Tuesday 29 January 2013

[www.keralites.net] "ബണ്ടി" വിശേഷങ്ങള്‍

 

ബണ്ടിക്ക് അസ്വസ്ഥത: വൈദ്യപരിശോധന നടത്തി




തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിനെ ചോദ്യം ചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ചോദ്യം ചെയ്യലിനിടെ ഇയാളുടെ വയര്‍ വീര്‍ത്ത് വരുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം പേരൂര്‍ക്കട ജില്ല മാതൃകാ ആസ്​പത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയത്.

തനിക്ക് ആറ് മാസമായി കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെന്നും ഇതിന് മരുന്ന് കഴിച്ചുവരുന്നതായും ഇയാള്‍ പരിശോധിച്ച ഡോക്ടര്‍മാരോട് പറഞ്ഞു. കടുത്ത മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നതായും ഇയാള്‍ പറഞ്ഞു. ഇതിന് മരുന്ന് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ നല്‍കിയില്ല. എന്നാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനുള്ള മരുന്ന് ഡോക്ടര്‍മാര്‍ പോലീസിന് കൈമാറി. മറ്റ് ശാരീരിക പ്രശ്‌നങ്ങളൊന്നും ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയില്ല.

ഡല്‍ഹിയില്‍ ക്രിമിനലുകളെ പിടികൂടുന്നതിന് മുന്‍ പോലീസ് ഓഫീസര്‍ കിരണ്‍ബേദിയുടെ സഹായി ആയി താന്‍ പ്രവര്‍ത്തിച്ചിരുന്നതായി ബണ്ടി ചോര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. മോഷ്ടാക്കളെ പിടികൂടാന്‍ ഏറെക്കാലം പോലീസിനെ സഹായിച്ചെങ്കിലും ഇതില്‍ ആത്മസംതൃപ്തി തോന്നാത്തതിനാലാണ് ഈ പണി ഉപേക്ഷിച്ചത്. അതിനുശേഷം ഡിറ്റക്ടീവ് ഏജന്‍സിയില്‍ പ്രവര്‍ത്തിച്ചെങ്കിലും നിലവാരം കുറഞ്ഞ കേസുകളാണ് തനിക്ക് അന്വേഷണത്തിന് ലഭിച്ചത്. അതിനാലാണ് ഈ പണിയും വേണ്ടെന്നുവച്ച് ഹൈടെക് മോഷണത്തിലേക്ക് തിരിഞ്ഞത്.

പിരിമുറുക്കം തനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും ജയിലില്‍ പിരിമുറുക്കം അനുഭവപ്പെടുമ്പോഴാണ് താന്‍ ജയില്‍ ചാടിയിട്ടുള്ളതെന്നും ഇയാള്‍ പറഞ്ഞു. പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ സെല്ലില്‍ പാര്‍പ്പിച്ചിട്ടുള്ള ബണ്ടിക്ക് 'തണ്ടര്‍ ബോള്‍ട്ട്' കാറ്റഗറിയിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സെല്ലിന്റെ മുന്നിലും പ്രധാന പ്രവേശന കവാടത്തിലും സായുധ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ സ്റ്റേഷന്റെ പിന്നിലും സായുധ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ഇതാദ്യമായാണ് പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ ഒരു ക്രിമിനലിനായി ഇത്രയും കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നത്.

പോലീസ് കസ്റ്റഡിയില്‍ പൊതുവേ സന്തോഷവാനാണെങ്കിലും പ്രാദേശിക ഭക്ഷണം കഴിക്കുന്നതിനോട് ഇയാള്‍ വിമുഖത കാട്ടുന്നുണ്ട്. പഞ്ചനക്ഷത്ര നിലവാരത്തിലുള്ള ഭക്ഷണമാണ് താന്‍ സാധാരണ കഴിക്കാറുള്ളതെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍ എ.ആര്‍. ക്യാമ്പില്‍ നിന്നും നല്‍കിയ മീനും ചോറും ബണ്ടി സ്വാദോടെ കഴിച്ചു. കുടിക്കാന്‍ മിനറല്‍ വാട്ടര്‍ ആവശ്യപ്പെട്ടു. ബണ്ടിയെ പിടികൂടുമ്പോള്‍ കൈയില്‍ 72,000 രൂപ ഉണ്ടായിരുന്നു. പോലീസ് പിടികൂടുമ്പോള്‍ ഇത്രയും കുറവ് പണം ആദ്യമാണ്. ഡല്‍ഹിയില്‍ വച്ച് താന്‍ പിടിയിലായപ്പോള്‍ 4.5 കോടി രൂപ കൈയിലുണ്ടായിരുന്നു. ടി.വി റിയാലിറ്റി ഷോകളില്‍ പങ്കെടുത്തതോടെ കൈയിലിരുന്ന പണം മുഴുവന്‍ തീര്‍ന്നു. സന്‍മാന്‍ ഖാന്‍ 'ബിഗ് ബോസ്' എന്ന റിയാലിറ്റി ഷോയില്‍ വച്ച് തന്നെ പെരുംകള്ളന്‍ എന്ന് വിളിച്ചു. ഇതിനെ ചോദ്യം ചെയ്തതിനാണ് തന്നെ ഷോയില്‍ നിന്നും സല്‍മാന്‍ഖാന്‍ പുറത്താക്കിയതെന്നും ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

മരപ്പാലത്തെ പ്രവാസി മലയാളിയുടെ വീട്ടില്‍ കവര്‍ച്ച നടത്തുകയെന്നതായിരുന്നു തന്റെ ലക്ഷ്യം. ഇതിനായി നേരത്തെ വീട് നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ മുറിയ്ക്കുള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. കാര്‍ തട്ടിയെടുത്തത് യാദൃശ്ചികമായിട്ടായിരുന്നു. ബാംഗ്ലൂരില്‍ നിന്നും തട്ടിയെടുത്ത കാറിന് വേഗത പേരാത്തതിനാലാണ് പ്രവാസി മലയാളിയുടെ കാര്‍ തട്ടിയെടുത്തതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

മാതൃഭൂമി ദിനപ്പത്രം

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment