Sunday 24 February 2013

[www.keralites.net] ALL THE BEST

 

പാട്ടില്‍ കാറ്റ് നിറയുന്നു


 
പാട്ടിലെത്ര വൈവിധ്യങ്ങള്‍ പരീക്ഷിച്ചാലും അടിസ്ഥാനപരമായി മെലഡിയാണ് മനുഷ്യമനസുകളെ സ്പര്‍ശിക്കുന്നത്. അതിന്‍്റെ ഏറ്റവും പുതിയ ഉദാഹരണമാണ് 'കാറ്റേ കാറ്റേ..' എന്ന സെല്ലുലോയിഡിലെ ഗാനം. 2013ല്‍ നിലവിലിറങ്ങിയ ഏറ്റവും വലിയ ഹിറ്റായി ഈ ഗാനം മാറിക്കഴിഞ്ഞു. റഫീക് അഹമ്മദെഴുതി എം.ജയചന്ദ്രന്‍ ഈണമിട്ട ഈ ഗാനം വരികളുടെയും സംഗീതത്തിന്‍്റെയും ലാളിത്യം കൊണ്ട് ശ്രദ്ധേയമാണ്. 
എല്ലാ കാലത്തും എല്ലാ തലമുറയെയും ലളിതവും മെലോഡിയസുമായ ഗാനം ആകര്‍ഷിക്കുമെന്നത് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. മറ്റൊരു പ്രത്യേകത തീര്‍ത്തും പുതിയ രണ്ട് ഗായകര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു എന്നതാണ്. സാധാരണ ഗാനാസ്വാദകര്‍ക്ക് ഒട്ടും പരിചിതമല്ലാത്ത പേരുകളാണ് ശ്രീറാമിന്‍്റെയും വൈക്കം വിജയലക്ഷ്മിയുടെയും. എന്നാല്‍ രണ്ടുപേരും ഉന്നതമായ സംഗീത പാരമ്പര്യത്തില്‍ നിന്ന് വരുന്നവരാണ്. 
ഗായകന്‍ ശ്രീറാം ആകാശവാണിയുടെ ശ്രോതാകള്‍ക്ക് സുപരിചിതനാണ്. ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ പ്രോഗ്രാം പ്രൊഡ്യൂസറായ ശ്രീറാം തിരുവനന്തപുരത്തെ വേദികളിലെ പരിചിതനായ ഗായകനുമാണ്; പ്രത്യേകിച്ചും പഴയകാല ഗാനങ്ങള്‍ പാടുന്നതില്‍. ദേവരാജന്‍ മാഷിന്‍െറയും എം.കെ.ത്യാഗരാജഭാഗവതരുടെയും കെ.പി. ഉദയഭാനുവിന്‍്റെയുമൊക്കെ പാട്ടുകള്‍ അതേ ചാരുതയോടെ പാടുന്ന ഗായകനാണ് അദ്ദേഹം. ഇതാണ് ഇങ്ങനെയൊരു പാട്ട് ചെയ്തപ്പോള്‍ ശ്രീറാമിനെപ്പറ്റി ചിന്തിക്കാന്‍ ജയചന്ദ്രനെ പ്രേരിപ്പിച്ചത്. കെ.പി. ഉദയഭാനുവിന്‍്റെ 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്ന ഗാനമേളയിലെ പ്രമുഖ ഗായകനുമായിരു ശ്രീറാം. 
എം.ജയചന്ദ്രനുമായി പത്ത് മുപ്പത്തഞ്ച് വര്‍ഷത്തെ ബന്ധമാണ് ശ്രീറാമിനുള്ളത്. രണ്ടുപേരും കുടുംബസുഹൃത്തുക്കളും. എന്നാല്‍ ഇങ്ങനെയൊരു പാട്ടിന് ക്ഷണിക്കുമ്പോള്‍ അത് തന്നെ ഇത്രയും വലിയ പ്രശസ്തിയിലേക്കുയര്‍ത്തുമെന്ന് അദ്ദേഹം കരുതിയിരുന്നേയില്ല. താന്‍ ഒരു സ്വപ്നത്തിലാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ജനങ്ങളുടെ ഈ പാട്ടിന്‍്റെ പ്രതികരണമെന്ന് അദ്ദേഹം പറയുന്നു. പാട്ട് പുറത്തിറങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. അന്നു മുതല്‍ എല്ലാ ദിവസവും ഫോണില്‍ മുപ്പത് നല്‍പത് കോളുകള്‍ വരുന്നു. എല്ലാ ചാനലുകളുടെയും റേഡിയോയുടെയും ഗാനം ടോപ് ടെണില്‍ ഒന്നാമതാണ്. വിദേശത്തു നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ വിളിക്കുന്നു. ജമ്മുവില്‍ ജോലിചെയ്യുന്ന ഒരു മലയാളി സൈനികന്‍ ഈ പാട്ട് കേട്ടിട്ട് ഡെല്‍ഹിയില്‍ നിന്ന് വിളിച്ചത് ശ്രീറാമിന് അങ്ങേയറ്റം സന്തോഷമുണ്ടാക്കി. 
പാട്ടിന്‍െറ വിജയത്തെപ്പറ്റി ജയചന്ദ്രനോട് ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞത് പാട്ട് നമ്മളെ കൈവിട്ട് പിടിക്കാനാവാത്ത ഉയരങ്ങളിലേക്ക് പോയിക്കഴിഞ്ഞു എന്നാണത്രെ. 
രണ്ടുമാസം മുമ്പ് ജയചന്ദ്രന്‍ ഇങ്ങനെയൊരു പാട്ട് ചെയ്തപ്പോള്‍ പാട്ടിന്‍െറ പശ്ചാത്തലം പറഞ്ഞിട്ട് പാടി നോക്കാന്‍ ശ്രീറാമിനോട് പറയുകയായിരുന്നു. പഴയകാല ഗായകരെ മനസില്‍ കരുതി അവരെ അനുകരിക്കാതെ പാടണം എന്നായിരു അദ്ദേഹത്തിന്‍്റെ നിര്‍ദേശം. എന്നാല്‍ അവരുടെയൊക്കെ അനുഗ്രഹമാണ് തനിക്ക് ഇത് നന്നായി പാടാന്‍ സഹായിച്ചതെന്ന് ശ്രീറാം വിശ്വസിക്കുന്നു. 
പുതുതലമുറ കേട്ടിട്ടില്ലാത്ത കിട്ടപ്പ ഭാഗാവതരുടെയും ത്യാഗരാജഭാഗവതരുടെയും ഒരു സംഗീത ശൈലി ഈ ഗാനത്തിലൂടെ നമുക്കനുഭവിക്കാന്‍ കഴിയുന്നു. ഫോക് ശൈലിയലുള്ള ക്ളാസിക്കല്‍ ഗാനമെന്ന് ഇതിനെ വിശേഷിപ്പിക്കാം. 
ശ്രീറാമിന് കുടുംബപരമായി കിട്ടിയ സംഗീതമാണ് ഈ ഗാനം ശ്രദ്ധേയമായി പാടാന്‍ സഹായിച്ചത്. അച്ഛന്‍ ചേര്‍ത്തല ഗോപാലന്‍ നായര്‍ പ്രശസ്തനായ സംഗീതഞ്ജനും കംപോസറുമായിരുന്നു. അമ്മയും ഗായികയും സംഗീതജ്ഞയുമാണ്. 1955ല്‍ വിവാഹത്തോടെ സിനിമാ സംഗീതം നിര്‍ത്തിയ ശ്രീറാമിന്‍്റെ അമ്മ ലളിതാ ഗോപാലന്‍ നായര്‍ ഏഴെട്ടു സിനിമകള്‍ക്കുവേണ്ടി പാടിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഗാനം 'അമ്പിളിയമ്മാവനെ പിച്ച നടത്തുന്ന' എന്ന ദേവരാജന്‍ മാഷിന്‍്റെ ഗാനമാണ്. 'കാലംമാറുന്നു' എന്ന ദേവരാജന്‍ മാഷിന്‍െറ ആദ്യ ചിത്രത്തിലേതാണ് ഈ ഗാനം എന്ന പ്രത്യേകതയുമുണ്ട്.
ഗായത്രി വീണ എന്ന അപുര്‍വയിനം ഒറ്റകമ്പിയുള്ള വീണയില്‍ കച്ചേരി അവതരിപ്പിക്കുന്ന വിസ്മയ സംഗീതജ്ഞയാണ് വിജയലക്ഷ്മി. കുട്ടിക്കാലം മുതല്‍ സംഗീതത്തില്‍ അത്യപൂര്‍വവും അഭുതപൂര്‍വവുമായ പ്രതിഭ തെളിയിച്ച ഗായികയാണ് വൈക്കം ഉദയനാപുരം സ്വദേശിയായ വിജയലക്ഷ്മി. 
വിജയദശമിദിനത്തില്‍ സംഗീതത്തിന്‍െറ വരദാനമായി ജനിച്ച വിജയലക്ഷ്മി ജന്മനാ അന്ധയാണ്. എങ്കിലും അവളുടെ അകമനസില്‍ സംഗീതം കടലായി നിറഞ്ഞു. ഏഴാം വസയില്‍ത്തന്നെ ആദ്യ കച്ചേരി അവതരിപ്പിച്ചു. പിന്നീടാണ് അപൂര്‍വയിനം വീണയില്‍ സംഗീതം മീട്ടിത്തുടങ്ങിയത്. വയലിന്‍ മാന്ത്രികനായിരുന്ന കുന്നക്കുടി വൈദ്യനാഥനാണ് വിജയലക്ഷ്മിയുടെ സംഗീത പ്രകടനം കണ്ട് വ്യത്യസ്തമായ അവളുടെ വീണക്ക് ഗായത്രി വീണ എന്ന പേര് നല്‍കിയത്. 
കുട്ടിക്കാലം മുതല്‍ ക്ളാസിക്കല്‍ സംഗീതത്തോടും സിനിമാ സംഗീതത്തോടും പ്രതിപത്തി പുലര്‍ത്തിയിരുന്ന വിജയലക്ഷ്മിക്ക് വീണുകിട്ടിയ അവസരമാണ് സെല്ലുലോയിഡിലെ ഗാനം. സംഗീതസംവിധായകന്‍ പ്രതീക്ഷിച്ചതിലും ഭംഗിയായി പാടി പ്രതിഭാധനയായ ഗായിക ആ ഗാനം അനശ്വരമാക്കി. തന്‍്റെ ക്ളാസിക്കല്‍ ഞ്ജാനം ഒട്ടും പ്രകടമാക്കാതെ തീര്‍ത്തും ഗ്രാമ്യമായ ശൈലിയിലാണ് വിജയലക്ഷ്മി പാടിയിട്ടുളതെങ്കിലും ക്ളാസിക്കല്‍ ബെയ്സുള്ള ഗാനം അനായാസമായി ആലപിക്കാന്‍ ഗായികക്ക് കഴിഞ്ഞിട്ടുണ്ട്.      
 
 
 
MARTIN K GEORGE

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment