പറയൂ… ഏതിനോടാണ് എതിര്‍പ്പ്; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം
പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സേവനങ്ങള്‍ കൊണ്ട് നിലനില്ക്കുന ഒരു ജനതയാണ് മലയാളി. അതുകൊണ്ടാണ് കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാടാ'യി നാം കൊട്ടിഘോഷിക്കുന്നതും. പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ സ്ഥിതി ഏറെ ആശങ്കാജനകമായ സാഹചര്യത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രശ്‌നപരിഹാരത്തിനായി ഒരു വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്.
പ്രശസ്ത ശാസ്ത്രജ്ഞനായ ശ്രീ.മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് ആണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നപേരില്‍ അറിയപ്പെടുന്നത്. ഖനന മാഫിയയുടെയും മറ്റും സമ്മര്‍ദ്ദം മൂലം ഈ റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ പൂഴ്ത്തിവെയ്ക്കപ്പെട്ടപ്പോള്‍ വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര വിവാരവകാശ കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഇത് പൊതുസമൂഹത്തിനു ലഭിച്ചത്.
തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പ്രാദേശിക തലത്തില്‍ ചര്‍ച്ച ചെയ്ത് വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തി നടപ്പാക്കണം എന്നാണു കമ്മിറ്റിയുടെ നിര്‍ദ്ദേശം.
പരിസ്ഥിതി സൌഹൃദമായ വികസനം പ്രോത്സാഹിപ്പിക്കണമെന്നും അശാസ്ത്രീയ സമീപനം അവസാനിപ്പിക്കണം എന്നുമാണ് റിപ്പോര്‍ട്ടിന്റെ പൊതുസ്വഭാവം. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ മലയോര മേഖലയിലെ ക്രിസ്തീയ സഭകളുടെയും രാഷ്ട്രീയ കക്ഷികളുടെയും മറ്റും എതിര്‍പ്പ് ആദ്യമുയര്‍ന്നു.
ആളുകളെ കുടിയോഴിപ്പിക്കുമെന്നും വികസനം തടയുമെന്നുമുള്ള ആശങ്കയാണ് ഉന്നയിക്കപ്പെട്ടത്. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ റിപ്പോര്‍ട്ടിനെതിരെ പരസ്യമായി വന്നു. റിപ്പോര്‍ട്ടിനെതിരായ അഭിപ്രായം കേരള സര്‍ക്കാര്‍ തന്നെ കേന്ദ്രത്തെ അറിയിച്ചു കഴിഞ്ഞു.
ഇന്ന് കേരള നിയമസഭയില്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കു വെയ്ക്കുകയാണ്. കേരളത്തിന്റെ സുസ്ഥിര വികസനത്തിന് ഏറെ പ്രാധാന്യമുള്ള റിപ്പോര്‍ട്ടാണ് ഇത്.
ഈ പശ്ചാത്തലത്തില്‍, വെളിച്ചമാണ് ഇരുട്ട് അകറ്റാനുള്ള ഏക മാര്‍ഗ്ഗം എന്നതിനാല്‍, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം വിശദീകരണം ഉള്‍പ്പെടെ 'ഡൂള്‍ ന്യൂസ്' മലയാളത്തില്‍ പ്രസിദ്ധീകരിക്കുകയാണ്. വായനക്കാര്‍ റിപ്പോര്‍ട്ടിനെ സശ്രദ്ധം വിലയിരുത്തുമല്ലോ.
പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ട്
സമിതിയ്ക്ക് നല്‍കിയ ഉത്തരവാദിത്വങ്ങള്‍
എ) പശ്ചിമഘട്ടത്തിന്റെ ഇപ്പോഴത്തെ പാരിസ്ഥിതികാവസ്ഥ വിലയിരുത്തുക.
ബി) പശ്ചിമഘട്ടത്തിലെ ഏതൊക്കെ പ്രദേശങ്ങള്‍ 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് അടയാളപ്പെടുത്തുക
സി) എല്ലാ താല്‍പ്പര കക്ഷികളുമായി ചര്‍ച്ച നടത്തി പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക.
ഡി) ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളുടെയും സഹായത്തോടെ പശ്ചിമഘട്ടത്തിന്റെ സുസ്ഥിര വികസനത്തിനും സംരക്ഷണത്തിനുമായി പശ്ചിമഘട്ട പാരിസ്ഥിതിക അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള മാതൃകകള്‍ നിര്‍ദ്ദേശിക്കുക.
ഇ) കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിക്കുന്നതടക്കമുള്ള, പശ്ചിമഘട്ടം നേരിടുന്ന മറ്റേതൊരു ഗൗരവ പരിസ്ഥിതി പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുക.
എഫ്) താഴെ പറയുന്നവ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുക.
1)അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി
2) ഗുണ്ടിയ ജലവൈദ്യുത പദ്ധതി
3.രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ (മഹാരാഷ്ട്ര) ഖനികള്‍, ഊര്‍ജ്ജ പദ്ധതികള്‍, മാലിന്യ പദ്ധതികള്‍, എന്നിവ തുടര്‍ന്നും വികസിപ്പിക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദേശം സമര്‍പ്പിക്കുക.
താഴെ പറയുന്ന കാരണങ്ങളാല്‍ പശ്ചിമഘട്ടം മുഴുവനും പാരിസ്ഥിതിക പ്രാമുഖ്യമുള്ള പ്രദേശമായി വിദഗ്ദ്ധസമിതി കാണുന്നു.
1) ജൈവവൈവിധ്യ മൂല്യം: ഭൂമിയിലെ 35 ജൈവവൈവിധ്യ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് പശ്ചിമഘട്ടം.
2) ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ 6 സംസ്ഥാനങ്ങളില്‍ ആയുള്ള 25 കോടിയിലധികം ജനങ്ങള്‍ പ്രധാനമായും കുടിക്കാനും കൃഷി ചെയ്യാനുമുള്ള ജലത്തിന് ആശ്രയിക്കുന്നത് പസ്ചിമാഘട്ടത്തിനെയാണ്.
പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി ചെയ്തത്
പാനല്‍ യോഗങ്ങള്‍ 15
നിയോഗിക്കപ്പെട പ്രത്യേക ഗവേഷണ പ്രബന്ധങ്ങള്‍ 42
ബൗധികാതിഷ്ടിത ചര്‍ച്ചകള്‍ 7
വിദഗ്ധ കൂടിയാലോചനാ യോഗം 1
സര്‍ക്കാര്‍ വകുപ്പുകളുമായി കൂടിയാലോചനാ യോഗം 8
സന്നദ്ധ സംഘടനകളുമായുള്ള കൂടിയാലോചന 40
പ്രാദേശിക സന്ദര്‍ശനങ്ങള്‍ 14.
വിദഗ്ധസമിതി ചെയ്തത്
പശ്ചിമഘട്ട മേഖലയിലെ അശാസ്ത്രീയ വികസന പദ്ധതികള്‍ മൂലം വര്‍ധിച്ചു വരുന്ന വെല്ലുവിളികള്‍ പരിഗണിച്ച്, പാരിസ്ഥിതിക സുസ്ഥിരത ഉറപ്പു വരുത്തിക്കൊണ്ടുള്ള ഉപജീവനം പ്രോത്സാഹിപ്പിക്കുന്നതിനു ഓരോ പ്രദേശത്തിന്റെയും സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയമായ ഒരു തീരുമാന സഹായ സംവിധാനം വികസിപ്പിച്ചു.
ബഹുതല കാഴ്ചപ്പാട്
മുഴുവന്‍ പശ്ചിമഘട്ടവും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കെണ്ടാതാണെങ്കിലും എല്ലാ പ്രദേശവും ഒരേ അളവില്‍ കാണാനാകില്ല. സംരക്ഷണത്തിനും വികസനത്തിനുമായി പ്രദേശങ്ങള്‍ വേര്‍തിരിച്ചു അടയാളപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ മനുഷ്യരെ കുടിയോഴിപ്പിക്കണമെന്നോ മനുഷ്യര്‍ പോകാത്ത പ്രദേശങ്ങള്‍ ഉണ്ടാകണമെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പരിസ്ഥിതി സംരക്ഷണവും വികസനവും കൈകോര്‍ത്തു പോകണമെന്നു കരുതുന്നതിനാല്‍ പശ്ചിമഘട്ടത്തെ 3 വിഭാഗങ്ങളാക്കി തരാം തിരിച്ചിരിക്കുന്നു.
1. അതീവ പ്രാധാന്യ മേഖല (പരിസ്ഥിതി ലോല മേഖല 1)
2. മിത പ്രാധാന്യ മേഖല (പരിസ്ഥിതി ലോല മേഖല 2)
3. കുറഞ്ഞ പ്രാധാന്യ മേഖല (പരിസ്ഥിതി ലോല മേഖല 3)
ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലകളില്‍ ആകാമെന്നും ഏതൊക്കെ നിയന്ത്രിക്കപ്പെടണമെന്നും തീരുമാനിക്കാന്‍ തക്കവണ്ണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തണം എന്ന് റിപ്പോര്‍ട്ടില്‍ ഊന്നല്‍ നല്‍കി പറയുന്നു.
എങ്ങനെയാണു ESZ തിരിച്ചറിഞ്ഞത്?
മൊത്തം പശ്ചിമഘട്ടത്തെ സമിതി 2200 ചതുരങ്ങളായി തിരിച്ച് ഓരോ ചതുരവും 9100 ഹെക്ടര്‍ സ്ഥലത്തെ പ്രതിനിധീകരിക്കുന്നു. ഓരോ മാനദണ്ഡവും അനുസരിച്ച് ഓരോ ചതുരത്തിനും 1 മുതല്‍ 10 വരെ മാര്‍ക്ക് നല്‍കി. ഒടുവില്‍ ഓരോ മാനദണ്ഡത്തിനും ലഭിച്ച മാര്‍ക്കുകളുടെ ശരാശരി ഓരോ ചതുരത്തിനും കണക്കാക്കി. 3 മാര്‍ക്കില്‍ കുറവ് ലഭിച്ച ചതുരങ്ങള്‍ ESZ 3 ആയും 3 മുതല്‍ 5 വരെ മാര്‍ക്ക് ലഭിച്ചവ ESZ 2 ആയും 5 നു മുകളില്‍ മാര്‍ക്ക് ലഭിച്ചവ ESZ 1 ആയും തെരഞ്ഞെടുത്തു.
ESZ 1 15 താലൂക്കുകള്‍
ESZ 2 2 താലൂക്കുകള്‍
ESZ 3 8 താലൂക്കുകള്‍
ഏതെങ്കിലും താലൂക്ക് പരിസ്ഥിതി ലോല മേഖലയാണെന്ന് പറഞ്ഞാല്‍ ആ താലൂക്ക് മുഴുവന്‍ പ്രസ്തുത മേഖലയിലാണെന്നു അര്‍ഥമില്ല പരിസ്ഥിതി ലോല മേഖലയായി സംരക്ഷണം അര്‍ഹിക്കുന്ന പ്രദേശങ്ങള്‍ ആ താലൂക്കിലുണ്ട് എന്ന് മാത്രമാണ് അതിനര്‍ത്ഥം. അതെവിടെയാണെന്ന് കണ്ടെത്തേണ്ടതും അടയാളപ്പെടുത്തേണ്ടതും ബന്ധപ്പെട്ട പഞ്ചായത്തുകളാണ്. അതും ജില്ലാ പരിസ്ഥിതി സമിതി മുതല്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി വരെ രൂപീകരിക്കപ്പെടുന്ന ഘട്ടത്തില്‍ മാത്രം. പരിസ്ഥിതി പ്രാധാന്യ സ്ഥലങ്ങള്‍ (ESL) ഇപ്പോള്‍ അടയാളപ്പെടുത്തിയിരിക്കുന്നത് പുനപ്പരിശോധിക്കാവുന്നതാണ്. 25 താലൂക്കുകളിലായി ആകെ 18 പരിസ്ഥിതി പ്രാധാന്യ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഏതേതു പ്രദേശങ്ങളില്‍ ഏതേതു പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണം എന്നും, ഏതേതു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം എന്നും അതതു പ്രദേശത്തിന്റെ ഗ്രാമാതിര്‍തികളും സൂക്ഷ്മ നീര്‍ത്തടവും കണക്കിലെടുത്ത് പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെയും സംസ്ഥാനതല പരിസ്ഥിതി അതോറിട്ടിയുടെയും ജില്ലാതല പരിസ്ഥിതി സമിതികളുടെയും മേല്‍നോട്ടത്തില്‍ ഗ്രാമ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭാ പോലുള്ള അതതു പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ് എന്ന കാര്യം റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. (പേജ് 40, ഭാഗം ഒന്ന്)
പ്രാദേശിക സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പശ്ചിമഘട്ടത്തിന്റെ പ്രദേശങ്ങളുടെ പരിസ്ഥിതി സംരക്ഷവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിന് പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ കീഴില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കൊണ്ടുവരുന്നതിനുള്ള മാതൃക നിര്‍ദ്ദേശിക്കുക എന്നതായിരുന്നു സമിതിയുടെ മറ്റൊരു കടമ.
പശ്ചിമഘട്ട പരിസ്ഥിതി സമിതി
ചെയര്‍മാന്‍ ഒരു റിട്ട സുപ്രീം കോടതി ജഡ്ജി അല്ലെങ്കില്‍ ഒരു കഴിവുറ്റ പരിസ്ഥിതി ശാസ്ത്രജ്ഞന്‍.
33 അംഗങ്ങള്‍
ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍
ഫോറസ്ട്രി, ഹൈഡ്രോളജി, മണ്ണ് ശാസ്ത്രം, കൃഷി, ഭൂവിനിയോഗം, പരിസ്ഥിതി, സാമൂഹികശാസ്ത്രം,സാമ്പത്തികശാസ്ത്രം എന്നീ മേഖലകളില്‍ നിന്നും വിദഗ്ധര്‍
.
ഗോത്ര വിഭാഗങ്ങളുടെ പ്രതിനിധികള്‍ (ഓരോ സംസ്ഥാനത്ത് നിന്നും മൂന്നു വര്ഷം വീതം മാറി) ഓരോ സംസ്ഥാനത്ത് നിന്നും സന്നദ്ധ സംഘടനകളുടെ പ്രതിനിധി
സംസ്ഥാനതല സമിതി
ചെയര്‍മാന്‍ ഒരു റിട്ട ജഡ്ജി അല്ലെങ്കില്‍ ഒരു കഴിവുറ്റ പരിസ്ഥിതി ശാസ്ത്രജ്ഞന്‍.
10 അംഗങ്ങള്‍
പരിസ്ഥിതിനിയമ വിദഗ്ധന്‍
ആ പ്രദേശത്തെ പരിസ്ഥിതി വിദഗ്ധന്‍
സന്നദ്ധ സംഘടനകളുടെ 3 കഴിവുറ്റ പ്രതിനിധികള്‍
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വനംപരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്ലാനിംഗ് ബോര്‍ഡിന്റെ പ്രതിനിധി, ജൈവ വൈവിധ്യ ബോര്‍ഡിന്റെ ചെയര്‍മാനും മെമ്പര്‍ സെക്രട്ടറിയും.
ജില്ലാതല പരിസ്ഥിതി സമിതി
സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചന നടത്തി പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിയാണ് ഇത് രൂപീകരിക്കേണ്ടത്.
പരിസ്ഥിതി ഓംബുട്‌സ്മാന്‍ ആയിരിക്കും ചെയര്‍മാന്‍.
സാമ്പത്തികശാസ്ത്രം, നിയമം, സാമൂഹികശാസ്ത്രം, വനശാസ്ത്രം, മണ്ണ് ശാസ്ത്രം, കൃഷി, ഭൂവിനിയോഗം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ വിദഗ്ധരും ബന്ധപ്പെട്ട വകുപ്പുകളിലെയും സന്നദ്ധ സംഘടനകളിലെയും പ്രതിനിധികളും.
പരിസ്ഥിതി ലോല മേഖലകളില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍
1. പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല.
(കേരള സംസ്ഥാനത്തിന്റെ നേരത്തെയുള്ള നയവും സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശയും ഇതു തന്നെയാണ്)
2. കടകളില്‍ നിന്നും ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും 3 വര്ഷം കൊണ്ട്, ഘട്ടം ഘട്ടമായി, മുന്‍ഗണനാ ക്രമത്തില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുക.
(പ്ലാസ്റ്റിക് നിരോധനമല്ല)
3. പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹില്‍ സ്‌റ്റേഷനുകളും അനുവദിക്കരുത്.
4. പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ ഭൂമിയാക്കരുത്.
(അതിനര്‍ത്ഥം 1977 വരെയുള്ള കയ്യേറ്റ/കുടിയേറ്റക്കാര്‍ക്ക്, നേരത്തെ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചിരുന്നവര്‍ക്ക് പട്ടയം കൊടുക്കേണ്ടതില്ല എന്നല്ല. പുതുതായി കയ്യേറ്റങ്ങള്‍ അനുവദിക്കരുത് എന്നാണ്)
5. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്. എന്നാല്‍ കൃഷി ഭൂമി വനമാക്കുന്നതിനോ, നിലവിലുള്ള പ്രദേശങ്ങളിലെ ജനസംഘ്യാ വര്‍ധനവിന് ആവശ്യമാകുന്ന വിധത്തില്‍ വികസനം കൊണ്ടുവരുന്നതിനോ വീടുകള്‍ വെയ്ക്കുന്നതിനോ ഈ നിയന്ത്രണം ബാധകമല്ല.
(വികസനം മുരടിക്കും, കുടിയോഴിപ്പിക്കും എന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല)
6. ഭൗതിക വികസനം പാരിസ്ഥിതിക മൂല്യതകര്‍ച്ചയെയും പൊതുഗുണത്തെയും ആസ്പദമാക്കി നടത്തുന്ന പാരിസ്ഥിതിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം.
7.പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ വസ്തുക്കളുടെയും, നിര്‍മ്മാണ രീതികളുടെയും, മഴവെള്ള സംഭരണിയുടെയും, പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും എല്ലാം അടിസ്ഥാനത്തില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കെട്ടിടനിര്‍മ്മാണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കേണ്ടതാണ്.
(അതിനര്‍ത്ഥം കമ്പിയും സിമന്റും നിരൊധിക്കുമെന്നല്ല, ലഭ്യത കുറയുന്ന വിഭവങ്ങള്‍ ബുദ്ധിപരമായ അളവിലുള്ള ഉപയോഗമേ പാടുള്ളൂ എന്നാണ്)
8. മാരകമോ വിഷലിപ്തമോ ആയ രാസപദാര്‍ഥങ്ങള്‍ സംസ്‌കരിക്കുന്ന പുതിയ ശാലകള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. ഇപ്പോള്‍ ഉള്ളവ, 2016 നുള്ളില്‍ ഒഴിവാക്കപ്പെടെണ്ടതാണ്.
മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവ മൂന്നാം സോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
9.പ്രാദേശിക ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ നിര്‍ബന്ധമായും പ്രോത്സാഹിപ്പിക്കണം.
10. നിയമവിരുദ്ധ ഖനനം അടിയന്തിരമായി നിര്‍ത്തലാക്കണം.
11. ജല വിഭവ പരിപാലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ വരെ വികേന്ദ്രീകരിക്കണം.
(ജലം ഒരു മൂലധന ചരക്കായി കാണണമെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വില്‍പ്പന നടത്താമെന്നും ഉള്ള നിലവിലെ ദേശീയ ജല നയത്തിന്റെ വെളിച്ചത്തില്‍ ഈ നിര്‍ദ്ദേശം ജനോപകാരപ്രദമാണ് )
12. ഉയര്‍ന്ന പ്രദേശങ്ങളിലുള്ള സ്വാഭാവിക ജല സംഭരണികളും മറ്റും സംരക്ഷിക്കുക.
13. ശാസ്ത്രീയ പരിഹാര സംവിധാനങ്ങളുടെ സഹായത്തോടെ, ജനകീയ പങ്കാളിത്തത്തില്‍ ജല ത്തിന്റെ ഗുണവും പുഴയുടെ ഒഴുക്കും മെച്ചപ്പെടുത്തുക.
14. രാസകീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം സോണ്‍ ഒന്നില്‍ 5 വര്‍ഷത്തിനകവും സോണ്‍ രണ്ടില്‍ 8 വര്‍ഷത്തിനകവും സോണ്‍ മൂന്നില്‍ 10 വര്‍ഷത്തിനകവും പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ജൈവകൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുക.
(സംസ്ഥാനത്തിന്റെ ജൈവകൃഷി നയം തന്നെയാണ് ഇത്. ദേശീയ ദാരിദ്രനിര്‍മ്മാര്‍ജന മിഷന്റെ സഹായത്തോടെ ആന്ധ്രയില്‍ 35 ലക്ഷം ഏക്കറില്‍ രാസകീടനാശിനി ഇല്ലാതെ കൃഷി നടത്തുന്നത് ഉത്തമ മാതൃകയാണ്)
15. രാസകൃഷിയില്‍ നിന്നും ജൈവ കൃഷിയിലേക്ക് മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ എല്ലാ സഹായവും ലഭ്യമാക്കണം.
16. കാലിത്തീറ്റ ആവശ്യകത പരിപാലിക്കുന്നതിനും അതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള ആസൂത്രണത്തിന് പ്രാദേശിക സമൂഹങ്ങള്‍ക്ക് സഹായം നല്‍കുക.
17.രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായം നല്‍കുക. ഗ്രാമതലത്തില്‍ വലിയ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാവുന്ന സാധ്യതകള്‍ അന്വേഷിക്കണം. (പേജ് 47) (രണ്ടിലധികം കന്നുകാലികളെ അനുവദിക്കില്ല എന്ന ആശങ്ക അടിസ്ഥാന രഹിതമാണ്)
18. തീവ്ര അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. നിലവിലുള്ള വ്യവസായങ്ങള്‍ 2016 നുള്ളില്‍ മലിനീകരണം പൂര്‍ണ്ണമായി ഒഴിവാക്കുകയും സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കുകയും ചെയ്യുക.
19. സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും വിധേയമായി സോണ്‍ മൂന്നില്‍ പുതിയ വ്യവസായങ്ങള്‍ അനുവദിക്കാം.
20. സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
21. സോണ്‍ ഒന്നില്‍ പ്രാദേശിക ഊര്‍ജ്ജാവശ്യം കണക്കിലെടുത്ത്, പാരിസ്ഥിതികാഘാത പഠനം നടത്തി, പരമാവധി 3 മീറ്റര്‍ വരെ ഉയരമുള്ള റണ്‍ ഓഫ് ദി റിവര്‍ പദ്ധതിയും,
സോണ്‍ രണ്ടില്‍ 10 മുതല്‍ 25 വരെ മെഗവാട്ട് വൈദ്യുതി (പരമാവധി 10 മീറ്റര്‍ ഉയരം) ഉത്പാദിപ്പിക്കാവുന്ന പുതിയ ജലവൈദ്യുത പദ്ധതികളും,
സോണ്‍ മൂന്നില്‍ പാരിസ്ഥിതികാഘാത്ത പഠനത്തിനു ശേഷം വന്‍കിട ഡാമുകളും അനുവദിക്കാവുന്നതാണ്.
സോണ്‍ രണ്ടില്‍ ജനങ്ങളുടെ ഉടമസ്ഥതയില്‍ ഓഫ് ഗ്രിഡ് ആയി ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പ്രോല്‌സാഹിപ്പിക്കപ്പെടെണ്ടതാണ്.
22. വികേന്ദ്രീകൃത ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ജൈവ മാലിന്യ/സോളാര്‍ ഉറവിടങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
23.എല്ലാ പദ്ധതികളും ജില്ലാതല പരിസ്ഥിതി സമിതിയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഊര്‍ജ്ജ ബോര്‍ഡുകളുടെയും സംയുക്ത ശ്രമത്തില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.
24. സ്വാഭാവിക ജീവിതകാലം അതിക്രമിച്ചുകഴിഞ്ഞ താപനിലയങ്ങളും ഡാമുകളും (ഡാമുകളുടെ സാധാരണ കാലാവധി 30- 50 വര്‍ഷമാണ്) ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യണം. (പേജ് 46, ഭാഗം 1)
അംഗീകരിക്കാന്‍ കഴിയുന്ന പരിധിയിലധികം ചെളി അടിഞ്ഞതോ പ്രവര്‍ത്തന ക്ഷമം അല്ലാത്തതോ ഉപയോഗശൂന്യമായതോ കാലഹരണപ്പെട്ടതോ ആയ ഡാമുകള്‍ ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു.
(മുല്ലപ്പെരിയാര്‍ പോലുള്ള ദുരന്ത ആശങ്ക വരുന്നതുവരെ കാക്കാതെ കാര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ സമീപിക്കുന്നു)
25. മത്സ്യ സഞ്ചാര പാതകള്‍ തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ മത്സ്യ പ്രജനനം നടക്കാന്‍ അവിടെയൊക്കെ മത്സ്യ ഏണി പ്രദാനം ചെയ്യുക.
26. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കുക.
27. വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കുക.
28. വനാവകാശ നിയമം അതിന്റെ ആത്മാവ് സംരക്ഷിക്കുന്ന രീതിയില്‍ സാമുദായിക വനപരിപാലനത്തോടെ നടപ്പാക്കുക.
29. ഒന്നും രണ്ടും സോണുകളില്‍ പുതുതായി ഖനനത്തിന് അനുമതി നല്‍കാതിരിക്കുക. നിലവിലുള്ളവ 2016 ഓടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. സോണ്‍ രണ്ടില്‍ ഓരോരോ കേസുകളായി പുനപ്പരിശോധിക്കാവുന്നതാണ്. പ്രാദേശിക ആദിവാസി സമൂഹങ്ങളുടെ മുന്‍കൂര്‍ അനുമതിയും സോഷ്യല്‍ ഓഡിറ്റും കര്‍ശന മാനദണ്ഡങ്ങളും അനുസരിച്ച് മറ്റിടങ്ങളില്‍ ലഭ്യമല്ലാത്ത ധാതുക്കള്‍ക്കായി സോണ്‍ മൂന്നില്‍ ഖനനം പുതുതായി അനുവദിക്കാം.
30. വളരെ അത്യാവശ്യത്തിനല്ലാതെ, സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ശേഷമല്ലാതെ, ഒന്നും രണ്ടും സോണുകളില്‍ പുതിയ വന്‍കിട റോഡുകളോ റെയില്‍വേ പാതകളോ അനുവദിക്കരുത്. സോണ്‍ മൂന്നില്‍ അനുവദിക്കാം.
31. എല്ലാ പുതിയ ഡാം, ഖനന, ടൂറിസം, പാര്‍പ്പിട പദ്ധതികളുടെയും സംയുക്ത ആഘാത പഠനം നടത്തി, ജലവിഭവങ്ങള്‍ക്ക് മേലുള്ള അവയുടെ ആഘാതം അനുവദനീയമായ അളവിനകത്തു മാത്രം ആണെങ്കിലേ അനുവാദം നല്‍കാവൂ.
32. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണം ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് ലഭ്യമാക്കണം. (പേജ് 40 ഭാഗം 2).
33. വന്‍കിട തോട്ടങ്ങളില്‍ കള നിയന്ത്രണത്തിനുള്ള യന്ത്രങ്ങള്‍ക്കു സബ്‌സിഡി ലഭ്യമാക്കുക. (പേജ് 40 ഭാഗം 2).
34. പാവപ്പെട്ടവന്റെ ജീവനോപാധി നിലനിര്‍ത്തുകയും എല്ലാവര്‍ക്കും സുസ്ഥിര വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഊന്നല്‍ .
35. താഴെ പറയുന്ന കാര്യങ്ങള്‍ക്ക് 'സംരക്ഷണ സേവന വേതനം' (പണമായി) നടപ്പാക്കുക.
മ). പാരമ്പര്യ വിത്തുകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്.
യ). പാരമ്പര്യ കന്നുകാലി വര്‍ഗ്ഗങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
ര). നാടന്‍ മത്സ്യ വര്‍ഗ്ഗങ്ങളെ ടാങ്കില്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
റ). കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്ക്
ല). 30% ലധികം ചരിവുള്ള ഭൂമിയില്‍ ഹ്രസ്വകാല കൃഷിയില്‍ നിന്നും ദീര്‍ഘകാല കൃഷിയിലേക്ക് മാറുന്നവര്‍ക്ക്, പ്രത്യേകിച്ചും ചെറുകിട ഭൂവുടമകള്‍ക്ക്.
ള). സ്വാഭാവിക പ്രകൃതി സംരക്ഷിക്കുന്നവര്‍ക്ക്
36. വികസന പദ്ധതികള്‍ തീരുമാനിക്കുന്നത് ഗ്രാമാസഭകളിലൂടെയുള്ള പങ്കാളിത്ത സംവിധാനത്തിലൂടെ ആയിരിക്കണം (പേജ് 32, ഭാഗം 2)
37. പരിസ്ഥിതി പരിപാലനത്തിനുള്ള കഴിവുണ്ടാക്കുന്നതില്‍ പഞ്ചായത്തുകളെ ശക്തരാക്കുക.
38. ഖനനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രാദേശിക പഞ്ചായത്തുകളുമായി പങ്കുവെയ്ക്കുക.
39. തങ്ങളുടെ സ്ഥലത്തിന്റെ നല്ലൊരു ശതമാനം ഭാഗം വനസംരക്ഷണത്തിനായി നീക്കി വെയ്ക്കുന്ന പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേകം സംവിധാനമൊരുക്കുക.
40. കൃഷിഭൂമിയില്‍ പിടിച്ചു വെച്ച് അന്തരീക്ഷ കാര്‍ബണ്‍ കുറയ്ക്കുന്ന ജൈവകൃഷിയിലേക്ക് മാറുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുക.
masvlcy
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment