കിടപ്പിലായവരുടെ പരിചരണം
അല്‌പം സ്‌നേഹത്തോടെ കിടപ്പിലായവരെ പരിചരിച്ചു നോക്കൂ. ജീവിതത്തിലേക്കു തിരിച്ചു നടക്കാനുള്ള ഒരു ശക്‌തിയായിരിക്കും അവര്‍ക്കത്.
ചെറിയ വീഴ്‌ചകള്‍പോലും ആജീവനാന്തം കിടക്കയിലേക്കു തള്ളിവിടുന്ന പ്രായമാണ് വാര്‍ധക്യം. ജീവിതത്തിന്റെ സായാഹ്നകാലം വേദനയും ദുരിതങ്ങളും നിറഞ്ഞ് കിടക്കയില്‍ തള്ളിനീക്കുന്നവര്‍ നിരവധിയാണ്. ജോലിത്തിരക്കുകള്‍ക്കിടയില്‍ നോക്കി വളര്‍ത്തിയ മാതാപിതാക്കളെ പരിചരിക്കാന്‍ സമയമില്ലാത്തവര്‍. ഒരു ഹോം നഴ്‌സിന്റെ തലയില്‍ തങ്ങളുടെ ഉത്തരവാദിത്വം മുഴുവനേല്‍പ്പിച്ച് വിദേശത്തേക്കു മടങ്ങുന്ന മക്കള്‍. മക്കളുടെ പിടിവലികള്‍ക്കിടയില്‍ ശരീരത്തേക്കാള്‍ നുറുങ്ങിയ മനസുമായി കിടക്കയില്‍ തള്ളിനീക്കുന്ന ശിഷ്‌ട ജീവിതം.
കിടപ്പിലായവരുടെ ഈ നൊമ്പരങ്ങളറിയാന്‍ പലരും ശ്രമിക്കാറില്ല. അതുവരെ തൊടിയിലും മുറ്റത്തും അല്‌പനേരംപോലും വിശ്രമമില്ലാതെ ഓടിനടന്നവര്‍ പെട്ടെന്ന് കിടപ്പിലാകുമ്പോള്‍ തളര്‍ന്നു പോയേക്കാം. അവര്‍ക്ക് ഒരു കൈതാങ്ങാകാന്‍ മക്കള്‍ക്കു കഴിയണം. എത്രയോ തിരക്കുകള്‍ മാറ്റിവച്ചിട്ടാണ് ഓരോ മാതാപിതാക്കളും അവരെ വളര്‍ത്തി വലുതാക്കി ഇന്നത്തെ നിലയില്‍ എത്തിച്ചിട്ടുണ്ടാകുക. മക്കളുടെ ചെറിയ വീഴ്‌ചകളില്‍ പോലും പിടഞ്ഞിരുന്ന അവരുടെ മനസുകാണാന്‍ നമുക്കു കഴിഞ്ഞാല്‍ വാര്‍ധക്യം ആര്‍ക്കുമൊരു ബാധ്യതയാകുകയില്ല. അല്‌പം സ്‌നേഹത്തോടെ കിടപ്പിലായവരെ പരിചരിച്ചു നോക്കൂ. ജീവിതത്തിലേക്കു തിരിച്ചു നടക്കാനുള്ള ഒരു ശക്‌തിയായിരിക്കും അവര്‍ക്കത്.
സാക്ഷരതയില്‍ ഒന്നാം സ്‌ഥാനത്തു നില്‍ക്കുന്ന കേരളത്തില്‍ വൃദ്ധജനങ്ങളുടെ സംഖ്യ ആപേക്ഷികമായി കൂടിവരികയാണ്. ഇന്ന് കേരളീയരുടെ ശരാശരി ആയുസ് 75 വയസായി ഉയര്‍ന്നിരിക്കുന്നു. വര്‍ധിച്ചു വരുന്ന വൃദ്ധജനങ്ങളും അവരുടെ പ്രശ്‌നങ്ങളും സമൂഹത്തിനിന്നൊരു വെല്ലുവിളിയാണ്.
ദീര്‍ഘകാലമായി വിവിധരോഗങ്ങളാല്‍ കിടപ്പിലായ നിരവധി വൃദ്ധജനങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ ദൈനംദിന പരിചരണത്തില്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കിടപ്പിലായവര്‍ക്ക് ശരിയായ പരിചരണം ലഭിച്ചില്ലെങ്കില്‍ മറ്റ് പല രോഗങ്ങളും അവരെ പിടികൂടാം. കിടപ്പിലായവര്‍ പ്രമേഹം, രക്‌താതിസമ്മര്‍ദം, വൃക്കരോഗങ്ങള്‍, അര്‍ബുദം, നാഡീവാതരോഗങ്ങള്‍, പക്ഷാഘാതം എന്നിവയ്‌ക്ക് അടിമപ്പെട്ടവരാണെങ്കില്‍ അവരുടെ പരിചരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
വേദന നിറഞ്ഞ ദിനങ്ങള്‍
പെട്ടെന്ന് കിടപ്പിലായതിന്റെ അസ്വസ്‌ഥതയും അതിനൊപ്പം രോഗത്തിന്റെ വേദനയും കൂടിയാകുമ്പോള്‍ ഉറക്കം നഷ്‌ടപ്പെട്ട ദിനരാത്രങ്ങളായിരിക്കും രോഗിയുടേത്. എഴുന്നേറ്റിരിക്കാനോ നില്‍ക്കാനോ കഴിയാതെ വേദനകൊണ്ടു പുളഞ്ഞ് കിടക്കയില്‍ തന്നെ തള്ളിനീക്കുന്ന ദിവസങ്ങള്‍. ഒറ്റപ്പെടുന്നു എന്ന തോന്നലും, നിരാശയും വിഷാദവും ഉത്‌കണ്‌ഠയുമെല്ലാം വേദനയുടെ ആഴം കൂട്ടുന്നു.
മറ്റുള്ളവരെ ശല്യപ്പെടുത്തേണ്ടെന്ന പിടിവാശിയില്‍ അവര്‍ വേദന കടിച്ചമര്‍ത്താന്‍ ശ്രമിക്കും. ഇത് പലപ്പോഴും രോഗിയുടെ വ്യക്‌തിത്വംതന്നെ മാറ്റിക്കളഞ്ഞേക്കാം. അതിനാല്‍ വേദനയുടെ കാരണം മനസിലാക്കി വേദനസംഹാരി കൃത്യസമയത്തു നല്‍കണം. തളര്‍ന്ന ശരീരത്തിന് മരുന്നിനേക്കാള്‍ ആശ്വാസം നല്‍കുന്നത് സ്‌നേഹപൂര്‍ണമായ പരിചരണമായിരിക്കും.
നമ്മുടെ വിഷമങ്ങളും പ്രയാസങ്ങളും അവരുടെ മുമ്പില്‍വച്ച് പ്രകടിപ്പിക്കാതിരിക്കുക. സ്‌നേഹത്തിനും സഹാനുഭൂതിയ്‌ക്കും കൊതിക്കുന്ന ഒരു കൊച്ചുകുഞ്ഞിന്റെ മനസ് പ്രായമായവരിലുണ്ട്. അത് കണ്ടറിഞ്ഞു പെരുമാറാന്‍ മക്കള്‍ക്കു കഴിയണം. സ്‌നേഹത്തോടെയുള്ള ഒരു തലോടല്‍പോലും അവരുടെ വേദനയുടെ ആഴം കുറച്ചേക്കാം.
കിടപ്പിലായവരെ പരിചരിക്കുമ്പോള്‍
ഠ കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന മുറിയില്‍ വേണം രോഗിയെ കിടത്താന്‍.
ഠ ഭക്ഷണപാനീയങ്ങള്‍ കുറേശെയായി ഇടയ്‌ക്കിടെ നല്‍കുക. നിവര്‍ന്നിരിക്കാന്‍ കഴിയുന്നവരാണെങ്കില്‍ ഇരുത്തി ഭക്ഷണം നല്‍കുന്നതാണ് നല്ലത്.
ഠ ഭക്ഷണം കഴിച്ചയുടന്‍ രോഗിയെ കിടത്തരുത്. ഇത് ഗ്യാസ്‌ട്രമ്പിള്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.
ഠ കിടപ്പിലായവര്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന ആഹാരം വേണ്ട അളവില്‍ മാത്രം കൊടുക്കുക.
ഠ അര്‍ബുദംപോലെയുള്ള അസുഖങ്ങളുള്ളവര്‍ക്ക് ഭക്ഷണത്തില്‍ നിയന്ത്രണങ്ങള്‍ വേണ്ട. അവര്‍ക്ക് ഇഷ്‌ടമുള്ള ഭക്ഷണം നല്‍കാവുന്നതാണ്.
കുളി ഒഴിവാക്കരുത്
അതുവരെ ദിനചര്യകളെല്ലാം ചിട്ടയോടെ ചെയ്‌തിരുന്നവര്‍ കിടപ്പിലാകുന്നതോടെ ദേഷ്യവും പിടിവാശിയും കൂടുന്നു. എത്ര നന്നായി നോക്കിയാലും അവര്‍ എന്തെങ്കിലും കുറവുകള്‍ കണ്ടുപിടിക്കും. സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്തതിലുള്ള വീര്‍പ്പുമുട്ടലാണിത്. അത് കണ്ടറിഞ്ഞുവേണം രോഗിയെ പരിചരിക്കാന്‍.
വെറുതെ കിടക്കുകയല്ലേ രോഗിയെ കുളിപ്പിക്കുകയൊന്നും വേണ്ട എന്ന് ചിന്തിക്കരുത്. കിടപ്പിലായ രോഗിയെ ദിവസവും കുളിപ്പിക്കുകയോ നനച്ചു തുടയ്‌ക്കുകയോ വേണം. രോഗിയെ കുളിമുറിയില്‍ കൊണ്ടു പോകാന്‍ കഴിയുമെങ്കില്‍ കസേരയിലിരുത്തി കുളിപ്പിക്കുന്നതാണു നല്ലത്. തീര്‍ത്തും കിടപ്പിലായ രോഗിയെ നനഞ്ഞ തുണികൊണ്ട് ദിവസവും തുടയ്‌ക്കണം. ശരീരം വൃത്തിയാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍ക്കുക.
റബ്ബര്‍ പ്‌ളാസ്‌റ്റിക് ഷീറ്റില്‍ രോഗിയെ കിടത്തി ഇളം ചൂടുവെള്ളത്തില്‍ തോര്‍ത്തു മുക്കി ശരീരം മുഴുവന്‍ തുടയ്‌ക്കണം. കക്ഷങ്ങള്‍, കഴുത്ത്, തുടയിടുക്ക് തുടങ്ങിയ ഭാഗങ്ങള്‍ പ്രത്യേകം തുടച്ചശേഷം ഈര്‍പ്പം നന്നായി ഒപ്പിയെടുക്കുക. വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിപ്പിക്കുകയും ദിവസവും വസ്‌ത്രം മാറുകയും വേണം. രോഗക്കിടക്കയിലും ഉണര്‍വു നല്‍കാന്‍ ഇത് സഹായിക്കും.
ചര്‍മ്മ പരിചരണം
കിടപ്പിലായ രോഗികളെ ഏറ്റവും അലട്ടുന്ന പ്രശ്‌നമാണ് ശരീര ഭാഗങ്ങള്‍ പൊട്ടി വ്രണമാകുന്നത്. കുറേദിവസം ഒരേ രീതിയില്‍ കിടക്കുമ്പോള്‍ ശരിയായി കാറ്റും വെളിച്ചവും കിട്ടാതെ ചര്‍മത്തില്‍ മുറിവുകള്‍ ഉണ്ടാകാം. എന്നാല്‍ രോഗിയെ പരിചരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് ഒഴിവാക്കാവുന്നതാണ്.
ശയ്യാവ്രണം ഒഴിവാക്കാന്‍ കിടപ്പായ രോഗിയെ ഇടയ്‌ക്കിടെ വശങ്ങളിലേക്ക് ചരിച്ചും മലര്‍ത്തിയും കിടത്തുക. നാലു മണിക്കൂറില്‍ കൂടുതല്‍ ഒരേ അവസ്‌ഥയില്‍ കിടത്തരുത്. ചരിച്ചു കിടത്തുമ്പോള്‍ അമര്‍ന്നിരുന്ന ഭാഗങ്ങള്‍ തടവി കൊടുക്കണം. ഒരേ അവസ്‌ഥയില്‍ കിടന്നതുമൂലമുള്ള അ്വസ്‌ഥതകള്‍ കുറയ്‌ക്കാന്‍ ഇത് സഹായിക്കും. മലമൂത്ര വിസര്‍ജ്‌ജനത്തിനുശേഷം ഗുഹ്യഭാഗങ്ങള്‍ വെള്ളമുപയോഗിച്ച് നന്നായി കഴുകണം. ഈര്‍പ്പം നന്നായി ഒപ്പിയെടുക്കുകയും വേണം.
മുറിവുകള്‍ വൃത്തിയാക്കാം
ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായാല്‍ അത് കൂടുതല്‍ വ്രണമാകാതെ സൂക്ഷിക്കണം. പൊടിയും അഴുക്കും പറ്റിപ്പിടിച്ചിരിക്കാതെ മുറിവ് വൃത്തിയാക്കണം.
ഠ മുറിവു വൃത്തിയാക്കുന്നതിലൂടെ ദുര്‍ഗന്ധം ഉണ്ടാകുന്നത് തടയാം.
ഠ മുറിവില്‍ ഈച്ചയും മറ്റ് പ്രാണികളും വന്നിരിക്കാതെ സൂക്ഷിക്കണം.
ഠ ദീര്‍ഘകാലമായ മുറിവുകള്‍ ഉപ്പുവെള്ളമുപയോഗിച്ച് കഴുകേണ്ടതാണ്. ഡെറ്റോളുപോലുള്ള അണുനാശിനികള്‍ ഒഴിവാക്കുക.
ഠ ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ ഉപ്പ് എന്ന കണക്കില്‍ ഉപ്പുലായനി തയാറാക്കാവുന്നതാണ്.
ഠ തണുത്ത ഉപ്പുവെള്ളം ഉപയോഗിച്ച് വേണം മുറിവ് വൃത്തിയാക്കാന്‍.
ഠ ദിവസവും വ്രണങ്ങള്‍ കഴുകി ഡ്രസ് ചെയ്യണം.
ഭക്ഷണട്യൂബും മൂത്രാശയ ട്യൂബും ഇടുമ്പോള്‍
ഠ ട്യൂബ് പുറത്തേക്കു വലിഞ്ഞു പോകാത്ത രീതിയില്‍ ഒട്ടിച്ചു വയ്‌ക്കണം.
ഠ ദ്രവരൂപത്തിലുള്ള ഭക്ഷണസാധനങ്ങള്‍ അരിച്ചെടുത്തു വേണം ട്യൂബിലൂടെ കൊടുക്കാന്‍.
ഠ ട്യൂബിലൂടെ ഭക്ഷണം നല്‍കുന്നതിനുമുമ്പ് ചൂട് പരിശോധിക്കാന്‍ മറക്കരുത്.
ഠ ഒരുതവണ പരമാവധി രണ്ടു ഗ്‌ളാസില്‍ കൂടുതല്‍ വെള്ളം ഇതിലൂടെ കൊടുക്കുന്നത് നല്ലതല്ല.-
ഠ ഏത് രൂപത്തിലുള്ള ആഹാരം കൊടുത്താലും അവസാനം കുറച്ചു ശുദ്ധജലം കൂടി ട്യൂബിലൂടെ കൊടുക്കാവുന്നതാണ്.
ഠ മൂത്രാശയ ട്യൂബിടുമ്പോള്‍ അണുരഹിതമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഠ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം കൃത്യമായ കാലയളവില്‍ ട്യൂബ് മാറ്റേണ്ടതാണ്.
വെള്ളക്കിടക്കഉപയോഗിക്കുമ്പോള്‍
വാട്ടര്‍ ബര്‍ത്ത് അഥവാ വെള്ള കിടക്ക കിടപ്പിലായ രോഗികള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ഒരേ രീതിയില്‍ കിടക്കുമ്പോള്‍ കാറ്റേല്‍ക്കാതെ ചര്‍മം ചുളിയുന്നത് ഒരുപരിധിവരെ ഒഴിവാക്കുകയുമാവാം.
ഠ വെള്ള കിടക്ക ഇപയോഗിക്കുന്നതിനുമുമ്പ് കട്ടിലില്‍ ആണിയോ മറ്റ് കൂര്‍ത്ത വസ്‌തുക്കളോ പൊങ്ങി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം ഇടുക.
ഠ വെറും നിലത്ത് കിടക്ക ഇടരുത്.
ഠ രോഗിയെ കിടത്താന്‍ ഉദേശിച്ച സ്‌ഥലത്ത് കിടക്കയിട്ട ശേഷം വേണം വെള്ളം നിറയ്‌ക്കാന്‍.
ഠ കിടക്കയുടെ മുകളിലത്തെ അറ തലയിണയാണ്. ഇവിടെ വെള്ളം നിറയ്‌ക്കാനുള്ളതല്ല. മറിച്ച് കാറ്റുനിറയ്‌ക്കാനുള്ളതാണ്.
ഠ വെള്ളക്കിടക്കയില്‍ ഒരു വിരിപ്പ് വിരിച്ചശേഷം മാത്രമേ രോഗിയെ കിടത്താവൂ.
ഠ വെള്ളം കേടാകാതിരിക്കാന്‍ 15 ദിവസത്തിലൊരിക്കല്‍ വെള്ളം നിറച്ച അറകളില്‍ എട്ട് തുള്ളി അണുനാശിനിയോ ഡെറ്റോളോ ഒഴിക്കണം.
രോഗിയെ പരിചരിക്കാം
ഠ തലമുടി ദിവസവും ചീകി ഒതുക്കി വയ്‌ക്കുക. ആഴ്‌ചയില്‍ രണ്ടു തവണയെങ്കിലും സോപ്പോ ഷാമ്പുവോ ഉപയോഗിച്ച് മുടി കഴുകണം.
ഠ നഖങ്ങള്‍ വളര്‍ന്നു നില്‍ക്കാതെ വെട്ടി ഒതുക്കണം.
ഠ ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതു തടയാന്‍ വെളിച്ചെണ്ണയോ പെട്രോളിയം ജെല്ലിയോ പുരട്ടുക.
ഠ അബോധാവസ്‌ഥയിലുള്ള രോഗിയുടെ മുഖവും കണ്ണുകളും മൂക്കിന്റെ ഉള്‍വശവും ദിവസവും തുടയ്‌ക്കണം.
ഠ ഡോക്‌ടര്‍ നിര്‍ദേശിച്ച രീതിയില്‍ മരുന്നുകള്‍ രോഗിക്കു നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
കിടപ്പുമുറിയുടെ ശുചിത്വം
ഠ രോഗി കിടക്കുന്ന മുറിയുടെ തറ ദിവസവും അടിച്ചു വാരണം.
ഠ കാറ്റും വെളിച്ചവും കടക്കാത്ത ഇരുട്ടു മുറിയിലല്ല രോഗിയെ കിടത്തേണ്ടത്. വാതിലുകളും ജനലുകളും തുറന്നിട്ട് മുറി വായുസഞ്ചാര യോഗ്യമാക്കുക.
ഠ മലമൂത്രവിസര്‍ജ്‌ജനത്തിനുപയോഗിച്ച പാത്രങ്ങള്‍, തുണികള്‍ ഇവ ബ്‌ളീച്ചിംഗ് ലായനി ഉപയോഗിച്ചു കഴുകുക. വാര്‍ധക്യം ഒഴിവാക്കിയൊരു യാത്രയില്ല ജീവിതത്തില്‍. പഴുത്തില വീഴുമ്പോള്‍ പച്ചില കരുതിയിരിക്കുക നാളെ ആ ദിനം തന്റേതായിരിക്കുമെന്ന്. രോഗവും വാര്‍ധക്യവും അവശരാക്കുന്ന വൃദ്ധജനങ്ങളെ ഇനിയെങ്കിലും പെരുവഴിയില്‍ കണ്ടുമുട്ടാതിരിക്കട്ടെ. അവരുടെ ശാപം നമ്മുടെ സമൂഹത്തിനേല്‍ക്കാതെയും.
ഡോ. ഡൊമനിക് പാലേട്ട്
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment