Friday 30 November 2012

[www.keralites.net] പടച്ചവനേ... ഒരുമ്മക്കും ബാപ്പക്കും ഈ ഗതി വരുത്തരുതേ...

 

പടച്ചവനേ... ഒരുമ്മക്കും ബാപ്പക്കും ഈ ഗതി വരുത്തരുതേ...

ശാസ്താംകോട്ട: എന്തിനാണ് ഞങ്ങളുടെ മകനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്? അവന്‍ കുറ്റവാളിയാണെങ്കില്‍ ശിക്ഷിച്ചുകൊള്ളൂ. കുറ്റം തെളിയുംവരെ ജാമ്യം നിഷേധിക്കുന്നത് കാട്ടുനീതിയല്ലേ?
അബ്ദുനാസിര്‍ മഅ്ദനിയുടെ പിതാവ് മൈനാഗപ്പള്ളി ടി.എ. അബ്ദുസമദ് മാസ്റ്ററും ഭാര്യ അസ്മബീവിയും ചോദിക്കുന്നു.
കോയമ്പത്തൂരില്‍ വിചാരണ തടവുകാരനായി മകനെ തുറുങ്കിലടച്ചതു ഒമ്പതേകാല്‍ വര്‍ഷമാണ്. ഒടുവില്‍ കുറ്റക്കാരനല്ലെന്ന് വിധിച്ച് നീതിപീഠം വിട്ടയച്ചു. ജയില്‍ മോചിതനായി ജീവിതം വീണ്ടും തുടങ്ങിയപ്പോഴേക്കും ബംഗളൂരു പൊലീസ് കൊണ്ടുപോയി. ജാമ്യം നല്‍കാതെ അവനെ എന്തിനാണിങ്ങനെ അടച്ചിട്ടിരിക്കുന്നത്? പടച്ചവനേ... പ്രപഞ്ചത്തില്‍ ഒരുമ്മക്കും ബാപ്പക്കും ഈ ഗതി വരുത്തരുതേ...
എഴുപത്തിരണ്ടുകാരനായ സമദ് മാസ്റ്ററും അസ്മബീവിയും കരളുരുകി പ്രാര്‍ഥിക്കുകയാണ്. ഓടിത്തളര്‍ന്ന യന്ത്രം പോലെയാണ് ഈ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍. മകന് നീതിതേടി വര്‍ഷങ്ങളോളം അധികാരികളുടെ അരമനവാതിലുകളില്‍ മുട്ടിവിളിച്ചു. ബംഗളൂരു പൊലീസ് മഅ്ദനിയെ അറസ്റ്റുചെയ്യുന്നതിന് ഒരാഴ്ചമുമ്പ് പക്ഷാഘാതം വന്ന് സമദ് മാസ്റ്റര്‍ വീണു. അതുകൊണ്ട് മകനെ ബംഗളൂരിലേക്ക് കൊണ്ടുപോയത് അറിയാന്‍ മാസങ്ങളെടുത്തു.
കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനി കിടക്കുമ്പോള്‍ നീതിക്കായുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്നെങ്കില്‍ ഇന്ന് കസേരയില്‍ തളര്‍ന്നിരുന്ന് കരയാനേ സമദ്മാസ്റ്റര്‍ക്ക് കഴിയൂ. സഹനത്തിന്‍െറയും പീഡനത്തിന്‍െറയും അലയാഴികള്‍ ഏറെ നീന്തിക്കടന്നതാണ് ഈ കുടുംബം.
ബാബരി മസ്ജിദ് തകര്‍ച്ചയോടെ മഅ്ദനിയുടെ ഐ.എസ്.എസ് നിരോധിച്ചപ്പോള്‍ മാസ്റ്റര്‍ക്കും ഭാര്യക്കും കുടുംബവീട്ടില്‍നിന്ന് ഓടിപ്പോകേണ്ടിവന്നു. ഉത്തരേന്ത്യക്കാരനായ ജില്ലാ പൊലീസ് സൂപ്രണ്ടിന്‍െറ നേതൃത്വത്തിലായിരുന്നു സ്വന്തംവീട്ടില്‍നിന്ന് ആട്ടിപ്പായിച്ചത്. ആ വീട് പിന്നീട് പൊലീസ് ക്യാമ്പാക്കി മാറ്റി. അതേക്കുറിച്ച് സമദ്മാസ്റ്റര്‍ ഓര്‍ക്കുന്നു.
'ഡിസംബര്‍ 13ന് വന്‍ പൊലീസ് സന്നാഹം വന്ന് വീട്ടില്‍ റെയ്ഡ് നടത്തി. കസേരകളും തുണിയും ഒഴികെ എല്ലാം അവര്‍ കൊണ്ടുപോയി. സ്കൂള്‍ പഠനകാലത്ത് പ്രസംഗിച്ചതിന് അബ്ദുന്നാസിര്‍ വാങ്ങിക്കൂട്ടിയ സാക്ഷ്യപത്രങ്ങളൊക്കെയും നശിപ്പിച്ചു. ഇളയ മകന്‍ അന്‍വര്‍ ഹുസൈന് അന്ന് ഒരു വയസ്സാണ്. കൊച്ചിനെയുമെടുത്ത് പുറത്തിറങ്ങാന്‍ അവര്‍ അസ്മബീവിയോട് ആക്രോശിച്ചു. മഅ്ദനി ഒഴികെ ഏഴുമക്കളുമായി ആ രാത്രി ഞങ്ങള്‍ വീടുപേക്ഷിച്ച് നടുറോഡിലിറങ്ങി. വീട് അന്നുരാത്രിതന്നെ പൊലീസ് സീല്‍ചെയ്തു. ക്യാമ്പ് പ്രവര്‍ത്തനം തുടങ്ങി. പിന്നീട് നാലുവര്‍ഷം പലപല ബന്ധുവീടുകളില്‍ ഞങ്ങള്‍ അഭയം തേടി. 1997ല്‍ വീട് തിരികെ കിട്ടുമ്പോള്‍ അതൊരു യുദ്ധക്കളം പോലെയായിരുന്നു. പൊലീസുകാര്‍ തേര്‍വാഴ്ച നടത്തിയ പറമ്പ്. കരിക്കിന്‍കുലപോലും ശേഷിക്കാത്ത തെങ്ങുകള്‍. പൊലീസ് നല്‍കിയ നിറംപിടിപ്പിച്ച നുണകള്‍ എഴുതിയ കൊല്ലത്തെ ചില പത്രലേഖകര്‍ ഈ കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടതേയില്ല. അതിലൊന്നും സങ്കടമില്ല. ഞങ്ങള്‍ക്ക് പില്‍ക്കാലത്ത് സംഭവിച്ച വേദനകള്‍ക്കും നഷ്ടങ്ങള്‍ക്കും മുന്നില്‍ അതൊക്കെ എത്രയോ നിസ്സാരം'. സമദ് മാസ്റ്ററുടെ കണ്ഠം ഇടറി.
1998 മാര്‍ച്ച് 31നാണ് പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസില്‍ കോഴിക്കോട് കസബാ പൊലീസ് മഅ്ദനിയെ അറസ്റ്റുചെയ്ത് കോയമ്പത്തൂര്‍ പൊലീസിന് കൈമാറിയത്. പിന്നെ ജാമ്യമില്ലാതെ ഒമ്പതുവര്‍ഷവും നാലുമാസവും ജയിലില്‍. വി.എസ്. അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും വയലാര്‍ രവിയുമെല്ലാം അവരവരുടെ തലങ്ങളില്‍ മഅ്ദനി അനുഭവിക്കുന്ന അറുതിയില്ലാത്ത ജയില്‍വാസ പ്രശ്നത്തില്‍ ഇടപെട്ടു. ഒന്നും ഫലംകണ്ടില്ല. ഒടുവില്‍ കോയമ്പത്തൂര്‍ സെഷന്‍സ് കോടതി നിരപരാധിയെന്ന് കണ്ട് വെറുതെവിട്ടു.
ജയിലില്‍ അവനു നഷ്ടമായത് യൗവനമാണ്: 'ഇപ്പോഴിതാ ചരിത്രം ആവര്‍ത്തിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് ആഗസ്റ്റ് 17ന് അവനെ ബംഗളൂരു പൊലീസ് കൊണ്ടുപോയി. 47 വയസ്സേ ആയുള്ളൂവെങ്കിലും ഇന്നവന്‍ നിരവധി രോഗങ്ങള്‍ക്കടിമയാണ്. പടച്ചവനിലുള്ള അചഞ്ചല വിശ്വാസമാണ് പിടിച്ചുനില്‍ക്കാന്‍ സഹായിക്കുന്നത്.
'ഞാനവനെ അവസാനമായി കണ്ടത് പക്ഷാഘാതം വന്ന് വീണുപോയ ദിവസം രാവിലെയാണ്. അവന്‍െറ ഉമ്മ കണ്ടിട്ട് എട്ടുമാസമായി. അവന്‍െറ കാഴ്ച ഏതാണ്ട് പൂര്‍ണമായും മങ്ങിയെന്നാണ് പോയിവരുന്നവര്‍ തരുന്ന വിവരം. നീതി കിട്ടാന്‍ ഇനിയെന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയില്ല. ആത്മഹത്യ ഖുര്‍ആന്‍ വിലക്കിയില്ലായിരുന്നെങ്കില്‍ ഞങ്ങളെന്നേ ആ വഴി തേടിയേനെ.
നിസ്സഹായരായ ഒരു ഉമ്മയുടെയും ബാപ്പയുടെയും രോദനം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment