Sunday 10 June 2012

[www.keralites.net] The unwritten story of Resistance in the Hi-Range

 

ഉടുമ്പഞ്ചോല താലൂക്കിലെ കുടിയേറ്റമേഖലയിലെ പ്രധാന കൃഷി ഏലമാണ്. രാജാക്കാടിനു സമീപമുള്ള മുക്കിടില്‍ മുതല്‍ ശാന്തന്‍പാറയ്ക്കടുത്ത് ചതുരങ്ങപ്പാറയ്ക്കപ്പുറംവരെ പരന്നുകിടക്കുന്ന മൂവായിരത്തിലധികം ഏക്കര്‍വരുന്ന ഭൂപ്രദേശം മുഴുവന്‍ വന്‍കിട തോട്ടംമുതലാളിമാരുടെ ഉടമസ്ഥതയിലാണ്. 1970കളില്‍ രണ്ടായിരത്തഞ്ഞൂറോളം തൊഴിലാളികള്‍ ഇവിടെ ജോലിചെയ്തിരുന്നു. തോട്ടംമേഖലയില്‍ നിലനിന്ന ചൂഷണവും അതിനെതിരെ സംഘടിച്ച തൊഴിലാളി യൂണിയന്‍ നേരിടേണ്ടിവന്ന പീഡനങ്ങളും യൂണിയന്‍ നടത്തിയ ചെറുത്തുനില്‍പ്പും ഹൈറേഞ്ചിന്റെ രചിക്കപ്പെടാത്ത ചരിത്രമാണ്. കോതമംഗലം, പാല, കാഞ്ഞിരപ്പിള്ളി പ്രദേശങ്ങളില്‍നിന്ന് കുടിയേറിയവരാണ് ഹൈറേഞ്ചിലെ ബഹുഭൂരിപക്ഷം താമസക്കാരും.
വന്‍കിട തോട്ടങ്ങളിലെ സ്ഥിതി ഇതായിരുന്നില്ല. മലയാളിയായ പൊന്നപ്പന്‍പിള്ള ആയിരുന്നു വന്‍ തോട്ടമുടമകള്‍ക്കിടയിലെ ഏക മലയാളി. ബാക്കി ഏലത്തോട്ടത്തിന്റെ ഉടമകള്‍ ആദ്യകാലത്ത് തമിഴ്നാട്ടുകാരായിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ ടി മൈക്കിളിന്റെ നേതൃത്വത്തിലെ ഐഎന്‍ടിയുസി മാത്രമായിരുന്നു ഏക തൊഴിലാളി യൂണിയന്‍. മറ്റൊരു തൊഴിലാളി സംഘടനയും ഉണ്ടാകാതിരിക്കാന്‍ കെ ടി മൈക്കിളും കോണ്‍ഗ്രസിന്റെ ഉടുമ്പഞ്ചോല പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പൊന്നപ്പന്‍പിള്ളയും ശ്രദ്ധാലുക്കളായിരുന്നു. പേരിന് ഉണ്ടായിരുന്ന യൂണിയന്‍, തൊഴിലാളികള്‍ക്കുവേണ്ടിയായിരുന്നില്ല; അതിന്റെ ചുമതലക്കാരും തൊഴിലാളികളായിരുന്നില്ല. സംസ്കാരശൂന്യരും കര്‍ക്കശക്കാരുമായ തമിഴ് കങ്കാണിമാരാണ് തൊഴിലാളികളെ നിയന്ത്രിച്ചത്. ഏഴുമണിക്ക് മുന്‍പ് തോട്ടത്തില്‍ എത്തണം, അഞ്ചുമണിവരെ പണി, നടുനിവര്‍ക്കാന്‍ അനുവാദമില്ല, ആണുങ്ങള്‍ തലയില്‍ തോര്‍ത്തുമുണ്ട് കെട്ടരുത് ഇങ്ങനെ പോകുന്നു കങ്കാണിമാരുടെ നിബന്ധനകള്‍. സ്ഥിരം പണി ലഭിക്കും എന്ന ഒറ്റക്കാരണത്താല്‍ തോട്ടംപ്പണി തെരഞ്ഞെടുക്കേണ്ടിവന്ന തൊഴിലാളികള്‍ കങ്കാണിമാരുടെ ദയാദാക്ഷിണ്യത്തില്‍ കഴിഞ്ഞു. കങ്കാണിമാരെ അനുസരിച്ച് നടന്നാല്‍ ഐഎന്‍ടിയുസി യൂണിയനിന്‍ ചേരാം, ഇല്ലെങ്കില്‍ എന്നും ടെബറുവരി (ശെര) തൊഴിലാളിയായി കഴിയേണ്ടിവരും, കൂലിയും കുറയും.
തൊഴിലാളിപീഡനത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ 1969ല്‍  എ കെ ദാമോദരന്റെ നേതൃത്വത്തില്‍ സിഐടിയു യൂണിയന്‍ ഉണ്ടാക്കാന്‍ മുക്കിടിലില്‍ രഹസ്യയോഗം ചേര്‍ന്നു. എ കെ ദാമോദരന്റെ നേതൃത്വത്തില്‍ ജില്ലാ നേതാവായിരുന്ന എം എം മണിയുടെ സാന്നിധ്യത്തില്‍ അതേവര്‍ഷം അവസാനം ആദ്യത്തെ ചെങ്കൊടി മുക്കിടിലില്‍ ഉയര്‍ന്നു. യൂണിയന്‍ രൂപീകരണത്തെ മുതലാളിമാര്‍ അംഗീകരിച്ചില്ല. അതുവരെ നിഷ്ക്രിയമായിരുന്ന ഐഎന്‍ടിയുസിയെ പുനഃസംഘടിപ്പിച്ച് ചെറുത്തുനില്‍പ്പ് പദ്ധതിയൊരുക്കി. പക്ഷേ, സിഐടിയുവിന്റെ പിന്തുണ നാള്‍ക്കുനാള്‍ വര്‍ധിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒട്ടാത്തിയിലും യോഗം ചേര്‍ന്നു. ഇ സി ഏലിയാസ്, ചെരുവില്‍ ജോയി, പിന്നോലില്‍ കുഞ്ഞാപ്പ്, ബലഭദ്രന്‍ തുടങ്ങിയവര്‍ സംഘടിപ്പിച്ച രഹസ്യയോഗത്തിലും പ്രസംഗിക്കാന്‍ എത്തിയത് എം എം മണിയായിരുന്നു. മണിയുടെ നേതൃപാടവവും കര്‍ക്കശ സ്വഭാവവും സഖാക്കള്‍ക്ക് ആവേശമായി. 1972ല്‍ വെങ്കലപ്പാറയില്‍ ആദ്യത്തെ ചെങ്കൊടി നാട്ടി. വെങ്കലപ്പാറ എസ്റ്റേറ്റിലെ ഒരുപറ്റം തൊഴിലാളികള്‍ പുതിയ യൂണിയനില്‍ ചേര്‍ന്നതായി അറിയിച്ച് മാനേജ്മെന്റിന് നോട്ടീസ് നല്‍കി. അതീവ രഹസ്യമായായിരുന്നു യൂണിയന്‍ പ്രവര്‍ത്തനം. പുലരാറാകുമ്പോഴാണ് പാര്‍ടി മീറ്റിങ്ങുകള്‍ നടന്നത്. കാട്ടിലൂടെ രാത്രി പത്തും പതിനഞ്ചും കിലോമീറ്റര്‍ നടന്നുപോയി മണിയും ദാമോദരനും യോഗങ്ങള്‍ സംഘടിപ്പിച്ചു.
അക്കാലത്താണ് വെങ്കലപ്പാറ എസ്റ്റേറ്റ് കാഞ്ഞിരപ്പിള്ളിക്കാരന്‍ പൊട്ടംകുളം വിലയ്ക്കു വാങ്ങുന്നത്. ഇദ്ദേഹം യൂണിയന്‍ പ്രവര്‍ത്തനം അനുവദിച്ചില്ലെന്നു മാത്രമല്ല കങ്കാണിഭരണത്തിന് എല്ലാ ഒത്താശയുംചെയ്തു. സ്വതന്ത്രമായ യൂണിയന്‍ പ്രവര്‍ത്തനാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 1979ല്‍ ഒട്ടാത്തിയില്‍ നിന്ന് വെങ്കലപ്പാറയിലേയ്ക്ക് സിപിഐ എമ്മും സിഐടിയുവും ചേര്‍ന്ന് മാര്‍ച്ച് നടത്തി. എസ്റ്റേറ്റിനു മുന്നില്‍ എത്തിയപ്പോള്‍ എസ്റ്റേറ്റ് ബംഗ്ലാവില്‍നിന്ന് ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തു.  കാമരാജ് വെടിയേറ്റ് മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയുംചെയ്തു. അന്നത്തെ വെടിവയ്പില്‍ ശരീരത്തില്‍ കയറിയ നാടന്‍തോക്കിന്റെ ചില്ലുമായി മുക്കുച്ചാമി ഇന്നും മുക്കുടിയില്‍ ജീവിക്കുന്നു. ഉടുമ്പഞ്ചോല താലൂക്കിലെ ആദ്യ രാഷ്ട്രീയ കൊലപാതകമായിരുന്നു കാമരാജിന്റേത്.
ഈ അവസരം മുതലെടുത്ത് സിഐടിയുവിനെ ഭയപ്പെടുത്തി ഇല്ലായ്മചെയ്യാന്‍ തോട്ടം മുതലാളിമാരും ഐഎന്‍ടിയുസി പ്രവര്‍ത്തകരും പദ്ധതിയിട്ടു. അവരുടെ സ്വാധീനത്തില്‍ ഒരു സംഘം കെഎപിക്കാരെ വെങ്കലപ്പാറയിലുള്ള പൊന്നപ്പന്‍പിള്ള തോട്ടത്തിനകത്തെ ഒറ്റപ്പെട്ട ബംഗ്ലാവില്‍ ക്യാമ്പ് ചെയ്യിപ്പിച്ചു. ഇവര്‍ സന്ധ്യയാകുമ്പോള്‍ ഒട്ടാത്തി, മോസ്കോ കുന്ന്, വെങ്കലപ്പാറ, അരിവിളംചാല്‍ പ്രദേശങ്ങളിലെ സിഐടിയുക്കാരുടെ വീട് തെരഞ്ഞ് ഇറങ്ങും. ജനങ്ങള്‍ക്കു പുറത്തിറങ്ങാന്‍ ഭയമായി. സിഐടിയുവിന്റെ യൂണിറ്റ് പ്രസിഡന്റ് പുന്നോലി മേരി ഒളിവില്‍ പോയി. പലര്‍ക്കും ക്രൂരമായ പീഡനം ഏറ്റു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന മോസ്കോയിലെ യൂണിയന്‍ പ്രവര്‍ത്തകയെ മുറ്റത്ത് വലിച്ചിറക്കിയിട്ട് വയറിന്മേല്‍ കയറിയിരുന്നിട്ട് "നിന്റെ വയറില്‍ ഇരിക്കുന്നതിന് ബഡ്ഡില്‍ ഇരിക്കുന്നതിനേക്കാള്‍ സുഖമുണ്ടല്ലോടീ" എന്ന് മുള്ളന്‍ചിറ മത്തായി എന്നയാള്‍ പറഞ്ഞത് ഇക്കാലത്തും ആ നാട്ടുകാര്‍ ഓര്‍ക്കുന്നു. ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു എന്ന് എഴുതി തയ്യാറാക്കിയ പ്രസ്താവനയുമായാണ് സംഘം ഇറങ്ങുന്നത്.
ഇതേസമയം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന അഞ്ചേരി ബേബിയുടെ നേതൃത്വത്തില്‍ തലൈങ്കാവ്, വട്ടപ്പാറ, മേലെ ചെമ്മണ്ണാര്‍ പ്രദേശങ്ങളില്‍ സിഐടിയുവിനെതിരെ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്നു. മാസങ്ങള്‍ ഭീകരാന്തരീഷം നിലനിന്നു. സിഐടിയുവിന് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ വയ്യാത്ത ഘട്ടത്തില്‍ എത്തി. എ കെ ദാമോദരന്‍, എം എം മണി, ഒ ജി മദനന്‍ തുടങ്ങിയവര്‍ രഹസ്യമായി വന്നുപോകുന്നുണ്ടെങ്കിലും പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. സ്ത്രീകള്‍ക്കുനേരെയുള്ള അക്രമം പാര്‍ടിപ്രവര്‍ത്തകരെ മാനസികമായി തളര്‍ത്തി. പാര്‍ടി ഓഫീസുകള്‍ തുറക്കാതെയായി. അങ്ങിനെയിരിക്കെയാണ് പൊന്നപ്പന്‍പിള്ളയുടെ വീട്ടില്‍ ക്യാമ്പ് ചെയ്തിരുന്ന കെഎപിക്കാരില്‍ ചിലര്‍ ഒട്ടാത്തിയില്‍ രങ്കസ്വാമിയുടെ പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് വീട് കണ്ടുപിടിക്കുകയും രാത്രി വീട്ടില്‍ കയറുകയും ചെയ്തത്. ഈ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. ഈ സമയത്ത്, അതായത് 1982 അവസാനം കെ ആര്‍ ഗൗരിയമ്മ മുക്കിടില്‍ സന്ദര്‍ശിച്ചു. വീട് വിട്ടുപോയവര്‍ തിരികെവന്ന് തോട്ടത്തില്‍ പണിക്കു പോയി, എന്നും പാര്‍ടി ഓഫീസില്‍ കൂടി. ഭീഷണിയുണ്ടായിരുന്ന വീടുകള്‍ക്ക് കാവലിരുന്നു.  മേരി ഒളിവില്‍നിന്ന് തിരിച്ചുവന്നു. 1982 നവംബര്‍ 13ന് മേലെ ചെമ്മണാറില്‍വച്ച് അഞ്ചേരി ബേബി വെടിയേറ്റ്് മരിച്ചു. പിന്നെ പോലീസിന്റെ തേര്‍വാഴ്ചയായിരുന്നു. ഗുണ്ടകളും വെറുതെയിരുന്നില്ല. പുന്നോലി മേരിയെ ആക്രമിച്ച് മരിച്ചുവെന്നു കരുതി വഴിയില്‍ ഉപേക്ഷിച്ചു. തലൈങ്കാവിലെ പ്രവര്‍ത്തകയായിരുന്ന തിലോത്തമയുടെ വീടുകയറി ആക്രമിച്ച് ദീപു എന്ന കൊച്ചുകുഞ്ഞിനെ മുറ്റത്തേക്ക് എടുത്തെറിഞ്ഞു. (തിലോത്തമ കഴിഞ്ഞ തവണ സേനാപതി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു). ലോക്കപ്പ് മര്‍ദനത്തിന് പേരുകേട്ട മത്തായി എന്ന എസ്ഐ ആയിരുന്നു ശാന്തന്‍പാറ സ്റ്റേഷനില്‍. പിടികിട്ടിയവരെയെല്ലാം തല്ലിച്ചതച്ചു. മേരിയെ മര്‍ദിച്ച് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം (1983 ജനുവരി 16ന്) മുള്ളഞ്ചിറ മത്തായിയെ ആളുകള്‍ തല്ലിക്കൊന്നു.
രണ്ടു പ്രദേശങ്ങളില്‍ ഭീതിവിതച്ചിരുന്ന പ്രമുഖരുടെ തിരോധാനം എതിര്‍ചേരിയില്‍ അങ്കലാപ്പ് പടര്‍ത്തി. പീഡനത്തിന് നേതൃത്വം കൊടുക്കാന്‍ ആളില്ലാതെയായി. തോട്ടം ഉടമകള്‍ യൂണിയനെ അംഗീകരിച്ചു. യൂണിയന്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു. കങ്കാണിസമ്പ്രദായം നിര്‍ത്തലാക്കി. മിനിമം കൂലി 27 രൂപ ആയി നിജപ്പെടുത്തി (ഇന്നത് 215 രൂപയാണ്). എട്ടു മണിക്കൂര്‍ ജോലിസമയം അംഗീകരിച്ചു. അടുത്ത ഇര പൊന്നപ്പന്‍പിള്ള ആയേക്കാം എന്ന അഭ്യൂഹം പരക്കുകയും യൂണിയന്‍വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയുംചെയ്തു. പിന്നീട് ബിജെപിയുടെ സഹയാത്രികനായി, വര്‍ഷങ്ങള്‍ക്കുശേഷം പൊന്നപ്പന്‍പിള്ളയുടെ മകന്‍ അനില്‍കുമാര്‍ സിപിഐ എം അനുഭാവിയുമായി. മുട്ടുകാട് നാണപ്പന്റെ വധത്തിനു പിന്നില്‍ കുടുംബവഴക്കും അതിനോട് അനുബന്ധിച്ച സ്വത്ത് തര്‍ക്കവും ആയിരുന്നു. പക്ഷേ, കൊലപാതകശേഷം ഒരു പക്ഷം സിപിഐ എം ഏറ്റുപിടിച്ചപ്പോള്‍ നാണപ്പന്റെ പക്ഷം കോണ്‍ഗ്രസ് ഏറ്റുപിടിക്കുകയും രാഷ്ട്രീയ കൊലപാതകത്തിന്റെ ഛായ വരികയുംചെയ്തു. അഞ്ചേരി ബേബിയുടെയും മുള്ളഞ്ചിറ മത്തായിയുടെയും വധത്തില്‍ പലരും പ്രതിചേര്‍ക്കപ്പെട്ടെങ്കിലും തെളിവുകളുടെയും സാക്ഷികളുടെയും അഭാവത്തില്‍ ആരും ശിക്ഷിക്കപ്പെട്ടില്ല. എന്തായാലും 1985ന് ശേഷം എല്ലാ പാര്‍ടിക്കാരും സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും താരതമ്യേന ശാന്തമായ ഒരു ജീവിതം അവിടെ ഉണ്ടാവുകയുംചെയ്തു എന്നത് യാഥാര്‍ഥ്യമാണ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment