ടത്. പെറുവിലെ ഗുസ്താവോ ഗുട്ടീയെറസ്, ബ്രസീലിലെ ലിയോണര്‍ഡോബോഫ് തുടങ്ങിയവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ സൈദ്ധാന്തികാചാര്യന്മാര്‍. സഭ തുടര്‍ന്നുപോരുന്ന സമ്പന്ന വര്‍ഗ പക്ഷംചേരല്‍ അവസാനിപ്പിക്കണം. ദരിദ്രര്‍ക്ക് തുച്ഛമായ സഹായങ്ങള്‍ ചെയ്ത് ഔദാര്യപ്രകടനം നടത്തുന്നതില്‍ കാര്യമില്ല. വേണ്ടിവന്നാല്‍ അവരുടെ വിമോചനത്തിനായി ആയുധം എടുത്തുപോരാടുന്ന ശക്തികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. ഇതൊക്കെയായിരുന്നു വിമോചന ദൈവശാസ്ത്രം ലോകത്തിന് നല്‍കിയ സന്ദേശം. മൂന്നാം ലോകത്തിന്റെ ചെലവില്‍ തിന്നുകൊഴുക്കുന്ന വ്യവസായവത്കൃത വികസിത ലോകത്തിന്റെ ചൂഷണാധിഷ്ഠിത വ്യവസ്ഥിതിക്ക് ഓശാന പാടേണ്ട ജോലിയല്ല യഥാര്‍ഥ ക്രൈസ്തവരുടെത് എന്നു വിമോചന ദൈവശാസ്ത്രം തറപ്പിച്ചുപറഞ്ഞു. ഇത്തരം സമീപനങ്ങളിലൂന്നി പിന്‍ നില രാജ്യങ്ങളില്‍ വേരുപിടിച്ചു തുടങ്ങിയ ഈ പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയുന്ന കാര്യത്തില്‍ ആധൂനിക കാലത്ത് കത്തോലിക്കാ സഭക്ക് നേതൃത്വം നല്‍കിയ പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍, ഇപ്പോള്‍ സ്ഥാനം ഒഴിഞ്ഞ ബനിഡിക്ട് പതിനാറാമന്‍ എന്നിവര്‍ അസൂയാര്‍ഹമായ വിജയം വരിച്ചു. ഏതാണ്ട് ആ വഴിക്കു തന്നെയായിരിക്കും കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോയും നീങ്ങുക.
പേപ്പല്‍ പദവിയില്‍ ആരുഡൂരാകുന്ന വ്യക്തികള്‍ സ്വയം തിരഞ്ഞെടുക്കുന്ന പുതിയ പേര് ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. പുതിയ പോപ്പ് ഫ്രാന്‍സിസ് ഒന്നാമന്‍ എന്നപേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു. മഹത്തായ ഒരു ക്രൈസ്തവ പാരമ്പര്യത്തിനു തുടക്കം കുറിച്ച വ്യക്തിയായിരുന്നു അസ്സിസിയിലെ വിശുദ്ധ ഫ്രാന്‍സിസ് പുണ്യവാളന്‍. സമ്പന്ന കുടുംബത്തില്‍ ജനിച്ച്, (1181) ഇന്ത്യയിലെ ശ്രീബുദ്ധനെപ്പോലെ സമ്പത്തത്രയും ഉപേക്ഷിച്ച് പാവപ്പെട്ട മനുഷ്യരിലേക്കിറങ്ങിച്ചെന്ന് പുതിയ ജീവിതമാതൃക സൃഷ്ടിച്ച മഹാനായിരുന്നു ഇദ്ദേഹം. ആദ്യമൊക്കെ കത്തോലിക്കാ സഭ അദ്ദേഹത്തെയും അദ്ദേഹം സ്ഥാപിച്ച സന്യാസ സമൂഹത്തെയും നഖശിഖാന്തം എതിര്‍ക്കുകയായിരുന്നു. നിക്കോസ് കസാന്‍ദസാക്കിസ് എന്ന വിശ്രുത നോവലിസ്റ്റ്, ഫ്രാന്‍സിസ് പുണ്യവാളന്റെ ജീവചരിത്രം കേന്ദ്രീകരിച്ചു രചിച്ച ലോകപ്രസിദ്ധമായ ആഖ്യായികയാണ് 'ഗോഡ്‌സ്‌പോപ്പര്‍ (ദൈവത്തിന്റെ വിശുദ്ധ വിഡ്ഢി) അദ്ദേഹത്തിനു ലോകവ്യാപകമായി ഒട്ടേറെ അനുയായികള്‍ ഉണ്ടായി. യൂറോപ്പിലുടനീളം നടന്ന് അവര്‍ യേശുവിന്റെ ആദര്‍ശങ്ങളിലേക്കു മനുഷ്യരുടെ മനസ്സ് തിരിച്ചു. തികച്ചും അനൗദ്യോഗികമായ അവരുടെ മതപ്രചാരണശ്രമങ്ങള്‍ക്ക് പില്‍ക്കാലത്ത് സഭ ഔദ്യോഗികാംഗീകാരം നല്‍കുകയും ഫ്രാന്‍സിസ്‌ക്കന്‍ സന്യാസ സമൂഹം സ്വയം ഒരു സമ്പന്ന സമൂഹമായി വളരുകയും അധികാര തര്‍ക്കങ്ങളെത്തുടര്‍ന്നു പല കഷണങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തു.
ദരിദ്രരെ സേവിക്കാനും അവരോടൊപ്പം ജീവിക്കാനും ഇറങ്ങിത്തിരിച്ചവര്‍ പില്‍ക്കാലത്ത് സ്വയം സമ്പത്തിന്റെ കാവലാളുകളായിമാറുന്നു. ഇതായിരുന്നു ഒട്ടുമിക്ക ആദര്‍ശസമൂഹങ്ങള്‍ക്കും പില്‍ക്കാലത്തു സംഭവിച്ച പരിണാമം. ഫലമോ, ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത, എല്ലാറ്റിനെയും സംശയിക്കുന്ന ഏതിനെയും ചോദ്യം ചെയ്യുന്ന ഒരു സമകാലിക സമൂഹം ഉരുത്തിരിഞ്ഞുവന്നു. അതുകൊണ്ടു തന്നെ ഒറ്റപ്പെട്ട വ്യക്തികളുടെ ലളിത ജീവിതവും ആദര്‍ശപ്രസംഗങ്ങളും എല്ലാം ആളെ ഒപ്പം കൂട്ടാനുള്ള കാപട്യ പ്രകടനമായി ആധുനികോത്തര ലോകം വിലയിരുത്തി. ഇത്തരം ഒരു ലോക സാഹചര്യത്തിലേക്കാണ് അസ്സിസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ പേരും ഒരു മാര്‍പ്പാപ്പക്ക് ഇണങ്ങും എന്നു തെളിയിച്ചു കൊണ്ട് ആദ്യമായി ഒരു മാര്‍പ്പാപ്പ രംഗപ്രവേശം ചെയ്യുന്നത്. ആ വിശുദ്ധന്റെ പേരിനോട് നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനു കഴിയട്ടെ എന്നാശംസിക്കാം.
പാപ്പാ അഥവാ പോപ്പ് എന്ന വാക്കിനു പിതാവെന്നാണര്‍ഥം. 'ഭൂമിയില്‍ ആരെയും പിതാവെന്ന് വിളിക്കരുത് സ്വര്‍ഗസ്ഥനായ ദൈവം ഒരുവനെത്രെ നിങ്ങളുടെ പിതാവ്' (മത്താ:3:9). എന്നുപദേശിച്ച ക്രിസ്തുവിന്റെ സഭയുടെ അധ്യക്ഷന്മാരും ശ്രുശ്രൂഷകരും ഒന്നാകെ പടിപടിയായി പിതാവും പിതാക്കന്മാരുടെ പിതാവും ഒക്കെ ആയി രൂപാന്തരപ്പെട്ടതിനു പിന്നില്‍ ഒട്ടേറെ ക്രൈസ്തവേതരമായ സ്വാധീനം ഉണ്ടായിരുന്നു എന്ന് കാണാവുന്നതാണ്. പുരാതന ബാബിലോന്യ മത സങ്കല്‍പ്പങ്ങളിലെ പ്രധാനപ്പെട്ട പുരോഹിതന്മാര്‍ ഈ പേരിലാണ് അറിയപ്പെട്ടിരുന്നത്. അവരുടെ പ്രധാന പുരോഹിതനെ 'പൊന്തീഫ്' എന്നാണ് വിളിച്ചിരുന്നത്. പില്‍ക്കാലത്ത് ഇതേ വഴിയില്‍ സഞ്ചരിച്ച റോമിലെ ബിഷപ്പും 'പോന്തിഫെക്‌സ്മാക്‌സിമസ്' എന്ന ബഹുമതി സ്വയം എടുത്തണിയുകയായിരുന്നു. എപ്പിസ്‌കോപ്പാ എന്ന ഗ്രീക്ക് പദത്തിന്റെ ലാറ്റിന്‍ രൂപമാണ് മെത്രാന്‍. ഇതിന്റെ ആംഗല രൂപമാണ് ബിഷപ്പ് . മൂപ്പന്‍, തലവന്‍ എന്നൊക്കെയാണീ പദത്തിനര്‍ഥം. ബൈബിളില്‍ ക്രിസ്തുമാര്‍ഗം പിന്തുടര്‍ന്നവര്‍ക്കു നേതൃത്വം നല്‍കിയ വ്യക്തികള്‍ ഈ പേരിലാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എ ഡി ഒന്നാം നൂറ്റാണ്ടോടെ റോമിലെ ബിഷപ്പിനു മറ്റു ബിഷപ്പുമാരുടെ മേല്‍ നിയന്ത്രണാധികാരം ഉണ്ടെന്നു സങ്കല്‍പ്പിക്കപ്പെട്ടുപോന്നിരുന്നു. മൂന്നാം നൂറ്റാണ്ടിലെ പ്രസിദ്ധ ദൈവശാസ്ത്രകാരന്‍ വിശുദ്ധ സപ്രിയന്‍ ഈ അവകാശവാദത്തിനെതിരെ ആദ്യമായി വെല്ലുവിളി ഉയര്‍ത്തി. ആഫ്രിക്കയിലെ മെത്രനായിരുന്ന സിപ്രിയാനെ റോമിലെ മെത്രാന്റെ പ്രേരണഫലമായി വലേറിയന്‍ ചക്രവര്‍ത്തി ആദ്യം നാടുകടത്തുകയും പിന്നീട് ശിരച്ഛേദം ചെയ്യുകയും ആയിരുന്നു. സിപ്രിയാന്‍ തുടങ്ങി വെച്ച റോമിനെതിരായ വെല്ലുവിളി ആഗോള ക്രൈസ്തവസഭയെ പാശ്ചാത്യം, പൗരസ്ത്യം എന്നിങ്ങനെ രണ്ടായി പിളര്‍ന്നു.
റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക പരിലാളന, റോമിലെ മെത്രാനു ആവശ്യാനുസൃതം ലഭിച്ചതിനാല്‍ റോം നേതൃത്വം നല്‍കിയ പാശ്ചാത്യ ചേരി കൂടുതല്‍ ശക്തമാകുകയും പൗരസ്ത്യ ചേരി കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്തു. ഏഴാം നൂറ്റാണ്ടില്‍ മധ്യപൗരസ്ത്യ ദേശങ്ങളില്‍ ഇസ്‌ലാം കൈവരിച്ച ദിഗ്‌വിജയത്തെ തുടര്‍ന്നു നടന്ന കുരിശുയുദ്ധങ്ങളും പൗരസ്ത്യ സഭകളെ തീര്‍ത്തും നിക്ഷ്പ്രഭമാക്കുന്നതിനു വഴിയൊരുക്കി. മുസ്‌ലിംകളുടെ ഭാഗത്തുനിന്നുണ്ടായതിലും ഗുരുതരമായ ആക്രമണം ആണ് പൗരസ്ത്യ ക്രിസ്ത്യാനുകള്‍ക്കു പാശ്ചാത ക്രിസ്ത്യാനികളില്‍ നിന്നുണ്ടായത്. റോമാ സാമ്രാജ്യത്തിന്റെ തകര്‍ച്ചക്കു ശേഷം ജര്‍മനിയിലേയും പോര്‍ച്ചുഗില്ലിലേയും രാജാക്കന്മാര്‍ റോമന്‍ മാര്‍പ്പാപ്പമാരുടെ രക്ഷാധികാരത്വം ഏറ്റെടുത്തു. അവരുടെ ചരടുവലിക്കനുസരിച്ച് മാര്‍പ്പാപ്പാമാര്‍ ലോകത്തിലെ ദൈവത്തിന്റെ വികാരി എന്ന വിശേഷണത്തോടെ സാര്‍വത്രിക സഭയുടെ പരമാധ്യക്ഷ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടുപോന്നു. പടിപടിയായി ഒട്ടേറെ മാറ്റങ്ങള്‍ സഭയിലും ലോകത്തും സംഭവിച്ചെങ്കിലും അതനുസരിച്ചുള്ള മാറ്റങ്ങള്‍ക്ക് സഭയിലെ ഉന്നത പൗരോഹിത്യ ശ്രേണി വിധേയമായിട്ടുണ്ടോ എന്ന കാര്യം സംശയാസ്പദമാണ്.
ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ അത് നേരായി മാറും എന്ന ഗീബല്‍സ്യന്‍ തത്വത്തിന്റെ ഒളിച്ചുകടത്തല്‍ പൗരോഹിത്യ നേതൃത്വം വിശ്വാസികളിലേക്ക് നടത്തുന്നുണ്ട് എന്നാണ് ആക്ഷേപം. അതിനുദാഹരണമാണ് മാര്‍പ്പാപ്പ സ്ഥാനത്തിന് നല്‍കിയ അറുപതിലേറെ വിശേഷണങ്ങള്‍. അവയില്‍ ചിലത് ഇങ്ങനെ: പിതാക്കന്മാരുടെ പിതാവ് , സകല തലകളിലും വിശുദ്ധമായ തല, ഇടയന്മാരുടെ ഇടയന്‍, സ്വര്‍ഗത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരന്‍, ദൈവത്തിന്റെ വികാരി, ആത്മാക്കളുടെ വൈദ്യന്‍, പാതാളവാതിലുകളെ തടയുന്ന പാറ, ഒരിക്കലും തെറ്റ് പറ്റാത്ത വിശുദ്ധന്‍ ഇങ്ങനെ പോകുന്നു ലത്തീന്‍ ഭാഷയില്‍ മാര്‍പ്പാപ്പാക്ക് നല്‍കിയിരിക്കുന്ന വിശേഷണങ്ങള്‍. പിഞ്ചു മനസ്സുകളില്‍ ചെറിയ പ്രായത്തിലേ അടിച്ചേല്‍പ്പിച്ച ഇത്തരം വിശേഷണങ്ങള്‍ വെറും തമാശയാണെന്ന് പിന്നീട് വളര്‍ച്ച എത്തുമ്പോള്‍ അവര്‍ മനസ്സിലാക്കുന്നു. പാശ്ചാത്യ ക്രിസ്തു മതം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധിയും ഇത്തരം ചില മനസ്സിലാക്കലുകളാണ്. ഇതില്‍ നിന്ന് സഭയെയും ലോകത്തെയും രക്ഷപ്പെടുത്താന്‍ പുതിയ മാര്‍പ്പാപ്പാക്ക് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കാം.

(കെ സി വര്‍ഗീസ്, ഫോണ്‍-9446268581)

===========================================

www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment