തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളെയും ബന്ധിപ്പിച്ച് കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും സംബന്ധിച്ച എല്ലാ വിവരങ്ങളും കൈമാറുന്ന സംവിധാനം ഒരു വര്‍ഷത്തിനുള്ളില്‍ നിലവില്‍ വരും. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ ഇ-ഗവേണന്‍സിന്റെ ഭാഗമായി 2000 കോടി ചെലവിട്ട് രാജ്യവ്യാപകമായി നടപ്പാക്കുന്ന സംവിധാനത്തിന്റെ ഭാഗമായാണ് ഇത്. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് സിസ്‌റ്റം(സി.സി.ടി.എന്‍.എസ്) എന്നറിയപ്പെടുന്ന പദ്ധതിയുടെ പ്രവര്‍ത്തനത്തിന് സംസ്‌ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ രൂപം നല്‍കി. രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളും തമ്മില്‍ കുറ്റവാളികളുടെ വിവരങ്ങള്‍ കൈമാറാമെന്നതാണ് മുഖ്യ സവിശേഷത. കുറ്റവാളിയെക്കുറിച്ച് പുതിയ സംവിധാനത്തില്‍ രേഖപ്പെടുത്തുന്നതോടെ അയാളെക്കുറിച്ചുളള മുഴുവന്‍ വിവരവും അന്വേഷണ ഉദ്യോഗസ്‌ഥനു ലഭ്യമാകും. രാജ്യത്ത് എവിടെയെങ്കിലും സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ വിവരവും ലഭിക്കും. കുറ്റവാളിയുടെ പേര്, ഫോട്ടോ, മേല്‍വിലാസം, വിരലടയാളം തുടങ്ങിയവ ഇതില്‍ ഉള്‍ക്കൊള്ളിക്കും. ദേശീയതലത്തില്‍ ഇതിനായി സോഫ്‌റ്റ് വെയര്‍ തയാറായിക്കഴിഞ്ഞു. കേരളത്തില്‍ ഇടുക്കി ജില്ലയിലെ കട്ടപ്പന, എറണാകുളം നോര്‍ത്ത്, തിരുവനന്തപുരത്തെ പാറശാല എന്നീ സ്‌റ്റേഷനുകളിലാണ് പൈലറ്റ് പ്രോജക്‌ട് നടപ്പിലാക്കുന്നത്. തിരുവനന്തപുരം റൂറല്‍ ഡി.സി.ആര്‍.ബി, സ്‌റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോ എന്നിവിടങ്ങളിലും പദ്ധതി പരീക്ഷണാടിസ്‌ഥാനത്തില്‍ നടപ്പിലാക്കും. ഒരു വര്‍ഷത്തിനകം ഹാര്‍ഡ്‌വെയര്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും വിതരണം ചെയ്യും. വിവരശേഖരണത്തിനുളള സംവിധാനം കേരളപോലീസിന്റെ കമ്പ്യൂട്ടര്‍ സെന്ററില്‍ ആരംഭിച്ചു. സംസ്‌ഥാനത്ത് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിനാണ് സോഫ്‌റ്റ് വെയര്‍ തയാറാക്കുന്നതിന്റെ ചുമതല. പ്രാരംഭ പ്രവര്‍ത്തനത്തിനു 43 കോടി രൂപ അനുവദിച്ചു. |