പോപ്പിന്റെ മുന്നറിയിപ്പ്
ലോകമെങ്ങും കുടുംബ ശൈഥില്യം വര്‍ധിച്ചുവരുന്നതില്‍ ക്രൈസ്തവ മത മേലധ്യക്ഷന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഏറെ ഉത്കണ്ഠാകുലനാണ്. അടുത്തിടെ നിരവധി വേദികളില്‍ അദ്ദേഹമത് പ്രകടിപ്പിക്കുകയുണ്ടായി. കഴിഞ്ഞ ഡിസംബറില്‍ വത്തിക്കാന്‍ സിറ്റിയില്‍ നടത്തിയ 2012-ന്റെ സമാപന പ്രഭാഷണത്തിലും ആദരണീയനായ പോപ്പ് ഈ വിഷയം സഗൗരവം ഉന്നയിക്കുകയും ലോകത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കുന്നു. വളര്‍ന്നു വരുന്ന സ്വവര്‍ഗ ഭോഗ ഭ്രമത്തെയാണ് കുടുംബവ്യവസ്ഥയുടെ മുഖ്യ അന്തകശക്തിയായി അദ്ദേഹം നിരീക്ഷിക്കുന്നത്. കുടുംബഘടനയുടെ ആത്മാവിനെ തന്നെ കാര്‍ന്നു തിന്നുകയാണത്. കുടുംബബന്ധങ്ങളുടെയും തുടര്‍ന്ന് സാമൂഹിക ബന്ധങ്ങളുടെയും ശിഥിലതയിലാണത് ചെന്നെത്തുക. ഒടുവില്‍ മനുഷ്യരാശിയുടെ നിലനില്‍പുതന്നെ അപകടത്തിലാകും. കുടുംബ മൂല്യങ്ങളുടെ നിരാസത്തില്‍ നിന്നുത്ഭൂതമാകാന്‍ പോകുന്നത് കൃത്രിമ മനുഷ്യനാണ്. അരാജകത്വമായിരിക്കും അവരുടെ മുഖമുദ്ര. സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കാന്‍ ശ്രമിക്കുന്ന രാഷ്ട്ര സാരഥികളെയും ആണിനെ പെണ്ണാക്കാനും പെണ്ണിനെ ആണാക്കാനും വഴി തേടുന്ന ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വക്താക്കളെയും പോപ്പ് നിശിതമായി വിമര്‍ശിച്ചു.
മ്ലേഛമായ ഒരു അധാര്‍മികതക്കെതിരെയുള്ള താക്കീത് എന്നതിലുപരി, അടുത്തെത്തിക്കൊണ്ടിരിക്കുന്ന മഹാ വിപത്തിനെക്കുറിച്ചുള്ള ഗൗരവമാര്‍ന്ന മുന്നറിയിപ്പാണ് ബെനിഡ്ക്ട് പതിനാറാമന്‍ ലോകത്തിന് നല്‍കിയിരിക്കുന്നത്. സദാചാര ബോധമുള്ളവരും മനുഷ്യരാശിയുടെ നിലനില്‍പില്‍ ഉത്കണ്ഠയുള്ളവരും അദ്ദേഹത്തെ പിന്തുണക്കുമെന്നതില്‍ സംശയമില്ല. മുസ്‌ലിം ലോകം വിശേഷിച്ചും ഇക്കാര്യത്തില്‍ പോപ്പിനോടൊപ്പമാണ്. സുഭദ്രമായ കുടുംബവ്യവസ്ഥക്ക് മൗലിക പ്രാധാന്യം കല്‍പിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാമിന്റേത്. സ്വവര്‍ഗ രതി ഉള്‍പ്പെടെ സകലതരം വിവാഹേതര ലൈംഗിക ബന്ധവും അത് ശക്തിയായി നിരോധിച്ചിരിക്കുന്നു. പക്ഷേ, പോപ്പ് മുഖ്യമായി സംബോധന ചെയ്ത പടിഞ്ഞാറന്‍ കത്തോലിക്കരിലും ഇതര ക്രൈസ്തവ സഭകളിലും അദ്ദേഹത്തിന്റെ വാക്കുകള്‍ വല്ല സ്വാധീനവും ചെലുത്തുമോ? ചെലുത്തുമെന്ന് വിശ്വസിക്കാന്‍ വിഷമമുണ്ട്. മതത്തെ രാഷ്ട്രീയത്തില്‍നിന്ന് പൂര്‍ണമായി മാറ്റിനിര്‍ത്തിയ പാശ്ചാത്യ ലോകത്ത് പോപ്പിന്റെ വചനങ്ങള്‍ക്കെന്നല്ല, സാക്ഷാല്‍ വേദപ്രമാണങ്ങള്‍ക്കുതന്നെ പൊതുജീവിതത്തില്‍ യാതൊരു സ്ഥാനവുമില്ല. പാശ്ചാത്യ ലോകത്തെ നയിക്കുന്നത് അമേരിക്കയാണ്. അവിടെയാണ് സ്വവര്‍ഗ വിവാഹം പോലുള്ള തിന്മകള്‍ ഏറെയും പൊട്ടിമുളക്കുന്നത്. അമേരിക്കയില്‍ നിന്ന് വരുന്നതെന്തും വാരിപ്പുണരാന്‍ കച്ചകെട്ടി നില്‍ക്കുകയാണ് ശിഷ്ട ലോകം. ഭൗതികപ്രമത്തതയെയും ഭോഗാസക്തികളെയും തൃപ്തിപ്പെടുത്തുന്നതല്ലാത്ത ഉപദേശ നിര്‍ദേശങ്ങളൊന്നും കേള്‍ക്കാന്‍ അവര്‍ക്ക് നേരമില്ല.
ബെനഡിക്ട് പതിനാറാമന്‍ സ്വവര്‍ഗ വിവാഹത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇംഗ്ലണ്ടില്‍ അത് സംബന്ധിച്ച് വലിയ ബഹളം നടക്കുകയാണ്. പോപ്പിന്റെ ഉപദേശം അവിടെയാരും ഗൗവത്തിലെടുത്തതായി കാണുന്നില്ല. ബ്രിട്ടനിലെ ക്രൈസ്തവ ആത്മീയ നേതൃത്വം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനും അവരുടെ ബിഷപ്പ് ഹൗസിനുമായതുകൊണ്ടല്ല. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും തത്ത്വത്തില്‍ സ്വവര്‍ഗ വിവാഹത്തിനെതിരാണ്. കത്തോലിക്കരും യൂനിറ്റേറിയന്‍സും മുസ്‌ലിംകളും അവരെ പിന്തുണക്കുന്നു. പക്ഷേ, ഭരണപക്ഷത്തുള്ള പ്രബല കക്ഷികളായ ലേബര്‍ പാര്‍ട്ടിയും ലിബറല്‍ ഡമോക്രാറ്റ്‌സും സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നു. ടോറി പാര്‍ട്ടിയില്‍ ഭൂരിപക്ഷം അംഗങ്ങള്‍ അതിനെതിരാണ്. ഈയിടെ നടത്തിയ ഒരു സര്‍വേയില്‍ ബ്രിട്ടീഷ് ജനതയില്‍ 57 ശതമാനം സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നുവെന്ന് കണ്ടെത്തിയതാണ് ലേബര്‍ പാര്‍ട്ടിയുടെയും ലിബറല്‍ ഡമോക്രാറ്റുകളുടെയും നയത്തെ സ്വാധീനിച്ചത്. ഭൂരിപക്ഷ ഹിതവും സദാചാരമൂല്യവും തമ്മിലാണ് ഇവിടെ സംഘര്‍ഷം. ജനഹിതത്തെ ദൈവമാക്കിയ സമൂഹങ്ങളില്‍ ജനഹിതമാണ് ഇത്തരം മത്സരങ്ങള്‍ ജയിക്കാറുള്ളത്. 2015-ലെ പൊതു തെരഞ്ഞെടുപ്പിനു മുമ്പ് സ്വവര്‍ഗ വിവാഹത്തിന് സാധൂകരണം നല്‍കുന്ന നിയമം പാസാക്കണമെന്നാണ് കാമറൂണ്‍ സര്‍ക്കാറിന്റെ നിലപാട്. അങ്ങനെയൊരു നിയമം നിര്‍മിക്കുകയാണെങ്കില്‍ മുസ്‌ലിംകളെ അതില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ബ്രിട്ടീഷ് മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്റെ സെക്രട്ടറി ജനറല്‍ ഫാറൂഖ് മുറാദ്. മറുവശത്ത് തത്ത്വത്തില്‍ സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്ന ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പ്രായോഗിക രംഗത്ത് അതുമായി രാജിയാവുകയാണ്. നേരത്തെ സ്വവര്‍ഗാനുരാഗികളായ പുരോഹിതന്മാര്‍ക്ക് ബിഷപ്പ് പട്ടം നിഷേധിച്ച ഹൗസ് ഓഫ് ബിഷപ്പ് ഇപ്പോള്‍ ഒരു ഉപാധിയോടെ അതനുവദിച്ചിരിക്കുന്നു. സ്വവര്‍ഗാനുരാഗിയായ ബിഷപ്പിന് തന്റെ പ്രേമഭാജനത്തോടൊപ്പം താമസിക്കാം. പക്ഷേ, അവര്‍ ശാരീരികമായി ബന്ധപ്പെടാന്‍ പാടില്ല. പരിഹാസ്യമായ നിബന്ധനയായിട്ടാണ് പലരും ഇതിനെ കാണുന്നത്. ബിഷപ്പ് കാമുകനുമായി രതി ക്രീഡ നടത്താതിരിക്കാന്‍ ആരാണ് മേല്‍നോട്ടം വഹിക്കുക എന്നാണവരുടെ ചോദ്യം!
കുടുംബശൈഥില്യത്തിന്റെയും സ്വവര്‍ഗ ഭോഗാസക്തിയുടെയും ആപത്തിനെക്കുറിച്ച് ബെനഡിക്ട് പതിനാറാമന്‍ നല്‍കിയ മുന്നറിയിപ്പ് നിഷ്ഫലമായിക്കൂടാ. അത് കത്തോലിക്കരുടെയോ ക്രൈസ്തവരുടെയോ മാത്രം പ്രശ്‌നമല്ല; മുഴു ലോകത്തിന്റെയും പ്രശ്‌നമാണ്. സുബുദ്ധിയുള്ള ഏവരും സഗൗരവം പരിഗണിക്കേണ്ട വിഷയമാണ്. എല്ലാ മതങ്ങളും പങ്കുവെക്കുന്ന പൊതുമൂല്യങ്ങളുടെ സംരക്ഷണാര്‍ഥം എല്ലാ മത വിഭാഗങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. മത നേതൃത്വങ്ങള്‍ അതിനു തയാറാകുമോ?
No comments:
Post a Comment