ഇനിയവള്‍ വേദന കിനിയുന്ന ഓര്‍മ ന്യൂഡല്‍ഹി: ബസില്‍ കൂട്ടബലാത്സംഗത്തിനിരയായി 13 ദിവസം ജീവിക്കാന്‍ പൊരുതി മരണത്തിന് കീഴടങ്ങിയ ആ യുവതി ഇനി രാഷ്ട്രമനസാക്ഷിക്ക് മുന്നില്‍ വേദന കിനിയുന്ന ഓര്‍മ. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയില്‍ അന്തരിച്ച യുവതിയുടെ മൃതദേഹം ഇന്ന് രാവിലെ ഏഴരക്ക് ഡല്‍ഹിയില്‍ സംസ്‌കരിച്ചു.
ഡല്‍ഹിയില്‍ യുവതി താമസിച്ചിരുന്ന ദ്വാരകയിലെ മഹാവീര്‍ എന്‍ക്ലേവ്‌സിനു (സെക്ടര്‍ 24) സമീപത്തെ ശ്മശാനത്തില്‍ രഹസ്യമായിട്ടായിരുന്നു സംസ്‌കാരം. സംസ്‌കാരചടങ്ങില്‍ ബന്ധുക്കള്‍ക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേന്ദ്ര ആഭ്യന്തരസഹമന്ത്രി ആര്‍.പി.എന്‍.സിങ് എന്നിവര്‍ പങ്കെടുത്തു.
| യുവതിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും. സംസ്‌ക്കാരം നടന്നിടത്തെ വന്‍ പോലീസ് സന്നാഹവും കാണാം |
പുലര്‍ച്ചെ മൂന്നരയോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയാ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്.
സുരക്ഷാ കാരണങ്ങളാല്‍ യു.പിയിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യുവതിയുടെ സുഹൃത്തുക്കളും ബന്ധുക്കളും ഡല്‍ഹിയിലായതിനാല്‍ അവിടെ തന്നെ സംസ്‌കരിക്കണമെന്ന് സഹോദരങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയിലെ ചാനലുകള്‍ സംസ്‌കാരം ടെലികാസ്റ്റ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 16 ന് രാത്രിയാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. സുഹൃത്തിനൊപ്പം തെക്കന്‍ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍നിന്ന് രാത്രി 9.15ന് ബസ്സില്‍ കയറിയ യുവതിയെ വാഹനത്തിലുണ്ടായിരുന്ന ആറുപേര്‍ കൂട്ടബലാത്സംഗം ചെയ്തു. ക്രൂരമായി പരിക്കേല്‍പ്പിച്ചശേഷം യുവതിയെയും സുഹൃത്തിനെയും വസ്ത്രമുരിഞ്ഞ് വഴിയില്‍ തള്ളുകയായിരുന്നു.
ഇരുമ്പ്ദണ്ഡും ബ്ലെയ്ഡും ഉപയോഗിച്ച് ക്രൂരമായ പീഡനങ്ങളേറ്റ യുവതിയെ ഗുരുതരമായ പരിക്കുകളോടെയാണ് സഫ്ദര്‍ജങ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ബസ്‌െ്രെഡവര്‍ ഉള്‍പ്പെടെ സംഭവത്തിലെ ആറുപ്രതികളും അറസ്റ്റിലായി.
അതിനിടെ, കൂട്ടമാനഭംഗത്തിനിരയായ യുവതിക്ക് നീതിയാവശ്യപ്പെട്ട് സ്വമേധയ രംഗത്തെത്തിയ യുവജനങ്ങള്‍ ഡല്‍ഹിയില്‍ പ്രതിഷേധ തരംഗങ്ങളുയര്‍ത്തി. രാജ്യം ഇതുവരെ സാക്ഷിയാകാത്ത തരത്തിലുള്ള ജനരോക്ഷമാണ് അണപൊട്ടിയൊഴുകിയത്. പ്രതിഷേധം പലപ്പോഴും പോലീസും ജനങ്ങളുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു.
പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ നിയോഗിച്ച ഒരു പോലീസുദ്യോഗസ്ഥന്‍ മരിക്കുകയും, ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വര്‍ധിച്ചു വരുന്ന പ്രതിഷേധമായിരുന്നു യുവതിയെ വിദഗ്ധചികിത്സയ്ക്ക് വിദേശത്തേക്ക് കൊണ്ടുപോകാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കുടല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള വിദഗ്ധചികിത്സയ്ക്കായി യുവതിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്.
ശരീരത്തിനും തലച്ചോറിനുമേറ്റ ഗുരുതരപരിക്കുകള്‍ കാരണം യുവതിയുടെ ഒന്നിലധികം അവയവങ്ങള്‍ തകരാറിലായിരുന്നു. എങ്കിലും അസാമാന്യ ധൈര്യത്തോടെയാണ് യുവതി ജീവനുവേണ്ടി പോരാടിയതെന്ന് മൗണ്ട് എലിസബത്ത് ആസ്പത്രി സി.ഇ.ഒ. ഡോ. കെല്‍വിന്‍ ലോ പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ 2.15 നായിരുന്നു അന്ത്യം. യുവതിയുടെ കുടുംബാംഗങ്ങളും സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. (ചിത്രങ്ങള്‍: റോയിട്ടേഴ്‌സ്)
Mathrubhumi |
No comments:
Post a Comment