
എനിക്ക് അവനോടു പ്രണയമായിരുന്നു.
മാഞ്ചുവട്ടില്‍ മണ്ണപ്പം ചുട്ടു കളിച്ചപ്പോഴും,
തൊടികളിലെ തെച്ചിപ്പൂക്കളിറുത്തു നല്‍കിയപ്പോഴും,
മഴയില്‍ അവന്റെ തോള്‍ ചേര്‍ന്ന് നടന്നപ്പോഴും,
എന്റെ വിരല്‍ കൊണ്ട് തൊട്ടാവാടി മിഴി പൂട്ടിയപ്പോള്‍,
അത് കണ്‍ തുറക്കും വരെ കാത്തിരുന്നപ്പോഴും,
ക്ലാസ് മുറികള്‍ക്കുള്ളില്‍ അനേകം ശബ്ദങ്ങള്‍ക്കിടയില്‍
ആ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞപ്പോഴും
എനിക്കവനോട് പ്രണയമായിരുന്നു.
പറയാനാവാതെ,പറയാനറിയാതെ
ആ മിഴികള്‍ നിറയുന്നത് കാണുവാനാകാതെ
മനസ്സില്‍ കാത്തു വെച്ച പ്രണയം.
കാലങ്ങള്‍ നിഴല്‍ വീഴ്ത്തി എന്റെ പടിവാതില്‍
കടന്നു പോയപ്പോള്‍ നിധി പോലെ ഞാനത് മനസ്സില്‍ കാത്തു വെച്ചു.
നിശബ്ദമായ്.നിഗൂഡമായ്..
ഒരിക്കലെല്ലാം പറയാം എന്ന ഉറപ്പോടെ..
ഇന്ന് ,.
നിറമാര്‍ന്ന ഓര്‍മ്മകളേകി അവന്‍ നിലാവിലേക്ക് നടന്നു പോയി..
തുറന്നിട്ട ജനാലക്കിടയിലൂടെ നിലാവുള്ള
രാത്രികളില്‍ ഞാനവനെ കാണുന്നു.
ഇനി അവന്‍ തിരിച്ചു വരില്ലെന്നറിയാമെങ്കിലും
ഞാനിന്നും അവനോട് സംസാരിക്കുന്നു.
ഒന്നു മാത്രം എനിക്കിന്നും പറയാനാവുന്നില്ല.
അവനോട് എനിക്ക് ഇന്നും പ്രണയമാണെന്ന്.!!
