കുടിവെള്ള വിതരണത്തിന് കമ്പനിPublished on 06 Jan 2013 തിരുവനന്തപുരം: 2014 മാര്‍ച്ചോടെ ആവശ്യമായ എല്ലാ പഞ്ചായത്തുകളിലും കുടിവെള്ള വിതരണ പ്ലാന്റുകള്‍ സ്ഥാപിക്കും.ഇതിനായി ജലസേചന വകുപ്പിന് കീഴില്‍ സിയാല്‍ മോഡല്‍ കമ്പനി രൂപവത്കരിക്കാനുള്ള ജല അതോറിറ്റി നിര്‍ദേശത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. 51 ശതമാനം സ്വകാര്യ പങ്കാളിത്തത്തോടെയാണ് കമ്പനി രൂപവത്കരിക്കുന്നത്.
സംസ്ഥാന സര്‍ക്കാറിന് 26 ശതമാനം (2.6 കോടി) ഓഹരിയും ജല അതോറിറ്റിക്ക് 23 ശതമാനം ഓഹരി പങ്കാളിത്തവുമാകും കമ്പനിയില്‍ ഉണ്ടാവുക. നിശ്ചിത വില ഈടാക്കിയാവും കമ്പനി വഴി പൊതുജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുക. കമ്പനിയുടെ ആദായ മാര്‍ഗവും അതായിരിക്കും.
സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന തുക നല്‍കിയാവും ശുദ്ധീകരണത്തിനായി കമ്പനി വെള്ളം ശേഖരിക്കുക. ആവശ്യമെങ്കില്‍ ജല അതോറിറ്റിയില്‍ നിന്ന് വെള്ളം കമ്പനി വിലയ്ക്ക് വാങ്ങും. ജല അതോറിറ്റിക്ക് വേണമെങ്കില്‍ ഇതിനായി സ്വകാര്യപങ്കാളിത്തത്തോടെ പ്രത്യേക സംരംഭം തുടങ്ങാം. ഇതിന് ജല അതോറിറ്റി പ്രത്യേക വില നിശ്ചയിക്കും.
എന്നാല്‍ ലാഭേച്ഛയോടെ കമ്പനി വിറ്റഴിക്കുന്ന കുടിവെള്ളത്തിന് ഈടാക്കിയേക്കാവുന്ന വില എത്രയെന്ന് കാത്തിരുന്ന് കാണേണ്ടിവരും. സ്വകാര്യ പങ്കാളിത്തമുണ്ടെങ്കിലും സര്‍ക്കാറിന് പൂര്‍ണ നിയന്ത്രണാവകാശമുള്ളതിനാല്‍ വില നിയന്ത്രണം ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
മുനിസിപ്പാലിറ്റികളില്‍ 2015 മാര്‍ച്ചിനകവും കോര്‍പ്പറേഷനുകളില്‍ 2016 മാര്‍ച്ചിനകവും പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. നാല് വര്‍ഷത്തിനകം കമ്പനി വഴിയുള്ള ജല വിതരണം സജ്ജമാക്കണം.
തദ്ദേശ സ്ഥാപനങ്ങളില്‍ കുടിവെള്ള ശുദ്ധീകരണ, വിതരണപ്ലാന്റുകള്‍ നിര്‍മിച്ച് ജല വിതരണം നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാറിന് കീഴില്‍ നോഡല്‍ ഏജന്‍സിയായിട്ടായിരിക്കും കേരള ഡ്രിങ്കിങ് വാട്ടര്‍ സപ്ലൈ കമ്പനി ലിമിറ്റഡ് എന്ന പുതിയ കമ്പനി പ്രവര്‍ത്തിക്കുക. കമ്പനിയുടെ വിശദമായ പ്രവര്‍ത്തന ചട്ടങ്ങള്‍ ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ജല അതോറിറ്റി മാനേജിങ് ഡയറക്ടറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൗസിങ് കോളനികള്‍ക്കും ഫ്ലാറ്റുകള്‍ക്കും മറ്റുമായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വികേന്ദ്രീകൃത ജല വിതരണ പദ്ധതികളും കമ്പനി ആവിഷ്‌കരിക്കും. തീരപ്രദേശത്തെ ശുദ്ധജല വിതരണത്തിനായി ഇത്തരത്തില്‍ ഉപ്പുവെള്ള ശുചീകരണ പ്ലാന്റുകള്‍ തുറക്കാനും കമ്പനിക്ക് അനുമതി നല്‍കും.
ശബരിമലയടക്കമുള്ള തീര്‍ഥാടന പ്രദേശങ്ങളില്‍ കുടിവെള്ളം നല്‍കുന്നതിനുള്ള പദ്ധതികളും കമ്പനിക്ക് കീഴില്‍ ആവിഷ്‌കരിക്കാനാകുമെന്നാണ് കരുതുന്നത്. ജലസേചന മന്ത്രി ചെയര്‍മാനാകുന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറെ നിയോഗിക്കുന്നത് സര്‍ക്കാറായിരിക്കും. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ജല അതോറിറ്റിയില്‍ നിന്നുള്ള ഒരു എന്‍ജിനീയറും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടാകും.
ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനസെക്രട്ടറി, തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി, ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എന്നിവരും സര്‍ക്കാര്‍ പ്രതിനിധികളായി കമ്പനിയുടെ ബോര്‍ഡില്‍ ഉണ്ടാകും. മൂന്നു കോടി രൂപയ്ക്കുമേല്‍ ഓഹരിയുള്ളവരും ഡയറക്ടര്‍ ബോര്‍ഡിലുണ്ടാകും.
Mathrubhumi |
No comments:
Post a Comment