സുനന്ദാ പുഷ്കര്‍ കേരളത്തോട് പറയുന്നത്
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദക്ക് തിരുവനന്തപുരം വിമാനത്താവളത്തിലുണ്ടായ ദുരനുഭവം കേരളത്തോട് പറയുന്നതെന്ത്?
സ്മിത മീനാക്ഷി എഴുതുന്നു
ആണ്‍കൂട്ടത്താല്‍ അപമാനിക്കപ്പെട്ട സുനന്ദാ പുഷ്കര്‍ എന്ന സ്ത്രീക്കെതിരെയും സൈബര്‍ വഴികളില്‍ തെറിവിളികളുണ്ടായി. സുനന്ദ അധികാരം കാണിക്കുന്നു എന്നു തുടങ്ങി അവര്‍ക്കിത് കിട്ടണം എന്നു വരെ നീണ്ടു അഭിപ്രായങ്ങള്‍. മലയാളത്തിലെ പത്ര, ദൃശ്യ മാധ്യമങ്ങളും സമാനമായ പാതയാണ് പിന്തുടര്‍ന്നത്. ഈ വിഷയവും പിന്നാലെയെത്തിയ മോഡി^ട്വിറ്റര്‍^പ്രണയ മന്ത്രാലയ വിവാദങ്ങളുമെല്ലാം നമ്മുടെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി നോക്കുക. മാന്യതയുടെ മുഖംമൂടി വാരിവലിച്ചിട്ടിട്ടും പുറത്തേക്കു ചാടുന്ന തുറുകണ്ണന്‍ തൂലികകളും ക്യാമറക്കണ്ണുകളുമെല്ലാം സുനന്ദ എന്ന സ്ത്രീയെ തന്നെയാണ് ലക്ഷ്യം വെച്ചത്.
ഇതുമായി ബന്ധപ്പെട്ട എല്ലാ ചാനല്‍ വാര്‍ത്തകളും അനുഷ്ഠാനം പോലെ ആവര്‍ത്തിച്ച ദൃശ്യങ്ങളെല്ലാം സുനന്ദയുടേതായിരുന്നു. വിഷയം തരൂരെങ്കിലും മോഡിയെങ്കിലും ദൃശ്യങ്ങളില്‍ സുനന്ദ മാത്രം നിറയുന്ന മാജിക്കല്‍ റിയലിസം. തരൂരിനൊപ്പം അവര്‍ നടക്കുന്നതും ഇരിക്കുന്നതും ഊഞ്ഞാലാടുന്നതുമെല്ലാം ചാനല്‍ ക്യാമറകള്‍ നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ പല കാരണങ്ങളാല്‍ എത്തിച്ചേരാന്‍ കഴിയാതെ പോയവര്‍ക്ക് സമാശ്വാസമേകുന്ന തരത്തില്‍, ലക്ഷണമൊത്ത ഒരൊളിഞ്ഞുനോട്ടക്കാരന്റെ ചീഞ്ഞ കണ്ണോടെയാണ് മലയാള ദൃശ്യമാധ്യമങ്ങള്‍ ഈ സംഭവം കൈകാര്യം ചെയ്തത്. വിമാനത്താവളത്തില്‍ സുനന്ദയെ അപമാനിച്ചവര്‍ക്കു മാത്രമല്ല മനോരോഗമെന്ന് പേര്‍ത്തും പേര്‍ത്തും വെളിപ്പെടുത്തുന്നതായിരുന്നു ഈ മാധ്യമ നോട്ടങ്ങള്‍- -സ്മിത മീനാക്ഷി എഴുതുന്നു
കേന്ദ്രമന്ത്രി സഭയില്‍ തിരിച്ചെത്തിയ ശശി തരൂര്‍ തന്റെ മണ്ഡലമായ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നല്‍കിയ സ്വീകരണം കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയത് ഒരു 'അടി' യിലൂടെയാണ്. അനുമോദിക്കാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ 'തിക്കിലും തിരക്കിലും' പെട്ട എം പിയും ഭാര്യയും അല്‍പം നേരം കൊണ്ട് കേരളത്തിലെ പുരുഷന്‍മാരുടെ സ്വഭാവ വിശേഷം മനസ്സിലാക്കി. അതിനു മിനിമം കൊടുക്കേണ്ട ശിക്ഷയേ ശ്രീമതി സുനന്ദ നല്‍കിയുള്ളു. ആള്‍ക്കെണിയില്‍ പെട്ടുപോയ അവര്‍ക്ക് അത്രയെങ്കിലും സാധിച്ചല്ലോ എന്നതില്‍ ആശ്വാസം. തിരക്കു കൂട്ടിയ ആള്‍ക്കൂട്ടം ലക്ഷ്യമിട്ടത് കേന്ദ്ര മന്ത്രിയെ ആയിരുന്നില്ല എന്നതു വ്യക്തം. കേരളത്തിലെ ആണ്‍കൂട്ടങ്ങള്‍ പതിവായി ചെയ്യുന്നത് പോലെ എം.പിക്കൊപ്പമുള്ള സ്ത്രീയായിരുന്നു ലക്ഷ്യം.
തരൂരുമായുള്ള വിവാഹം മുതല്‍ സുനന്ദ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഐ പി എല്‍ വിവാദവും പിന്നീടു വന്ന മോഡിയുടെ കമന്റുമെല്ലാം മാധ്യമങ്ങള്‍ ആര്‍ത്ത് ആഘോഷിച്ചതുമാണ്. പക്ഷേ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം സംഭവിച്ചതിന് അതുമായൊന്നും ബന്ധമില്ല. ഒരു സ്ത്രീയെ കയ്യെത്തും ദൂരത്തു കിട്ടിയാല്‍ ചാടിക്കടിക്കുന്ന മലയാളിയുടെ സംസ്കാര പ്രകടനം മാത്രമാണിവിടെ കണ്ടത്.
രഞ്ജിനിയുടെ അനുഭവം
സത്യത്തില്‍, കേരളത്തില്‍ നിന്നാകുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ക്കു പുതുമയേയില്ല. മറഡോണയുടെ കണ്ണൂരിലെ ചടങ്ങില്‍ പങ്കെടുത്ത അവതാരക രഞ്ജിനി ഹരിദാസിനെയും ആണ്‍കൂട്ടം ഇതേ രീതിയിലാണ് കൈകാര്യം ചെയ്തത്. കേരളത്തിലെ ചടങ്ങുകളെ പറ്റി നന്നായറിയുന്ന രഞ്ജിനി കൈ ഉയര്‍ത്തി അടിക്കാന്‍ ഒട്ടും ആലോചിച്ചുകാണില്ല. സ്വന്തം ശരീരത്തിന്റെ സ്വകാര്യ അവകാശത്തെപറ്റി പത്രങ്ങളിലൂടെ രഞ്ജിനി മറുപടിയും പറഞ്ഞിരുന്നു.
പക്ഷേ, ആണ്‍കൂട്ടം അതിനെ സമീപിച്ചത് ആ നിലയ്ക്കല്ല. മറഡോണയെ ചുംബിക്കാമെങ്കില്‍ ഞങ്ങളെയും ആകരുതോ എന്ന മട്ടിലുള്ള 'ഗംഭീര ന്യായങ്ങളാണ് സോഷ്യല്‍ നെറ്റ് വര്‍ക് സൈറ്റുകളിലും മറ്റും മലയാളി ആണ്‍കൂട്ടങ്ങള്‍ ഉയര്‍ത്തിയത്. അതിലെന്താ സംശയമെന്ന മട്ടില്‍ അത്തരം പറച്ചിലുകള്‍ക്ക് കൈയടികളും ലഭിച്ചിരുന്നു. ഇതിനെതിരെ സോഷ്യല്‍നെറ്റ്വര്‍ക്കുകളിലൂടെ പ്രതികരിച്ച ചില പുരുഷന്‍മാരുടെ നേര്‍ക്കും പലരും ഉറഞ്ഞു ചാടുന്നതും കഴിഞ്ഞ ദിവസം കണ്ടതാണ്.
മാധ്യമങ്ങളുടെ സിരാരോഗം
ആണ്‍കൂട്ടത്താല്‍ അപമാനിക്കപ്പെട്ട സുനന്ദാ പുഷ്കര്‍ എന്ന സ്ത്രീക്കെതിരെയും സൈബര്‍ വഴികളില്‍ തെറിവിളികളുണ്ടായി. സുനന്ദ അധികാരം കാണിക്കുന്നു എന്നു തുടങ്ങി അവര്‍ക്കിത് കിട്ടണം എന്നു വരെ നീണ്ടു അഭിപ്രായങ്ങള്‍. മലയാളത്തിലെ പത്ര, ദൃശ്യ മാധ്യമങ്ങളും സമാനമായ പാതയാണ് പിന്തുടര്‍ന്നത്. ഈ വിഷയവും പിന്നാലെയെത്തിയ മോഡി-ട്വിറ്റര്‍- -പ്രണയ മന്ത്രാലയ വിവാദങ്ങളുമെല്ലാം നമ്മുടെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി നോക്കുക. മാന്യതയുടെ മുഖംമൂടി വാരിവലിച്ചിട്ടിട്ടും പുറത്തേക്കു ചാടുന്ന തുറുകണ്ണന്‍ തൂലികകളും ക്യാമറക്കണ്ണുകളുമെല്ലാം സുനന്ദ എന്ന സ്ത്രീയെ തന്നെയാണ് ലക്ഷ്യം വെച്ചത്.
ഇതുമായി ബന്ധപ്പെട്ട എല്ലാ ചാനല്‍ വാര്‍ത്തകളും അനുഷ്ഠാനം പോലെ ആവര്‍ത്തിച്ച ദൃശ്യങ്ങളെല്ലാം സുനന്ദയുടേതായിരുന്നു. വിഷയം തരൂരെങ്കിലും മോഡിയെങ്കിലും ദൃശ്യങ്ങളില്‍ സുനന്ദ മാത്രം നിറയുന്ന മാജിക്കല്‍ റിയലിസം. തരൂരിനൊപ്പം അവര്‍ നടക്കുന്നതും ഇരിക്കുന്നതും ഊഞ്ഞാലാടുന്നതുമെല്ലാം ചാനല്‍ ക്യാമറകള്‍ നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ പല കാരണങ്ങളാല്‍ എത്തിച്ചേരാന്‍ കഴിയാതെ പോയവര്‍ക്ക് സമാശ്വാസമേകുന്ന തരത്തില്‍, ലക്ഷണമൊത്ത ഒരൊളിഞ്ഞുനോട്ടക്കാരന്റെ ചീഞ്ഞ കണ്ണോടെയാണ് മലയാള ദൃശ്യമാധ്യമങ്ങള്‍ ഈ സംഭവം കൈകാര്യം ചെയ്തത്. വിമാനത്താവളത്തില്‍ സുനന്ദയെ അപമാനിച്ചവര്‍ക്കു മാത്രമല്ല മനോരോഗമെന്ന് പേര്‍ത്തും പേര്‍ത്തും വെളിപ്പെടുത്തുന്നതായിരുന്നു ഈ മാധ്യമ നോട്ടങ്ങള്‍.
മാറ്റമില്ലാത്ത കേരളമോഡല്‍
ഇര സുനന്ദയോ രഞ്ജിനിയോ എന്നതല്ല ഇവിടെ വിഷയം. പ്രശസ്തയായ വ്യക്തിയോടുള്ള ആരാധനയോ വെറുപ്പുമോ പോലുമല്ല ഇതിനു പിന്നില്‍. പിന്നെ എന്താണെന്നതിനു ഉത്തരം തരാന്‍ വിദഗ്ധരായ മനശാസ്ത്രജ്ഞര്‍ക്കു പോലും കഴിയില്ല എന്നാണു തോന്നുന്നത്. സ്ത്രീകളെ പൊതു സ്ഥലങ്ങളില്‍ വച്ച് പല രീതിയിലും പീഡിപ്പിക്കുന്നതും ആക്രമിക്കുന്നതും രാജ്യവ്യാപകമാണെന്നു പറയാമെങ്കിലും ഇക്കാര്യത്തിലെ 'കേരള മോഡല്‍' സമാനതകളില്ലാത്തതാണ്.
കണ്ണും കയ്യും കാലും പിന്നെ കഴിയുമെങ്കില്‍ മറ്റു ശരീര ഭാഗങ്ങളും ഇക്കാര്യത്തിനായി ഉപയോഗിക്കാന്‍ കേരളത്തിലെ ആള്‍ക്കൂട്ടം മടികാണിക്കാറില്ല. ഏതു തിരക്കിലും ഏതു പെണ്ണിനുനേരെയും-അതു മുത്തശãിയോ പിഞ്ഞുകുഞ്ഞോ ആരായാലും-ഈ അളിഞ്ഞ ആണത്തം പാഞ്ഞടുക്കും. പ്രാദേശിക, മത,ജാതി, വര്‍ഗ, വര്‍ണ വ്യത്യാസങ്ങളൊന്നുമില്ലാതെ, ഒരു സംശയവുമില്ലാതെ സാമാന്യവല്‍കരിക്കാവുന്നത് തന്നെയാണ് ഈ പ്രസ്താവനയെന്ന് കേരളത്തില്‍ ജീവിക്കുകയോ വല്ലപ്പോഴും ചെന്നുപെടുകയോ ചെയ്യുന്ന മുഴുവന്‍ സ്ത്രീകളും സാക്ഷ്യപ്പെടുത്തും, തീര്‍ച്ച.
അടുത്തു കിട്ടുന്ന ഒരു പെണ്‍ശരീരത്തെ ഈ ക്രിയകള്‍ക്കു വിധേയമാക്കാന്‍ വിദ്യാഭ്യാസമോ സമൂഹത്തിലെ പദവിയോ ആര്‍ക്കും തടസ്സമാകുന്നില്ല എന്നതിനു ധാരാളം ഉദാഹരണങ്ങളുണ്ട്. റോഡിലോ, ബസിലോ, ട്രെയിനിലോ വിമാനത്തിലോ എവിടെയാണെങ്കിലും കാര്യം മുറപോലെ നടക്കും. അടി, ചവിട്ട് മുതലായ പ്രതികരണങ്ങള്‍ സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടാകാറുണ്ടെങ്കിലും അത്ര സാധാരണമല്ല എന്നതും ഓര്‍ക്കാം. പ്രതികരിക്കുന്നവര്‍ക്കാവട്ടെ കൂടെ നില്‍ക്കുന്നവരുടെ പോലും പിന്‍തുണ കിട്ടാറില്ല എന്നതും നാണം കെട്ട സത്യം. അത്തരം സന്ദര്‍ഭങ്ങളില്‍ 'പുരുഷനെ തല്ലി' എന്ന ഭീകര കുറ്റത്തിന്റെ പേരില്‍ മഹാന്യായങ്ങളുടെ നീളന്‍ നാക്കുകളുമായി ചാടിവീഴാനും ആളൊരുപാടു കാണും. ജഡ്ജിമാരും വനിതാ കമീഷന്‍ പുലികളും മുതല്‍ സാദാ ബസ് കണ്ടക്ടര്‍മാര്‍ വരെ ഉളുപ്പില്ലാതെ പങ്കുവെക്കാറുണ്ട് ഇത്തരം തൊടുന്യായങ്ങള്‍. സംശയമുള്ളവര്‍ക്കായി പി.ഇ ഉഷ മുതല്‍, തസ്നി ബാനുവരെയുള്ള ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.
ഞരമ്പുരോഗികളുടെ സ്വന്തം നാട്
കേരളത്തില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്കാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ പുതുമയല്ല. എന്നാല്‍, ദൈവത്തിന്‍റെ സ്വന്തം നാട്, പച്ചപ്പിന്റെ പറുദീസ എന്നൊക്കെ പറഞ്ഞ് മിന്നുന്ന പരസ്യം ചെയ്ത് ഇന്നാട്ടിലേക്ക് ആവാഹിച്ചെത്തിക്കുന്ന മറുനാടന്‍ സ്ത്രീകളും വിനോദ സഞ്ചാരികളുമെല്ലാം കയ്പ്പുള്ള ഇത്തരം അനുഭവങ്ങളുടെ ഇരയായി, കേരളത്തെ പഴിച്ച് മടങ്ങാറുണ്ട് എന്നത് ടൂറിസം വികസനത്തിന് നോമ്പുനോറ്റിരിക്കുന്ന ഭരണനേതൃത്വങ്ങളൊന്നും ശ്രദ്ധിക്കാറേയില്ല. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും മറ്റും ഈ പെരുമാറ്റങ്ങളെ പറ്റി അമ്പരപ്പു പ്രകടിപ്പിക്കുന്നതിന് പല വട്ടം സാക്ഷിയായിട്ടുണ്ട്.
അടുത്തകാലത്ത് കേരളത്തിലേയ്ക്ക് യാത്ര പോയ ഉത്തരാഖണ്ഡ് കുടുംബം തിരികെ വന്നപ്പോള്‍ പ്രതികരിച്ചതോര്‍ക്കുന്നു. പോകുമ്പോള്‍ കേരളത്തെക്കുറിച്ച് സ്റഡി ക്ലാസ്സിനു വന്നിരുന്ന അവര്‍ ഇനി കേരളത്തിലേയ്ക്കില്ല എന്നാണ് സംശയലേശമന്യെ പറഞ്ഞു. കാലാവസ്ഥ ശരിയല്ലെന്ന് ഒഴുക്കന്‍ മട്ടില്‍ ആദ്യം കാരണം പറഞ്ഞെങ്കിലും നാല്‍പതു കടന്ന ഭാര്യയും പ്രായപൂര്‍ത്തിയായ മകളും ചില മാനസിക രോഗികളുടെ ഇടയില്‍ പെട്ടു എന്നാണവര്‍ വിശദീകരിച്ചത്. നഗരത്തിലെ തിരക്കുകള്‍ അസഹ്യം എന്ന് ദില്ലി പോലൊരു മഹാനഗരത്തില്‍ ജീവിക്കുന്നവര്‍ തിരുവനന്തപുരത്തെയും കൊച്ചിയെയും പറ്റി പറയുമ്പോള്‍ നമുക്കു ലജ്ജിക്കാതെ വയ്യ.
എന്നെങ്കിലും തോന്നുമോ ലജ്ജ?
കേരളമൊഴികെ നാലു സംസ്ഥാനങ്ങളില്‍ താമസിക്കുകയും പലയിടത്തും യാത്ര ചെയ്യുകയും ചെയ്ത കഴിഞ്ഞ പതിനെട്ടു വര്‍ഷത്തെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഈ വിധത്തിലുള്ള ഒരനുഭവമുണ്ടായിട്ടില്ല. മണല്‍ വാരിയിട്ടാല്‍ നിലത്തു വീഴാത്ത കരോള്‍ ബാഗിലെ ദീപാവലി ഷോപ്പിംഗ് തിരക്കുകളിലും മെട്രോ സ്റ്റേഷനുകളിലെ പ്രഭാതക്കൂട്ടങ്ങളിലുമൊക്കെ ഇവിടങ്ങളിലാക്കെ സ്ത്രീകള്‍ സ്വതന്ത്രരായി സഞ്ചരിക്കുന്നു. ഹരിയാന, ഉത്തരപ്രദേശ് എന്നിവിടങ്ങളില്‍ വളരെ ജനകീയമായൊരു ഓട്ടോ സവാരിയുണ്ട്. തലങ്ങും വിലങ്ങും സീറ്റ് ക്രമീകരിച്ച ഓട്ടോകളില്‍ പത്തുമുതല്‍ പതിനഞ്ചുപേര്‍ വരെ സുഖമായി സഞ്ചരിക്കുന്നു.
അതില്‍ സമൂഹത്തിലെ എല്ലാ തുറകളില്‍ പെട്ടവരും ഉണ്ടാകും, പക്ഷേ കുളിക്കാത്ത, ദിവസേന പത്രം വായിക്കാത്ത, സാക്ഷരതയില്ലാത്ത എന്നൊക്കെ പറഞ്ഞ് മലയാളി നിത്യവും മൂക്കുപൊത്തുന്ന വടക്കേ ഇന്ത്യന്‍ നാടുകളിലെ പുരുഷന്‍മാര്‍ കാണിക്കുന്ന മാന്യത കേരളത്തിലുള്ളവര്‍ക്ക് സങ്കല്‍പ്പിക്കുവാന്‍ പോലുമാകാത്തതാണ്. ഞെങ്ങി ഞെരുങ്ങി ഇരിക്കേണ്ടി വരുമ്പോള്‍ പോലും ആരെയും അടുത്തിരിക്കുന്ന പെണ്‍ശരീരം പ്രലോഭിപ്പിക്കുന്നില്ല. ഹരിയാനയിലെ ഉയര്‍ന്നു വരുന്ന ബലാല്‍സംഗ നിരക്കുകളും വടക്കേ ഇന്ത്യയിലെ മൊത്തത്തിലുള്ള സ്ത്രീ പീഡനങ്ങളും മറന്നിട്ടല്ല ഇതെഴുതുന്നത്.
പക്ഷേ, പൊതു ഇടങ്ങളിലെ ആര്‍ത്തിക്കണ്ണുകളും കയ്യുകളും കേരളത്തില്‍ മാത്രമേ ഇത്ര രൂക്ഷമായി അനുഭവപ്പെടാറുള്ളൂ എന്നതാണ് സത്യം. പൂവും പച്ചക്കറിയും പഴങ്ങളും തമിഴ് നാടിനോട് വാങ്ങുന്ന മലയാളി, പൊതുസ്ഥലത്തെ മര്യാദകള്‍കൂടി അവിടെ നിന്ന് കടം കൊള്ളുമെങ്കില്‍, വരും തലമുറകളെയെങ്കിലും ഞരമ്പുരോഗികളല്ലാതെ വളര്‍ത്താമായിരുന്നു. ഈ സംസ്കാരശൂന്യതയില്‍ കേരളത്തിലെ പുരുഷന്‍മാര്‍ക്ക് എന്നാണു ലജ്ജ തോന്നി തുടങ്ങുക?
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment