ഖുര്‍ആന്‍ വരയ്ക്കുന്നതും 'ദൈവകണങ്ങളി'ല്‍ കണ്‍തുറക്കുന്നതും
ആധുനികശാസ്ത്രം മുന്നോട്ടുവെക്കുന്ന പ്രപഞ്ചമാതൃക, പ്രപഞ്ചവികാസത്തിലെ സങ്കീര്‍ണഘട്ടങ്ങളും അതിന്റെ അവിശ്വസനീയമാംവിധം വര്‍ധിച്ചുവരുന്ന വലുപ്പവും പദാര്‍ഥലോകത്തിന് ഒരാദിയുണ്ടായിരുന്നുവെന്ന ഒഴിച്ചുകൂടാനാവാത്ത സത്യവും നമ്മെ പേര്‍ത്തും പേര്‍ത്തും ബോധ്യപ്പെടുത്തുന്നുണ്ട്. ജഹമിസ ലുീരവ എന്നു വിളിപ്പേരുള്ള, വിശ്വത്തിന്റെ പ്രാഗ്‌രൂപമായ സമുജ്ജ്വലപ്രാരംഭരാശിയില്‍നിന്നാണ് പ്രപഞ്ചം വിടര്‍ന്നുവികസിക്കുന്നതെന്നു ശാസ്ത്രലോകം കരുതുന്നു.പദാര്‍ഥങ്ങള്‍ തമ്മിലുള്ള ഗുരുത്വാകര്‍ഷണം പ്രപഞ്ചവികാസത്തെ തടയുകയാണ് ചെയ്യേണ്ടതെങ്കിലും, പ്രപഞ്ചവികാസത്തിന്റെ വേഗം നാള്‍ക്കുനാള്‍ കൂടിക്കൂടിവരുന്നുണ്ടെന്ന വസ്തുത സൈദ്ധാന്തിക ഭൗതികശാസ്ത്രത്തില്‍ വിസ്മയമായി നിലകൊണ്ടു. കഴിഞ്ഞ വര്‍ഷത്തെ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം തേടിയെത്തിയതും പ്രപഞ്ചവികാസത്തിന്റെ വേഗം വര്‍ധിച്ചുവരികയാണെന്ന കണ്ടെത്തലിനാണെന്ന് ഓര്‍ക്കുക.
ഇരുണ്ട ഊര്‍ജ(Dark Energy)ത്തിന്റെ വിശേഷസാന്നിധ്യം വെളിപ്പെടുത്തുന്ന പുതിയ സിദ്ധാന്തങ്ങള്‍ രൂപംകൊണ്ടത് പ്രപഞ്ചവികാസത്തിന്റെ ഊര്‍ജം അന്വേഷിച്ചുള്ള ഗവേഷണഫലമായാണ്.
ഈ നിഗൂഢ ഊര്‍ജമാണ് പ്രപഞ്ചവികാസത്തിന് ആക്കംകൂട്ടുന്നതെന്ന് കരുതപ്പെടുന്നു. സ്‌പേസിന്റെ 70 ശതമാനവും വ്യാപിച്ചുകിടക്കുന്നത് ഇരുണ്ട ഊര്‍ജമാണത്രെ. ഇരുണ്ട ഊര്‍ജമെന്നത് സ്‌പേസിന്റെതന്നെ ഗുണവിശേഷമാണെന്നിരിക്കെ, പ്രപഞ്ചവികാസത്തില്‍ കൂടുതല്‍ സ്‌പേസ് ജന്മമെടുക്കുമ്പോള്‍ കൂടുതല്‍ ഇരുണ്ട ഊര്‍ജവും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ ഇരുണ്ട ഊര്‍ജമാണ് വിശ്വവികസനത്തിന് ത്വരണം നല്‍കുന്നത്.
ഇരുണ്ട ഊര്‍ജംപോലെ ഇരുണ്ട പദാര്‍ഥവും പ്രപഞ്ചത്തിലുണ്ട്. പ്രപഞ്ചശൂന്യതയില്‍ 70 ശതമാനവും ഇരുണ്ട ഊര്‍ജമാണെങ്കില്‍ 25 ശതമാനം ഇരുണ്ട പദാര്‍ഥമാണ്. ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും ഗ്യാലക്‌സികളും നബുലകളും ധൂമപടലങ്ങളുമെല്ലാം ചേര്‍ന്നുള്ള 'സാധാരണ പദാര്‍ഥം' (Normal Matter) പ്രപഞ്ചത്തിന്റെ വെറും അഞ്ചുശതമാനമേ വരുന്നുള്ളൂ.
ഗാലക്‌സികളില്‍ പല കോണുകളിലായി കുടികൊള്ളുന്നുവെന്നു വിശ്വസിക്കപ്പെടുന്ന തമോഗര്‍ത്തങ്ങള്‍ (Black holes) ഇരുണ്ട പദാര്‍ഥത്തിന്റെ നല്ലൊരു ഉദാഹരണമാണ്.
പ്രപഞ്ചം അതിവേഗം വികസിക്കുമ്പോഴും മഹാഗുരുത്വാകര്‍ഷണവ്യൂഹങ്ങളെ ഛിന്നഭിന്നമാകാതെ കാത്തുസൂക്ഷിക്കുന്നത് ഇരുണ്ട പദാര്‍ഥത്തിന്റെ സാന്നിധ്യമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെയും പ്രപഞ്ചം സ്ഥിരവും അനാദിയും കാര്യമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകാത്തതുമാണെന്നു വിശ്വസിച്ചുപോന്നു. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കയാണെന്ന വസ്തുത പിന്നീടാണ് കണ്ടെത്തിയത്. ശക്തിമത്തായ ഹബ്ള്‍ ടെലസ്‌കോപ്പുകളുടെ ആവിര്‍ഭാവവും തുടര്‍ന്നുണ്ടായ മറ്റു സാങ്കേതിക മുന്നേറ്റത്തിന്റെ മികവും പുതിയ നിഗമനത്തിന് കൂടുതല്‍ കരുത്തേകി. 'വികസിക്കുന്ന പ്രപഞ്ചം' എന്ന ആശയം ഏറെ വിവാദങ്ങളുയര്‍ത്തിയതിനുശേഷമാണ് ശാസ്ത്രലോകം സ്വീകരിച്ചതെന്ന കാര്യം വിസ്മരിക്കുകവയ്യ.
ഗാലക്‌സികളും ഗാലക്‌സികളും തമ്മിലും ഗാലക്‌സികള്‍ ചേര്‍ന്നുണ്ടായ ക്ലസ്റ്ററുകളും ക്ലസ്റ്ററുകളും തമ്മിലും, എന്തിന്, പദാര്‍ഥലോകത്തിന്റെ പ്രഹേളികയായി വിശ്വസിക്കപ്പെടുന്ന നബുലകളും നബുലകളും തമ്മിലും പരസ്പരം അകന്ന് വിദൂരതയിലേക്ക് പിന്‍വാങ്ങിക്കൊണ്ടിരിക്കയാണ്. പ്രകാശത്തിന്റെ പ്രവേഗത്തോടടുത്ത വേഗത്തില്‍ അകലുന്ന ഗാലക്‌സികളും ധാരാളമുണ്ട്, പ്രപഞ്ചത്തില്‍.
ഭൗതികശാസ്ത്രത്തിന്റെ സാമ്പ്രദായികവഴികളും ലോലമായ മാപിനികളും വിറങ്ങലിച്ചുപോകുന്ന, സ്ഥലകാലങ്ങള്‍പോലും പിടികൊടുക്കാത്ത അവസ്ഥാവിശേഷമാണത്. എന്നിരുന്നാലും, അനന്തതയിലേക്ക് അതിവേഗം പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന ഗാലക്‌സികള്‍ ഒഴിച്ചുകൂടാനാവാത്ത ഒരു യാഥാര്‍ഥ്യം വെളിപ്പെടുത്തുന്നുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു: ദൃശ്യവും അദൃശ്യവുമായ പദാര്‍ഥരൂപങ്ങളും ഊര്‍ജസങ്കേതവും സ്ഥലകാലനൈരന്തര്യവുമെല്ലാം, വളരെപ്പണ്ട്, ഇത്രയൊന്നും വികസിച്ചിട്ടുണ്ടായിരുന്നിരിക്കില്ല എന്ന കാര്യം; സമയത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലുമ്പോള്‍ അവയെല്ലാം ഒരൊറ്റ ജഹമിസ ലുീരവ എന്ന സമുജ്വല പ്രാരംഭരാശിയായി നിന്നിരുന്നിരിക്കണം എന്ന കാര്യം.
അന്ന് ഏതാണ്ട് പൂജ്യത്തോടടുത്ത വലുപ്പമേ ജഹമിസ ലുീരവ എന്ന 'ഉണ്മ'യ്ക്ക് ഉണ്ടായിരുന്നുള്ളൂവെന്ന് സ്റ്റീഫന്‍ ഹോക്കിങ് പോലുള്ള മഹാരഥന്മാര്‍ ഗണിച്ചെടുക്കുന്നു. ഈ നിരുപമ ബിന്ദുവില്‍, മനുഷ്യമനസ്സുകള്‍ക്ക് ഭാവനയില്‍പ്പോലും കാണാന്‍ പറ്റാത്ത അളവില്‍ ഊഷ്മാവ് നിലനിന്നിരുന്നിരിക്കണം; സ്ഥലകാലങ്ങള്‍ക്ക് അതിരുകവിഞ്ഞ വക്രത അനുഭവപ്പെട്ടിരുന്നുമിരിക്കണം.
''വാനലോകത്തെ നാം കരങ്ങള്‍കൊണ്ട് നിര്‍മിച്ചു. തീര്‍ച്ചയായും അവയെ വികസിപ്പിച്ചുകൊണ്ടേയിരിക്കുന്നു'' (ഖുര്‍ആന്‍, അദ്ദാരിയാത്ത്: 47)
''സത്യനിഷേധികള്‍ കണ്ടുമനസ്സിലാക്കുന്നില്ലേ, വാനലോകങ്ങളും ഭൂമിയുമെല്ലാം ഒട്ടിച്ചേര്‍ന്ന രൂപത്തിലായിരുന്നുവെന്നതും പിന്നീട് നാം അവയെ വിടര്‍ത്തിയെടുത്തുവെന്നതും?'' (ഖുര്‍ആന്‍, അല്‍ അമ്പിയാഅ്: 30)
പ്രപഞ്ചത്തിന്റെ പ്രായവും വലുപ്പവും
പ്രപഞ്ചത്തിന്റെ പ്രായം ഏതാണ്ട് 13.75 ബില്ല്യണ്‍ വര്‍ഷമാണെന്ന്, പ്രപഞ്ചവികസനത്തിന്റെ നിലവിലുള്ള വേഗം കണക്കിലെടുത്ത്്, പിറകോട്ട് ഗവേഷകര്‍ ഗണിച്ചെടുക്കുന്നു. (ഒരു മില്ല്യണ്‍ എന്നത് പത്തുലക്ഷമാണ് (106). ബില്ല്യണ്‍ എന്നത് ഇതിന്റെ ആയിരം ഇരട്ടി. അതായത്, നൂറുകോടി (109). ട്രില്ല്യണ്‍ എന്നത് ഇതിന്റെയും ആയിരം ഇരട്ടിയാണ്-ലക്ഷംകോടി വരും ഇത് (1012)
ഗോചരപ്രപഞ്ചമെന്നും ദൃശ്യപ്രപഞ്ചമെന്നും പ്രാപ്യപ്രപഞ്ചമെന്നുമൊക്കെ വിളിക്കാവുന്ന പ്രകാശനിരീക്ഷണമേഖലയ്ക്കുള്ളില്‍ പെടുന്ന പ്രപഞ്ചത്തെ ഛയലെൃ്മയഹല ഡിശ്‌ലൃലെ എന്നു ശാസ്ത്രം പറയും. പ്രാപ്യപ്രപഞ്ചത്തിന്റെ വ്യാസം 93 ബില്ല്യണ്‍ പ്രകാശവര്‍ഷമാണ്. അതായത് 8.80 ഃ 1026 മീറ്റര്‍.
പ്രകാശം ഒരു സെക്കന്‍ഡില്‍ ഏതാണ്ട് 3 ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നു. അങ്ങനെ 93 ബില്ല്യണ്‍ വര്‍ഷംകൊണ്ട് പ്രകാശത്തിന് സഞ്ചരിക്കാന്‍ കഴിയുന്ന മഹാദൂരംവരെ എത്തിനില്‍ക്കുന്നു, പ്രാപ്യപ്രപഞ്ചത്തിന്റെ വലുപ്പം.
പ്രകാശപ്രവേഗത്തേക്കാള്‍ വേഗത്തില്‍ പദാര്‍ഥങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റില്ലെങ്കിലും, സ്‌പേസിന് അതിലും വളരെ വേഗത്തില്‍ വിടരാന്‍ കഴിയുമെന്ന് ഐന്‍സ്റ്റൈന്റെ സാമാന്യ സാപേക്ഷതാവാദം സിദ്ധാന്തിക്കുന്നുണ്ട്. പ്രകാശപ്രവേഗത്തിന് പരിമിതിയുള്ളതുകൊണ്ട് അതിലും വളരെ വേഗത്തില്‍ വികസിക്കുന്ന പ്രപഞ്ചശൂന്യതയുടെ അതിര്‍വരമ്പുകളെ നമുക്ക് പ്രാപിക്കാനാവില്ലല്ലോ.
ദൃശ്യപ്രപഞ്ചത്തിനപ്പുറമുള്ള അപ്രാപ്യപ്രപഞ്ചത്തിന്റെ സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് ഇതു ബോധ്യപ്പെടുത്തുന്നു. പ്രാപ്യപ്രപഞ്ചത്തിന്റെ വലുപ്പം, സത്യത്തില്‍, യഥാര്‍ഥപ്രപഞ്ചവലുപ്പത്തിന്റെ വളരെച്ചെറിയൊരുഭാഗം മാത്രമേ ആകുന്നുള്ളൂ. ഭൂമിയില്‍നിന്നോ സൗരയൂഥത്തില്‍നിന്നോ പുറപ്പെടുന്ന ഇലക്‌ട്രോമാഗ്‌നറ്റിക് തരംഗങ്ങള്‍ ഒരിക്കലും ചെന്നെത്താന്‍ കഴിയാത്ത മഹാപ്രപഞ്ചശൂന്യത പിന്നെയും പിന്നെയും വ്യാപിച്ചുകൊണ്ടിരിക്കുന്നു; എന്നുമാത്രമല്ല, പ്രപഞ്ചവികാസത്തിന്റെ ത്വരണം കൂട്ടുന്ന ഇരുണ്ട ഊര്‍ജവും അവിടങ്ങളില്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്.
പ്രപഞ്ചവലുപ്പം ബോധ്യപ്പെടുത്തുന്ന താരതമ്യം പറയാം. ഒരു ശരാശരി ആകാശഗംഗ(galaxy)യുടെ വലുപ്പം വെറും മുപ്പതിനായിരം പ്രകാശവര്‍ഷമാണ്. രണ്ട് അയല്‍ക്കാരായ ഗാലക്‌സികള്‍ തമ്മിലുള്ള ശരാശരി അകലം 3 മില്ല്യണ്‍ പ്രകാശവര്‍ഷമാണ്. നമ്മുടെ ഭൂമിയും ചന്ദ്രനും സൗരയൂഥവുമെല്ലാം ഉള്‍ക്കൊള്ളുന്ന ക്ഷീരപഥ(Milky way)ത്തിന്റെ വ്യാസം ഒരുലക്ഷം പ്രകാശവര്‍ഷമാണ്. ക്ഷീരപഥത്തിന്റെ തൊട്ടടുത്തുള്ള ആന്‍ഡ്രോമിഡ ഗാലക്‌സിയിലേക്കുള്ള ദൂരമാകട്ടെ, 2.5 മില്ല്യണ്‍ പ്രകാശവര്‍ഷവും. ഏതാണ്ട് നൂറുമില്ല്യണില്‍ അല്‍പ്പം കൂടുതല്‍ ഗാലക്‌സികളാണ് പ്രാപ്യപ്രപഞ്ചത്തിലുള്ളതായി കണക്കാക്കപ്പെടുന്നത്. പത്തുമില്ല്യണ്‍ നക്ഷത്രങ്ങള്‍ ചേര്‍ന്ന ചെറുഗാലക്‌സികള്‍ തൊട്ട് ഒരു ട്രില്ല്യണ്‍ വരെ നക്ഷത്രങ്ങള്‍ ചേര്‍ന്ന മഹാഗാലക്‌സികള്‍ പ്രാപ്യപ്രപഞ്ചത്തിലുണ്ട്. 2010ല്‍ 'നാസ' നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്, പ്രാപ്യപ്രപഞ്ചത്തില്‍ 300 sextillion (3 ഃ 1023) നക്ഷത്രങ്ങളുണ്ടെന്നാണ്. 'സാധാരണ പദാര്‍ഥ'ങ്ങളുടെ ഈറ്റില്ലമായ മുഴുവന്‍ നക്ഷത്രവ്യൂഹങ്ങളും കൂടിച്ചേര്‍ന്നാല്‍ പ്രപഞ്ചത്തിന്റെ വെറും അഞ്ചുശതമാനമേ വരൂ എന്നാവുമ്പോള്‍, യഥാര്‍ഥ പ്രപഞ്ചവലുപ്പം നമ്മുടെ ധിഷണയുടെ ചക്രവാളങ്ങള്‍ക്കപ്പുറം നില്‍ക്കുന്നുവെന്നുകാണാം.
ബഹുപ്രപഞ്ച സിദ്ധാന്തങ്ങള്‍
പ്രാപ്യപ്രപഞ്ചമെന്ന Observable Universeന് അപ്പുറം പിന്നെയും ആറു പ്രപഞ്ചങ്ങളുണ്ടെന്ന് മാക്‌സ് ടെഗ്മാര്‍ക്ക് പോലുള്ള സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞര്‍ വാദിക്കുന്നുണ്ട്. 'സപ്തപ്രപഞ്ചങ്ങള്‍' എന്ന സിദ്ധാന്തം കൗതുകമുണര്‍ത്തുന്നതാണ്.
വ്യത്യസ്ത സോപ്പുകുമിളകള്‍പോലെയാണ് ബഹുപ്രപഞ്ചങ്ങള്‍ വര്‍ത്തിക്കുന്നത്. അടുക്കടുക്കായി വിന്യസിക്കപ്പെട്ട ഓരോ 'മാന'ത്തും സ്വന്തമായ സ്ഥലകാലനൈരന്തര്യവും (Space-Time Continuum) ഭൗതികശാസ്ത്രനിയമങ്ങളുമാണ്. ടെഗ്മാര്‍ക്കിന്റെ ഗണനപ്രകാരം, dopple ganger എന്ന അടുത്ത പ്രപഞ്ചത്തിലേക്കുള്ള ദൂരമെത്രയാണെന്നോ? 1010115 മീറ്റര്‍ (double exponential function ആണിത്).
ഈ രീതിയില്‍ ചിന്തയും ഗവേഷണവും 'കാടുകയറു'മ്പോള്‍ പ്രപഞ്ചവലുപ്പത്തെക്കുറിച്ചുള്ള നമ്മുടെ അന്വേഷണത്തിന്റെ നേത്രനാഡികളെയും ധൈഷണികമണ്ഡലത്തെയും സ്വാഭാവികമായും തളര്‍ത്തും. പ്രാപ്യപ്രപഞ്ചമെന്ന ഒന്നാം വാനത്തില്‍, ശാസ്ത്രഭാഷയില്‍ പറഞ്ഞാല്‍ ഘല്‌ലഹ 1 ഡിശ്‌ലൃലെല്‍ നമ്മുടെ കൊച്ചു ആവാസകേന്ദ്രത്തിന്റെ സ്ഥാനം എവിടെയാണ്?
ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രപഞ്ചവിതാനങ്ങളിലെ ലെവല്‍ 1 ആയ ദൃശ്യപ്രപഞ്ചത്തില്‍, സൂപ്പര്‍ ക്ലസ്റ്റര്‍ കോംപ്ലക്‌സിലെ ഒരു ക്ലസ്റ്ററായ വിര്‍ഗോയിലെ ലോക്കല്‍ ഗ്രൂപ്പില്‍, ക്ഷീരപഥത്തിലെ ഒറിയോണ്‍ സൈഗ്‌നസ് കരത്തിന്റെ ഗൗള്‍ഡ് ബെല്‍റ്റില്‍ സ്ഥിതിചെയ്യുന്ന ലോക്കല്‍ ഇന്റര്‍സ്റ്റെല്ലാര്‍ ക്ലൗഡിലെ സൂര്യകുടുംബത്തില്‍ മൂന്നാമത്തെ അംഗമായി നിലകൊള്ളുന്നു, ഭൂമി.
''ഏഴു വാനങ്ങളെ അടുക്കടുക്കായി സൃഷ്ടിച്ചവനാകുന്നു, അവന്‍. പരമകാരുണികന്റെ സൃഷ്ടിപ്പില്‍ യാതൊരു ന്യൂനതയും നീ കാണുകയില്ല. നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചുനോക്കൂ. വല്ല പഴുതും നീ കാണുന്നുവോ? ഇനിയും രണ്ടു തവണ ദൃഷ്ടി തിരിച്ചുനോക്കുക. ആ കണ്ണ് നിന്നിലേക്കുതന്നെ പരാജയപ്പെട്ടു മടങ്ങും; തളര്‍ന്നതുമായിരിക്കുമത്. ഏറ്റവും അടുത്തുള്ള വാനത്തെ നാം ദീപങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു'' (മുല്‍ക്ക്: 3, 4, 5)
('ഏഴു വാനങ്ങള്‍' എന്ന പ്രയോഗംകൊണ്ട് ഖുര്‍ആന്‍ ഉദ്ദേശിച്ചത് ഭൂമിക്കു മുകളിലെ അന്തരീക്ഷത്തിലെ ഏഴു പാളികളാണെന്ന് ചിലര്‍ വാദിക്കാറുണ്ട്. 'ഏറ്റവും അടുത്തുള്ള വാനത്തെ (നക്ഷത്ര)ദീപങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു'വെന്ന് ഖുര്‍ആന്‍ വ്യക്തമായി പരാമര്‍ശിച്ചത് ഈ വാദമുഖങ്ങളിലെ ദുര്‍ബലത നമ്മെ ബോധ്യപ്പെടുത്തുന്നു).
തെറ്റിദ്ധരിപ്പിക്കപ്പെട്ട ദൈവകണം
ജനീവയിലെ ഗവേഷണകേന്ദ്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണഫലങ്ങള്‍ ഇന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയാണ്.
ഐന്‍സ്റ്റൈന്റെ പ്രകാശപ്രവേഗ സിദ്ധാന്തത്തെ തകിടംമറിച്ചുവെന്നു പ്രചരിപ്പിക്കപ്പെട്ടു പ്രത്യക്ഷപ്പെട്ട ആദ്യപരീക്ഷണഫലങ്ങള്‍ പിന്നീട് അബദ്ധജടിലമാണെന്നു മനസ്സിലായത് നമ്മള്‍ കണ്ടു.
പ്രപഞ്ചസൃഷ്ടിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നു കരുതപ്പെടുന്ന, ഹിഗ്‌സ് ബോസോണെന്ന, പിന്നീട് 'ദൈവകണ'(Godparticle)മായി തെറ്റിദ്ധരിപ്പിക്കപ്പെട്ട കണികകളുടെ സാന്നിധ്യം കണ്ടെത്തുന്നതിന്റെ ഏതാണ്ട് അരികിലെത്തി ജനീവപരീക്ഷണമെന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ആഘോഷമായി ഏറ്റെടുത്തിരിക്കുന്നത്.
ഏതാണ്ട് 14 ബില്ല്യണ്‍ വര്‍ഷം മുമ്പുനടന്ന മഹാവിസ്‌ഫോടനത്തിലൂടെ ജന്മമെടുത്ത പ്രപഞ്ചത്തിന്റെ രൂപപരിണാമങ്ങള്‍ വിശദീകരിക്കുന്ന, അണുകണങ്ങളില്‍ അന്തര്‍ലീനമായ ശക്തിവൈഭവം വിശദീകരിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ബലക്ഷേത്രമാണ് ഹിഗ്‌സ് ഫീല്‍ഡ്. ആറ്റത്തിലെ പദാര്‍ഥകണികകള്‍ക്ക് തോതനുസരിച്ച് ദ്രവ്യമാനം നല്‍കലാണ് ഹിഗ്‌സ് ബലക്ഷേത്രകണികകളുടെ പണി.
പ്രപഞ്ചത്തില്‍ കാണുന്ന അടിസ്ഥാന കണങ്ങളെ പൊതുവെ രണ്ടായി തിരിക്കാം: ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ തുടങ്ങിയ പദാര്‍ഥകണങ്ങളെന്നും ഇവ തമ്മിലുള്ള പാരസ്പര്യവും ക്രിയാത്മകതയും സാധ്യമാക്കുന്ന ബലങ്ങള്‍ പ്രദാനം ചെയ്യുന്ന ബലവാഹക കണങ്ങളെന്നും.
പദാര്‍ഥകണങ്ങളെ ഫെര്‍മിയോണുകളെന്നും ബലവാഹക കണങ്ങളെ ബോസോണുകളെന്നും വിളിക്കുന്നു. ഒരു പദാര്‍ഥകണം അതിന്റെ ഊര്‍ജവിതാനത്തിലേക്ക് മറ്റൊരു പദാര്‍ഥകണത്തെ കടന്നുവരാന്‍ അനുവദിക്കില്ല. പോളിയുടെ എക്‌സ്‌ക്ലൂഷന്‍ സിദ്ധാന്തത്തിന്റെ രത്‌നച്ചുരുക്കമതാണ്.
ക്വാണ്ടം ബലതന്ത്രത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായ ഹൈസന്‍ബര്‍ഗ് സൂക്ഷ്മപ്രപഞ്ചഘടനയുടെ മഹാവിസ്മയങ്ങളില്‍നിന്നുകൊണ്ട് ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി: ''സങ്കീര്‍ണമായ ഗണിതസമീകരണങ്ങളുടെ വാതായനങ്ങളിലൂടെ, ദൈവത്തിന്റെ പിറകില്‍നിന്ന്, അവന്റെ സൃഷ്ടിവൈഭവം അനുഭവിച്ചറിയാന്‍ എനിക്കു സാധിച്ചു''.
അണുക്കളിലെ ബലവാഹക കണങ്ങളായ ബോസോണുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ജനീവ പരീക്ഷണം ലളിതമായി ഇങ്ങനെ വിവരിക്കാം.
രണ്ടു പ്രോട്ടോണ്‍ കണങ്ങള്‍ കൂട്ടിയിടിച്ചാല്‍ അതിന്റെ 'സത്ത'യാകുന്ന ഊര്‍ജം ഋ=ാര2 എന്ന അനുപാതത്തില്‍ ചിന്നിച്ചിതറുമല്ലോ. ഒരു പദാര്‍ഥത്തില്‍ ഉള്‍ച്ചേര്‍ന്ന ഘടകവസ്തുക്കള്‍ എത്രമാത്രം ബലവത്തായാണ് നിലകൊള്ളുന്നത് അതിനനുസരിച്ചായിരിക്കും കൂട്ടിയിടിക്കലിലെ ഊര്‍ജ ഉല്‍സര്‍ജനം.
ഇവിടെ കൂട്ടിയിടിക്കലിന്റെ ആഘാതം കൂട്ടാനായി പ്രോട്ടോണുകളുടെ വേഗം കൂട്ടുകയാണ് ചെയ്തത്. ഭൗമോപരിതലത്തില്‍നിന്ന് 100 മീറ്റര്‍ താഴെയായി 27 മീറ്റര്‍ വ്യാസവും 27 കിലോമീറ്റര്‍ ചുറ്റളവുള്ള വായുശൂന്യമാക്കിയ സ്റ്റീല്‍ട്യൂബാണ് ജനീവയില്‍ ഒരുക്കിയത്. പ്രോട്ടോണുകള്‍ക്ക് ഏഴു മുതല്‍ എട്ടുവരെ ടെറാ ഇലക്‌ട്രോണ്‍ വോള്‍ട്ട് ത്വരണം (Acceleration) നല്‍കാന്‍ പാകത്തിലാണ്, ഭാരിച്ച ചെലവുവരുന്ന ഈ ഉപകരണം വികസിപ്പിച്ചെടുത്തിട്ടുള്ളത്.
ഇങ്ങനെ ഉയര്‍ന്ന വേഗം കൈവരുന്ന പ്രോട്ടോണുകള്‍ കൂട്ടിയിടിക്കുമ്പോള്‍ സംഭവിക്കുന്ന ഊര്‍ജ ഉല്‍സര്‍ജനം തൊട്ടുള്ള എല്ലാ അവസ്ഥാവിശേഷങ്ങളും നിരീക്ഷിക്കുകയായിരുന്നു നൂറുകണക്കിന് ഗവേഷകര്‍. ഈ പരീക്ഷണത്തിനിടയ്ക്കാണ് 125-126GEV (ജിഗാ ഇലക്‌ട്രോണ്‍ വോള്‍ട്ട്, 133 പ്രോട്ടോണുകളുടെ ദ്രവ്യമാനത്തോളം വരുമിത്) ദ്രവ്യമാനമുള്ള 'അപരിചിത' കണത്തെ ഗവേഷകര്‍ യാദൃച്ഛികമായി കണ്ടെത്തിയത്. പണ്ട്, 1964ല്‍, ഹിഗ്‌സ് പ്രവചിച്ച കണങ്ങളുടെ സമാന ദ്രവ്യമാനമാണ് ഈ കണങ്ങള്‍ക്കുമുള്ളത് എന്ന വസ്തുത ഗവേഷകരെ അമ്പരപ്പിച്ചു.
പ്രപഞ്ചസൃഷ്ടിക്ക് ഏതാനും നാനോസെക്കന്‍ഡുകള്‍ക്കുള്ളില്‍ ജന്മമെടുത്തുവെന്നു കരുതപ്പെടുന്ന, പദാര്‍ഥലോകത്തെ ആറ്റങ്ങള്‍ക്ക് എന്നെന്നും ബലവും ഊര്‍ജവിതാനവും നല്‍കിക്കൊണ്ടിരിക്കുന്ന ഈ വിചിത്ര കണങ്ങളെ ചെറിയ തോതില്‍ പുനരാവിഷ്‌കരിക്കാനായി, അല്ലെങ്കില്‍ അനുഭവിച്ചറിയാനായി എന്നതാണ് ജനീവപരീക്ഷണത്തിന്റെ നേട്ടം. ഇത് പ്രപഞ്ചോത്പത്തിയിലേക്കു വെളിച്ചം വീശുന്ന, പ്രപഞ്ചത്തിന് ഒരാദിയുണ്ടായിരുന്നുവെന്ന നിഗമനത്തിന് കരുത്തേകുന്ന ശ്രദ്ധേയമായ നാഴികക്കല്ലായി എന്നല്ലാതെ, പദാര്‍ഥത്തിന്റെയോ പ്രപഞ്ചത്തിന്റെയോ ഒന്നും ഭാഗമല്ലാതെ നിലകൊള്ളുന്ന, എന്നാല്‍ എല്ലാ സൂക്ഷ്മപ്രപഞ്ചങ്ങളിലും സ്ഥൂലപ്രപഞ്ചങ്ങളിലും അന്യാദൃശ രചനാചാതുര്യത്തിന്റെ മുദ്രകള്‍ ചാര്‍ത്തിയ 'സര്‍വേശ്വരന്റെ അസ്തിത്വത്തില്‍ തൊട്ടുള്ള കളി'യാകുന്നില്ല, പലരും തെറ്റിദ്ധരിക്കപ്പെട്ടതുപോലെ, ഈ പരീക്ഷണം.
''സത്യനിഷേധികള്‍ കണ്ടുമനസ്സിലാക്കുന്നില്ലേ, വാനലോകങ്ങളും ഭൂമിയുമെല്ലാം ഒട്ടിച്ചേര്‍ന്ന രൂപത്തിലായിരുന്നുവെന്നതും പിന്നീട് നാം അവയെ വിടര്‍ത്തിയെടുത്തുവെന്നതും?'' (ഖുര്‍ആന്‍)
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment