Saturday, 7 July 2012

[www.keralites.net] അഭിനയ- ഊമയും ബധിരയുമാണെന്ന്‌ പറഞ്ഞാല്‍ വിശ്വസിക്കില്ല.

 

അഭിനയ, അവളുടെ കഥ ഇങ്ങനെ

മുത്തശ്ശിക്കഥപോലെ കേട്ടിരിക്കാവുന്ന കൗതുകം നിറഞ്ഞ ജീവിതയാത്രയാണ്‌ ഈ പെണ്‍കുട്ടിയുടേത്‌. സ്‌നോവൈറ്റിന്റെയും സിന്‍ഡ്രല്ലയുടെയും ഒക്കെ കഥപോലെ ആകാംക്ഷാഭരിതവും സുന്ദരവുമായ ഒരു കഥയാണ്‌ അഭിനയയുടേത്‌ എന്ന്‌ കാവ്യാത്മകമായി പറയാം.....കഥ കേട്ടു കഴിയുമ്പോള്‍ കേട്ടതൊന്നും സാങ്കല്‍പ്പികമായിരുന്നില്ല എന്ന്‌ ഞെട്ടലോടെ മനസില്‍ തിരിച്ചറിയുക യാഥാര്‍ത്ഥ്യം അറിയുമ്പോഴാണ്‌.

അഭിനയ - കഥയിലെ നായികയുടെ പേര്‌ ഇതാണ്‌. അവളുടെ കഥ ഇങ്ങനെയും.

എയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥനായിരുന്ന ഗ്യാനാനന്ദിനും വീട്ടമ്മയായ ഹേമലതയ്‌ ക്കും ദൈവം നല്‍കിയ വരപ്രസാദം. രണ്ട്‌ ആണ്‍മക്കള്‍ക്കുശേഷം ആ ദമ്പതികള്‍ ഒരു പെണ്‍കുഞ്ഞിനുവേണ്ടി ദൈവത്തോട്‌ ഹൃദയത്തില്‍ തൊട്ടു പ്രാര്‍ത്ഥിച്ചതിന്റെ ഫലം. എന്നാല്‍ ഭൂമിയിലേക്ക്‌ പിറന്നുവീണ ആ കുഞ്ഞുമാലാഖ തനിക്ക്‌ അപരിചിതമായ ലോകത്ത്‌ കരഞ്ഞുവിളിച്ചില്ല. ചുറ്റിലും കേള്‍ക്കുന്നത്‌ കേട്ടതായും നടിച്ചില്ല. മറിച്ച്‌ ആ കണ്ണുകളില്‍ കൗതുകമായിരുന്നു. മകള്‍ ഊമയും ബധിരയുമാണെന്ന്‌ വൈകാതെ അച്‌ഛനമ്മമാര്‍ക്ക്‌ മനസിലായി. പക്ഷേ, മകളുടെ ദുര്‍വിധിയോര്‍ത്ത്‌ അവര്‍ പൊട്ടിക്കരഞ്ഞില്ല. അവര്‍ അവളെ വളര്‍ത്തി. സാധാരണ പെണ്‍കുട്ടിയെപ്പോലെ. എന്തിനും ഏതിനും അവള്‍ക്ക്‌ ഇടവും വലവുമായി ആ അച്‌ഛനും അമ്മയും ഒപ്പം നിന്നു.

വൈകല്യങ്ങളില്‍ തുടര്‍ന്നുപോകുന്നവരാണധികവും. അപകര്‍ഷബോധവും നഷ്‌ടബോധവും ഒരുപോലെ മനസില്‍ പോരടിക്കുമ്പോള്‍ പുറംലോകത്തോട്‌ പുച്‌ഛമായിരിക്കും പലര്‍ക്കും. ചിലര്‍ ആത്മഹത്യയുടെ വഴി സ്വീകരിച്ച്‌ പിന്‍വാങ്ങും. അത്തരക്കാര്‍ക്കുള്ള പാഠപുസ്‌തകമാണ്‌ അഭിനയ. സംസാരിക്കാനും കേള്‍ക്കാനും പറ്റില്ല എന്നത്‌ വൈകല്യമായി കാണാതെ മന:ശക്‌തികൊണ്ട്‌ അവള്‍ കൈവരിച്ചത്‌ അസൂയാവഹമായ നേട്ടങ്ങളാണ്‌. അതും സിനിമാലോകത്ത്‌.

രാഷ്‌ട്രീയത്തിലെപോലെ കുറവുകള്‍ അതിവേഗം ചൂണ്ടിക്കാണിക്കപ്പെടുന്ന സിനിമയുടെ ലോകത്ത്‌ കുറ്റമറ്റവളായി അഭിനയ നിലകൊള്ളുന്നു. വെള്ളിത്തിരയിലൂടെ അവള്‍ വാതോരാതെ സംസാരിക്കുകയും, പാട്ടിന്റെ താളത്തിനൊത്ത്‌ ആടുകയും ചെയ്യുന്നു. തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നാംനിരക്കാരില്‍ ഈ നടിയുടെ പേരും ചേര്‍ത്തുവായിക്കപ്പെടുകയാണ്‌. ലോകത്തിലെ ഏഴ്‌ അത്ഭുതങ്ങള്‍ കടന്ന്‌ ചിന്തിക്കുമ്പോള്‍ അഭിനയ എന്ന്‌ പേരും ഒപ്പം ചേര്‍ക്കാം

തമിഴ്‌, തെലുങ്ക്‌, കന്നഡ ഭാഷാചിത്രങ്ങള്‍ കടന്ന്‌ മലയാളത്തിലും അഭിനയിച്ചുകഴിഞ്ഞു,അഭിനയ. വേണുഗോപന്‍ സംവിധാനം ചെയ്‌ത റിപ്പോര്‍ട്ടര്‍ എന്ന ചിത്രത്തില്‍ സാറ മറിയം ജോണ്‍ എന്ന കഥാപാത്രമായാണ്‌ അഭിനയ എത്തുന്നത്‌. ധാരാളം സംഭാഷണങ്ങളുള്ള., ഏറെ വെല്ലുവിളിയുള്ള കഥാപാത്രം. എന്നാല്‍ അഭിനയ സന്തോഷത്തിലാണ്‌. ആ ഡയലോഗുകള്‍ അര്‍ത്ഥമറിഞ്ഞ്‌ പഠിച്ച്‌ കൃത്യമായ ലിപ്‌മൂവ്‌മെന്റ്‌സ് നല്‍കുന്നതിലുള്ള സന്തോഷം. ആ വെല്ലുവിളി നേരിടുന്നതില്‍ അഭിനയ വിജയിച്ചു എന്നാണ്‌ സംവിധായകന്റെ ഭാഷ്യം.ഊമയും ബധിരയുമായ മകള്‍ വെള്ളിത്തിരയില്‍ സംസാരിക്കുന്നത്‌ കാണുമ്പോള്‍ ഗ്യാനാനന്ദിനും ഹേമലതയ്‌ക്കും സന്തോഷം.

2009-
ല്‍ നാടോടികള്‍ എന്ന ചിത്രത്തില്‍ പവിത്ര എന്ന കഥാപാത്രമായി സിനിമയിലെത്തിയതില്‍ പിന്നെ ഊമയായിട്ടേയില്ല. തങ്ങള്‍ക്ക്‌ മുന്‍പില്‍ അസാധാരണ അഭിനയം കാഴ്‌ചവച്ച നടി ഊമയും ബധിരയുമാണെന്ന്‌ പറഞ്ഞാല്‍ പ്രേക്ഷകരാരും വിശ്വസിക്കില്ല.

തമിഴിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റായ സുബ്രഹ്‌മണ്യപുരം ടീമിന്റെ രണ്ടാമത്തെ പ്രോജക്‌ട് എന്ന നിലയില്‍ മാധ്യമ ശ്രദ്ധപിടിച്ചുപറ്റിയ നാടോടികള്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ താരപദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ടത്‌ അഭിനയയായിരുന്നു. പവിത്രയും കുറുമ്പും കൊഞ്ചലും പ്രണയവും മികച്ചുനിന്നത്‌ ഒറിജിനാലിറ്റികൊണ്ടായിരുന്നു. നാടോടികള്‍ പിന്നീട്‌ ബ്രാന്‍ഡ്‌ ചെയ്യപ്പെട്ടത്‌ അഭിനയയെ മുന്‍നിര്‍ത്തിക്കൊണ്ടായിരുന്നുവെന്നതും ചരിത്രം. തമിഴും കടന്ന്‌ ചിത്രം തെലുങ്കും കന്നഡയും അഭിനയിച്ചപ്പോഴും അഭിനയയ്‌ക്ക് പകരംവയ്‌ക്കാന്‍ മറ്റൊരാളില്ലായിരുന്നു. അഭിനയയുടെ വിശേഷങ്ങളിലേക്ക്‌...(ചോദ്യകര്‍ത്താവിന്റെ ചുണ്ടില്‍നിന്നും ചോദ്യങ്ങള്‍ മിഴികൊണ്ട്‌ വായിച്ചെടുത്ത്‌ ഉത്തരങ്ങള്‍ വിരല്‍ത്തുമ്പിലൂടെ കീബോര്‍ഡിലേക്ക്‌ പകര്‍ന്ന്‌ കമ്പ്യൂട്ടര്‍ മോണിറ്ററിലൂടെ അഭിനയ സംസാരിക്കാന്‍ തുടങ്ങി)

പരിമിതികളില്‍ തളരാതെ മുന്നോട്ടുപോകാന്‍ പ്രേരകമായ ശക്‌തി?

ആത്മവിശ്വാസം എന്ന്‌ ഒറ്റവാക്കില്‍ പറയാം. ഞാനിതിനോടകം തമിഴ്‌, തെലുങ്ക്‌, കന്നഡ, മലയാളം ഭാഷകളില്‍ അഭിനയിച്ചുകഴിഞ്ഞു. ഭാഷ എനിക്കെവിടെയും പ്രശ്‌നമായിരുന്നില്ല. എനിക്ക്‌ മിണ്ടാന്‍ കഴിയില്ല എന്നതിനേക്കാള്‍ അഭിനേത്രിക്ക്‌ നിശ്‌ചയമായും വേണ്ടത്‌ അഭിനയമാണെന്ന തിരിച്ചറിവുതന്നെ പ്രധാനം. ദൈവം വലിയവനാണ്‌. ഞാനാഗ്രഹിച്ചതിലും അപ്പുറം അദ്ദേഹം എനിക്കു തന്നു. അസാധ്യമാണെന്ന്‌ കരുതിയത്‌ പലതും ഞാന്‍ നേടിയെടുത്തു. എനിക്കുതന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ല.

അഭിനയലോകത്തേക്കുള്ള വരവിനെപ്പറ്റി?

അഭിനയം കുഞ്ഞുനാള്‍തൊട്ടേ എനിക്ക്‌ പാഷനായിരുന്നു. ഞാന്‍ ഏറെ ആരാധിക്കുന്നയാളാണ്‌ ഐശ്വര്യ റായ്‌. അവരുടെ വലിയ ഹോര്‍ഡിങുകള്‍ കൗതുകത്തോടെ, ആരാധനയോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്‌. അവരെപ്പോലെ സിനിമയിെലത്തണമെന്ന്‌ ആഗ്രഹിച്ചിരുന്നു. സൗന്ദര്യറാണിപ്പട്ടം എന്റെയും മോഹമായിരുന്നു. വളര്‍ന്നപ്പോള്‍ സിനിമയോടുള്ള ക്രെയ്‌സ് വര്‍ധിച്ചു.

എന്റെ അച്‌ഛനും നല്ലൊരു നടനാണ്‌. എയര്‍ഫോഴ്‌സിലെ ഉദ്യോഗംപോലും വേണ്ടെന്നുവച്ച്‌ എന്റെ ജീവിതത്തില്‍ സ്വപ്‌നങ്ങളുടെ ചിറകുവിരിയിച്ച്‌ എന്നെ സിനിമകളുടെ ലോകത്ത്‌ പറത്തിവിട്ടത്‌ അച്‌ഛന്റെ ഇച്‌ഛാശക്‌തിയാണ്‌.അച്‌ഛന്‍ ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്‌.എന്റെ റോള്‍മോഡല്‍ അദ്ദേഹം തന്നെയാണ്‌.

പിന്നെ ഈ നേട്ടങ്ങള്‍ ഞങ്ങള്‍ക്ക്‌ സ്വന്തമായത്‌ മലയാളിയായ സ്ലീബാ വര്‍ഗീസ്‌ എന്ന പരസ്യചിത്ര സംവിധായകന്റെ മഹാമനസ്‌കത കൊണ്ടാണ്‌. ഹൈദരാബാദില്‍ നടന്ന കോപ്പറേറ്റ്‌ പരസ്യത്തിന്റെ ഓഡീഷന്‌ പോയപ്പോഴാണ്‌ അച്‌ഛന്‍, അദ്ദേഹത്തെ ആദ്യം കാണുന്നത്‌. അന്ന്‌ ഞാന്‍ തീരെ കുട്ടിയായിരുന്നതുകൊണ്ട്‌ അനുകൂലമായ മറുപടിയല്ല കിട്ടിയത്‌. പക്ഷേ പിന്നീട്‌, അദ്ദേഹമാണ്‌ സുഹൃത്തായ സമുദ്രക്കനി സാര്‍ സംവിധാനം ചെയ്‌ത നാടോടികളിലേക്ക്‌ എന്നെ കാസ്‌റ്റ് ചെയ്യുന്നത്‌. പിന്നീട്‌ ജീവിതത്തില്‍ സംഭവിച്ചതെല്ലാം അത്ഭുതമായിരുന്നു.

തമിഴ്‌, തെലുങ്ക്‌, കന്നഡ ഇപ്പോള്‍ മലയാളം, അഭിനയയ്‌്ക്കിഷ്‌ടം ഏതാണ്‌?

എല്ലായിടവും. ആരും എന്നെ വൈകല്യമുള്ളവളായി കണ്ടിട്ടില്ല എന്നത്‌ വലിയ ഭാഗ്യമായി കരുതുന്നു. ഓരോരുത്തരും എന്നെ സ്വന്തം വീട്ടിലെ കുട്ടിയായി കണ്ട്‌ സ്‌നേഹിക്കുന്നു. ഇപ്പോള്‍ മലയാള സിനിമയുടെയും ഭാഗമായിരിക്കുകയാണ്‌ ഞാന്‍.

നടിയെന്ന നിലയില്‍ ഏറ്റവും വലിയ വെല്ലുവിളി?

ഭാഷ. സത്യമാണ്‌. റിപ്പോര്‍ട്ടര്‍ എന്ന മലയാള സിനിമ എനിക്കൊരു ചലഞ്ച്‌ തന്നെയായിരുന്നു. ഡയലോഗുകള്‍ക്ക്‌ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്‌. ഷൂട്ടിങ്ങും ഫാസ്‌റ്റാണ്‌. ഈ ചിത്രത്തിലേക്ക്‌ ഞാന്‍ എത്തുന്നതു സ്ലീബാ സാര്‍ വഴിയാണ്‌. ചിത്രത്തിന്റെ തിരക്കഥാകൃത്ത്‌ സുരേഷ്‌ബാബു സാര്‍ സ്ലീബാസാറിന്റെ സുഹൃത്താണ്‌.

റിപ്പോര്‍ട്ടറില്‍ എന്നെ മലയാളം പഠിക്കാന്‍ സഹായിച്ച അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ ബിനോയിയുടെ സഹായംകൊണ്ടാണ്‌ എന്റെ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ കഴിഞ്ഞത്‌.

ജീവിതത്തില്‍ ഞാന്‍ നേരിട്ട പ്രധാന വെല്ലുവിളി മറ്റുള്ളവരുടെ സിമ്പതിയാണ്‌. "അയ്യോ, പാവം കുട്ടി. മിണ്ടാനും കേള്‍ക്കാനും കഴിയാതെപോയല്ലോ" എന്ന അര്‍ത്ഥത്തിലുള്ള നോട്ടവും പെരുമാറ്റവും എന്നെ അലോസരപ്പെടുത്തിയിട്ടുണ്ട്‌. എന്തിനാണവര്‍ എന്നോട്‌ സിമ്പതി കാണിക്കുന്നത്‌? എന്റെ അച്‌ഛനും അമ്മയ്‌ക്കും എന്നോടില്ലാത്ത ആ വികാരം അവര്‍ എന്തിന്‌ എന്നോട്‌ കാണിക്കുന്നു? എനിക്ക്‌ പരിമിതികള്‍ ഉണ്ട്‌. എന്നു കരുതി ഞാന്‍ തളര്‍ന്നിരുന്നെങ്കില്‍ ഒന്നും ആവില്ലായിരുന്നു. ജീവിതം ഈശ്വരന്റെ അനുഗ്രഹമാണ്‌. അത്‌ കരഞ്ഞും കുറവുകളെ ഓര്‍ത്ത്‌ സഹതപിച്ചും തീര്‍ക്കേണ്ടതില്ല. ജീവിക്കുക... സന്തോഷമായി ഓരോ നിമിഷവും ആസ്വദിച്ച്‌ ജീവിക്കുക.

എല്ലാം തികഞ്ഞവര്‍ക്കുപോലും കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങേണ്ടിവന്ന ലോകമാണിത്‌.അഭിനയയ്‌ക്ക്അത്തരം കുറ്റപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ടോ?

ദൈവാനുഗ്രഹത്താല്‍ ഇല്ല. ആളുകളുടെ സഹതാപനോട്ടമൊഴിച്ചാല്‍. മറ്റൊന്ന്‌ എനിക്ക്‌ മൊബൈല്‍ഫോണ്‍ ബാധയില്ലാത്തതുകൊണ്ട്‌ ഒരു സംവിധായകനില്‍നിന്നും വഴക്ക്‌ കേള്‍ക്കേണ്ടിവന്നിട്ടില്ല എന്നതാണ്‌. കേട്ടിട്ടുണ്ട്‌, ചില താരങ്ങള്‍ സെറ്റില്‍ പോയാല്‍ അഭിനയത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കുക മൊബൈല്‍ ചാറ്റിങ്ങിലും എസ്‌.എം.എസിലുമാണെന്ന്‌.

റിപ്പോര്‍ട്ടറിലൂടെ നാടോടികള്‍ ടീം വീണ്ടും ഒന്നിച്ചപ്പോള്‍?

ഞാനും അനന്യയും സമുദ്രക്കനി സാറും ആസ്വദിച്ചാണ്‌ നാടോടികള്‍ പൂര്‍ത്തിയാക്കിയത്‌. ഇപ്പോള്‍ റിപ്പോര്‍ട്ടറിലൂടെ ഒന്നിച്ചതില്‍ സന്തോഷം. വ്യത്യസ്‌തമായ ഒരനുഭവം സമ്മാനിക്കുന്ന മനോഹരമായ ചിത്രമാണത്‌. ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സമുദ്രക്കനി സാറിനെയും ഒട്ടനവധി ചിത്രങ്ങളിലൂടെ അനന്യയെയും മലയാളികള്‍ സ്വീകരിച്ചുകഴിഞ്ഞു. റിപ്പോര്‍ട്ടര്‍ എന്ന ചിത്രത്തിലൂടെ അവരോടൊപ്പം എന്നെയും മലയാളികള്‍ സ്വീകരിക്കുമെന്നെനിക്കുറപ്പുണ്ട്‌.

റിപ്പോര്‍ട്ടര്‍ അനുഭവങ്ങളെക്കുറിച്ച്‌...?

ആദ്യമേ സംവിധായകന്‍ വേണുഗോപന്‍ സാറിനും ക്യാമറാമാന്‍ അഴകപ്പന്‍സാറിനും തിരക്കഥാകൃത്ത്‌ സുരേഷ്‌ബാബു സാറിനും മറ്റും നന്ദിപറയട്ടെ. അത്രമാത്രം സ്‌നേഹവും പിന്തുണയുമാണ്‌ അവര്‍ എനിക്ക്‌ നല്‍കിയത്‌. ഈ ചിത്രം എന്റെ കരിയറില്‍ മുതല്‍ക്കൂട്ടാകും എന്നതുറപ്പ്‌. റിപ്പോര്‍ട്ടര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മനസില്‍ ഒരു നോവുതോന്നി. സെറ്റിലുള്ളവരുമായി മാനസികമായി വല്ലാത്ത അടുപ്പം തോന്നിപ്പോയിരുന്നു. പിന്നെ കൂടെ അഭിനയിക്കുന്ന നടന്‍ കൈലാഷ്‌, അദ്ദേഹത്തെപ്പറ്റി പറഞ്ഞാല്‍ നല്ലൊരു നടന്‍ എന്നതിലുപരി വളരെ നല്ലൊരു ഹ്യൂമന്‍ബിയിങ്‌ ആണ്‌. ജഗദീഷ്‌ സാറിനെയും എനിക്കൊരുപാട്‌ ഇഷ്‌ടപ്പെട്ടു. മറ്റൊരു സൗഭാഗ്യം ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടാന്‍ പറ്റിയെന്നതാണ്‌. ഗുരുവായൂരായിരുന്നു എനിക്ക്‌ വര്‍ക്ക്‌ ഉണ്ടായിരുന്നത്‌. അതുകൊണ്ട്‌ തന്നെ ക്ഷേത്രദര്‍ശനത്തിന്‌ സൗകര്യമുണ്ടായി.

കേരളവുമായി എന്തെങ്കിലും ബന്ധം?

കുടുംബബന്ധങ്ങള്‍ ഒന്നുമില്ല. എന്നാല്‍ അതിലും വലിയ മാനസികബന്ധം ഈ നാടുമായി ഉണ്ട്‌. എന്റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും നിമിത്തമായ സ്ലീബാ സാറിന്റെ കുടുംബം ഇവിടുള്ളപ്പോള്‍ കേരളം ഞങ്ങളുടെയും സ്വന്തം നാടാണ്‌. കേരളത്തില്‍ വരുമ്പോഴെല്ലാം ആ കുടുംബത്തിന്റെ സ്‌നേഹം ഞങ്ങള്‍ ആവോളം അനുഭവിച്ചിട്ടുണ്ട്‌.

ഇതിനിടയില്‍ മിസ്‌ സൗത്ത്‌ ഇന്ത്യ മത്സരത്തിലും മാറ്റുരച്ചല്ലോ?

അതെ. എന്റെ വലിയ മോഹമായിരുന്നു മിസ്‌ വേള്‍ഡ്‌ മത്സരത്തില്‍ പങ്കെടുക്കുക എന്നത്‌. പക്ഷേ പരിമിതികള്‍ ഏറെയുണ്ട്‌ എന്നതിനേക്കാള്‍ എന്നെ വിഷമിപ്പിച്ചത്‌ സൗന്ദര്യമത്സരത്തിന്‌ ഒരുങ്ങേണ്ട രീതികളെക്കുറിച്ച്‌ ഒരു ധാരണയും ഇല്ല എന്നതാണ്‌. സ്ലീബാ സാറാണ്‌ മത്സരത്തെക്കുറിച്ച്‌ പറഞ്ഞത്‌. അദ്ദേഹത്തോട്‌ മത്സരത്തെക്കുറിച്ച്‌ സൂചിപ്പിച്ചത്‌ സുഹൃത്ത്‌ കൂടിയായ ഡി.വൈഎസ്‌.പി. വേണുഗോപാല്‍ സാറാണ്‌.

മിസ്‌ സൗത്ത്‌ ഇന്ത്യ മത്സരത്തില്‍ കണ്ടസ്‌റ്റന്‍സിനൊപ്പം വേര്‍തിരിവില്ലാതെയാണ്‌ ഞാനും മത്സരിച്ചത്‌. വാലന്റീന എന്ന സ്‌ത്രീയായിരുന്നു ഗ്രൂം ചെയ്യിച്ചത്‌. ഇവന്റ്‌ മാനേജ്‌മെന്റ്‌ സാരഥികളായ അജിത്തിനും ഭാര്യയ്‌ക്കും നന്ദി. വിജയിക്കാന്‍ പറ്റിയില്ലെങ്കിലും ജനപ്രിയതയ്‌ക്കുള്ള പ്രേക്ഷക വോട്ട്‌ നേടാന്‍ സാധിച്ചു. അതുതന്നെല്ലേ വലിയ അംഗീകാരം.

വലിയ മോഹമെന്താണ്‌?

എന്റെ മാത്രമല്ല, അച്‌ഛന്റെയും വലിയ മോഹമാണത്‌. മറ്റൊന്നുമല്ല, ഒരു ഹോളിവുഡ്‌ സിനിമയില്‍ അഭിനയിക്കണം. അതിനുമുന്‍പ്‌ ഒരു ബോളിവുഡ്‌ ചിത്രത്തിലും. ഇംഗ്ലീഷ്‌ എനിക്കേറെ പ്രിയപ്പെട്ട ഭാഷയാണ്‌. ധാരാളം ഇംഗ്ലീഷ്‌ ചിത്രങ്ങള്‍ ഞാന്‍ ആര്‍ത്തിയോടെ കണ്ടിട്ടുണ്ട്‌. അവരുടെ ഫിലിം മേക്കിങ്ങും പെര്‍ഫെക്ഷനും കൊതിപ്പിച്ചിട്ടുണ്ട്‌.

വീട്ടില്‍ എങ്ങനെ? അച്‌ഛനമ്മമാര്‍ ലാളിച്ചു വളര്‍ത്തിയ കുട്ടിയാണോ?

ഏയ്‌ അങ്ങനെയില്ല. പക്ഷേ, ഞാന്‍ ഭയങ്കര കുറുമ്പിയാണ്‌. എന്റെ എല്ലാ കുരുത്തക്കേടുകള്‍ക്കും ഇര അച്‌ഛനാണ്‌. സന്തോഷമായാലും സങ്കടമായാലും അച്‌ഛനോടാണ്‌ കാണിക്കുക. എന്റെ കുറുമ്പ്‌ ഭയന്ന്‌ അച്‌ഛന്‍ ഹെല്‍മറ്റിടുമോ എന്നാ സംശയം (ചിരി)

സന്തോഷം പകരുന്ന ഒരനുഭവം?

ആദ്യദിന ഷൂട്ടിങ്ങും, ആ ചിത്രത്തിന്റെ റിലീസിങ്ങും. എന്റെ സ്വപ്‌നങ്ങള്‍ക്കും അതീതമായ യാഥാര്‍ത്ഥ്യം.

കഥാപാത്രങ്ങള്‍ക്കുവേണ്ടി മുന്നൊരുക്കങ്ങള്‍ നടത്താറുണ്ടോ?

ഇല്ല. കഥ മനസിലാക്കുമ്പോള്‍ എന്റെ കഥാപാത്രത്തെ മനസില്‍ സ്‌കെച്ച്‌ ചെയ്യാറുണ്ട്‌. പിന്നെ അഭിനയം സ്വാഭാവികമായി വന്നുചേരും. ഇതുവരെ പിഴവു പറ്റിയിട്ടില്ല.

സിനിമയിലെ സുഹൃത്തുക്കള്‍?

ശശികുമാര്‍ സാര്‍. അവര്‍ എനിക്ക്‌ എന്റെ ചേട്ടന്‍ കൂടിയാണ്‌. പിന്നെ എന്റെ ആദ്യ നായകന്‍ വിജയ്‌ (നാടോടികള്‍).

പഠനം ഉപേക്ഷിച്ചോ?

ഇല്ല. പത്താംക്ലാസ്‌ പൂര്‍ത്തിയാക്കി. ഏഴുവര്‍ഷം മുന്‍പ്‌ ഹിയറിങ്ങിന്‌ ഒരു സര്‍ജറി ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി പഠനം ഇടയ്‌ക്ക് നിര്‍ത്തേണ്ടിവന്നു. സര്‍ജറിക്കുശേഷം ഉച്ചത്തിലുള്ള ശബ്‌ദം ചെറുതായി കേള്‍ക്കാം എന്ന നിലയിലായിട്ടുണ്ട്‌. പഠനം തുടരണമെന്ന്‌ തന്നെയാണ്‌ ആഗ്രഹം.

പ്രണയം, വിവാഹം?

ഹേയ്‌, അതിനുള്ള പ്രായം എനിക്കായിട്ടില്ല. മനസും ഇല്ല. ഇരുപത്‌ വയസല്ലേ ആയിട്ടുള്ളൂ. ഞാനിപ്പോഴും ഒരു കുട്ടിയാണ്‌. വീട്ടുകാര്‍ക്ക്‌ ചെല്ലക്കുട്ടിയും.

പുതിയ ചിത്രങ്ങള്‍...?

തെലുങ്കില്‍ നാഗാര്‍ജ്‌ജുന, ജൂനിയര്‍ എന്‍.ടി.ആര്‍, മഹേഷ്‌ബാബു, വെങ്കിടേശ്‌ബാബു എന്നിവര്‍ക്കൊപ്പം ഓരോ ചിത്രങ്ങള്‍. ഒന്നില്‍ നായികയാണ്‌. ബാക്കി മൂന്നില്‍ നായകന്റെ സഹോദരിവേഷം. തമിഴില്‍ രണ്ട്‌ ചിത്രങ്ങള്‍. ഗൗതംമേനോന്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a comment