126 സിനിമകള്‍, ചിത്രങ്ങളുടെ എണ്ണംകൊണ്ട് മലയാളസിനിമ കുതിച്ചുയര്‍ന്ന വര്‍ഷമാണ് 2012. സാമ്പത്തിക വിജയം നേടിയവയും വ്യത്യസ്തതകൊണ്ട് ശ്രദ്ധ നേടിയതുമായ ചിത്രങ്ങളെല്ലാം 'ന്യൂ ജനറേഷന്‍' ലേബലില്‍ ചാപ്പകുത്തപ്പെട്ടു. കഥയിലും കഥാപാത്രത്തിലുമല്ല, അവതരണത്തിലാണ് വിജയ ഫോര്‍മുലയെന്ന മിഥ്യാധാരണയ്ക്ക് വര്‍ഷാദ്യം മുതല്‍തന്നെ വന്‍പ്രചാരം ലഭിച്ചു. തിയറ്ററിലും പ്രേക്ഷകമനസ്സിലും ചലനം സൃഷ്ടിച്ച സിനിമകളിലെല്ലാം മികച്ച കഥയും തിരക്കഥയുമുണ്ടായിരുന്നുവെന്നത് തള്ളിക്കളായാനാകാത്ത സത്യം.
സൂപ്പര്‍ താരങ്ങളെ മറികടന്ന് 2012ലും മലയാളസിനിമ ബഹുദൂരം മുന്നോട്ടുപോയി. അസൂയാവഹമായ നേട്ടങ്ങളിലൂടെ ബിജുമേനോനും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും വിനീത് ശ്രീനിവാസനുമെല്ലാം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ആഷിഖ് അബുവും വി.കെ. പ്രകാശും ബോബി സഞ്ജയും അഞ്ജലിമേനോനും വ്യത്യസ്തതകള്‍ സമ്മാനിച്ചു.
ഉത്സവാഘോഷങ്ങള്‍ സൃഷ്ടിക്കാതെ എത്തിയ ചിത്രങ്ങളാണ് തീയറ്ററുകളില്‍ വിസ്മയം തീര്‍ത്തത്. പുഷ്പവൃഷ്ടി നടത്തിയും ചെണ്ടകൊട്ടിയും ഫാന്‍സ് അസോസിയേഷന്‍ സ്വീകരിച്ച പലതും രണ്ടാംവാരംതന്നെ കളമൊഴിഞ്ഞു. സാമ്പത്തികമായി രക്ഷപ്പെട്ടില്ലെങ്കിലും കാമ്പുള്ള ചിത്രങ്ങളെ പ്രേക്ഷകര്‍ മനസ്സുകൊണ്ട് അംഗീകരിച്ച വര്‍ഷമാണ് കടന്നുപോയത്.
ആക്ഷേപഹാസ്യത്തിലൂന്നി ശ്രീനിവാസന്‍ ഒരുക്കിയ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാറാണ് 2012 ജനവരിയില്‍ ആദ്യം വെടിപൊട്ടിച്ചത്. വിമര്‍ശനം സൂപ്പര്‍താരത്തിനു നേരെയുള്ള വ്യക്തിഹത്യയാണെന്ന ആരോപണം സിനിമയെ ചര്‍ച്ചകളിലേക്ക് കൈപിടിച്ചു കയറ്റി. ഉദയനാണു താരം നല്‍കിയ സിനിമയ്ക്കകത്തെ പോസിറ്റീവ് വിമര്‍ശനം രണ്ടാംവരവില്‍ സൂക്ഷിക്കാനാകാത്തത് ശ്രീനിവാസന് തിരിച്ചടിയായി.
മമ്മൂട്ടിയുടെ മകന്റെ രംഗപ്രവേശനത്തിലാണ് സെക്കന്‍ഡ് ഷോ ശ്രദ്ധിക്കപ്പെട്ടത്. തീയറ്ററുടമകള്‍ താരരാജാവിനു നല്കിയ പിന്തുണയാണ് സിനിമയെ തീയറ്ററില്‍ പിടിച്ചുനിര്‍ത്തിയതെന്ന ആരോപണം പ്രചാരം ലഭിക്കാതെ കെട്ടടങ്ങി. ഫിബ്രവരിയില്‍ തന്നെ പുറത്തുവന്ന അരുണ്‍കുമാര്‍ അരവിന്ദന്റെ 'ഈ അടുത്ത കാലത്തും' കലവൂര്‍ രവികുമാറിന്റെ ഫാദേഴ്‌സ് ഡേയും ആസ്വാദകര്‍ക്കിടയില്‍ മികച്ച പ്രതികരണമുണ്ടാക്കി.
ആളും അനക്കവുമില്ലാതെ തിയറ്ററുകള്‍ ഭൂതകാലസ്മരണകള്‍ അയവിറക്കി കഴിയുമ്പോഴാണ് മാര്‍ച്ചില്‍ സുഗീതിന്റെ ഓര്‍ഡിനറി എത്തുന്നത്. ഗവിയിലേക്കുള്ള യാത്ര മലയാളസിനിമയ്ക്ക് വലിയ നേട്ടം സമ്മാനിച്ചു. ജാഡകളില്ലാതെ കഥ പറഞ്ഞ സിനിമ 2012ലെ ഹിറ്റ്‌ലിസ്റ്റില്‍ ഒന്നാമതെത്തി. ബിജുമേനോന്‍-കുഞ്ചാക്കോബോബന്‍ കൂട്ടുകെട്ടും പാലക്കാടന്‍ ചുവയുള്ള ഭാഷയും ലൊക്കേഷന്റെ മനോഹാരിതയും ചിത്രത്തിന്റെ മാറ്റുകൂട്ടി.
കിങ്ങും കമ്മീഷണറും കൈകോര്‍ത്തിട്ടും പഴയ വിജയം ആവര്‍ത്തിക്കാനായില്ല. ഷാജി കൈലാസും രണ്‍ജിപണിക്കരും ചേരുമ്പോള്‍ സൂപ്പര്‍ ഹിറ്റുകള്‍ പിറക്കുമെന്ന് പ്രവചിച്ചവര്‍ സിനിമ ഇറങ്ങിയതോടെ ഓടിയൊളിക്കേണ്ടിവന്നു. ഇംഗ്ലീഷ് വാചകക്കസര്‍ത്തിന്റെ അമിത കടന്നുകയറ്റവും ഡല്‍ഹി രാഷ്ട്രീയത്തിലൂന്നിയുള്ള അസംബന്ധകഥയും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നതായിരുന്നു. തമിഴ് നടന്‍ ശശികുമാര്‍ ആദ്യമായി മലയാളത്തിലഭിനയിച്ച മാസ്‌റ്റേഴ്‌സും റിയല്‍ സ്റ്റോറിയെന്ന ലേബലില്‍ വന്ന ഔട്ട്‌സൈഡറും തിയേറ്ററില്‍ ഇളക്കമുണ്ടാക്കിയില്ല.
ദിലീപിന്റെ സ്ത്രീവേഷത്തിന് ലഭിച്ച പ്രചാരമായിരുന്നു മായാമോഹിനിയുടെ വിജയം. ജോസ് തോമസ് എന്ന സംവിധായകന്റെ തിരിച്ചുവരവിന് ചിത്രം വഴിയൊരുക്കി. സ്ത്രീകളും കുട്ടികളുമേറ്റെടുത്ത ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടി.
22 ഫീമെയ്ല്‍ കോട്ടയം എന്ന ചിത്രത്തിലൂടെ ആഷിഖ് അബുവെന്ന സംവിധായകന്‍ സ്വന്തം ഇരിപ്പിടം ശക്തമാക്കി. കഥയുടെ ആഴത്തിലേക്കിറങ്ങിച്ചെന്ന ചിലര്‍ ചിത്രത്തെ വെറുക്കുന്നുവെന്ന് സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ കുറിപ്പുകളെഴുതി. വെറുപ്പുളവാക്കുന്ന കഥ അറിയാന്‍ പ്രേക്ഷകര്‍ കൂട്ടത്തോടെ തിയേറ്ററിലെത്തിയത് ചിത്രത്തിന്റെ വിജയത്തിനു സഹായിച്ചു. വേഷം നല്‍കുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ ഫഹദ് ഫാസിലും റീമ കല്ലിങ്ങലും കാണിച്ച ധൈര്യം പ്രത്യേകം പ്രശംസിക്കപ്പെട്ടു.
നിലവാരം കുറഞ്ഞ തമാശകളും ഭദ്രതയില്ലാത്ത തിരക്കഥയും ചേര്‍ത്തുവെച്ച കോബ്രാ ലാലിന്റെ കൈ പൊള്ളിച്ചു. കൂക്കിവിളികളോടെയാണ് മമ്മൂട്ടിയുടെ ഈ ഡബിള്‍റോള്‍ ചിത്രം പ്രേക്ഷകര്‍ തള്ളിക്കളഞ്ഞത്.
പ്രായത്തിനു യോജിച്ച വേഷമാണ് ഗ്രാന്‍ഡ്മാസ്റ്ററില്‍ മോഹന്‍ലാലിന് ലഭിച്ചത്. ഐ.ജി. ചന്ദ്രശേഖരന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റിയപ്പോള്‍ 2012ലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ വിജയചിത്രം ബി. ഉണ്ണികൃഷ്ണന്റെ പേരില്‍ കുറിക്കപ്പെട്ടു. പഞ്ചാബ് ലൊക്കേഷനില്‍ പുറത്തിറങ്ങിയ മല്ലൂസിങ്ങിലെ ഗാനങ്ങള്‍ ശ്രദ്ധേയമായി.ആട്ടവും പാട്ടും കോര്‍ത്തിണക്കിയ ചിത്രം ഉണ്ണിമുകുന്ദന് വലിയ നേട്ടം സമ്മാനിച്ചില്ല. തിയറ്ററില്‍ ശ്രദ്ധിക്കപ്പെടാതെപോയ ചിത്രമാണ് ശ്യാമപ്രസാദിന്റെ 'അരികെ'.
വര്‍ഷാദ്യം സ്പാനിഷ് മസാല നല്കിയ പരാജയത്തെ ലാല്‍ജോസ് ഡയമണ്ട് നക്‌ലേസിലൂടെ മറികടന്നു. സിനിമയുടെ പലഭാഗത്തും ബോധപൂര്‍വ്വം അവതരിപ്പിക്കുന്ന വാണിജ്യപരസ്യങ്ങള്‍ മലയാളസിനിമയ്ക്കുള്ളിലെ മറ്റൊരു മോശം പ്രവണതയ്ക്ക് വഴിയൊരുക്കുമെന്ന് പേടിക്കേണ്ടിയിരിക്കുന്നു.
മലയാളത്തില്‍ പുത്തന്‍ ശ്രമങ്ങള്‍ക്ക് വഴിവെട്ടുന്ന രഞ്ജിത്ത് ജൂണില്‍ സ്പിരിറ്റിലൂടെ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലും രഞ്ജിത്തും ചേരുമ്പോഴുണ്ടാകുന്ന ടീം സ്പിരിറ്റ് മറ്റൊരു ഫ്ലേവറില്‍ ആസ്വാദകര്‍ രുചിച്ചു. സമകാലിക പ്രസക്തിയുള്ള വിഷയവും അവതരിപ്പിക്കാന്‍ മെനഞ്ഞെടുത്ത തിരക്കഥയും സിനിമയ്ക്ക് നേട്ടമായി.
അമല്‍ നീരദിന്റെ സ്ഥിരം നമ്പറുകള്‍ പ്രേക്ഷകനില്‍ മടുപ്പുളവാക്കി. സ്ലോമോഷന്‍ സീനുകള്‍ക്കും ഐറ്റം ഡാന്‍സുകള്‍ക്കും ബാച്ചിലര്‍ പാര്‍ട്ടിയെ രക്ഷിക്കാനായില്ല. ഉസ്താദ് ഹോട്ടലിലൂടെ അന്‍വര്‍ റഷീദ് വിസ്മയം തീര്‍ത്തു. ദുല്‍ക്കറിന് പ്രേക്ഷകമനസ്സില്‍ ഇടം നല്‍കാനും തിലകന് ശക്തമായ വേഷം നല്കാനും ചിത്രത്തിനു കഴിഞ്ഞു.
പൂവിരിയുംപോലെ സുന്ദരമായാണ് വിനീത് ശ്രീനിവാസന്‍ തട്ടത്തിന്‍ മറയത്ത് ഒരുക്കിയത്. പാട്ടുകള്‍ ചിത്രത്തിനേക്കാള്‍ ഒരു പടി മുമ്പേ സഞ്ചരിച്ചത് വിജയമധുരം ഇരട്ടിയാക്കി. പ്രദര്‍ശനത്തിനെത്തുംമുമ്പ് ചര്‍ച്ച ചെയ്യപ്പെട്ട ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം തിയേറ്ററുകളില്‍ മങ്ങിയ പ്രതികരണമാണുണ്ടാക്കിയത്. സന്തോഷ് പണ്ഡിറ്റിന്റെ രണ്ടാംവരവ് വാര്‍ത്തകളില്‍പ്പോലും ശ്രദ്ധിക്കപ്പെട്ടില്ല.
സന്ധ്യാമോഹന്റെ ദിലീപ് ചിത്രം മിസ്റ്റര്‍ മരുമകന്‍ സിബി-ഉദയകൃഷ്ണന്‍ ടീമില്‍നിന്ന് പ്രതീക്ഷിച്ചത് നല്കിയില്ല. ദിലീപ്-സനുഷ ജോഡിയെ നെറ്റിചുളിച്ചാണ് പ്രേക്ഷകര്‍ നോക്കിക്കണ്ടത്. ജോണി ആന്റണിയുടെ താപ്പാന മമ്മൂട്ടിയെ വീണ്ടും കോമാളിവേഷം കെട്ടിച്ചു.
വിജയഫോര്‍മുലകള്‍ ചേര്‍ത്തുവച്ചൊരുക്കിയ മോഹന്‍ലാല്‍-ജോഷി ടീമിന്റെ റണ്‍ ബേബി റണ്‍ തിയേറ്ററില്‍ ഉത്സവം തീര്‍ത്തു. മോഹന്‍ലാല്‍ പാടിയ ഗാനം ചിത്രത്തിന് ഹൈലൈറ്റായി.
ജയമോഹനും മധുപാലും ചേര്‍ത്തൊരുക്കിയ ഒഴിമുറി പ്രമേയംകൊണ്ടും അവതരണത്തിലെ വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായി. അവാര്‍ഡ് ചിത്രമെന്ന മുന്‍ധാരണ തിയേറ്ററുകളില്‍ ചിത്രത്തിനു വിനയായി. കരുത്തുള്ള കഥാപാത്രങ്ങളെയാണ് ചിത്രം സമ്മാനിച്ചത്.
വി.കെ. പ്രകാശ് സംവിധാനം ചെയ്ത ട്രിവാന്‍ഡ്രംലോഡ്ജ് വിഭിന്ന പ്രതികരണങ്ങളാണുണ്ടാക്കിയത്. ഹസ്ബന്റ്‌സ് ഇന്‍ ഗോവ പേരില്‍പോലും പുതുമയില്ലാത്ത സിനിമയായി. സത്യന്‍ അന്തിക്കാട് ബെന്നി പി. നായരമ്പലവുമായി ചേര്‍ന്നൊരുക്കിയ പുതിയതീരങ്ങളില്‍ പ്രേക്ഷകന്‍ പുതുമയൊന്നും രുചിച്ചില്ല.
മമ്മൂട്ടി നിര്‍മ്മിച്ച് അഭിനയിച്ച ജവാന്‍ ഓഫ് വെള്ളിമലയെ മറിച്ചിട്ടാണ് ലാല്‍ജോസിന്റെ അയാളും ഞാനും തമ്മില്‍ ഒക്ടോബറില്‍ ആരവം തീര്‍ത്തത്. പൊള്ളയായ വാഴ്ത്തലുകളില്ലാതെ പൃഥ്വീരാജ് എന്ന നടനെ മണ്ണില്‍ നിര്‍ത്തി അഭിനയിപ്പിച്ചതാണ് ചിത്രത്തിന്റെ വിജയം. ഓര്‍ക്കാപ്പുറത്തുണ്ടായ സിനിമാസമരം ചിത്രത്തിന്റെ കളക്ഷന് വിനയായി.
ആര്‍. ശരത്തിന്റെ പറുദീസയും ജിത്തു ജോസഫിന്റെ മൈ ബോസ്, തിലകന്റെ അവസാന ചിത്രമെന്ന ലേബലിലെത്തിയ സീന്‍ ഒന്ന് നമ്മുടെ വീട്, ഷാഫിയുടെ 101 വെഡ്ഡിങ്, ഷാജു കാര്യാലിന്റെ ചേട്ടായീസ്, വി.എം. വിനുവിന്റെ മമ്മൂട്ടി ചിത്രം ഫേസ്ടുഫേസ്, മൈഥിലിയുടെ ഐറ്റം ഡാന്‍സുമായി പുറത്തുവന്ന മാറ്റിനി തുടങ്ങിയവയ്‌ക്കൊന്നും തിയേറ്ററില്‍ പിടിച്ചുനില്‍ക്കാനായില്ല.
ക്രിസ്മസ്-ന്യൂ ഇയര്‍ ചിത്രങ്ങള്‍ വിധിയെഴുത്തിന് കാത്തിരിക്കുകയാണ്. അമിത ലാളിത്യം ബാവുട്ടിക്കും, നായകന്റെ വണ്‍മാന്‍ഷോ കര്‍മ്മയോദ്ധയ്ക്കും എങ്ങനെ ഗുണംചെയ്യുമെന്ന് കണ്ടറിയണം. പോയവര്‍ഷം ആരുടെയും കുത്തകയായില്ല. കൊട്ടിഘോഷിച്ച പലതും തകര്‍ന്നുതരിപ്പണമായി, പുതുമകളില്‍ വിസ്മയം തീര്‍ത്ത ചിത്രങ്ങളുടെ വിജയം പ്രേക്ഷകര്‍ സ്വന്തം നേട്ടമായി ഏറ്റെടുത്തു.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment