ആള്‍ക്കൂട്ടത്തിന്റെ ബലാത്സംഗങ്ങള്‍
ഉത്തരേന്ത്യയിലെ ചെറു പട്ടണങ്ങളില്‍ താമസിച്ചിട്ടുള്ളവര്‍ പറഞ്ഞുകേട്ടുകാണും. അവിടെ, തെരുവിലിട്ട് ഒരാളെ മൂന്നുനാലു പേര്‍ ചേര്‍ന്ന് തല്ലിച്ചതയ്ക്കുന്നതു കണ്ടാല്‍, പിന്നീടു വരുന്നവരെല്ലാം അക്കൂട്ടത്തില്‍ കൂടി അടി തുടങ്ങും. കൈത്തരിപ്പു തീരും വരെ തല്ലിയതിനു ശേഷമായിക്കും എന്താണു കാര്യമെന്നന്വേഷിക്കുക. അടിയേറ്റു വീണ പാവം അപ്പോഴേക്കും, ഒരു പക്ഷേ, ചത്തുപോയിട്ടുണ്ടാകും.
ഇതിനെയാണ് ആള്‍ക്കൂട്ട മനശ്ശാസ്ത്രം എന്നു വിളിക്കുന്നത്. കൂട്ടത്തില്‍ കൂടി മുദ്രാവാക്യം വിളിക്കുന്നതും സംഘം ചേര്‍ന്ന് തല്ലിത്തകര്‍ക്കുന്നതും എളുപ്പമാകുന്നത് ആള്‍ക്കൂട്ടത്തിന് കാര്യകാരണമന്വേഷിക്കാന്‍ മെനക്കെടാത്ത ഒരു പൊതു മനസ്സ് രൂപപ്പെടുന്നതുകൊണ്ടാണത്രെ.
ബസ്സില്‍നിന്ന് റോഡിലേക്കെറിയപ്പെട്ട് ചോരയില്‍ക്കുളിച്ചു പുളയുന്ന പെണ്‍കുട്ടിയെ തിരിഞ്ഞുനോക്കാതെ ചാടിക്കടന്നുപോയവര്‍ തന്നെ പിറ്റേന്ന് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയവര്‍ക്കൊപ്പം ചേരുന്നത് അപ്പോഴേക്കും ആള്‍ക്കൂട്ട മനസ്സ് ഇരയുടെ പക്ഷത്തു ചേര്‍ന്നിട്ടുണ്ടാകും എന്നതുകൊണ്ടാണ്. ഒറ്റക്കൈയനായ ഒരും കൊടും ക്രിമിനല്‍ തള്ളിയിട്ട പെണ്‍കുട്ടിയെ രക്ഷിക്കാനായി ചങ്ങല പിടിച്ചു വലിച്ച് തീവണ്ടി നിര്‍ത്താന്‍പോലും കൈയനക്കാത്തവര്‍തന്നെ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടു പ്രകടനം നടത്തും. ലോകം മുഴുവന്‍ വധശിക്ഷക്കെതിരെ നീങ്ങുമ്പോള്‍, അജ്മല്‍ കസബിനെ തൂക്കിക്കൊന്നതില്‍ ആഹ്ലാദ നൃത്തമാടി പടക്കം പൊട്ടിക്കും. ജയിലിലുള്ള മറ്റ് തീവ്രവാദികളെയും ഉടന്‍ തൂക്കിലേറ്റണമെന്ന് ആര്‍ത്തുവിളിക്കും. ആള്‍ക്കൂട്ടത്തിന്റെ ഈ പൊതുചിന്തക്കെതിരെ പറഞ്ഞാല്‍ രാജ്യദ്രോഹിയെന്നു മുദ്ര കുത്തപ്പെടുമെന്ന് പേടിച്ച് വിവേകികള്‍ മിണ്ടാതിരിക്കും.
ഭരണകൂടം അഴിമതിയിലും അധികാര ദുര്‍വിനിയോഗത്തിലും മുങ്ങി ജനാധിപത്യവും നിയമവാഴ്ചയും അട്ടിമറിക്കപ്പെടുകയും രാഷ്ട്രീയക്കാരുടെ പ്രതിഷേധങ്ങള്‍ അനുഷ്ഠാനം മാത്രമായി മാറുകയും ചെയ്യുമ്പോള്‍ പൊതുസമൂഹമെന്ന ആള്‍ക്കൂട്ടം ഇവരെയൊക്കെ തള്ളിമാറ്റി പ്രതിഷേധത്തിന്റെ നായകത്വം ഏറ്റെടുക്കുന്നത് സ്വാഭാവികവും ഒരര്‍ത്ഥത്തില്‍ അനിവാര്യവുമാണ്. അരാഷ്ട്രീയമെന്നു മുദ്രകുത്തി തള്ളിക്കളയാനാവില്ല, ഈ ജനമുന്നേറ്റത്തെ. പക്ഷേ, വ്യക്തമായ ദിശാബോധമില്ലാത്ത ബഹുജനപ്രക്ഷോഭമെന്ന കലക്കവെള്ളത്തില്‍ നിന്ന് മീന്‍പിടിക്കുന്നത് പലപ്പോഴും യഥാര്‍ഥ കുറ്റവാളികള്‍ തന്നെയാവും.
ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും അവരെ ഷണ്ഡീകരിക്കണമെന്നും ഘോരഘോരം ആവശ്യമുയരുമ്പോള്‍ വെളിപ്പെടുന്നത് ആള്‍ക്കൂട്ടത്തിന്റെ കാട്ടുനീതി തന്നെയാണ്. താഴ്ന്ന ജാതിക്കാരനൊടൊപ്പം പോയ പെണ്‍കുട്ടിയെ ദുരഭിമാനംകാരണം ചുട്ടുകൊല്ലുമ്പോഴും അവിഹിതബന്ധം ചുമത്തി പെണ്ണുങ്ങളെ കല്ലെറിഞ്ഞു കൊല്ലുമ്പോഴും കള്ളന്റെ കൈവെട്ടുമ്പോഴും പ്രകടമാകുന്ന അതേ കാട്ടുനീതി. പെണ്ണെന്നു പറയുന്നത് വിചാര, വികാരങ്ങളില്ലാത്ത സ്വത്താണെന്നും അവളെ സംരക്ഷിക്കേണ്ടത് ഉത്തമ പുരുഷന്റെ ചുമതലയാണെന്നുമുള്ള യാഥാസ്ഥിതിക വിശ്വാസത്തെയാണ് ഇവരെല്ലാം ഊട്ടിയുറപ്പിക്കുന്നത്. ഡല്‍ഹി സംഭവത്തെത്തുടര്‍ന്നു നടന്ന ബലാത്സംഗ ചര്‍ച്ചകളിലെല്ലാം മതബോധത്തില്‍നിന്നുവരുന്ന സ്ത്രീവിരുദ്ധതയ്ക്കാണ് അറിഞ്ഞും അറിയാതെയും മേല്‍ക്കൈ ലഭിച്ചതെന്നതാണ് വസ്തുത.
ബലാത്സംഗക്കേസുകളില്‍ ഒന്നാം പ്രതി മദ്യമാണെന്നുു പറയുന്നവരും പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയാണ് ആണുങ്ങളെ പ്രകോപിപ്പിക്കുന്നത് എന്നു പറയുന്നവരും ഫലത്തില്‍ കുറ്റവാളികളെ ന്യായീകരിക്കുകയാണു ചെയ്യുന്നതെന്ന കാര്യം ഈ ബഹളത്തിനിടയില്‍ ശ്രദ്ധിക്കപ്പെടാതെപോയി. രാത്രിവൈകി ആണ്‍സുഹൃത്തിനൊപ്പം കറങ്ങാന്‍പോയതാണ് പെണ്‍കുട്ടി ആക്രമിക്കപ്പെടാന്‍ കാരണമെന്ന് സദാചാരം പറയുന്നവരും എല്ലാ പെണ്ണുങ്ങളെയും അമ്മയും പെങ്ങളുമായി കാണമെന്ന കാപട്യം പ്രസംഗിക്കുന്നവരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രമാണെന്ന കാര്യവും മനസ്സിലാക്കപ്പെടാതെ പോയി.
അസമയത്ത് ആണിനൊപ്പം കറങ്ങിനടക്കുന്നതെന്തിനെന്നു ചോദിച്ചാണേ്രത ഡല്‍ഹിയിലെ പെണ്‍കുട്ടിയ്ക്കു നേരെ പ്രതികള്‍ ആക്രമണം തുടങ്ങിയത്. പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങാന്‍ പാടില്ലെന്നു പറയുന്ന കപട സദാചാരത്തിന്റെ വക്താക്കളായിരുന്നു അക്രമികളും എന്നര്‍ഥം (ലൈംഗിക സ്വാതന്ത്ര്യത്തിന്റെ വക്താക്കളല്ല, കടുത്ത യാഥാസ്ഥിതികരാണ് മിക്കപ്പോഴും സ്ത്രീകളെ ആക്രമിക്കുന്നത്. അവര്‍തന്നെയാണ് സദാചാരപ്പോലീസ് ചമയുന്നതും). മൗലവിമാരും പള്ളീലച്ചന്‍മാരും മാത്രമല്ല, അര്‍ധ നഗ്നനായ ഒരു സംന്യാസി പോലും പീഡനമൊഴിവാക്കാന്‍ പെണ്ണുങ്ങള്‍ നന്നായി വസ്ത്രം ധരിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചുകണ്ടു. അല്ലെങ്കിലും സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ എല്ലാ മതങ്ങളും ഒറ്റക്കെട്ടാണല്ലോ. പെണ്ണുങ്ങള്‍ക്ക് അടക്കവും ഒതുക്കവുമില്ലാത്തതും അവര്‍ മാനം മര്യാദയ്ക്കു വസ്ത്രം ധരിക്കാത്തതുമാണ് ബലാത്സംഗങ്ങള്‍ക്ക് പ്രേരണയാകുന്നത് എന്ന് പറയുന്ന യാഥാസ്ഥിതിക മത ബോധത്തിന്റെ പ്രചാരകരെ തുറന്നു കാണിക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. മിനിസ്‌കര്‍ട്ടിട്ട ഒരു പെണ്‍കുട്ടി അടുത്തു നില്‍ക്കുമ്പോള്‍, പര്‍ദയിട്ട ഒരു യുവതിയെ കയറിപ്പിടിക്കുന്ന അക്രമിയുടെ ചിത്രവുമായാണ് ഫെയ്‌സ്ബുക്കിലെയും ഗൂഗിള്‍പ്ലസിലെയും വനിതാ പ്രവര്‍ത്തകര്‍ ഈ പ്രചാരണത്തെ നേരിട്ടത്.
എന്നാല്‍, ബലാത്സംഗക്കേസുകളില്‍ ഒന്നാം പ്രതി മദ്യമാണെന്നും മദ്യനിരോധനം വന്നാല്‍ ഇന്നാട്ടിലെ സ്ത്രീകള്‍ രക്ഷപ്പെടുമെന്നുമുള്ള പ്രചാരണം ഇതേ മതബോധത്തിന്റെ സൃഷ്ടിയാണെന്നും അത് കുറ്റവാളികളെ ന്യായീകരിക്കുന്നതിനു തുല്യമാണെന്നും തിരിച്ചറിയാന്‍ സ്ത്രീവിമോചനപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞില്ല. പെണ്ണുങ്ങളെ രക്ഷിക്കാന്‍ മദ്യം നിരോധിക്കണമെന്ന ആവശ്യത്തെ വനിതാ സംഘടനകളും പിന്തുണച്ചു. ബലാത്സംഗക്കേസുകളിലെ പ്രതികളില്‍ ബഹുഭൂരിക്ഷവും മദ്യപിക്കുന്നവരാണ് എന്നതാണ് മദ്യമാണ് ഒന്നാം പ്രതി എന്ന ലളിതവത്ക്കരണത്തിലേക്കു നയിക്കുന്നത്. മിക്ക ക്രിമിനലുകളും മദ്യപിക്കുന്നവരായിരിക്കും. അവര്‍ പാന്‍ ചവയ്ക്കുന്നുണ്ടാവും. സിഗരറ്റു വലിക്കുന്നുണ്ടാവും. അതുകൊണ്ട് അതിലേതെങ്കിലുമൊന്നാണ് അവരെക്കൊണ്ട് ഇതു ചെയ്യിച്ചത് എന്ന നിഗമനത്തിലെത്തുന്നവര്‍ അവര്‍ ചെയ്ത കുറ്റത്തെ കുറച്ചു കാണുകയാണ്. ക്രിമിനലുകള്‍ മദ്യപിക്കുമെന്നതുകൊണ്ട് മദ്യപിക്കുന്നവരെല്ലാം ക്രിമിനലുകളാണെന്നോ ഒരുപടികൂടി കടന്ന് മദ്യം തന്നെയാണ് കുറ്റവാളെയെന്നോ പറയുന്നത് യഥാര്‍ഥ കുറ്റവാളിയെ ന്യായീകരിക്കുന്നതിനു തുല്യമാണ്.
കൊലക്കേസില്‍ എല്ലാ തെളിവുകളും എതിരാണെന്നു വരുമ്പോള്‍ പ്രതിഭാഗം വക്കീല്‍ അവസാന മാര്‍ഗമെന്ന നിലയില്‍ പ്രതി മനോരോഗിയാണെന്നു സ്ഥാപിക്കാനാണു ശ്രമിക്കുക. പ്രതി മദ്യപിച്ചിരുന്നെന്നു സ്ഥാപിക്കുന്നതും അത്തരത്തില്‍ പ്രതിഭാഗത്തിന്റെ പ്രതിരോധശ്രമം മാത്രമാണ്. മറ്റെന്തൊക്കെ കുഴപ്പമുണ്ടെങ്കിലും മദ്യത്തിന് സ്ത്രീകളോടു പ്രത്യേകിച്ചു വിരോധമൊന്നുമില്ല. പാശ്ചാത്യനാടുകളില്‍ ആണും പെണ്ണും ഒരുമിച്ചിരിക്കുന്ന മദ്യശാലകളില്‍ മദ്യം തലയ്ക്കു പിടിച്ചാലുടന്‍ ആണുങ്ങള്‍ മുന്നിലുള്ള പെണ്ണിനെ കടന്നുപിടിക്കാറില്ല. എന്നാലിവിടെ മദ്യപിച്ച പുരുഷന്‍ ഭയക്കപ്പെടേണ്ടവനാണെന്നു സ്ത്രീകള്‍ക്കു തോന്നുന്നുണ്ടെങ്കില്‍ അതിനു കാരണം മദ്യത്തെ പ്രതിസ്ഥാനത്തു പ്രതിഷ്ഠിച്ച് യഥാര്‍ഥ കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കാനുള്ള ആസൂത്രിത പ്രചരാണമാണ്. സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയും ഗര്‍ഭിണികളുടെ വയറുപിളര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്തു കൊന്നും വംശഹത്യ നടന്ന ഗുജറാത്ത് മദ്യനിരോധനവും ഗോവധനിരോധനവും നിലവിലുള്ള സംസ്ഥാനമാണെന്നോര്‍ക്കണം.
പുരുഷന്‍ മദ്യപിക്കുന്നതുകൊണ്ടും സ്ത്രീ ആകര്‍ഷകമായി വസ്ത്രം ധരിക്കുന്നതുകൊണ്ടുമുണ്ടാകുന്ന ഒന്നാണ് ബലാത്സംഗം എന്നു വരുത്തുന്നവര്‍ സ്ത്രീത്വമെന്നത് കെട്ടിപ്പൊതിഞ്ഞ് ഉടയാതെ സൂക്ഷിക്കേണ്ട പളുങ്കുപാത്രമാണെന്ന യാഥാസ്ഥിക നിലപാടാണ് പിന്തുടരുന്നത്. രാത്രിയായാല്‍ അവള്‍ പുറത്തിറങ്ങാന്‍ പാടില്ലെന്നു പറയുന്നവരും അവളെ അമ്മയോ പെങ്ങളോ ആയി കാണണമെന്ന് ആവശ്യപ്പെടുന്നവരും തമ്മില്‍ വലിയ വ്യത്യാസമില്ല. എല്ലാ സ്ത്രീകളെയും അമ്മയോ പെങ്ങളോ ആയി കാണുകയെന്നത് അസാധ്യമാണ് എന്നതു മാത്രമല്ല പ്രശ്‌നം. സഹോദനാലോ മകനാലോ സംരക്ഷിക്കപ്പെടേണ്ട ദുര്‍ബലയാണ് പെണ്ണ് എന്ന ആശയമാണ് അമ്മ-പെങ്ങള്‍ വാദത്തില്‍ ഒളിഞ്ഞിരിക്കുന്നത്. അമ്മയും പെങ്ങളുമല്ലാതെയുള്ള അസ്തിത്വവും വ്യക്തിത്വവും അവള്‍ക്കു പാടില്ലെന്നു ശാഠ്യത്തെയാണ് ഈ വാദം പരോക്ഷമായെങ്കിലും പിന്തുണയ്ക്കുന്നത്.
പുരുഷനില്ലാത്ത എന്തൊക്കെയോ തങ്ങള്‍ക്ക് നഷ്ടപ്പെടാനുണ്ടെന്ന ചാരിത്ര്യ സങ്കല്‍പമാണ് യാഥാസ്ഥിതിക സമൂഹത്തില്‍, സ്ത്രീകളുടെ ഏറ്റവും വലിയ ബാധ്യത. അതിന്റെ കെട്ടുപാടുകള്‍ താരതമ്യേന കുറവുള്ള സംസ്‌കാരങ്ങളില്‍ സ്ത്രീകള്‍ ഏറെക്കുറെ സുരക്ഷിതരുമാണ്. എന്നാല്‍ നമ്മുടെ നാട്ടിലെ സ്ത്രീവിമോചന സംഘടനകള്‍ക്കു പോലും ഈ ചാരിത്ര്യ സങ്കല്‍പത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുന്നില്ല. ഭാരതീയ സദാചാര സങ്കല്‍പങ്ങളിലെ സ്ത്രീവിരുദ്ധത തന്നെയാണ് ഇതിനു കാരണം. സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്തപ്പോള്‍, സമരത്തിനിടയില്‍ പുരുഷന്മാര്‍ തങ്ങളെ 'കൈകാര്യം' ചെയ്തു എന്നാരോപിച്ച് നാല്‍പ്പത്തി രണ്ട് സ്ത്രീകള്‍ പോലീസിന് പരാതി നല്‍കിയെന്നൊരു വാര്‍ത്ത കണ്ടു. പീഡന വിരുദ്ധ സമരത്തിനിടയിലും സ്ത്രീക്ക് രക്ഷയില്ല എന്നാര്‍ഥം.
എന്തൊക്കെ പരിമിതികളുണ്ടെങ്കിലും, സ്ത്രീമുന്നേറ്റത്തിനും സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കു വഴിയൊരുക്കാനും സഹായിച്ച ഡല്‍ഹി പ്രക്ഷോഭം സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെയാണ്. പക്ഷേ അതിന്റെ പരിസമാപ്തി എങ്ങനെയാവും എന്നതാണ് കാത്തിരുന്നതു കാണേണ്ടത്. നീതിയാവശ്യപ്പെട്ട് സ്ത്രീകള്‍ നടത്തുന്ന ഈ സമരത്തെ തണുപ്പിക്കാന്‍ ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമം കൊണ്ടുവരികയാവും സര്‍ക്കാര്‍ ചെയ്യുക. അതിവേഗം വിചാരണ നടക്കുന്നതുകൊണ്ട് ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്കെല്ലാം വധശിക്ഷ ലഭിക്കും. ഇപ്പോഴത്തെ ജനവികാരത്തിന്റെ പശ്ചാത്തലത്തില്‍, സമാനമായ മറ്റു കേസുകളിലും പ്രതികള്‍ക്കു വധശിക്ഷ തന്നെ വിധിക്കും. അതോടെ ലക്ഷ്യം നേടിയതായി സമരക്കാര്‍ തെറ്റിദ്ധരിക്കുകയും ചെയ്യും.
സ്ത്രീപീഡനങ്ങള്‍ക്കു കാരണം ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ വകുപ്പില്ലാത്തതാണ് എന്നത് അബദ്ധ ധാരണയാണ്. ശിക്ഷയില്ലാത്തതല്ല, ഉള്ള ശിക്ഷയില്‍നിന്നു തന്നെ പ്രതികള്‍ രക്ഷപ്പെട്ടുപോകുന്നൂ എന്നതാണ് പ്രശ്‌നം. നീതിന്യായ വ്യവസ്ഥയിലെ അഴിമതിയും സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയുമാണ് അതിനു കാരണം. ഡല്‍ഹിയില്‍ 2012ല്‍ 635 ബലാത്സംഗക്കേസുകളുണ്ടായി. അതില്‍ ഒന്നില്‍ മാത്രമാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. ഇന്ത്യയില്‍ നടക്കുന്ന സ്ത്രീപീഡനങ്ങളില്‍ 25 ശതമാനമേ പുറത്തറിയുന്നുള്ളൂ എന്നാണ് കണക്ക്. പുറത്തറിയുന്നതില്‍ 30 ശതമാനം മാത്രമാണ് കേസായി കോടതിയിലെത്തുന്നത്. ബാക്കിയുള്ളവ പോലീസിന്റെ അന്വേഷണത്തിനിടയില്‍ത്തന്നെ ഒതുക്കിപ്പോവുന്നു. കോടതിയിലെത്തിയതില്‍ പാതി വിചാരണാവേളയില്‍ ഒത്തുതീര്‍പ്പാവും. ബാക്കിയുള്ളതില്‍ പകുതിയില്‍ മാത്രമേ ശിക്ഷയുണ്ടാവുന്നുള്ളൂ. അതും പത്തോ ഇരുപതോ വര്‍ഷത്തിനു ശേഷം. ഇത്രയും കാലം ഇര കോടതി മുറികളില്‍ വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെടുന്നു. അവളും ബന്ധുക്കളും അപ്പോഴേക്കും എങ്ങനെയെങ്കിലും കേസ് തീര്‍ന്നുകിട്ടിയാല്‍ മതിയെന്ന മാനസികാവസ്ഥയില്‍ എത്തിയിട്ടുണ്ടാവും. പ്രതിക്കു വധശിക്ഷ ലഭിക്കുമെന്നായാല്‍ തുടക്കത്തിലേ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത ഒന്നുകൂടി കൂടുകയാണു ചെയ്യുക. ഇരയെയും സാക്ഷികളെയും നിശബ്ദരാക്കാന്‍ പ്രബലരായ കുറ്റവാളികള്‍ക്കു വഴികള്‍ പലതുണ്ടാവും. പ്രമുഖര്‍ പ്രതികളായി വരുന്ന സ്ത്രീപീഡനക്കേസുകള്‍ അട്ടിമറിക്കപ്പെടുന്നതിന്റെ ഉദാരഹണങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ടല്ലോ.
വധശിക്ഷയെ പ്രാകൃത ശിക്ഷാമുറയായാണ് പരിഷ്‌കൃത സമൂഹം കാണുന്നത്. വധശിക്ഷ ഒഴിവാക്കണമെന്ന മുറവിളി ലോകമെങ്ങും ഉയരുന്നതിനിടെയാണ് ഇവിടെ വധശിക്ഷയ്ക്ക് അനുകൂലമായി ജനവികാരമുയരുന്നത്. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര പോതുസഭയില്‍ നവംബര്‍ 19നു വന്ന പ്രമേയത്തെ എതിര്‍ത്തത് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെ ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമായിരുന്നൂ എന്നോര്‍ക്കണം. വധശിക്ഷ നിലവിലുള്ള മിക്ക രാജ്യങ്ങളും അതു നടപ്പാക്കുന്നതിന് അപ്രഖ്യാപിത മൊറട്ടോറിയം കൊണ്ടുവന്നിരിക്കുകയുമാണ്. വധശിക്ഷ വിധിക്കപ്പെട്ട പല കേസുകളിലും അതു നടപ്പാക്കുന്നതു വൈകുന്നതിനു കാരണവും അതുതന്നെ. ഇന്ത്യയില്‍ 400പേരാണ് വധശിക്ഷ വിധിക്കപ്പെട്ടു കഴിയുന്നത്. പാകിസ്താനില്‍ 7000പേര്‍. മതനിന്ദയ്ക്കു വധശിക്ഷ നല്‍കാന്‍ വകുപ്പുള്ള രാജ്യമാണത്.
അപകടകാരിയായ കുറ്റവാളികളെ പരോള്‍ പോലും അനുവദിക്കാതെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്ക്കുകയെന്നതാണ് സമൂഹത്തിന് അയാളില്‍നിന്നുണ്ടായേക്കാവുന്ന ഭീഷണിയൊഴിവാക്കാനുള്ള നല്ല വഴിയെന്നാണ് പരിഷ്‌കൃത സമൂഹം കരുതുന്നത്. കള്ളന്റെ കൈവെട്ടുന്നതിനെയും അവിഹിത ബന്ധം ആരോപിക്കപ്പെട്ട സ്ത്രീകളെ കല്ലെറിഞ്ഞുകൊല്ലുന്നതിനെയും ചാട്ടയടിക്കുന്നതിനെയും കാട്ടുനീതിയായി കാണുന്നവര്‍ ഭരണകൂടം ഒരാളെ മുന്‍നിശ്ചയിച്ച പ്രകാരം കൊല്ലുന്നതിനെയും അക്കൂട്ടത്തിലാണു പെടുത്തുന്നത്. ഇത്തരം കര്‍ക്കശ ശിക്ഷാ വിധികളുള്ള രാജ്യങ്ങളിലാണ് സ്ത്രീകള്‍ ഏറ്റവുമധികം അടിമത്തം അനുഭവിക്കുന്നത്. അവിടെ സ്ത്രീകള്‍ സംരക്ഷിക്കപ്പെടുന്നത് അവര്‍ പുരുഷന്റെ സ്വത്താണെന്ന ധാരണയില്‍ മാത്രമാണ്.
സ്ത്രീകളുടെ അവകാശപ്പോരാട്ടം സ്ത്രീപീഡനക്കേസിലെ പ്രതികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കുന്നതില്‍ ഒതുങ്ങേണ്ടതല്ല. അത് അവളുടെ ജനിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ തുടങ്ങണം. പഠിക്കാനുള്ള, ജീവിക്കാനുള്ള, പ്രണയിക്കാനുള്ള, ഇഷ്ടപ്പെട്ട പുരുഷനെ കല്യാണം കഴിക്കാനുള്ള, കല്യാണത്തിനു ശേഷവും സ്വന്തം വ്യക്തിത്വം നിലനിര്‍ത്താനുള്ള അവകാശങ്ങളിലൂടെ വളരണം. ഈ അവകാശങ്ങളെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് യാഥാസ്ഥിതിക മതബോധത്തിന്റെ വക്താക്കളാണ്. അവര്‍ പെണ്ണിന് ആണിനൊപ്പം പരിഗണന നല്‍കുന്നതിനെ ഒറ്റക്കെട്ടായി എതിര്‍ക്കും. എന്നാല്‍ ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ മുന്നണിയില്‍ സ്ഥാനം പിടിക്കും.
ജനകീയ പക്ഷോഭങ്ങള്‍ അട്ടിമറിക്കാനുള്ള ഏറ്റവും നല്ല വഴി അതിനെ എതിര്‍ക്കുന്നതല്ല, അതില്‍ പങ്കാളികളായി അതിനെ വഴിതിരിച്ചുവിടുന്നതാണ്. അറബ്‌നാടുകളില്‍ ജനാധിപത്യത്തിനുവേണ്ടി തുടങ്ങിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഇതു സംഭവിച്ചതാണ്. ദിശാബോധമോ വ്യക്തമായ കാര്യപരിപാടിയോ ഇല്ലാതെ തുടങ്ങിയ ആ പ്രക്ഷോഭങ്ങളില്‍നിന്നു നേട്ടംകൊയ്തത് മതമൗലികവാദ സംഘടനകളായിരുന്നു. ഏകാധിപത്യം അവസാനിച്ച ശേഷം അന്നാടുകളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചതും അവര്‍ തന്നെ. അറബ് വസന്തം പോലൊരു ജനമുന്നേറ്റമായി മാറാന്‍ സാധ്യതയില്ലെങ്കിലും ഡല്‍ഹിയിലെ പെണ്‍പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ടുപോവുകയാണെങ്കില്‍ അതിന്റെ നേതൃത്വം സ്ത്രീയുടെ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന അരാഷ്ട്രീയ മധ്യവര്‍ഗ സംഘടനകള്‍ കൈയടക്കാനുള്ള സാധ്യതയേറെയാണ്. കേരളത്തില്‍ കുടിയൊഴിപ്പിക്കലിലും മാലിന്യം തള്ളുന്നതിനുമെതിരെ നടക്കുന്ന പല പ്രക്ഷോഭങ്ങളുടെയും നേതൃത്വം ഇപ്പോള്‍ത്തന്നെ മതസംഘങ്ങളുടെ പ്രച്ഛന്ന സംഘടനകള്‍ക്കാണ്. നാട്ടുകാര്‍ ഒറ്റക്കെട്ടായി കള്ളനെ പിടിക്കാനിറങ്ങിയാല്‍, ബുദ്ധിയുള്ള കള്ളന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയല്ല ചെയ്യുക. അവനും കള്ളനെ തേടിയിറങ്ങും. ആള്‍ക്കൂട്ടത്തിനു നടുവില്‍ നിന്ന് കള്ളന്‍ കള്ളന്‍ എന്ന് ഏറ്റവുമുച്ചത്തില്‍ അലറിവിളിക്കുന്നത് അവനായിരിക്കും.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment