Tuesday, 6 November 2012

[www.keralites.net] എന്‍ ജീവനേ...ആയിഷാ...

 

എന്‍ ജീവനേ...ആയിഷാ...

Fun & Info @ Keralites.net

പയ്യന്നൂര്‍ കോളജിന്റെ വരാന്തയില്‍ കൂടി ഞങ്ങള്‍ ഇഷയോടൊപ്പം നടന്നു. വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടുവരുന്ന ആ പ്രത്യേകതരം പാതിരാക്കാറ്റ് ഇഷയുടെ തട്ടത്തിലും മുടിയിലുമൊക്കെ തട്ടിത്തടഞ്ഞു പോകുന്നുണ്ടായിരുന്നു. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് ഓരോ തവണ കടന്നുവരുമ്പോഴും അവളുടെ മൊഞ്ച് കൂടിക്കൂടി വന്നു. അന്ന് ആ വരാന്തയില്‍ വച്ച് ഞങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചു, ഈ കുറുമ്പിക്കുട്ടി കേരളത്തിന്റെ മൊഞ്ചത്തിക്കുട്ടിയാകുമെന്ന്...

''മൂടല്‍ മഞ്ഞിന്‍ കുളിരുള്ള പുലരിയില്‍

പാറിപ്പാറി എന്നും എന്റെ കനവുകളില്‍

വരവായി നീ ആയിഷാ...''

തട്ടത്തിന്‍മറയത്തിലെ നായകന്‍ വിനോദിന്റെ മനസില്‍ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ യുവാക്കളുടെയും സ്വപ്നസുന്ദരിയാണ് ഇന്ന് ആയിഷ. മഴക്കാലത്തെ മഞ്ഞും കുളിരുമുള്ള അവരുടെ പുലര്‍കാലസ്വപ്നങ്ങളില്‍ തട്ടത്തിന്റെ മറനീക്കി ആയിഷ നിറഞ്ഞുനില്‍ക്കുന്നു. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് എന്ന സിനിമ ഹിറ്റായതോടെ ഈ മുംബൈക്കാരി മൊഞ്ചത്തിക്കുട്ടിക്ക് പ്രണയാഭ്യര്‍ത്ഥനകളുടെ പെരുമഴയാണ്. അച്ഛനില്‍ നിന്ന് പൈതൃകമായി കിട്ടിയ കലാപാരമ്പര്യം മലയാളികള്‍ അറിഞ്ഞത് തട്ടത്തിന്‍ മറയത്തിെല തലശ്ശേരിക്കാരി ആയിഷയായി മാറിയപ്പോഴാണ്. മലയാള അക്ഷരങ്ങളെ സ്‌നേഹിച്ചുതുടങ്ങിയ ഇഷ തല്‍വാറിന്റെ വിശേഷങ്ങളിലേക്ക്...

എങ്ങനെയാണ് തട്ടത്തിന്‍ മറയത്തിന്റെ ഭാഗമായത്?

തികച്ചും അപ്രതീക്ഷിതമായിരുന്നു മലയാളത്തിലുള്ള അരങ്ങേറ്റം. തട്ടത്തിന്‍ മറയത്തിനു വേണ്ടി വിനീത് ശ്രീനിവാസന്‍ നായികയെ അന്വേഷിക്കുന്ന സമയത്ത് ക്യാമറാമാന്‍ ജോമോനാണ് എന്റെ കാര്യം വിനീതിനോട് പറയുന്നത്. മലയാളത്തിലുള്ള എന്റെ ആദ്യ പരസ്യചിത്രം ധാത്രിയുടേതായിരുന്നു. അതിന്റെ ക്യാമറ ജോമോനായിരുന്നു.

ആയിഷ എന്ന കഥാപാത്രത്തെ വിനീതില്‍ നിന്ന് അറിഞ്ഞപ്പോള്‍ ഞാനതിന് യോജിക്കുമെന്ന് ജോമോനു തോന്നി. ആയിഷയായി എന്നെ ഉറപ്പിച്ചത് വിനീതാണ്. വിനീത് മനസ്സില്‍ കണ്ട ആയിഷയുടെ രൂപത്തിന് ഞാനുമായുള്ള സാമ്യമാണ് എന്നെ നിങ്ങളുടെ മുന്നിലെത്തിച്ചത്.

ആദ്യമായിട്ടാണോ കേരളത്തില്‍ വരുന്നത്?

കോളജില്‍ എനിക്ക് ധാരാളം മലയാളി സുഹൃത്തുക്കളുണ്ടായിരുന്നു. അവരുടെ വാക്കുകളില്‍ നിറഞ്ഞു നിന്ന കേരളത്തെ അന്നേ ഞാന്‍ സ്‌നേഹിച്ചു തുടങ്ങി. ഗ്രാമീണഭംഗിയും പ്രകൃതിസൗന്ദര്യവും തനതു നാടന്‍ രീതികളും കേരളത്തിലേക്ക് എന്നെ ആകര്‍ഷിച്ചു. അതുകൊണ്ട് അവധിക്കാലത്ത് അവര്‍ക്കൊപ്പം ഇവിടേക്ക് വരാനുള്ള ഒരു അവസരവും ഞാന്‍ കളഞ്ഞിട്ടില്ല.

കേട്ടതിനെക്കാള്‍ മനോഹരമായിട്ടാണ് വന്നുകണ്ടപ്പോള്‍ എനിക്കു തോന്നിയത്. ഇവിടുത്തെ പുഴകളും പച്ചപ്പുമെല്ലാം എനിക്ക് വളരെയിഷ്ടമാണ്. പിന്നെ കരിമീനും. മുംബൈ പോലെയല്ല, വളരെയധികം ശാന്തമാണ് ഇവിടം.

മലയാളവുമായി എന്തെങ്കിലും ബന്ധം?


ഒന്നുമില്ല. ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. എന്റെ സ്‌കൂള്‍ കാലത്ത് ദില്‍ സെ എന്ന സിനിമയിലെ ജിയാ ജലേ എന്ന പാട്ട് കൂട്ടുകാരോടൊപ്പം സ്‌റ്റേജില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനപ്പുറം ഒരു ബന്ധവുമില്ല. ആ പാട്ടിലൂടെ അടുത്തറിഞ്ഞ കേരളത്തെ കാണാനുള്ള അവസരമുണ്ടായത് കോളേജ് കാലഘട്ടത്തിലാണ്. അതിനുശേഷം ധാത്രി ഫെയര്‍നെസ്സ് ക്രീമിന്റെ പരസ്യം ചെയ്യാനുള്ള ഓഫര്‍ വന്നപ്പോള്‍ സ്വീകരിക്കാന്‍ തോന്നിയത് ഞാന്‍പോലുമറിയാതെ എന്നില്‍ വന്നുചേര്‍ന്ന മലയാളിത്തം കൊണ്ടായിരിക്കും.

ഇഷയില്‍നിന്ന് ആയിഷയാവാന്‍ എന്തൊക്കെ ഒരുക്കങ്ങള്‍ നടത്തി?


ഒരു നല്ല നടിയായി അറിയപ്പെടണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. തട്ടത്തിന്‍ മറയത്ത് കരാറായപ്പോള്‍ മുതല്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. ആയിഷയുടെ കഥാപാത്രത്തെ വിനീത് വിശദീകരിച്ചപ്പോള്‍ തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്ന് എനിക്കു തോന്നി. മലയാളിയുടെ മുന്നിലെത്തുന്ന എന്റെ ആദ്യത്തെ കഥാപാത്രം ഫ്‌ളാപ്പാകരുതല്ലോ?

ഏകദേശം ഒരുവര്‍ഷം ഈ സിനിമയ്ക്കുവേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. നാലുമാസത്തെ വോയിസ് ട്രെയിനിംഗ് €ാസില്‍ പോയി. ലിപ് മൂവ്‌മെന്റും സംസാരത്തിന്റെ വേഗവുമൊക്കെ കൃത്യമാക്കാന്‍ വേണ്ടിയായിരുന്നു അത്. ബൃന്ദനായര്‍ എന്ന ടീച്ചറാണ് €ാസെടുത്തത്. കൂടാതെ മലയാളഭാഷ പഠിക്കാനും ചേര്‍ന്നു. കാരണം വാക്കുകളെക്കുറിച്ച് ഗ്രാഹ്യമില്ലെങ്കില്‍ സ്മൂത്തായി സംസാരിക്കാന്‍ സാധിക്കില്ല. മലയാളം പഠിക്കുക അത്രയെളുപ്പമല്ല. തട്ടത്തിന്‍ മറയത്തിന്റെ സ്‌ക്രിപ്റ്റ് വിനീത് എനിക്ക് നേരത്തെതന്നെ അയച്ചുതന്നു. അത് ഹിന്ദിയിലേക്ക് മാറ്റിയെഴുതിയാണ് ഞാന്‍ പഠിച്ചത്. സിനിമ തുടങ്ങാറായപ്പോഴേക്കും ഞാന്‍ ഡയലോഗുകളുടെ അര്‍ത്ഥം കൃത്യമായി പഠിച്ചിരുന്നു. ഇതും നന്നായി ഗുണം ചെയ്തു. ഓരോ സീനും എന്താണ്, ഏതാണ് എന്നു കൃത്യമായി മനസിലാക്കി ചെയ്യാന്‍ സാധിച്ചു.

തട്ടത്തിന്‍ മറയത്ത് ഷൂട്ടിംഗിനെപ്പറ്റി ...?

ഞങ്ങള്‍ ശരിക്കും ഒരു കുടുംബംപോലെയായിരുന്നു. വളരെ എന്‍ജോയ് ചെയ്താണ് സിനിമ ചെയ്തത്. ഭക്ഷണവും, ഒഴിവുസമയവുമെല്ലാം പരമാവധി ആസ്വദിച്ചു. ഒരു വേര്‍തിരിവുമില്ലാതെ ഞാന്‍ വലുതെന്ന തോന്നലില്ലാതെയാണ് എല്ലാവരും പെരുമാറിയത്. വിനീതാണെങ്കിലും വളരെ കൂളാണ്. ഫ്രണ്ട്‌ലിയും. സിനിമയ്ക്കുവേണ്ടി എത്ര വര്‍ക്ക് ചെയ്യാനും ഒരു മടിയുമില്ല. കൂടെ വര്‍ക്കുചെയ്യുന്ന എല്ലാവരുമായും നല്ല കമ്പനിയായിരുന്നു. പിന്നെ അവരൊക്കെ സംസാരിക്കുന്നതുപോലെ മലയാളം സംസാരിക്കാന്‍ പറ്റാത്തതായിരുന്നു ആകെയുള്ള വിഷമം. എപ്പോഴെങ്കിലും ആരെങ്കിലും എന്നെ നോക്കി ചിരിച്ചാല്‍ എന്റെ കുറ്റം പറയുവാണോ എന്ന സംശയം. അതുകൊണ്ട് എല്ലാരുടേയും ഒപ്പമിരുന്ന് മലയാളം സംസാരിക്കാന്‍ ഞാന്‍ ശ്രമിക്കുമായിരുന്നു. കേള്‍ക്കുന്നവര്‍ക്ക് ചിരി വരുമെങ്കിലും എല്ലാവരും സപ്പോര്‍ട്ട് ചെയ്തു.

ബോളിവുഡ് സിനിമയുടെ ഭാഗമാണ് ഇഷയുടെ അച്ഛന്‍ വിനോദ് തല്‍വാര്‍. എന്നിട്ടും എന്‍ട്രി മലയാള സിനിമയില്‍?


മുപ്പതു വര്‍ഷമായി അച്ഛന്‍ നിര്‍മ്മാതാവും സംവിധായകനുമായി ബോളിവുഡില്‍ ഉണ്ട്. നേരത്തെ പല ഓഫറുകളും വന്നിരുന്നു. പക്ഷേ അതിലൊന്നും എന്റെ കഥാപാത്രത്തിനു ഒരു പ്രാധാന്യവും തോന്നിയില്ല. ഏതെങ്കിലും ഒരു റോള്‍ ചെയ്ത് സിനിമയിലെത്താനല്ല, എല്ലാവരുടെയും മനസില്‍ പതിയുന്ന മികച്ചൊരു കഥാപാത്രമായി സിനിമയിലെത്തണം എന്നാണ് ആഗ്രഹിച്ചത്. അതിനവസരം വന്നത് മലയാളത്തില്‍ നിന്നായിരുന്നു. തട്ടത്തിന്‍ മറയത്തിന്റെ കഥ കേട്ടപ്പോള്‍ത്തന്നെ എനിക്കിഷ്ടപ്പെട്ടു. മാത്രമല്ല സിനിമയില്‍ സജീവമാകണം എന്ന് തീരുമാനിച്ചിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ. മലയാള സിനിമ അത്ര മോശമൊന്നുമല്ലല്ലോ. എത്രയോ നല്ല ചിത്രങ്ങളുണ്ട് മലയാളത്തില്‍. എന്റെ കൂട്ടുകാര്‍ പറയുന്നതു കേട്ട് അവരോടൊപ്പമിരുന്ന് ഞാനും കണ്ടിട്ടുണ്ട്.

ഷാഹിദ് കപൂര്‍, ജോണ്‍ ഏബ്രഹാം തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പരസ്യങ്ങള്‍ ചെയ്തിരുന്നല്ലോ?


ഉവ്വ്. ജോണ്‍ എബ്രഹാമിന്റെ ഒപ്പം വി.ഐ.പി. സ്‌കൈബാഗിന്റെ പരസ്യവും ഷാഹിദ് കപൂറിന്റെയും ബൊമാന്‍ ഇറാനിയുടെയും കൂടെ ഡ്യൂലക്‌സ് പെയിന്റിന്റെ പരസ്യവുമാണ് ചെയ്തത്. കൂടാതെ സ്റ്റാര്‍ പ്ലസിലെ 'ജസ്റ്റ് ഡാന്‍സ്' പ്രോഗ്രാമിന്റെ പ്രൊമോഷനുവേണ്ടി ഹൃഥിക്‌റോഷന്റെയൊപ്പം ഒരു മ്യൂസിക് വീഡിയോയും ചെയ്തു. നല്ലൊരു ഡാന്‍സറാണ് ഹൃഥിക്. ഇവര്‍ക്കാര്‍ക്കും വലിയ താരങ്ങളാണെന്ന ഭാവമില്ല. വളരെ ഫ്രണ്ട്‌ലിയാണവര്‍.

കോളജ് പഠനം...?

മുംബൈ സെന്റ് സേവ്യഴ്സ് കോളജിലാണ് പഠിച്ചത്. ഇക്കണോമിക്‌സിലാണ് ഞാന്‍ ബിരുദമെടുത്തത്. ലോകത്തെല്ലായിടത്തുനിന്നുമുള്ള കുട്ടികള്‍ അവിടെ പഠിക്കാനുണ്ട്. അതുകൊണ്ട് ഒരു മിക്‌സഡ് കള്‍ച്ചര്‍ ആ കോളേജില്‍ ഉള്ളതായി തോന്നും. വിവിധ ദേശത്തില്‍ നിന്നു വന്നവരായതിനാല്‍ എന്നും എന്തെങ്കിലും ആഘോഷങ്ങളുണ്ടാവും.

ഡാന്‍സും ഫാഷന്‍ ഷോയുമായി അന്നേ ആക്ടീവായിരുന്നു. കോളജ് കാലം എനിക്ക് ധാരാളം സുഹൃത്തുക്കളെ സമ്മാനിച്ചിട്ടുണ്ട്. ഏറ്റവും വലിയ സമ്പാദ്യവും സുഹൃത്തുക്കളാണ്. ഡിഗ്രി കഴിഞ്ഞ് ഡാന്‍സ് സ്‌കൂളും മോഡലിങ്ങുമൊക്കെയായി എന്റെ ലോകം.

അഭിനയമാണോ മോഡലിങ്ങാണോ കൂടുതല്‍ ഇഷ്ടം?

അഭിനയമാണ്. ഒട്ടും ആലോചിക്കാതെതന്നെ ഞാന്‍ ആ മറുപടി പറയും. എല്ലാവരും അറിയുന്ന മികച്ചൊരു നടിയാകണമെന്ന എന്റെ ആഗ്രഹമാണ് എന്നെ ഇത്രയുംനാള്‍ നല്ലൊരു റോളിനുവേണ്ടി കാത്തിരിക്കാന്‍ പ്രേരിപ്പിച്ചത്. ആ കാത്തിരിപ്പ് വെറുതെയായില്ല എന്ന് തട്ടത്തിന്‍ മറയത്ത് പുറത്തിറങ്ങിയപ്പോള്‍ എനിക്ക് മനസിലായി.

ഇപ്പോള്‍ എനിക്ക് ഇവിടെനിന്ന് ധാരാളം സ്‌നേഹവും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. യുവാക്കളും യുവതികളുമാണ് എന്റെ ഏറ്റവും വലിയ ആരാധകര്‍. പലരും പറയുന്നത് തട്ടം ഇപ്പോള്‍ അവര്‍ക്കൊരു വീക്ക്‌നെസ്സാണെന്നാണ്. തട്ടത്തിന് ഇത്രയും സൗന്ദര്യമുണ്ടെന്ന് ഇപ്പോഴാണത്രേ മനസിലായത്.

ാമര്‍ ലോകത്ത് പരിചയസമ്പന്നയായ ഇഷയ്ക്ക് പുതുതലമുറയോട് പറയാനുള്ളത് ?


ജനിച്ച കാലം മുതല്‍ സിനിമയെന്ന ലോകം അറിഞ്ഞും കേട്ടും കണ്ടുമാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ടാവാം മോശമായ അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടില്ല. പിന്നെ ഓരോരുത്തരും എടുക്കുന്ന നിലപാടുകളാണ് പ്രശ്‌നങ്ങള്‍. പൊതുവേ ഈ മേഖലയെപ്പറ്റി മോശമായ അഭിപ്രായം നിലനില്‍ക്കുമ്പോള്‍ മുന്നോട്ടുള്ള ഓരോ ചുവടും വയ്ക്കുമ്പോള്‍ ശ്രദ്ധിക്കണം.

മോഡലിംഗും സിനിമയും ഒരു സാധാരണ ജോലിപോലെ തോന്നിത്തുടങ്ങിയാല്‍ കുഴപ്പമില്ല. പിന്നെ എന്തെങ്കിലും ത്യജിച്ചാല്‍ മാത്രമേ ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നത് തെറ്റിദ്ധാരണയാണ്. കഴിവും ആത്മവിശ്വാസവും ദൈവാധീനവും കൂടെയുണ്ടെങ്കില്‍ വിജയം ഉറപ്പാണ്.

മോഡല്‍, അഭിനേത്രി എന്നതിലുപരി നര്‍ത്തകിയല്ലേ?

തീര്‍ച്ചയായും. ചെറുപ്പം മുതല്‍ ഞാന്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. ഡാന്‍സിനോട് എനിക്ക് വല്ലാത്തൊരിഷ്ടമാണ്. മോഡലിംഗും അഭിനയവും തുടങ്ങും മുന്‍പേ നൃത്തം എന്നില്‍ വന്നു ചേര്‍ന്നതാവാം കാരണം. ഓരോ തവണ ഡാന്‍സ് ചെയ്യുമ്പോഴും വല്ലാത്തൊരു എനര്‍ജി വന്നുചേരാറുണ്ട്. ഒരുപക്ഷേ എന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നതും നൃത്തം കൂടെയുള്ളതുകൊണ്ടായിരിക്കാം. വിഖ്യാതനായ നര്‍ത്തകന്‍ ടെറന്‍സിന്റെ ടെറന്‍സ് ലൂയിസ് കണ്ടംപററി ഡാന്‍സ് കമ്പനിയിലെ ഡാന്‍സറാണ് ഞാന്‍. ഒപ്പം ടെറന്‍സ് ലൂയിസ് അക്കാദമിയിലെ കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നുമുണ്ട്. ധാരാളം പ്രോഗ്രാമുകള്‍ ചെയ്യാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. പ്രശസ്ത കൊറിയോഗ്രാഫര്‍ ഡെവിനൊപ്പം കുറച്ചുനാള്‍ വര്‍ക്ക് ചെയ്തിരുന്നു. കുറച്ചുകാലമായി കഥക്കും പഠിക്കുന്നു. പരസ്യത്തിലേക്കും മോഡലിങ്ങിലേക്കുമെല്ലാം എനിക്കവസരം ലഭിച്ചത് നൃത്തം വഴിയാണ്. ബോഡി സ്ട്രക്ച്ചര്‍ നിലനിര്‍ത്താന്‍ നൃത്തത്തോളം നല്ലൊരു വ്യായാമം വേറെയില്ല.

ആയിഷ എന്ന മൊഞ്ചത്തിക്കുട്ടി യുവാക്കളെ ഉറക്കംകെടുത്തിയിരിക്കുകയാണ്. എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം?


അങ്ങനെ പ്രത്യേകിച്ച് രഹസ്യങ്ങളൊന്നുമില്ല. എല്ലാ ദിവസവും തന്നെ വര്‍ക്കൗട്ട് ചെയ്യാറുണ്ട്. പിന്നെ നൃത്തം, നല്ലൊരു വ്യായാമമല്ലേ. സൗന്ദര്യം എനിക്ക് പാരമ്പര്യമായി കിട്ടിയതാണ്. അമ്മയും അമ്മൂമ്മയുമൊക്കെ സുന്ദരിമാരാണ്. സൗന്ദര്യം കൂട്ടാനായി പ്രത്യേക ട്രീറ്റ്‌മെന്റുകളൊന്നും ചെയ്യാറില്ല. ധാരാളം വെള്ളം കുടിക്കുക. മനസ് ശാന്തമാക്കി വയ്ക്കുക.

പുതിയ ഓഫറുകള്‍..?


ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ട്. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. ഒന്നും തീരുമാനിച്ചിട്ടില്ല. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ സ്വീകരിക്കും. നല്ലൊരു നടിയെന്ന നിലയില്‍ അറിയപ്പെടാനാണ് ആഗ്രഹം.

കോളജിന്റെ ഇടനാഴിയില്‍ നിന്ന് ഇഷയോട് യാത്ര പറഞ്ഞ് പടികളിറങ്ങുമ്പോള്‍ പുറത്തെ ചാറ്റല്‍മഴയ്‌ക്കൊപ്പം അറിയാതെ ആ പാട്ടിന്റെ വരികള്‍ ചുണ്ടില്‍ തത്തിക്കളിക്കുന്നുണ്ടായിരുന്നു.

'' ഉലയുന്നുണ്ടെന്‍ നെഞ്ചകം അവളീ മണ്ണിന്‍ വിസ്മയം ഇനിയെന്റെ മാത്രം എന്റെ മാത്രം....''


Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment