അച്‌ഛന്റെ ആണ്‍മക്കള്‍...
സി. ബിജു
വാപ്പച്ചി വെറും ഒരു മനുഷ്യന്‍ മാത്രമായിരുന്നില്ല, മറിച്ചൊരു സംഭവമാണെന്ന് ഓര്‍ത്തെടുക്കുന്ന മക്കള്‍, പ്രശസ്‌ത ചലച്ചിത്രകാരന്‍ സൈനുദ്ദീന്റെ മക്കളായ സിന്‍സിലും സിനിലുമാണ് ഒരു വലിയ മനുഷ്യന്റെ ഓര്‍മ്മകളിലേക്ക് നമ്മെക്കൂടി കൊണ്ടുപോവുന്നത്. അവരോടൊപ്പം പ്രിയതമന്റെ ഓര്‍മ്മകളുമായി സൈനുവിന്റെ പ്രിയപത്നി ലൈല ടീച്ചറുമുണ്ട്.
കൊച്ചി പാടിവട്ടത്തെ 'തറവാട്ടി'ലി പ്പോള്‍ ആഘോഷത്തിമിര്‍പ്പാണ്. വീട്ടിലേക്ക് പുതിയൊരാള്‍ക്കൂടി എത്തിയിരിക്കുന്നു, വീട്ടുകാരിയായി. ആശംസകളറിയിക്കാന്‍ എത്തിയവരെ ലൈല ടീച്ചര്‍ ഓടിനടന്ന് സ്വീകരിക്കുന്നു. മുത്തമകന്‍ സിന്‍സിലിന്റെ ബീവിയെ ചേര്‍ത്തുപിടിച്ച് എല്ലാവരെയും പരിചയപ്പെടുത്തുന്നു. അമ്മായിയമ്മയായിട്ടല്ല, അമ്മയായിത്തന്നെ. ഇടയ്‌ക്കിടെ നോട്ടം ചുവരിലെ ഫോട്ടോയിലേക്ക്...,"എന്റെ കൂടെ തന്നെ ഇല്ലേ?" എന്നു മൗനമായി ചോദിക്കുന്നപോലെ....
സ്വതസിദ്ധമായ ചിരിയില്‍ സൈനു കണ്ണിറുക്കി കാണിക്കുന്നു. "ഞാന്‍ നിന്റെ കൂടെ തന്നെയുണ്ട്" എന്ന മട്ടില്‍, ടീച്ചര്‍ക്ക് മാത്രം കാണാവുന്ന കണ്ണിറുക്കല്‍. പക്ഷേ ഈ കണ്ണിറുക്കലും ചിരിയും മലയാളിക്ക് ഇന്നും പ്രിയപ്പെട്ട ഓര്‍മ്മകളാണ്. മലയാളികളെ അത്രമാത്രം ചിരിപ്പിച്ചിട്ടുണ്ട് ഈ കൊച്ചിക്കാരന്‍.
തിരക്കൊഴിഞ്ഞ് സ്വസ്‌ഥമായപ്പോള്‍ ലൈടീച്ചറും മക്കളുമെത്തി, പുതിയ വീട്ടുകാരിയുമായി. കാരണവര്‍ സ്‌ഥാനത്ത് സിനിലാണ്. സൈനുദ്ദീന്‍-ലൈല ദമ്പതികളുടെ ഇളയമകന്‍. വാപ്പയുടെ അേത മുഖവും ചിരിയും സംസാരവും. അതുകൊണ്ടായിരിക്കാം ഇളയതായിട്ടും കാരണവര്‍ സ്‌ഥാനം ബാക്കിയുള്ളവര്‍ സിനിലിന് തന്നെ കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്.
വിശേഷങ്ങള്‍
"ഇതെന്റെ ആല്‍ഫിയകുട്ടി. എന്റെ സിന്‍സിലിന് ഞങ്ങളെല്ലാവരുംകൂടി കണ്ടെത്തിയ പെണ്‍കുട്ടി." ലൈല ടീച്ചര്‍ വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി.
"സൈനുക്ക കൂടെയുണ്ടാകണം എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച നിമിഷങ്ങളായിരുന്നു സിന്‍സിലിന്റെ കല്യാണേവള. അദ്ദേഹമിപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ എല്ലാം ഓടിനടന്ന് ചെയ്‌തേനെ... ഞങ്ങള്‍ ഒന്നും അറിയേണ്ടിയിരുന്നില്ല." ലൈലടീച്ചറുടെ ശബ്‌ദം ചെറുതായി ഒന്നു ഇടറിത്തുടങ്ങിയപ്പോള്‍, സിനില്‍ സംഭാഷണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു.
"അതേ, ഈ ഉമ്മയ്‌ക്ക് ഭയങ്കര പേടിയാ കേട്ടോ. എന്തിനാണെന്നറിയാമോ? വിമാനത്തില്‍ കയറാന്‍."
പറഞ്ഞുതീര്‍ന്നതും ലൈലടീച്ചര്‍ കൈയോങ്ങി എത്തി. "അടികൊള്ളും ചെക്കാ നിനക്ക്,ഇതൊക്കെ ഇവിടെയാണോ പറയുന്നത്?"
"സത്യമാ ഞാന്‍ പറഞ്ഞത്, ഉമ്മയുടെ പേടി കാരണം എത്ര വിദേശയാത്ര മുടങ്ങിയിട്ടുണ്ടെന്നറിയാമോ? വാപ്പ ഓരോ പരിപാടിക്ക് വിദേശത്തേക്ക് പോകുമ്പോഴേക്കും ഞങ്ങളുടെ വിസ ശരിയാവും. പക്ഷേ ഉമ്മയുടെ പേടി കാരണം ഒരിക്കല്‍പ്പോലും അതിനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല."പറഞ്ഞു നിര്‍ത്തി സിനില്‍ പോക്കറ്റിലേക്ക് കൈയിട്ട് ഒരു നില്‍പ്പ്-എങ്ങനെയുണ്ടെന്നമട്ടില്‍. തനി സൈനുദ്ദീന്‍ നില്‍പ്പ്. ഉമ്മയുടെ ചോദ്യം എവിടെയോ പോയി ഒളിച്ചു ആ നില്‍പ്പില്‍. അച്‌ഛന്‍ അനുകരിച്ച മകനു മുന്നില്‍ എല്ലാവരും ഒരു നിമിഷം പൊട്ടിച്ചിരിച്ചു.
പറഞ്ഞുവന്നത് കല്യാണവിശേഷങ്ങളിലേക്ക്. ലൈല ടീച്ചര്‍ വീണ്ടും സംസാരപ്രിയയായി. "ആല്‍ഫിയ, എന്‍ജിനീയറാണ്. കണ്ടപ്പോള്‍ത്തന്നെ ഇവളെ എല്ലാവര്‍ക്കും ഇഷ്‌ടമായി. അന്നേ മനസില്‍ ഉറപ്പിച്ചു ഇവളു തന്നെയാ മോന്റെ പെണ്ണെന്ന്."
"കല്യാണം ഉറപ്പിച്ചപ്പോള്‍ത്തന്നെ കൂട്ടുകാരികള്‍ ഉള്‍പ്പെടെ എല്ലാവരും ഭയങ്കര ത്രില്ലിലായിരുന്നു. ഉമ്മയോടൊപ്പം സംസാരിക്കാന്‍ താനുമുണ്ടെന്ന് പ്രഖ്യാപിച്ച് ആല്‍ഫിയ തന്റെ വരവറിയിച്ചു. ഒരു വലിയ നടനായിരുന്ന ഒരാളുടെ വീട്ടിലേക്ക് വരുമ്പോള്‍ ആദ്യമൊക്കെ പേടിയുണ്ടായിരുന്നു.... എങ്ങനാ രീതികള്‍? എങ്ങനെയാ പെരുമാറേണ്ടത്? പക്ഷേ ഇവിടെ വന്നപ്പോള്‍ എല്ലാം മാറി. സിന്‍സിലിന്റെ ഉമ്മ സ്വന്തം മോളായ എന്നെ നോക്കുന്നത്. സിനിലിന്റെ പ്രിയപ്പെട്ട ചേച്ചിയാ ഞാന്‍."
"എന്നെപ്പറ്റി ഒരു വാക്കെങ്കിലും പറയെടി മോളേ, ഒന്നുമില്ലെങ്കിലും ഞാനും ഒരു സിനിമാ നടനല്ലേ?"-ശബ്‌ദം സിന്‍സിലിന്റേതാണ്.
"അത് ചേട്ടനെ ആ സിനിമയില്‍ കണ്ടാല്‍ തിരിച്ചറിയത്തില്ലല്ലോ? അത്രയ്‌ക്ക് ചെയ്‌ഞ്ച്ട് ഗെറ്റപ്പല്ലേ?" കമന്റ് അനിയന്റെ വക.
ചിരിച്ചുകൊണ്ട് തന്റെ സിനിമാക്കഥ സിന്‍സില്‍ തന്നെ പറഞ്ഞുതുടങ്ങി.
"മക്കളെ സിനിമയില്‍ എത്തിക്കണമെന്ന് വാപ്പച്ചിക്ക് ആഗ്രഹം ഉണ്ടായിരുന്നില്ല. പഠിച്ച് വലിയ ആളാകണം, വാപ്പച്ചിക്ക് ആ ഒരൊറ്റ നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ സ്‌കൂളില്‍ മോണോ ആക്‌ട് മല്‍സരത്തിനോ മറ്റോ പേരു കൊടുത്താല്‍ അച്‌ഛന്‍ കൂടെ തന്നെയുണ്ടാകും. എല്ലാം പെര്‍ഫോം ചെയ്‌തു കാണിച്ചു തരും."
"പഠിക്കുമ്പോള്‍ വി.ഗൈഡും നോട്ടുബുക്കും ഇല്ലെങ്കില്‍ തല്ലും ഉറപ്പാ."- സിനിലിന്റെ കമന്റ്.
"സ്‌കൂളിലെ എല്ലാ പരിപാടികള്‍ക്കും അച്‌ഛനായിരുന്നു അതിഥി."സിന്‍സില്‍ തുടര്‍ന്നു.
"അത് പ്രോഗ്രസ് കാര്‍ഡ് ഒപ്പിടാന്‍ വരുമ്പോള്‍ ഹെഡ്‌മാഷ് വിളിച്ചു കയറ്റുന്നതാ"- സിനിലിന്റെ അടുത്ത കമന്റ് തനി സൈനുദ്ദീന്റെ സ്‌റ്റൈലില്‍.
"അച്‌ഛന്റെ ആഗ്രഹം പോലെ തന്നെ പഠിച്ച് എം.ബി.എ എടുത്തു."സിന്‍സില്‍.
"ഞാനും മോശമല്ല, കമ്പ്യൂട്ടര്‍ എന്‍ജീനയറിംഗ് കഴിഞ്ഞു"- സിനില്‍
"ആ ഒരു ഡിപ്ലോമ എടുത്തെന്ന് പറഞ്ഞാല്‍ മതിയല്ലോ?"ലൈല ടീച്ചറിന്റെ ആ താങ്ങ് സിനില്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് മുഖത്തെ ചമ്മല്‍ വ്യക്‌തമാക്കുന്നു.
"എന്നാ ഇനി നിങ്ങള്‍ സിനിമാക്കഥ പറഞ്ഞോ.." സിനില്‍ തിരിഞ്ഞൊരു നടത്തം, പിണങ്ങിയതു പോലെ. "ഈ ആക്‌ടിംഗ് എത്ര കണ്ടതാടാ മോനെ!" എന്നുള്ള ലൈലടീച്ചറുടെ പറച്ചിലില്‍ വീണ്ടും ചമ്മലുമായി സിനിലിന്റെ രംഗപ്രവേശം.
"എം.ബി.എ. കഴിഞ്ഞു കൊച്ചിയില്‍ ഒരു ഇന്റര്‍വ്യൂവിന് പോയതായിരുന്നു ഞാന്‍." സിനിമാക്കാരനായതിനെപ്പറ്റി സിന്‍സില്‍ പറഞ്ഞു തുടങ്ങി.
"ആ ഓഫീസിലെ സ്‌റ്റാഫായിരുന്നു ബിജു മജീദ്. സൈനുദ്ദീന്റെ മകനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഭയങ്കര സ്‌നേഹം. ആ സമയത്ത് അദ്ദേഹം ഡോണ്‍ അലക്‌സിന്റെ കൂടെ പുതുമുഖങ്ങള്‍ എന്ന സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. ഇന്റര്‍വ്യൂ കഴിഞ്ഞ് ജോലിക്കുള്ള ഫോണ്‍കോള്‍ പ്രതീക്ഷിച്ചിരുന്ന എന്നെത്തേടി എത്തിയത് ബിജുചേട്ടന്റെ കോളായിരുന്നു. "പുതുമുഖങ്ങളില്‍ അഭിനയിക്കാന്‍ താത്‌പര്യമുണ്ടോ?" എന്നൊരു ചോദ്യം! വീട്ടില്‍ കാര്യമവതരിപ്പിച്ചപ്പോള്‍ ഉമ്മയുടെ ഗ്രീന്‍ സിഗ്നല്‍ ലഭിച്ചു. അങ്ങനെ ഞാനും ഒരു സിനിമാനടനായി." "ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ് സിനിമ കാണാന്‍ പോയത്." ബാക്കിക്കഥ തുടര്‍ന്നത് ലൈലടീച്ചറാണ്. "പക്ഷേ സിനിമ തീരുംവരെ ഇവന്‍ ഏതു റോളാ ചെയ്‌തത് എന്നു മനസ്സിലായില്ല. അത്രയ്‌ക്ക് ചെയ്‌ഞ്ച് ഗെറ്റപ്പിലാ ആ സിനിമയില്‍."
അഭിനയത്തിന്റെ കാര്യത്തില്‍ അച്‌ഛന്റെ എല്ലാ ഗുണങ്ങളും മകനും കിട്ടിയിട്ടുണ്ടെന്ന് ലൈലടീച്ചര്‍ അഭിമാനത്തോടെ കൂട്ടിച്ചേര്‍ത്തു.
"അച്‌ഛന്റെ ആഗ്രഹം പോലെ ജോലിക്കും പോകുന്നുണ്ട് കേട്ടോ."സിന്‍സില്‍ തുടര്‍ന്നു. "ആര്‍ട്ടിസ്'' എന്ന കമ്പനിയില്‍ ഓപ്പറേഷന്‍സ് മാനേജരാണ് ഞാനിപ്പോള്‍."
"ഞാന്‍ സംവിധായകനാകാനുള്ള തയാറെടുപ്പിലാണ്." അച്‌ഛന്റെ മകന്‍ വീണ്ടും സംസാരിച്ചു തുടങ്ങി. "കുറെ പരസ്യചിത്രങ്ങള്‍ ചെയ്‌തു. ഡിസംബറില്‍ ഒരു സിനിമയുടെ സഹസംവിധായകനാകാന്‍ പോവുന്നു. കൂടുതല്‍ പഠിക്കാന്‍."
സിനിലിന്റെ സംഭാഷണം അവസാനിച്ചപ്പോള്‍ ഇടയ്‌ക്കൊന്നു മുങ്ങിയ ആല്‍ഫിയയും ലൈലടീച്ചറും എത്തി, നല്ല ആവി പറക്കുന്ന ചായയുമായി. ചൂടുചായ മൊത്തുമ്പോള്‍ ലൈലടീച്ചര്‍ പിറകിലേക്കു സഞ്ചരിച്ചു. പ്രിയതമന്‍ ഒപ്പമുണ്ടായിരുന്ന നാളുകളിലേക്ക്...
"എണ്‍പത്തിരണ്ടിലായിരുന്നു സൈനുക്ക എന്നെ നിക്കാഹ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ പത്നി ആയപ്പോള്‍ എനിക്കു ലഭിച്ച ആദ്യ ഭാഗ്യം ജോലിയായിരുന്നു. ഗവ.വി.എച്ച്.എസ്സില്‍ ഹിന്ദി അദ്ധ്യാപികയായി നിയമനം. അന്ന് സൈനുക്ക ഗള്‍ഫിലായിരുന്നെങ്കിലും അവധിക്ക് നാട്ടിലെത്തുമ്പോള്‍ പഴയപോലെ മിമിക്രി വേദികളില്‍ സജീവമായിരുന്നു.
"ഇതിനിെട അദ്ദേഹം സിനിമയില്‍ അവസരങ്ങള്‍ക്കു ശ്രമിക്കുന്നുണ്ടായിരുന്നു. ഞാനറിയാതെ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയില്‍ ഒരു വേഷവും ചെയ്‌തു. സിനിമയില്‍ മുഴുകാനുള്ള തീരുമാനം ആദ്യം പ്രഖ്യാപിക്കുന്നത് 86ല്‍ ആയിരുന്നു. അതൊരു പ്രഖ്യാപനം മാത്രമായിരിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ എന്നെ ശരിക്കും ഞെട്ടിച്ചു-കോട്ടയം കുഞ്ഞച്ചനില്‍ അഭിനയിച്ചു കൊണ്ട്! "അഭിനയജീവിതത്തെ ആദ്യമൊന്നും ഉള്‍ക്കൊള്ളാ ന്‍ എനിക്കായില്ല. പലരും പലതും പറഞ്ഞെന്നെ പേടിപ്പിച്ചു. കുടുംബത്തെ മറക്കുമോ എന്നായിരുന്നു എന്റെ പേടി. പക്ഷേ എന്റെയും കുഞ്ഞുങ്ങളുടെയും ഭാഗ്യത്തിന് അങ്ങനെയൊന്നുമുണ്ടായില്ല. കുടുംബകാര്യങ്ങള്‍ ഒന്നു കൂടി ഉഷാറാക്കി നോക്കാന്‍ തുടങ്ങിയത് സിനിമയില്‍ വന്നശേഷമാണെന്നാണ് എന്റെ വിശ്വാസം. എവിടെ ഷൂട്ടിംഗിനു പോയാലും വീട്ടിലേക്ക് ഓടിയെത്താനുള്ള വെപ്രാളമായിരുന്നു സൈനുക്കയ്‌ക്ക്. അഥവാ എത്താന്‍ പറ്റിയില്ലെങ്കില്‍ മിനിട്ടിന് മിനിട്ടിന് ഫോണ്‍ ചെയ്‌ത് എല്ലാ വിവരങ്ങളും അന്വേഷിക്കും." ഒരു നിമിഷത്തെ ഇടറിയ ഇടവേള സൃഷ്‌ടിക്കപ്പെട്ടപ്പോള്‍ സാരഥ്യം സിന്‍സില്‍ ഏറ്റെടുത്തു.
"ഓരോ ഷൂട്ടു കഴിഞ്ഞു വരുമ്പോഴേക്കും സമ്മാന പെരുമഴ ആയിരുന്നു. ചോക്കലേറ്റും റ്റോയ്‌സും കൊണ്ട് ഈ വീട് നിറഞ്ഞിട്ടുണ്ട്. എത്ര മേടിച്ചാലും വാപ്പച്ചിക്ക് തൃപ്‌തി വരാറില്ലായിരുന്നു."
മോന്റെ സംസാരത്തില്‍ ലൈല ടീച്ചര്‍ വീണ്ടും ഉഷാറായി:"വീട്ടിലെ ഒരു കാര്യത്തിലും അദ്ദേഹം ബുദ്ധിമുട്ട് വരുത്തിയില്ല. ഗ്യാസ് ബുക്ക് ചെയ്യുന്നതു മുതല്‍ കറന്റ് ബില്‍ അടയ്‌ക്കുന്നതു വരെ സൈനുക്ക നേരിട്ട് ചെയ്‌തോളും."
"അതിന് വാപ്പച്ചി ഉള്ളപ്പോള്‍ ഇവിടെ എപ്പഴാ ഗ്യാസ് തീര്‍ന്നിരുന്നത?" സിനില്‍ അടുത്ത വെടിമരുന്നുമായി എത്തി. "എന്നും പുറത്തൂന്നല്ലേ നമ്മള്‍ ആഹാരം കഴിക്കുന്നത്. അന്ന് ഉമ്മ അടുക്കള കണ്ടിട്ടു പോലുമില്ലല്ലോ."
വീണ്ടും മറ്റൊരു കൂട്ടച്ചിരിയില്‍ ലൈല ടീച്ചര്‍ സംഭാഷണം തുടര്‍ന്നു.
സൈനുദ്ദീന്റെ സിനിമകളില്‍ ഈ കുടുംബം ഇഷ്‌ടപ്പെടുന്ന സിനിമകളും കഥാപാത്രങ്ങളും ഏതൊക്കെയാവും? അതന്വേഷിക്കുമ്പോള്‍ രണ്ടാമതൊന്നാലോചിക്കാനില്ല അമ്മയ്‌ക്കും മക്കള്‍ക്കും-"സിബി മലയിലിന്റെ സാന്ത്വനവും, സുനിലിന്റെ ആലഞ്ചേരി തമ്പ്രാക്കളും."
"ഒരു പൈസ പോലും അദ്ദേഹം അനാവശ്യമായി കളഞ്ഞില്ല. എല്ലാം കുടുംബത്തിന്റെ ഭാവിക്കു വേണ്ടി സ്വരുക്കൂട്ടി. ഷൂട്ട് കഴിഞ്ഞു വന്നാലുടന്‍ എന്നെ വിളിച്ച് കണ്ണടച്ച് പ്രാര്‍ത്ഥിച്ച് കാശു മുഴുവന്‍ എന്നെ ഏല്‍പ്പിക്കും. ഇന്ന് ടി.വി യിലും പത്രത്തിലുമൊക്കെ പഴയകാല നടന്മാരുടെയും നടിമാരുടെയും കുടുംബത്തിന്റെ ദുരന്തചിത്രങ്ങള്‍ കാണുമ്പോള്‍ സൈനുക്കയുടെ അന്നത്തെ കരുതലോര്‍ത്ത് ഞാന്‍ മനസ്സ് കൊണ്ട് നമിക്കും.
ഓര്‍മ്മകളിലേക്ക് ഊളിയിട്ട ലൈലടീച്ചര്‍ പെട്ടെന്ന് തിരിച്ചു വന്നു. മിഴികളില്‍ അല്‍പ്പം ജലകണങ്ങളുമായി.
"99ല്‍ ആണ് അദ്ദേഹം കിടപ്പിലാകുന്നത്. ലങ്ങ്‌സ് ചുരുങ്ങുന്ന അസുഖമായിരുന്നു. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അസുഖം. അതില്‍ ഒരാളായി സൈനുക്കയെ എന്തിനു പടച്ചവന്‍ തെരഞ്ഞെടുത്തു എന്ന് ഇപ്പോഴും എനിക്കറിയില്ല. ചിരിക്കാനും സ്‌നേഹിക്കാനും മാത്രമറിയാവുന്ന മനുഷ്യന്‍. അതുവരെ ഓടി നടന്ന അദ്ദേഹത്തിന്റെ കിടപ്പ് ആര്‍ക്കും സഹിക്കാന്‍ കഴിയുമായിരുന്നില്ല. ആ കിടപ്പ് കാണാന്‍ ദൈവത്തിനു പോലും കരുത്തില്ലാത്തതു കൊണ്ടാകാം പെട്ടെന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്."
ഉമ്മയുടെ വാക്കിലെ നനവ് തിരിച്ചറിഞ്ഞ് സിന്‍സില്‍ വാപ്പച്ചിയുടെ സുഹൃത്‌ബന്ധത്തിലേക്ക് മനസ് പായിച്ചു "ആരെയും പിണക്കാത്ത വാപ്പച്ചി എല്ലാവരുമായി നല്ല സ്‌നേഹത്തില്‍ ആയിരുന്നു. സിദ്ദിഖ്-ലാല്‍, മുകേഷ്, ജയറാം എല്ലാവരുമായി വ്യക്‌തിബന്ധവും സൂക്ഷിച്ചു. വീട്ടിലെ സ്‌ഥിരം സന്ദര്‍ശകരായിരുന്നു ഇവരെല്ലാം."
ആ വാക്കില്‍ ലൈല ടീച്ചര്‍ മറ്റൊരു കാര്യം ഓര്‍ത്തെടുത്തു:"എറണാകുളത്തെവിടെ വച്ച് ഷൂട്ട് ഉണ്ടെങ്കിലും ഞങ്ങളെ കൊണ്ടു പോകും. അങ്ങനെയൊരിക്കല്‍ സുദിനം സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ എന്നെയും മക്കളെയും ലൊക്കേഷനിലേക്ക് കൊണ്ടുപോയി. മാധവിയെ പരിചയപ്പെടുത്തി, തൊട്ടുപിന്നാലെ ജയറാം വന്നപ്പോള്‍ അദ്ദേഹത്തെയും. ഞാനാലോചിച്ചു ഈ മനുഷ്യന്‍ എന്താ ഈ കാണിക്കുന്നതെന്ന്. വര്‍ഷങ്ങളായി വീട്ടില്‍ വരുന്ന വ്യക്‌തിയാണ് ജയറാം. ഞാനും മക്കളുമായിട്ട് അത്ര അടുപ്പവും. അന്നും രാവിലെ കൂടി അദ്ദേഹം വീട്ടില്‍ വന്നു പോയതേയുള്ളൂ. എന്നിട്ടാണ് ഈ പരിചയപ്പെടല്‍. സൈനുക്ക ഇങ്ങനെയൊക്കെ ആയിരുന്നു. എന്തിലും ഏതിലും നര്‍മ്മം കണ്ടെത്തുന്ന ഒരാള്‍."
ഉമ്മയുടെ ഓര്‍മ്മചിത്രത്തിന്റെ ബാക്കി പൂരിപ്പിച്ചത് സിനിലാണ്:"പണ്ട് അഴകിയരാവണനില്‍ വാപ്പച്ചി അഭിനയിക്കുമ്പോള്‍ കാവ്യ കുഞ്ഞായിരുന്നു. വാപ്പച്ചിയുടെ കൂടെ ആയിരുന്നു ഫുള്‍ടൈം. വര്‍ഷങ്ങള്‍ക്കു ശേഷം ചേട്ടന്റെ കല്യാണത്തിന് ഡ്രസ് എടുക്കാന്‍ ചെന്നപ്പോള്‍ പുള്ളിക്കാരി അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ തിരിച്ചറിഞ്ഞപ്പോള്‍ കാവ്യയുടെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു. പിന്നെ ചേട്ടന്റെ കല്യാണത്തിന് എല്ലാം സെലക്‌ട് ചെയ്‌തത് കാവ്യയായിരുന്നു."
അടുത്ത ഗോള്‍ താന്‍ അടിക്കട്ടെ എന്ന മട്ടില്‍ സിന്‍സില്‍ തയാറെടുത്തു നിന്നു. "എന്റെ കല്യാണത്തിന്റെ ഡേറ്റ് മുകേഷ് സാര്‍ മറന്നു പോയി. അദ്ദേഹം എവിടെയോ പോയിട്ട് വന്നപ്പോള്‍ റിസപ്‌ഷന്‍ നടക്കുവാ. ആരോ പറഞ്ഞറിഞ്ഞ് അദ്ദേഹം അങ്ങോട്ടു വന്നു. പിന്നെ അദ്ദേഹം ഏറ്റെടുത്തു മുഴുവ ന്‍ സാരഥ്യവും."
ഇതെല്ലാം കേട്ട് ആല്‍ഫിയ കണ്ണുമിഴിച്ചിരിക്കുന്നു. ഒപ്പം മംഗല്യസൗഭാഗ്യത്തില്‍ താ ന്‍ വന്നു കയറിയ കുടുംബത്തെ ഓര്‍ത്തുള്ള അഭിമാനവും ആ മുഖത്ത് പ്രകടമായിരുന്നു. എല്ലാ മലയാളികളുടെയും മുഖത്ത് കാണും ആ അഭിമാനത്തിന്റെ രക്‌തരേണുക്കള്‍.
ഓര്‍മ്മയിലെന്റെ സൈനു : ഹരിശ്രീഅശോകന്‍
ഒരു അമേരിക്കന്‍ പ്രോഗ്രാമുമായുണ്ടായ വിവാദത്തില്‍ ലാലിനെ കലാഭവനില്‍നിന്നു പുറത്താക്കാന്‍ ആബേലച്ചന്‍ തീരുമാനിച്ചു. എന്നാല്‍ നിരപരാധിയായ ലാലിനെ പുറത്താക്കാനുള്ള അച്‌ഛന്റെ തീരുമാനത്തോട് യോജിക്കാന്‍ എനിക്കായില്ല. അങ്ങനെ ഞാനും കലാഭവന്‍ വിടാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഞാനും സിദ്ദിഖും ലാലും ചേര്‍ന്ന് ഹരിശ്രീ എന്ന പുതിയ ട്രൂപ്പിന്റെ പ്രവര്‍ത്തനത്തി ല്‍ സാരഥികളായി.
കലാഭവനില്‍ മിമിക്‌സ് പരേഡ് കാസറ്റ് ഇറക്കാന്‍ എല്ലാം റെഡിയായിരിക്കുമ്പോഴാണ് മാനസികമായ പൊരുത്തക്കേടിന്റെ പേരില്‍ അവിടം വിടേണ്ടിവന്നത്. ആ വാശിയുടെ പുറത്ത് ഹരിശ്രീ, മിമിക്‌സ് പരേഡിന്റെ പുതിയൊരു കാസറ്റ് ഇറക്കാന്‍ തീരുമാനിച്ചു. ആദ്യമെന്ന നിലയ്‌ക്ക് ആയിരം കോപ്പികളും ഇറക്കി.
എന്നാല്‍ കാസറ്റ് പുറത്തിറങ്ങിയ ഉടന്‍ ആബേലച്ചന്‍ പോലീസില്‍ പരാതി കൊടുത്തു. കലാഭവനില്‍നിന്നു ഞാന്‍ അഡ്വാന്‍ഡ് വാങ്ങിയെന്നും, കലാഭവന്‍ ഇറക്കാന്‍വച്ചിരുന്ന കാസറ്റുകളിലെ നമ്പരുകളിലാണ് ഞാന്‍ ഹരിശ്രീയുടെ കാസറ്റില്‍ ചെയ്‌തിരിക്കുന്നതെന്നുമാണ് ആബേലച്ചന്റെ പരാതി.
രമ്യതയില്‍ കാര്യങ്ങള്‍ തീര്‍ക്കാന്‍ സി.ഐ. മാര്‍ട്ടിന്‍സാര്‍ അച്ചനോടും എന്നോടും ആവശ്യപ്പെട്ടു. ഹരിശ്രീയിലെ കാസറ്റില്‍നിന്ന് കലാഭവനില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നീക്കം ചെയ്യണമെന്നായി അച്ചന്‍. അത് സമ്മതിച്ച ഞാന്‍ മറ്റൊരു നിര്‍ദ്ദേശം അച്ചന് മുന്നിലും അവതരിപ്പിച്ചു. എന്റെ ശബ്‌ദത്തില്‍ ചെയ്‌തതൊന്നും കലാഭവന്റെ കാസറ്റില്‍ വരാന്‍ പാടില്ല എന്ന ആ നിര്‍ദ്ദേശം അച്ചനും അംഗീകരിച്ചു.
പിന്നാലെ കലാഭവന്റെ കാസറ്റിറങ്ങി. എന്നാല്‍ കാസറ്റില്‍ കുതിരവട്ടം പപ്പു ഉള്‍പ്പെടെയുള്ളവരെ അനുകരിച്ച ശബ്‌ദം എന്റേതായിരുന്നു.അന്ന് കലാഭവനി ല്‍ സജീവമായിരുന്ന സൈനുദ്ദീനെ വിളിച്ച് ഞാന്‍ ഇക്കാര്യം പറഞ്ഞു. സൈനുദ്ദീന്‍ നേരെ പോലീസ് സ്‌റ്റേഷനില്‍ പോയി സി.ഐ.യെ കണ്ട് ഇക്കാര്യം പറഞ്ഞു. ഇതുകേട്ടതോടെ സി.ഐ. മാര്‍ട്ടിന്‍സാറിന് കലിപ്പായി. ഒരു പോലീസുകാരനെ വിട്ട് ആബേലച്ചനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു.
എന്നാല്‍ ഞാന്‍ ആ സംഭവം വലുതായി ഊതിപെരുപ്പിക്കാത്തതുകൊണ്ട് ആ പ്രശ്‌നം അങ്ങനെയങ്ങ് അവസാനിച്ചു.
കലാഭവനിലെത്തിയ അച്ചന്‍ സൈനുദ്ദീനെ ശകാരിക്കാനായി റൂമിലേക്ക് വിളിച്ചു. "ചോറ് ഇവിടെയാണെങ്കിലും കൂറ് അവിടെയാണ് അല്ലേ?"എന്നായി ആദ്യത്തെ ചോദ്യം. എന്നാല്‍ സൈനുദ്ദീന്റെ മറുപടിക്കു മുന്നില്‍ അച്ചന്‍ ഇളിഭ്യനായി. ആ ഉത്തരം ഇങ്ങനെയായിരുന്നു. "അച്ചനല്ലേ പറഞ്ഞേ സത്യം മാത്രമേ ചെയ്യുകയും പറയുകയും ചെയ്യാവൂന്ന്.അങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ അശോകന്റെ ശബ്‌ദം ഒഴിവാക്കേണ്ടതല്ലായിരുന്നോ? എന്നിട്ട് അച്ചന്‍ അത് ചെയ്‌തില്ലല്ലോ?"
സൈനുദ്ദീന്റെ ഈ ഒരൊറ്റ ഉത്തരം മതി ജീവിതത്തിലുടനീളം അദ്ദേഹം പുലര്‍ത്തിയിരുന്ന സത്യസന്ധതയ്‌ക്കും നിഷ്‌കളങ്കതയ്‌ക്കും തെളിവായി...
സൈനുദ്ദീന്‍
1952 മെയ് 12ന് ജനിച്ചു. നാഗമണി, പ്രതാപന്‍ (ടിവി താരം) ഗോപകുമാര്‍ എന്നിവരുമായിച്ചേര്‍ന്ന് മിമിക്രി ട്രൂപ്പ് നടത്തി. പിന്നീട് കലാഭവനിലെത്തി. നവോദയയുടെ ത്രിമാന സിനിമയായ മൈഡിയര്‍ കുട്ടിച്ചാത്തനിലൂടെ അരങ്ങേറ്റം. തുടര്‍ന്ന് മിമിക്‌സ് പരേഡ്, മഴവില്‍ കൂടാരം, പണ്ടുപണ്ടൊരു രാജകുമാരി, കാസര്‍കോട് കാദര്‍ഭായി, സയാമീസ് ഇരട്ടകള്‍, ഇരിക്കൂ എം.ഡി അകത്തുണ്ട്, ഇന്ദ്രജാലം,ഹിറ്റ്‌ലര്‍, കാബൂളിവാല,ലാല്‍സലാം, ഇന്നത്തെ പ്രോഗ്രാം, പോസ്‌റ്റ് ബോക്‌സ് നമ്പര്‍ 27 തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളില്‍ ഭാഗമായി. 1994 നവംബര്‍ നാലിന് എറണാകുളം അമൃത ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വച്ച് നിര്യാതനായി.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment