Wednesday 27 February 2013

[www.keralites.net] പടിയിറങ്ങുമ്പോള്‍ ഒരു കമ്യൂണിസ്‌റ്റിനു പറയാനുള്ളത്‌.....................

 

പടിയിറങ്ങുമ്പോള്‍ ഒരു കമ്യൂണിസ്‌റ്റിനു പറയാനുള്ളത്‌.................
കോഴിക്കോട്‌: ത്യാഗത്തിന്റേയും സമരാനുഭവങ്ങളുടേയും ചുവന്ന കാലത്തിന്റെ തിളക്കമാണ്‌ കെ.കെ. മാധവനെന്ന കമ്യൂണിസ്‌റ്റ്‌ പോരാളിയുടെ കണ്ണുകളിലിപ്പോഴും. മകളുടെ ഭര്‍ത്താവ്‌ 51 വെട്ടുകളേറ്റ്‌ മരിച്ചപ്പോള്‍ മാധവേട്ടന്‍ പാര്‍ട്ടിക്കൊടി താഴെവച്ചു. തെല്ലിടവേളയിലെ മൗനത്തിനുശേഷം അദ്ദേഹം വീണ്ടുമെത്തുകയാണ്‌, സി.പി.എം. ഉത്തരം നല്‍കേണ്ട നിരവധി ചോദ്യങ്ങളുമായി. കൊല്ലപ്പെട്ട ആര്‍.എം.പി. നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെ പിതാവാണ്‌ കോഴിക്കോട്ടെ നടുവണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്തിയ കെ.കെ. മാധവന്‍.
മാര്‍ക്‌സിസം ജീവിതെശെലിയാക്കിയ മാധവേട്ടന്‌ സി.പി.എമ്മിന്റെ പടിയിറങ്ങുമ്പോള്‍ പറയാനുള്ളതു പുസ്‌തകമായി പുറത്തിറങ്ങുന്നു; ഒരു കമ്യൂണിസ്‌റ്റിനു പടിയിറങ്ങുമ്പോള്‍ പറയാനുള്ളത്‌ എന്ന പേരില്‍.
തെറ്റുചെയ്‌തവരെ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌വരെ ന്യായീകരിച്ച സാഹചര്യത്തില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇനി പാര്‍ട്ടി അന്വേഷണം നടത്തിയിട്ട്‌ എന്തുകാര്യമെന്നു മാധവേട്ടന്‍ പുസ്‌തകത്തില്‍ ചോദിക്കുന്നു. വ്യക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണു പ്രതികളെ പോലീസ്‌ പിടിച്ചത്‌. പാര്‍ട്ടി കേന്ദ്രനേതൃത്വമെങ്കിലും കാര്യങ്ങള്‍ മനസിലാക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. ടി.പി. കൊല്ലപ്പെട്ടശേഷം മൂന്നുതവണ കാരാട്ടിനു കത്തെഴുതി. 15 മിനുട്ടോളം ടെലിഫോണില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്‌തു. എന്നിട്ടും, തെറ്റ്‌ ചെയ്യുന്നവരെ ന്യായീകരിക്കുന്ന നിലപാടായിരുന്നു കാരാട്ടിന്റേത്‌.- പുസ്‌തകത്തില്‍ കുറ്റപ്പെടുത്തുന്നു.
ടി.പി. വധം സംബന്ധിച്ചു പ്രകാശ്‌ കാരാട്ടിനു മലയാളത്തിലും ഇംഗ്ലീഷിലും ഫാക്‌സ്‌ അയച്ചു. തന്റെ കത്ത്‌ നിസാരമായിരിക്കാമെങ്കിലും ഉന്നയിച്ച വിഷയം നിസാരമല്ല. സി.പി.എം. വടകര എസ്‌.പി.ഓഫീസിലേക്കു മാര്‍ച്ച്‌ നടത്തിയതിന്റെ തലേ ദിവസമാണു കാരാട്ടുമായി ടെലിഫോണില്‍ 15 മിനുട്ടോളം സംസാരിച്ചത്‌. ടി.പിയെ കൊന്ന പാര്‍ട്ടി തന്നെ മാര്‍ച്ച്‌ നടത്തി സംഘര്‍ഷം സൃഷ്‌ടിച്ചു പ്രശ്‌നം വഷളാക്കുന്നതിനെതിരേയാണു താന്‍ സംസാരിച്ചത്‌.
കൊലപാതകം നടത്തി അതിനെ ന്യായീകരിക്കുന്ന പാര്‍ട്ടി സമീപനം തിരുത്തണമെന്ന്‌ ആവശ്യപ്പെട്ടു. വിശദമായി കത്തെഴുതുന്നുണ്ടെന്നും കാരാട്ടിനോടു പറഞ്ഞിരുന്നു. പ്രകാശ്‌ കാരാട്ട്‌ മുമ്പ്‌ ഉള്ള്യേരിയില്‍ വന്നപ്പോള്‍ പരിചയപ്പെട്ടിരുന്നു. അക്കാര്യവും ടെലിഫോണ്‍ സംഭാഷണത്തില്‍ ഓര്‍മിപ്പിച്ചു. ടി.പി. വധത്തെ അപലപിച്ചു കാരാട്ട്‌ പരസ്യപ്രസ്‌താവന നടത്തുമെന്നായിരുന്നു സ്വാഭാവികമായും കരുതിയതെന്നും പുസ്‌തകത്തില്‍ വ്യക്‌തമാക്കുന്നു.
സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ എന്നിവരെക്കുറിച്ചുള്ള വിലയിരുത്തലുകളും പുസ്‌തകത്തിലുണ്ട്‌. പിണറായി അനുഭവങ്ങളുള്ള ആളാണെങ്കിലും പുകഴ്‌ത്തുന്നവര്‍ക്കൊപ്പമേ നില്‍ക്കൂ. തിരുവായ്‌ക്ക്‌ എതിര്‍വാ ഇല്ലാത്ത ആളുകള്‍ക്ക്‌ എന്തും ചെയ്‌തുകൊടുക്കും. ഒരു ജോലിക്കും പോകാതെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ ആളാണു പിണറായി. സാധാരണക്കാരനെന്ന നിലയില്‍ വന്ന പിണറായി പാര്‍ട്ടിയെ അങ്ങനെയാണോ ഉപയോഗിച്ചതെന്നു പരിശോധിക്കണം. നിലപാടില്‍ മാറ്റം വരുത്താത്ത നേതാവാണു വി.എസ്‌. പാര്‍ട്ടിക്കകത്തും പുറത്തും കര്‍ക്കശനിലപാടില്‍ മാറ്റമില്ല. മാനസികദൃഢതയാണ്‌ ഇതിനുകാരണം. അച്യുതാനന്ദന്‍ സി.പി.എമ്മില്‍നിന്നു പുറത്തുവരികയാണെങ്കില്‍ ലക്ഷക്കണക്കിന്‌ അംഗങ്ങള്‍ പാര്‍ട്ടിവിടും. ഇന്നു സി.പി.എം. നേതൃത്വത്തിനെതിരേ വിയോജിപ്പ്‌ രേഖപ്പെടുത്തുന്നവര്‍ പാര്‍ട്ടിവിടാത്തതു പകരം സംവിധാനമില്ലാത്തതിനാലാണ്‌- മാധവന്‍ നിരീക്ഷിക്കുന്നു.
എ.കെ.ജിയും ഇ.എം.എസും നടുവണ്ണൂരില്‍ പ്രസംഗിച്ചതും ഇ.കെ.നായനാര്‍ പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ സംസ്‌ഥാന കമ്മിറ്റിക്കു ജീപ്പ്‌ വാങ്ങാനുള്ള ഫണ്ട്‌ പിരിക്കാന്‍ നടുവണ്ണൂരില്‍ വന്നതും നടന്നു കാശുപിരിച്ചതും കുടുസുമുറിയില്‍ അന്തിയുറങ്ങിയതുമെല്ലാം പുസ്‌തകത്തില്‍ വിവരിക്കുന്നുണ്ട്‌. 1956-ല്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയില്‍ അംഗമായ മാധവന്‍ 58-ല്‍ ദേശാഭിമാനിയുടെ ഏജന്റായി.
64-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നിന്നു. സി.പി.എം. ബാലുശേരി ഏരിയാ സെക്രട്ടറി, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌, ആദ്യ ജില്ലാ കൗണ്‍സില്‍ അംഗം, കര്‍ഷകസംഘം ജില്ലാ ജോ. സെക്രട്ടറി, ദേശാഭിമാനി ലേഖകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മകള്‍ രമയെ ടി.പി. ചന്ദ്രശേഖരനു വിവാഹം ചെയ്‌തുകൊടുത്തതു സംബന്ധിച്ചും മറ്റു മക്കളായ പ്രേമ, തങ്കം, സുരേഷ്‌ എന്നിവരുടെ രാഷ്‌ട്രീയപ്രവര്‍ത്തനത്തെക്കുറിച്ചും പുസ്‌തകത്തില്‍ പറയുന്നുണ്ട്‌.
മാധ്യമപ്രവര്‍ത്തകനായ വി.കെ.സുരേഷുമായുള്ള കെ.കെ. മാധവന്റെ ദീര്‍ഘമായ സംഭാഷണങ്ങളാണു പൂര്‍ണ പബ്ലിക്കേഷന്‍സ്‌ പുസ്‌തകമാക്കിയിരിക്കുന്നത്‌. പുസ്‌തകം മൂന്നിനു പ്രകാശനം ചെയ്യും.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment