Saturday 8 September 2012

[www.keralites.net] എമെര്‍ജിംഗ്‌ കേരള, വികസനത്തിന്റെ സ്വപ്‌നങ്ങള്‍

 

നിക്ഷേപ ഭീകരതയും പരിസ്‌ഥിതിപ്രശ്‌നങ്ങളും

 

മുതലാളിത്തത്തിന്റെ ആര്‍ത്തിയും ധൂര്‍ത്തും ലോകമൊട്ടുക്കും ആവാസവ്യവസ്‌ഥകളെ തകിടംമറിക്കുമ്പോള്‍ മുതലാളിത്ത മൂലധനത്തിന്റെ വ്യാപാരതാല്‍പര്യങ്ങളെയാണു നമ്മള്‍ വികസനമായി തെറ്റിദ്ധരിക്കുന്നത്‌. സുസ്‌ഥിരവികസനത്തിനു പകരമായി ഭാവിയിലേക്കു കരുതിവയ്‌ക്കേണ്ട പ്രകൃതിവിഭവങ്ങളെയൊക്കെ കോര്‍പറേറ്റുകളുടെ ലാഭക്കൊതിക്കുവേണ്ടി കൊള്ളയടിച്ചുതീര്‍ക്കുന്നത്‌ ഒത്തിരി അസന്തുലിതാവസ്‌ഥകള്‍ സൃഷ്‌ടിക്കും.

എമെര്‍ജിംഗ്‌ കേരള വികസനത്തിന്റെ സ്വപ്‌നങ്ങള്‍ പങ്കുവയ്‌ക്കുന്നുവെങ്കിലും ഭാവി കേരളത്തേക്കുറിച്ച്‌ അത്രത്തോളം ആശങ്കയും പടര്‍ത്തുന്നുണ്ട്‌. വികസനമെന്നതു കുറച്ചുകാലമായിട്ടെങ്കിലും പാവപ്പെട്ട മനുഷ്യര്‍ക്കു പേടിപ്പെടുത്തുന്ന രാക്കിനാവാണ്‌. പദ്ധതിപ്രദേശത്തുനിന്നു കുടിയിറക്കപ്പെട്ടവരൊക്കെ അരക്ഷിതാവസ്‌ഥയെ നേരിടുകയാണ്‌. അതുകൊണ്ടാണു ജനങ്ങള്‍ മുതലാളിത്ത വികസനരീതികളെ ചെറുക്കാന്‍ ജനകീയ സമരമുഖങ്ങളില്‍ അണിനിരക്കുന്നത്‌. മുഖ്യധാരാ രാഷ്‌ട്രീയപാര്‍ട്ടികള്‍ നിരന്തരമായി ഒറ്റിക്കൊടുത്തിട്ടും ജനകീയസമരങ്ങള്‍ വലിയ സമരനായകരുടെ സാന്നിധ്യമില്ലാതെ മുന്നോട്ടുപോകുന്നു. വിളപ്പില്‍ശാലയിലൊക്കെ നാം കണ്ടത്‌ അത്തരം സുധീരമായ ചെറുത്തുനില്‍പ്പാണ്‌.

ഇത്തരം സമരമുഖങ്ങളില്‍നിന്നാണു ഭാവികേരളത്തിന്റെ രാഷ്‌ട്രീയവും രാഷ്‌ട്രീയപ്രസ്‌ഥാനങ്ങളും രൂപപ്പെടേണ്ടത്‌. വലതുപക്ഷപാര്‍ട്ടികളില്‍പോലും ആശാവഹമായ സന്ദേഹങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്‌. വി.എം. സുധീരനും ഹരിത രാഷ്‌ട്രീയവക്‌താക്കളായ യു.ഡി.എഫ്‌. എം.എല്‍.എമാരും സര്‍ക്കാരിന്റെ വികസനകാഴ്‌ചപ്പാടുകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതു വികസനവിരോധികളായതുകൊണ്ടല്ല. വികസനങ്ങള്‍ക്കു പാരിസ്‌ഥിതികമായ നിര്‍വചനങ്ങള്‍ ഇനിമേല്‍ അനിവാര്യമാണെന്നതുകൊണ്ടാണ്‌. വികസനമെന്നതുതന്നെ പുനര്‍നിര്‍വചിക്കേണ്ടിവരും.

മുതലാളിത്തത്തിന്റെ ആര്‍ത്തിയും ധൂര്‍ത്തും ലോകമൊട്ടുക്കും ആവാസവ്യവസ്‌ഥകളെ തകിടംമറിക്കുമ്പോള്‍ മുതലാളിത്ത മൂലധനത്തിന്റെ വ്യാപാരതാല്‍പര്യങ്ങളെയാണു നമ്മള്‍ വികസനമായി തെറ്റിദ്ധരിക്കുന്നത്‌. നൈതിക ജാഗ്രതയോ പാരിസ്‌ഥിതികമായ വിവേകമോ പ്രകടിപ്പിക്കാത്ത കോര്‍പറേറ്റുകളുടെ അക്രമാസക്‌തമായ വളര്‍ച്ചയെ ജനാധിപത്യഭരണകൂടങ്ങള്‍ പിന്തുണയ്‌ക്കുന്നതു ഭാവിതലമുറയോടു കാണിക്കുന്ന മാപ്പര്‍ഹിക്കാത്ത തെറ്റാണ്‌. സുസ്‌ഥിരവികസനത്തിനു പകരമായി ഭാവിയിലേക്കു കരുതിവയ്‌ക്കേണ്ട പ്രകൃതിവിഭവങ്ങളെയൊക്കെ കോര്‍പറേറ്റുകളുടെ ലാഭക്കൊതിക്കുവേണ്ടി കൊള്ളയടിച്ചുതീര്‍ക്കുന്നത്‌ ഒത്തിരി അസന്തുലിതാവസ്‌ഥകള്‍ സൃഷ്‌ടിക്കും. ചെറിയ മുതല്‍മുടക്കിനു പകരമായി കോര്‍പറേറ്റുകള്‍ക്കു ലഭ്യമാകുന്നത്‌ അളവറ്റ പ്രകൃതിവിഭവങ്ങള്‍ക്കുമേലുള്ള സ്വതന്ത്രമായ വിനിമയാവകാശമാണ്‌. മാംഗനീസ്‌- ഇരുമ്പയിരുകള്‍, ബോക്‌സൈറ്റ,്‌ കല്‍ക്കരി ഇവയുമായൊക്കെ ബന്ധപ്പെട്ടു കിടക്കുന്നതാണ്‌ കോര്‍പറേറ്റ്‌ ചൂഷണം. ഭരണകൂടങ്ങള്‍ വന്‍ അഴിമതികളുടെ നിഴലില്‍ അകപ്പെട്ടുപോകുന്നതും കോര്‍പറേറ്റുകള്‍ക്കു പ്രകൃതിവിഭവങ്ങള്‍ തീറെഴുതിക്കൊടുക്കുന്നതിന്റെ പേരിലാണ്‌. മുതലാളിമാരാണു ജനങ്ങള്‍ക്കു ക്ഷേമം കൊണ്ടുവരുന്നതെന്നു കമ്യൂണിസ്‌റ്റ്പാര്‍ട്ടികള്‍പോലും വിശ്വസിച്ചത്‌ സിംഗൂര്‍, നന്ദിഗ്രാം വിഷയങ്ങളില്‍ നമ്മള്‍ കണ്ടതുമാണ്‌.

പടിഞ്ഞാറന്‍ ഡക്കാനിലെ സാന്തൂര്‍, കൊപ്പാല്‍, ബെല്ലാരി മേഖലയിലെ ഇരുമ്പയിരിന്റെ ഖനനവുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന അഴിമതിയാണു പുറത്തുവന്നത്‌. തുച്‌ഛമായ തുക സര്‍ക്കാരിലേക്കു കെട്ടിവച്ചുകൊണ്ടാണ്‌ കോടാനുകോടി രൂപയുടെ ഇരുമ്പ്‌- മാംഗനീസ്‌ അയിരിന്റെ ഖനനാവകാശം സ്വകാര്യവ്യക്‌തികള്‍ക്കു ലഭ്യമായത്‌. ഇരുമ്പയിരിന്‌ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിലുള്ള വിലയും സര്‍ക്കാരിനു ലഭിക്കുന്ന തുകയും തമ്മില്‍ ഉറുമ്പിന്റെയും ആനയുടെയും അന്തരമുണ്ട്‌. പാട്ടത്തുക വര്‍ഷാവര്‍ഷം പുതുക്കി നിശ്‌ചയിക്കേണ്ടതാണ്‌. പക്ഷേ, സര്‍ക്കാരും ഉദ്യോഗസ്‌ഥന്‍മാരും മാഫിയകളും ചേര്‍ന്നു ചൂഷണവ്യവസ്‌ഥ ജനതയ്‌ക്ക് അവകാശപ്പെട്ട ഖനിജസമ്പത്താണു കൊള്ളയടിച്ചത്‌. അവിടങ്ങളില്‍ പാവപ്പെട്ട ആദിവാസിഗോത്രസമൂഹം ഗുരുതരമായ പാര്‍ശ്വവല്‍ക്കരണത്തെയാണു നേരിട്ടത്‌. കുന്നുകള്‍ കീറിമുറിക്കപ്പെട്ടു. ശുദ്ധജലസ്രോതസുകള്‍ മലിനമാക്കപ്പെട്ടു. കൃഷി താറുമാറായി. ഒടുവില്‍ ഖനനം നിര്‍ത്തിവയ്‌ക്കാന്‍ കോടതിക്കു നേരിട്ട്‌ ഇടപെടേണ്ട സാഹചര്യവുമുണ്ടായി.

ഖനിജപദാര്‍ഥങ്ങളുടെ യഥാര്‍ഥ അവകാശി ആരെന്നതാണു കാതലായ പ്രശ്‌നം. പരിസ്‌ഥിതി പ്രത്യാഘാതങ്ങളില്ലാതെ ഖനനം നടക്കണം. രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കും വികസനത്തിനും അത്‌ ആവശ്യമാണ്‌. കോര്‍പറേറ്റുകള്‍ക്ക്‌ അളവറ്റ ലാഭമുണ്ടാവുകയും പ്രകൃതിവിഭവങ്ങളുടെ യഥാര്‍ഥ അവകാശികളായ ജനത അരക്ഷിതരാവുകയും ചെയ്യുന്നതാണു പ്രശ്‌നം.

കേരളത്തിന്റെ പ്രശ്‌നം വിഭിന്നമാണ്‌. വന്‍വ്യവസായങ്ങള്‍ സ്‌ഥാപിക്കുക വളരെ പ്രയാസമാണിവിടെ. ഭൂമിയുടെ ലഭ്യതക്കുറവും വന്‍ ജനസാന്ദ്രതയും കേരളീയവികസനത്തിനു പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ജനങ്ങളെ കുടിയിറക്കാതെ എക്‌സ്പ്രസ്‌ വേ, റെയില്‍ കോറിഡോര്‍, വന്‍തോതില്‍ ഭൂമിയും മൂലധനനിക്ഷേപവും ആവശ്യപ്പെടുന്ന വ്യവസായസ്‌ഥാപനങ്ങള്‍ എന്നിവ സാധ്യമല്ല. ഓരോ സ്‌പൂണ്‍ ഭൂമിക്കും വിലയുള്ള സംസ്‌ഥാനമാണു കേരളം.

അതിസുന്ദരിയായ പെണ്‍കുട്ടിക്കു ചുറ്റും പെണ്‍വാണിഭസംഘം വലയുമായി ചുറ്റിനടക്കുന്നതുപോലെയാണ്‌ കേരളത്തിലങ്ങോളമിങ്ങോളം ഭൂമിമാഫിയകള്‍ പറന്നുനടക്കുന്നത്‌. കേരളത്തിലെ സ്വാഭാവികമായ ഹരിതഭംഗികളെ അവര്‍ തകിടംമറിക്കുന്നു. കുന്നുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും അതിവേഗത്തില്‍ അപ്രത്യക്ഷമാവുന്നു. നിയമത്തിന്റെ പഴുതുകള്‍ സൃഷ്‌ടിച്ച്‌ കന്യാവനങ്ങള്‍പോലും വില്‍പനയ്‌ക്കു വയ്‌ക്കുന്നു. ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുന്ന സഹ്യപര്‍വതത്തിന്റെ ജൈവഭംഗികളൊക്കെ ഭൂമാഫിയകള്‍ മായ്‌ച്ചുകളയുന്നു തോട്ടങ്ങളുടെ പേരില്‍. വന്‍തോതിലാണു സഹ്യപര്‍വതത്തില്‍ സ്വാഭാവിക ജൈവവൈവിധ്യം അപ്രത്യക്ഷമാവുന്നത്‌. ഒരുതരത്തിലും നിര്‍മാണം നടക്കാന്‍ പാടില്ലാത്ത പരിസര ദുര്‍ബലപ്രദേശങ്ങളിലാണു ഭാരമേറിയ കോണ്‍ക്രീറ്റ്‌ കാടുകള്‍ ഉയരുന്നത്‌.

കേരളത്തെ ഭൂമാഫിയകളില്‍നിന്നു രക്ഷിക്കേണ്ടതിനു പകരം എമെര്‍ജിംഗ്‌ കേരളയുടെ പേരില്‍ ഭൂമാഫിയകളുടെ വിളയാട്ടത്തിനു പശ്‌ചാത്തലസൗകര്യം ഒരുക്കുന്നത്‌ ആശങ്കാജനകമാണ്‌. ഭൂമി കൈവശപ്പെടുത്താനുള്ള ഉപാധിമാത്രമായി വ്യവസായസംരംഭങ്ങള്‍ കടന്നുവരുമ്പോള്‍ സൂക്ഷിക്കുകതന്നെ വേണം. ടൂറിസത്തിന്റെ പേരിലാണ്‌ സഹ്യപര്‍വതത്തിലും തീരദേശങ്ങളിലും ഭൂമാഫിയകള്‍ വിളയാടുന്നത്‌. കടലോരത്ത്‌ ഒരു റിസോര്‍ട്ട്‌ പണിയുമ്പോള്‍ കടല്‍കാറ്റിനെയും കടല്‍ത്തിരകളെയും കടല്‍ഭംഗികളെയും അറിയാനാണു വിനോദസഞ്ചാരികള്‍ വരുന്നത്‌. കടല്‍സ്‌നാനം മുഖ്യ ആകര്‍ഷണവുമാണ്‌. ഇതെല്ലാം മൂലധനത്തിന്റെ ഭാഗംതന്നെയാണ്‌. കടല്‍ വ്യക്‌തിയുടേയുമല്ല. കടല്‍തീരങ്ങളെല്ലാം പൊതുസമ്പത്താണ്‌. തീരദേശനിയമങ്ങളൊന്നും പാലിക്കാതെ റിസോര്‍ട്ടുകള്‍ ഉയരുമ്പോള്‍ യഥാര്‍ഥത്തില്‍ രാജ്യത്തിന്റെ സമ്പത്താണു വ്യക്‌തികള്‍ കൈയടക്കുന്നത്‌. എന്തു വികസനത്തിന്റെ പേരിലായാലും മാഫിയാവല്‍ക്കരണത്തെ ചെറുത്തേ പറ്റൂ.

സഹ്യപര്‍വതത്തിലെ സ്വകാര്യ റിസോര്‍ട്ടുകളുടെ സ്‌ഥിതിയും അതുതന്നെ. കെട്ടിടങ്ങള്‍ മാത്രമല്ല അവിടെയും മൂലധനം. വനഭംഗികളും ജലപാതങ്ങളും അരുവികളും പറവകളും തുമ്പികളും പൂമ്പാറ്റകളും കുറിഞ്ഞിപ്പൂക്കളും ഒക്കെച്ചേര്‍ന്നതാണു സഹ്യപര്‍വതത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ നിക്ഷേപം. കെട്ടിടത്തില്‍ പാര്‍ക്കാനല്ല ആളുകള്‍ വരുന്നത്‌. പ്രകൃതിയുടെ അപാര സൗന്ദര്യം നല്‍കുന്ന വിശ്രാന്തി അനുഭവിക്കാനാണ്‌. അതിരപ്പള്ളി ജലപാതത്തിന്റെ സൗന്ദര്യം തേടി സഞ്ചാരികള്‍ വരുമ്പോള്‍ സ്വകാര്യറിസോര്‍ട്ടുകള്‍ വിപണനം നടത്തുന്നതു പ്രകൃതിസൗന്ദര്യത്തെയാണ്‌ എന്നോര്‍ക്കണം.

ആ പ്രകൃതിസൗന്ദര്യമാവട്ടെ സ്വകാര്യവ്യക്‌തികളുടേതല്ല. ജനതയുടേതാണ്‌. അതിനാല്‍ വിനോദസഞ്ചാരത്തിന്റെ പേരില്‍ വനത്തിന്റെയും സമുദ്രത്തിന്റെയും ജലപാതങ്ങളുടെയും കായലിന്റെയും നദീതടത്തിന്റെയും നേര്‍ക്കുള്ള കൈയേറ്റങ്ങള്‍ തടയണം. നമുക്കു കൈവന്ന സൗഭാഗ്യങ്ങളൊക്കെയും അടുത്ത തലമുറയ്‌ക്കുകൂടി അവകാശപ്പെട്ടതാണ്‌. കരുതലോടെ നമുക്കതു കൈമാറാന്‍ സാധിക്കണം.

എമെര്‍ജിംഗ്‌ കേരളയുടെ നേര്‍ക്ക്‌ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ ഈയൊരു തലത്തിലാണു കാണേണ്ടത്‌. അല്ലാതെ വികസനവിരോധമായൊന്നും ഈ സന്ദേഹങ്ങളെ ചിത്രീകരിക്കാന്‍ പാടില്ല. വികസനമന്ത്രങ്ങളേക്കാള്‍ പരിപാവനമാണു പ്രകൃതി നമുക്കു സമ്മാനിച്ച സൗഭാഗ്യങ്ങളുടെ കരുതിവപ്പുകള്‍. വികസനവും കരുതലുമെന്നത്‌ ഈ സര്‍ക്കാരിന്റെ മുദ്രാവാക്യമാണല്ലോ. ഇത്‌ ആത്മാര്‍ഥതയോടെയാണെങ്കില്‍ പാരിസ്‌ഥിതിക ജാഗ്രതയോടു കൂടിയ വികസനമേ ഇനി മുതല്‍ കേരളത്തില്‍ സംഭവിക്കാന്‍ പാടുള്ളൂ. മറിച്ചാണെങ്കില്‍ അതു വികസനമാവില്ല വിനാശമേ ആവൂ. പൊതുവേ നമ്മള്‍ തീവ്രവാദം, ഭീകരവാദം എന്നൊക്കെ വിലയിരുത്തുന്നതു തോക്കിനും ബോംബിനും കൊലക്കത്തിക്കും മനുഷ്യര്‍ ഇരയാവുന്നതിന്റെ കണക്കെടുത്താണ്‌.

ഇതു മനുഷ്യകേന്ദ്രീകൃതമായ നിലപാടാണ്‌. ഭൂമിയാകട്ടെ മനുഷ്യന്റേതു മാത്രമല്ല. മനുഷ്യകേന്ദ്രീകൃതമായ ദര്‍ശനപദ്ധതികളെ ഇനി മുതല്‍ അശ്ലീലമായി കാണണം. കുന്നിടിക്കുന്നതും വയല്‍ നികത്തുന്നതും തണ്ണീര്‍ത്തടങ്ങള്‍ തീര്‍ക്കുന്നതും ഭീകരവാദത്തിന്റെ പട്ടികയില്‍പെടുത്തണം. എത്രയോ ചെറുജീവികളുടെയും സസ്യജാലങ്ങളുടെയും ജീവിക്കാനുള്ള അവകാശമാണു ചോദ്യംചെയ്യപ്പെടുന്നത്‌. അനിവാര്യമായ ഘട്ടങ്ങളില്‍ നിയമത്തിന്റെ പിന്‍ബലത്തില്‍ ചെറിയതോതില്‍ ഇതൊക്കെ അനിവാര്യമായി വരും.

വ്യാപകമായ പ്രകൃതിനാശത്തിന്‌ അതു മറയായിത്തീരരുത്‌. നിക്ഷേപങ്ങളൊക്കെ ജനപദങ്ങളില്‍ ബോംബുപോലെ വന്നുവീഴുന്ന സാഹചര്യമാണ്‌ ഇന്നുള്ളത്‌. പരിസ്‌ഥിതിസ്‌നേഹികളുടെ ആശങ്കകളെ ഇടതു- വലതുപാര്‍ട്ടികള്‍ ഒരുപോലെ തള്ളിക്കളയുകയാണ്‌.

എമെര്‍ജിംഗ്‌ കേരളയ്‌ക്കെതിരേ ഇടതുപക്ഷത്തുനിന്ന്‌ ഉയരുന്ന വിമര്‍ശനങ്ങളെയും പൊതുസമൂഹം കാര്യമായിയെടുക്കേണ്ടതില്ല. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ സര്‍ഗാത്മകമായി നിര്‍വചിക്കുന്നതില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടികളും വന്‍പരാജയമാണ്‌.

മനുഷ്യകേന്ദ്രീകൃതമായ അശ്ലീലംതന്നെയാണ്‌ അവരുടെയും നിലപാടുകള്‍. വി.എസിന്റെ നിലപാടുകളും പ്രതിപക്ഷത്തിരിക്കുമ്പോഴുള്ള ശൃഗാലതന്ത്രം മാത്രമാണ്‌. അദ്ദേഹത്തിന്റെ ഭരണകാലത്തും നെല്ലിയാമ്പതി മലകള്‍ ഭൂമിയിലുണ്ടായിരുന്നു. മൂന്നാര്‍ ഓപ്പറേഷന്‍ തകര്‍ത്തത്‌ യു.ഡി.എഫ്‌ അല്ല. ചെങ്ങറയില്‍ തോട്ടമുടകള്‍ക്ക്‌ ഒപ്പംനിന്നുകൊണ്ട്‌ ദളിതുകളെ അപമാനിച്ചതു വി.എസാണ്‌. ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന മേപ്പാടി ഭൂസമരത്തെ വാക്കുകൊണ്ടുപോലും അദ്ദേഹം പിന്തുണച്ചിട്ടില്ല.

ഭൂമാഫിയകള്‍ക്ക്‌ എതിരാണ്‌ ഇടതുപക്ഷം എന്നു വിശ്വസിക്കാന്‍ മാത്രം നമ്മള്‍ മണ്ടന്‍മാരാവേണ്ടതുമില്ല. ബി.ഒ.ടി. വിഷയത്തിലും സി.പി.എമ്മിന്റെയും വി.എസിന്റെയും നിലപാടു നമുക്കറിയാം. തെങ്ങിന്‍മണ്ടയിലാണോ വികസനം വരികയെന്ന്‌ ഇടതുവ്യവസായമന്ത്രി ചോദിച്ചതും മറക്കാറായില്ല. കിനാലൂരിലെ ജനങ്ങളെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ പോലീസ്‌ തല്ലിച്ചതച്ചതും വികസനഭീകരതയുടെ പേരിലായിരുന്നു. മറവികളാണു നമ്മുടെ ശാപം.


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment