അഴിമതിക്കേസുകള്‍ മൂടിവെക്കുന്ന കാര്യത്തില്‍ മറ്റുകക്ഷികള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. 2 ജി സ്‌പെക്ട്രം, ആദര്‍ശ് ഫ്ലാറ്റ് അഴിമതി തുടങ്ങിയവയില്‍ പാര്‍ലമെന്ററി സമിതിയുടെയും ഗവണ്‍മെന്റിന്റെയും തലത്തില്‍ നടക്കുന്ന അന്വേഷണങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്
കാല്‍നൂറ്റാണ്ടു മുമ്പ് ഞാന്‍ യൂറോപ്പ് സന്ദര്‍ശിച്ചപ്പോള്‍ ഇന്ദിരാഗാന്ധിയുടെ പഴയ പോരാളികളിലൊരാളെ കണ്ടുമുട്ടി. അടിയന്തരാവസ്ഥയ്ക്കുമുമ്പത്തെ ആഘോഷകാലത്ത് ഉരുക്കുവനിതയെ സൃഷ്ടിക്കുകയും താങ്ങിനിര്‍ത്തുകയും തന്ത്രങ്ങള്‍ക്ക് രൂപംനല്‍കുകയും ചെയ്ത ഉദ്യോഗസ്ഥവൃന്ദത്തിലെ ഒരംഗം. എണ്‍പതുകളുടെ അവസാനകാലമായിരുന്നു അത്. ബൊഫോഴ്‌സാണ് അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നത്. ഏറേ അനുഭവസമ്പന്നനായ അദ്ദേഹം അഴിമതിയെക്കുറിച്ചും അതിലുള്‍പ്പെട്ടവരുടെ പൊട്ടത്തരത്തെക്കുറിച്ചും രൂക്ഷവിമര്‍ശമുയര്‍ത്തി.
വാക്‌ധോരണി അവസാനിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു: ''പക്ഷേ, സര്‍, താങ്കളുടെ കാലത്തും ഇതൊക്കെത്തന്നെയല്ലേ സംഭവിച്ചിരുന്നത്.? ''സംഭവിച്ചിരുന്നു''-അല്പമാലോചിച്ച ശേഷം ഗ്ലാസിലെ വീര്യം ഒരുകവിള്‍ കൂടി അകത്താക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ''എന്നാല്‍, ഇത്തരം കാര്യങ്ങള്‍ക്കൊരു നടപ്പുരീതിയൊക്കെയുണ്ടായിരുന്നു.''
ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന രാഷ്ട്രീയപ്പാര്‍ട്ടിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടതുമുന്നണിയും ബി.ജെ.പി.യും ഇത്തരം കാര്യങ്ങളില്‍ വെറും ശിശുക്കളാണ്. ഉചിതമായ 'രീതി'യുടെ കാര്യം വരുമ്പോള്‍ അവര്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ഏറേ പഠിക്കേണ്ടി വരുന്നു.
കേരളത്തില്‍ ഒന്നിലേറേ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട്(അക്രമങ്ങളുടെ പേരിലും) ആരോപണവിധേയരായപ്പോള്‍ സി.പി.എം. പ്രതികരിക്കുന്നത് ശ്രദ്ധിക്കുക. അന്വേഷണോദ്യോഗസ്ഥരുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് കലികയറിയ കുട്ടിയെപ്പോലെ അവര്‍ ആക്രോശിക്കുന്നു. അന്വേഷണം തന്നെ തടസ്സപ്പെടുത്തുമെന്ന് ഒച്ചയിടുന്നു. സി.പി.എം. അണികള്‍ക്ക് എന്തൊക്കെയോ മറച്ചുവെക്കാനുണ്ടെന്ന ധാരണയ്ക്ക് ഇത് അടിവരയിടുന്നു.
അപ്പോള്‍ എന്താണ് ഉചിതമായ 'രീതി'? ഗുരുവിനെ നിരീക്ഷിക്കുകയും ഗുരുവില്‍ നിന്ന് പഠിക്കുകയും ചെയ്യുക.
2ജി സ്‌പെക്ട്രം ലൈസന്‍സ് വഴിവിട്ട രീതിയില്‍ അനുവദിച്ചതിലൂടെ ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി.) അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 2011 ഫിബ്രവരിയില്‍ യു.പി.എ. സര്‍ക്കാര്‍ ഈ ആവശ്യത്തിന് വഴങ്ങി. എന്റെ പഴയ സുഹൃത്ത് പി.സി. ചാക്കോയുടെ നേതൃത്വത്തില്‍ ജെ.പി.സി. രൂപവത്കരിച്ചു. ജെ.പി.സി.യുടെ ലക്ഷ്യം എന്തായിരുന്നു? ഒരു പ്രത്യേകകേസന്വേഷണം നടത്താന്‍ വേണ്ടിയല്ല അത് രൂപവത്കരിച്ചത്. 2ജി സ്‌പെക്ട്രം കേസിലെ ക്രിമിനല്‍വശം പരിശോധിക്കാന്‍ വിചാരണക്കോടതി മുതല്‍ സുപ്രീംകോടതി വരെയുണ്ട്. കേസിലെ പ്രത്യേകതകള്‍ പരിശോധിക്കുക മാത്രമല്ല ജെ.പി.സി.യുടെ ദൗത്യം, നമ്മുടെ ഭരണസംവിധാനത്തിലെ ഏതൊക്കെ പാളിച്ചകളാണ് അഴിമതിക്കിടയാക്കിയതെന്ന കാര്യവും ഉള്‍പ്പെടുന്നു.
2011 മാര്‍ച്ചിലാണ് ജെ.പി.സി. രൂപവത്കരിച്ചത്. പാര്‍ലമെന്റ് ഇപ്പോളതിന്റെ കാലാവധി നീട്ടിയിരിക്കുന്നു, കുറഞ്ഞത് 2012 ഡിസംബര്‍ വരെയെങ്കിലും പ്രവര്‍ത്തിക്കുമെന്നുറപ്പ്. ഇനി കാലാവധി നീട്ടിച്ചോദിക്കില്ലെന്നാണ് പി.സി. ചാക്കോ പറയുന്നത്. ഭരണസംവിധാനത്തിലെ പാളിച്ചകളെക്കുറിച്ച് ഈ സമിതി എത്രത്തോളം പരിശോധിച്ചു? ഉദ്യോഗസ്ഥതലത്തിലെ ഗൂഢാലോചനയില്ലാതെ 2ജി അഴിമതി സംഭവിക്കില്ലായിരിക്കാം. എന്നാല്‍, അതിന് തുടക്കമിട്ടത് രാഷ്ട്രീയക്കാരാണ്. എന്നിട്ടും കാലാവധി തീരാന്‍ വെറും ആറുമാസം മാത്രം ശേഷിക്കേ, എത്ര രാഷ്ട്രീയക്കാരെ ജെ.പി.സി. ചോദ്യം ചെയ്തു? എത്ര പേരെ വിസ്തരിച്ചുവെന്ന ചോദ്യം മറക്കാം, ഭാവിയില്‍ ചോദ്യം ചെയ്യാനുദ്ദേശിക്കുന്ന രാഷ്ട്രീയക്കാരുടെ പട്ടിക കാണിക്കാനെങ്കിലും പി.സി. ചാക്കോ അധ്യക്ഷനായ ജെ.പി.സി.ക്ക് കഴിഞ്ഞോ?
കഴിഞ്ഞു; അത്തരമൊരു രേഖ തയ്യാറാക്കിയിരുന്നു. എന്നാല്‍, തികച്ചും അസംബന്ധമായതിനാല്‍ പിന്‍വലിക്കാന്‍ പി.സി. ചാക്കോ നിര്‍ബന്ധിതനായി. അടല്‍ ബിഹാരി വാജ്‌പേയിയുടെയും ജോര്‍ജ്‌ഫെര്‍ണാണ്ടസിന്റെയും പേരുകള്‍ ആ പട്ടികയിലുള്‍പ്പെട്ടിരുന്നു. 2004-നുശേഷം ഇരുവരും മന്ത്രിസഭാംഗങ്ങളായിട്ടില്ല. 2ജി അഴിമതി നടന്നത് 2007-08 കാലത്താണ്. ആ കാലയളവില്‍ പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍സിങ്ങിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുമില്ല. മേല്‍പ്പറഞ്ഞ രേഖയിലെ ഭോഷത്തരത്തിന് വേറെ തെളിവു വേണോ?
ജെ.പി.സി.യുടെ സെക്രട്ടേറിയറ്റാണ് ഈ രേഖ തയ്യാറാക്കിയതെന്നാണ് യോഗത്തില്‍ പി.സി. ചാക്കോ വിശദീകരിച്ചത്. യോഗത്തിന് ശേഷം ഒരംഗം ഇങ്ങനെ പറഞ്ഞു- ''ഇനി ചോദ്യം ചെയ്യാനായി രാഷ്ട്രീയക്കാരെയും കമ്പനി മേധാവികളെയും വിളിപ്പിക്കണമെന്നാണ് തത്ത്വത്തില്‍ തീരുമാനിച്ചത്. ഭരണാധികാരികളെയും നിയന്ത്രണച്ചുമതലയുള്ളവരെയുമാണ് ഇതുവരെ ചോദ്യം ചെയ്തത്. ഇനി മറ്റ് പങ്കാളികളെയാണ് വിളിപ്പിക്കേണ്ടത്''.
ഇത് എല്ലാം വിശദമാക്കുന്നുണ്ട്. ജെ.പി.സി. അധ്യക്ഷന് ഒന്നിനും ഉത്തരവാദിത്വമില്ല, എല്ലാം ഉദ്യോഗസ്ഥരുടെ പിഴവാണ്. ഭരണാധികാരികളെയും നിയന്ത്രണച്ചുമതലയുള്ളവരെയുമാണ് (അവരും ഉദ്യോഗസ്ഥര്‍ തന്നെ) ചോദ്യം ചെയ്തത്. കഴിഞ്ഞ 16 മാസത്തിനിടെ കമ്പനി മേധാവികളെയും രാഷ്ട്രീയനേതാക്കളെയും ജെ.പി.സി. വിസ്തരിച്ചിട്ടില്ല. എന്നിട്ടും കരടുരേഖ സപ്തംബറില്‍ തയ്യാറാകുമെന്നും അന്തിമറിപ്പോര്‍ട്ട് ഡിസംബറില്‍ സമര്‍പ്പിക്കുമെന്നുമാണ് പറയുന്നത്. യഥാര്‍ഥത്തില്‍ ജെ.പി.സി.യുടെ ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുകയാണ്. ആദര്‍ശ് ഭവന പദ്ധതി അഴിമതിയിലും ഇതേ 'ഉചിതരീതി' തന്നെയാണ് കാണുന്നത്.
മഹാരാഷ്ട്രയിലെ മൂന്ന് മുന്‍മുഖ്യമന്ത്രിമാരുടെ പേരുകളാണ് ആദര്‍ശ് കുംഭകോണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ടത്-സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവു ദേശ്മുഖ്, അശോക് ചവാന്‍. അവര്‍ തെറ്റു ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?
പ്രശ്‌നം പരിശോധിക്കാന്‍ കോണ്‍ഗ്രസ്-എന്‍.സി.പി. കൂട്ടുകക്ഷിസര്‍ക്കാര്‍ റിട്ട.ജസ്റ്റിസ് ജെ.എ. പാട്ടീല്‍ അധ്യക്ഷനായ പാനലിനെ ചുമതലപ്പെടുത്തി. ഈ പാനലിന് നിയമപ്രാബല്യമുണ്ടോയെന്ന ചോദ്യം വേറെ. അതെന്തായാലും അന്വേഷണം പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് മൂന്നുമാസത്തെ സമയമാണ് നല്‍കിയതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, അതുണ്ടായില്ല, ആറു തവണ കാലാവധി നീട്ടി നല്‍കി (ഏറ്റവുമൊടുവില്‍ സപ്തംബര്‍ 30 വരെയാണ് ദീര്‍ഘിപ്പിച്ചത്. ഡിസംബര്‍ 31 വരെ സമയം കിട്ടിയാല്‍ നന്നായെന്ന് പാനല്‍ ഇതിനകം അറിയിച്ചിട്ടുണ്ട്).
ആദര്‍ശ് പദ്ധതിക്ക് പച്ചക്കൊടി ലഭിക്കുമ്പോള്‍ അശോക് ചവാനായിരുന്നു റവന്യൂമന്ത്രി. അദ്ദേഹം നല്‍കിയ വിശദീകരണമിങ്ങനെ- ''റവന്യൂവകുപ്പില്‍ അണ്ടര്‍സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരാണ് ഫയല്‍ തയ്യാറാക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കുറിപ്പോടെ അത് റവന്യൂമന്ത്രിക്ക് അയച്ചുകൊടുക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശുപാര്‍ശ റവന്യൂമന്ത്രി അംഗീകരിക്കുകയാണ് പതിവ്. തുടര്‍ന്ന് അന്തിമതീരുമാനത്തിനായി മുഖ്യമന്ത്രിക്കയച്ചുകൊടുക്കും.''
സംഭവം നടന്ന കാലത്ത് വിലാസ്‌റാവു ദേശ്മുഖായിരുന്നു മുഖ്യമന്ത്രി. അദ്ദേഹത്തിനും മറുപടിയുണ്ട്-''സര്‍ക്കാര്‍ ഭൂമി അനുവദിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ചാല്‍ അതിന് റവന്യൂമന്ത്രിയുടെ അംഗീകാരം കിട്ടിയോ എന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് പരിശോധിക്കുക. ഫയല്‍ സംബന്ധിച്ച് റവന്യൂമന്ത്രിയും ഉദ്യോഗസ്ഥരും തമ്മില്‍ ഭിന്നതയൊന്നുമില്ലെന്ന് വ്യക്തമായാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കും. തുടര്‍ന്നാണ് അനുമതി നല്‍കാറ്''.
ഉദ്യോഗസ്ഥരാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നതെങ്കില്‍ മന്ത്രിമാരുടെ ആവശ്യം എന്താണ്?
ജൂലായ് നാലിനാണ് ആദര്‍ശ് അഴിമതിക്കേസില്‍ അശോക് ചവാന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കിക്കൊണ്ട് സി.ബി.ഐ. കുറ്റപത്രം
സമര്‍പ്പിച്ചത്. ഈ കേസന്വേഷണം സി.ബി.ഐ.യുടെ അധികാരപരിധിയില്‍ വരുന്നതാണോ എന്ന് സംശയം പ്രകടിപ്പിച്ച് മഹാരാഷ്ട്രാ
സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതും ഇതേ ദിവസമാണ്. വെറും യാദൃച്ഛികം മാത്രമായിരുന്നോ ഇത്?
വിവാദങ്ങള്‍ മറയ്ക്കാന്‍ ഉചിതമായ 'രീതി' എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഇതില്‍ നിന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കും.
ആദ്യം പ്രശ്‌നം പരിശോധിക്കാന്‍ സമിതികള്‍ക്ക് രൂപംനല്‍കി-ഡല്‍ഹിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയും മുംബൈയില്‍ ജെ.എ. പാട്ടീല്‍ പാനലും. രണ്ട്, അപ്രായോഗികമായ സമയപരിധി നിശ്ചയിച്ചു, പിന്നീടത് ഘട്ടം ഘട്ടമായി നീട്ടിക്കൊടുത്തു. മൂന്ന്, എല്ലായിപ്പോഴും പിഴവു വരുത്തുന്നത് ഉദ്യോഗസ്ഥരാണെന്ന് രാഷ്ടീയക്കാര്‍ ഒരേ സ്വരത്തില്‍ ആണയിട്ടു-വാജ്‌പേയിയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനും മന്‍മോഹന്‍ സിങ്ങിനെ ഉള്‍പ്പെടുത്താത്തതിനും കാരണക്കാര്‍ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരാണെന്ന് ജെ.പി.സി. അധ്യക്ഷന്‍ കുറ്റപ്പെടുത്തുന്നു. മുംബൈയില്‍ തങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ അശോക് ചവാനും വിലാസ് റാവു ദേശ്മുഖും പഴി പറയുന്നു.
നാല്, ഇനിയഥവാ രാഷ്ട്രീയക്കാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തണമെങ്കില്‍ എ.രാജയെയോ അശോക് ചവാനെയോ പോലുള്ള തുടക്കക്കാരെയാവാം. എന്നാല്‍, പ്രധാനമന്ത്രിയെയും മുതിര്‍ന്ന മുഖ്യമന്ത്രിമാരെയുമൊക്കെ ഒഴിവാക്കാന്‍ കാലാകാലങ്ങളില്‍ ശ്രദ്ധിച്ചു. അതിരിക്കട്ടെ, കരസേനയിലെ സഹായപദ്ധതിയെന്ന മറവിലാണ് ആദര്‍ശ് ഭവന പദ്ധതിഅഴിമതി തുടങ്ങിയതെന്ന കാര്യം അവഗണിക്കാന്‍ പറ്റുമോ? നാവികസേന ഉയര്‍ത്തിയ എല്ലാ തടസ്സവാദങ്ങളും അവഗണിച്ചാണ് നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചത്. എന്നിട്ടും ഒരു വ്യക്തി നിതാന്തമൗനം പുലര്‍ത്തുന്നത് ശ്രദ്ധേയം. രാജ്യത്തിന്റെ പ്രതിരോധമന്ത്രിയല്ലാതെ മറ്റാരുമല്ല അത്.
സി.പി.എമ്മും ബി.ജെ.പി.യും നോട്ട് കുറിച്ചെടുത്തിരിക്കുമല്ലോ? ഇങ്ങനെയൊക്കെയാണ് വിവാദങ്ങളെ കുഴിച്ചു മൂടേണ്ടത്. അന്വേഷണത്തിന് സമിതികളെ പ്രഖ്യാപിക്കുക, പിന്നീട് നടപടിക്രമങ്ങളെക്കുറിച്ചുള്ള തര്‍ക്കത്തിലൂടെ അവയെ ദുര്‍ബലമാക്കുക, പഴിമുഴുവന്‍ ഉദ്യോഗസ്ഥരുടെ ചുമലില്‍ ചാരുക, ഒടുവില്‍ അത്യാവശ്യമെങ്കില്‍ പൂര്‍ണമൗനത്തില്‍ മുങ്ങുക. അതാണ് കോണ്‍ഗ്രസ്സിന്റെ 'രീതി'-ഒരു ഘട്ടം വരെയെങ്കിലും അത് ഫലപ്രദമാവില്ലെന്ന് ആര്‍ക്കെങ്കിലും പറയാനാവുമോ?
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___