Tuesday 15 May 2012

[www.keralites.net] കുലംകുത്തികളേ, നിങ്ങള്‍ക്കു മാപ്പില്ല

 


Fun & Info @ Keralites.net 
ഇത് ചരിത്രത്തെ ലജ്ജിപ്പിക്കുന്ന പൊറാട്ടുനാടകമാണ്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന, തൊഴിലാളിവര്‍ഗസിദ്ധാന്തത്തില്‍ മുറുകെപ്പിടിച്ചുകൊണ്ട് സമത്വവും സാഹോദര്യവും സോഷ്യലിസവും സാധ്യമാകുന്ന നല്ല നാളേക്കുവേണ്ടി രക്തസാക്ഷികള്‍ നല്‍കിയ ചോര കൊണ്ട് മുന്നേറുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വേരറുക്കാന്‍ ഉമ്മന്‍ ചാണ്ടിയും അമേരിക്കയും പി.സി.ജോര്‍ജും കൂടി നടത്തുന്ന അതിഭീകരവും ലജ്ജാകരവുമായ രാഷ്ട്രീയകൊലപാതകം. സിപിഎം എന്ന ജനകീയ പാര്‍ട്ടിയെ കൊല ചെയ്യാന്‍ അമേരിക്ക നല്‍കിയ ക്വട്ടേഷന്‍ ഏറ്റുവാങ്ങിയ ഉമ്മന്‍ ചാണ്ടി, ഒറ്റുകാരനായ പി.സി.ജോര്‍ജിന്റെ സഹായത്താല്‍ മാധ്യമ സിന്‍ഡിക്കറ്റിനെ ഉപയോഗിച്ച് പാര്‍ട്ടിയുടെ മുഖത്ത് ആഞ്ഞാഞ്ഞു വെട്ടുകയാണ്. എന്നിട്ടും, അകാരണമായി പലവട്ടം കൈകഴുകുന്ന വിഎസ് അച്യുതാനന്ദന്‍ പീലാത്തോസിന്റെ വേഷം കെട്ടുന്നതെന്തുകൊണ്ടാണ് എന്നു മനസ്സിലാവുന്നില്ല.
ടി.പി.ചന്ദ്രശേഖരനെ കൊന്നത് അമേരിക്കയാണ്. ചന്ദ്രശേഖരന്റെ വധത്തിലൂടെ അമേരിക്ക കൊല്ലാന്‍ ശ്രമിക്കുന്നത് സിപിഎമ്മിനെ ആണെന്ന സത്യം സാധാരണക്കാരായ മലയാളികള്‍ക്കു മനസ്സിലാവുന്നില്ല എന്നത് അതിശയകരമാം വിധം ലജ്ജാകരമാണ്. ടി.പി.ചന്ദ്രശേഖരന്‍ കുലംകുത്തിയാണ് എന്നത് പാര്‍ട്ടി നേരത്തേ പറഞ്ഞിട്ടുള്ള കാര്യമാണ്. അദ്ദേഹം മരിച്ചു എന്നതുകൊണ്ട് കുലംകുത്തി കുലംകുത്തിയല്ലാതാവുന്നില്ല എന്നതേ സഖാവ് പിണറായി പറഞ്ഞുള്ളൂ. മരിച്ചു കഴിയുമ്പോള്‍ ആളുകളെ മഹത്വവല്‍ക്കരിക്കുന്ന ശീലമുള്ള ബ്ലഡി മല്ലൂസിന് അത് അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ വേണ്ട, അകാരണമായി പാര്‍ട്ടിയെ സംശയത്തിന്റെ വടിവാള്‍ കൊണ്ട് വെട്ടുന്നത് സഹിക്കാനാവുന്നതല്ല. ടി.പിയുടെ മരണം അന്വേഷിക്കുന്നത് വില്‍സണ്‍ എം.പോളാണ്. മുത്തൂറ്റ് പോള്‍ എം.ജോര്‍ജ് വധം അന്വേഷിച്ചതും അദ്ദേഹമായിരുന്നു. കൊല നടത്തിയത് രത്തന്‍ ടാറ്റയാണെന്നു വരെ സിപിഎം ആരോപിക്കും എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. കൊല നടത്തിയത് ഡാങ്കേ ആണെന്ന് വരെ ചിലര്‍ പറയാതെ പറഞ്ഞു കഴിഞ്ഞു. ഇനിയെങ്ങോട്ട് ? കേരളത്തെ അമേരിക്കയുടെയും വര്‍ഗീയവാദികളുടെയും കൈകളില്‍ ഏല്‍പിച്ചുകൊടുക്കാന്‍, ഉമ്മന്‍ ചാണ്ടീ നിങ്ങള്‍ ഈ ക്വട്ടേഷന്‍ എടുക്കേണ്ടിയിരുന്നില്ല.
നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിനു വേണ്ടി യുഡിഎഫ് കൊല്ലിച്ചതാണ് ടിപിയെ എന്നു ചിലര്‍ പറഞ്ഞു കേട്ടു. ശുദ്ധ അസംബന്ധമാണത്. ഈ വധത്തിലൂടെ യുഡിഎഫിന് നൈസായി ഊരിയെടുക്കാന്‍ പറ്റിയ വേറെ കുറെ പ്രശ്‌നങ്ങളുണ്ട്. ഈ ബഹളത്തിനിടയില്‍ എന്റിക്ക ലെക്‌സി തീരം വിട്ടുപോയി. മുല്ലപ്പെരിയാര്‍ അണക്കെട്ട് 100 വര്‍ഷത്തേക്ക് പൊട്ടില്ല എന്നു പറഞ്ഞ ജസ്റ്റിസ് കെ.ടി.തോമസ് കൂള്‍ കൂളായി ചിരിക്കുന്നു. പിള്ള-ഗണേഷ് പ്രശ്‌നം, ലീഗ് – മുന്നണി സമവായ പ്രശ്‌നം തുടങ്ങി അനേകം അനേകം പ്രശ്‌നങ്ങളില്‍ നിന്നും കേരളത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ ടിപി വധത്തിലൂടെ കഴിഞ്ഞു എന്നു പറയുമ്പോള്‍ ക്വട്ടേഷന്‍ കൊടുത്തതാര് വാങ്ങിയതാര് എന്നത് മെല്ലെ തെളിഞ്ഞുവരും. എന്നാല്‍ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ കണ്ണടവച്ചിരിക്കുന്നവര്‍ക്ക് അതൊന്നും കാണാന്‍ കഴിയില്ല. സിന്‍ഡിക്കറ്റ് മാധ്യമങ്ങള്‍ പടച്ചുവിടുന്ന നുണക്കഥകള്‍ വിശ്വസിച്ച് കുലംകുത്തിയെ വിപ്ലവകാരിയായും യഥാര്‍ഥവിപ്ലവകാരികളെ കൊലപാതകികളായും ഒറ്റുകാരെ നീതിമാന്മാരായും ചിത്രീകരിക്കുന്നവര്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും.
ടിപിയെ കൊന്നവരെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്നത് ചിലപ്പോള്‍ സിപിഎം പ്രവര്‍ത്തകരോ ഭാരവാഹികളോ ആയിരിക്കും. അമേരിക്കന്‍ ബുദ്ധി അങ്ങനെയാണ്. സ്വന്തം ചാവേറുകളെ ശത്രുക്കളിലൊരാളാക്കി മാറ്റുകയും ആ ചാവേറിനെ ഉപയോഗിച്ച് ശത്രുവിന്റെ ശത്രുവിനെ വകവരുത്തുകയും ആ കേസില്‍ കുടുക്കി ശത്രുവിനെ തകര്‍ക്കുകയും ചെയ്യുന്ന ബുദ്ധി സാധാരണക്കാര്‍ക്കു പിടികിട്ടില്ല. പ്രതികളായി അവതരിക്കപ്പെടുന്നവര്‍ പ്രഥമദൃഷ്ട്യാ സിപിഎം പ്രവര്‍ത്തകരായിരിക്കുമെങ്കിലും അമേരിക്കയും കോണ്‍ഗ്രസുകാരുമായുള്ള അവരുടെ അന്തര്‍ധാര സജീവമായിരിക്കും. ചരിത്രം പരിശോധിച്ചാല്‍ അവരുടെ അപ്പനപ്പൂന്മാര്‍ കോണ്‍ഗ്രസുകാരോ ഏതെങ്കിലും കോണ്‍ഗ്രസുകാരുടെ ബന്ധുക്കളോ അയല്‍വാസികളോ എങ്കിലും ആണെന്നു മനസ്സിലാവും. എന്നാല്‍ സിപിഎമ്മിനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി കൈകോര്‍ത്തിറങ്ങിയവര്‍ ഏതു ചരിത്രം പരോശോധിക്കാന്‍ ?
ഇത് കമ്യൂണിസത്തിനെതിരായ ലോകമഹായുദ്ധത്തിന്റെ മുന്നോടിയായി ഒരുക്കിയിരിക്കുന്ന കൂറ്റന്‍ കെണിയാണ്. നിഷ്‌കളങ്കരായ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പാര്‍ട്ടിക്കെതിരായി തിരിക്കുന്ന ചരിത്രപരമായ കൊടുംപാതകമാണിവിടെ നടക്കുന്നത്. ഇപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം വ്യാജമാണ്. കലികാലമാകുമ്പോള്‍ അല്ലെങ്കിലും അങ്ങനെ തന്നെയാണ്. പക്ഷെ എന്തുകൊണ്ട് സിപിഎം ? ബിഎസ്പിയോടോ തൃണമൂല്‍ കോണ്‍ഗ്രസിനോടോ ചെയ്യാത്ത ക്രൂരത എന്തിനു സിപിഎമ്മിനോടു ചെയ്യുന്നു ? അപ്പാപ്പന്റെ ശവമടക്കിനെത്തിയവരോട് റിയാലിറ്റി ഷോയ്ക്ക് എസ്എംഎസ് വോട്ട് ചോദിക്കുന്ന കൊച്ചുമോനെപ്പോലെ ഡാങ്കേയുടെ കഥകള്‍ പറഞ്ഞ് ചിലര്‍ പത്രസമ്മേളനങ്ങളില്‍ വിലസുന്നു. ഇല്ല, എനിക്കിനിയും ഇത് കണ്ട് നില്‍ക്കാനാവില്ല. മാധ്യമ സിന്‍ഡിക്കറ്റുകളേ, അമേരിക്കന്‍ പിംപുകളേ, കുലംകുത്തികളേ, അല്‍പമെങ്കിലും മനഃസാക്ഷി അവശേഷിക്കുന്നെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സ്റ്റിസ്റ്റിനെ ഇങ്ങനെ വെട്ടിക്കൊലപ്പെടുത്താതിരിക്കൂ. അഹിംസയില്‍ മുറുകെപ്പിടിച്ച്, രക്തസാക്ഷികളുടെ ചോരയില്‍ നിന്നു പടുത്തുയര്‍ത്തിയ ഒരു മഹാപ്രസ്ഥാനത്തെ ആര്‍ക്കും അങ്ങനെ തോല്‍പിക്കാനാവില്ല എന്നു തിരിച്ചറിയുക. ലാല്‍സലാം !


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment