റിയാദ്: 'കഫാല'ത്ത്് (സ്പോണ്സര്ഷിപ്പ്) രീതി അവസാനിപ്പിച്ചുകൊണ്ട് തൊഴില് നയത്തില് കാതലായ മാറ്റങ്ങള്ക്ക് സൗദി അറേബ്യ ഒരുങ്ങുന്നു. തൊഴിലാളിക്കുമേല് തൊഴിലുടമക്കുള്ള അധികാരത്തെ സൂചിപ്പിക്കുന്ന സ്പോണ്സര്ഷിപ്പിന് പകരം രണ്ട് കൂട്ടരും തമ്മിലെ ബന്ധം പുനര് നിര്വചിക്കുന്ന ഖദമാത്ത് (സേവനം) എന്ന വ്യവസ്ഥ ഏര്പ്പെടുത്തുന്നതിനുള്ള നടപടികള് ആരംഭിച്ചതായി തൊഴില്കാര്യ അണ്ടര് സെക്രട്ടറി അഹ്മദ് അല്ഹുമൈദാന് വെളിപ്പെടുത്തി. 'നഖ്ലുല് കഫാല' (സ്പോണ്സര്ഷിപ്പ് മാറ്റം) എന്നതിന് പകരം നഖ്ലുല് ഖിദ്മാത്ത് (സേവന മാറ്റം) എന്നായിരിക്കും തൊഴില് മന്ത്രാലയം ഇനിമുതല് പ്രയോഗിക്കുക. സ്പോണ്സര്ഷിപ്പ് എന്ന പ്രയോഗത്തോട് മന്ത്രാലയം നേരത്തെ·തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മന്ത്രാലയ രേഖകളിലൊന്നിലും ഇത്തരം പ്രയോഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലുടമയുടെ നിയന്ത്രണത്തില്നിന്നും തൊഴിലാളിക്ക് പൂര്ണ സ്വാതന്ത്ര്യം നല്കുകയാണ് നയമാറ്റത്തിന്െറ മുഖ്യ ലക്ഷ്യം. തൊഴിലുടമയുടെ സമ്മതപത്രമില്ലാതെ രാജ്യത്തെവിടേയും സഞ്ചരിക്കാനും പാസ്പോര്ട്ട് കൈവശം സൂക്ഷിക്കാനും, ഇഷ്ടമുള്ള തൊഴില് ദായകനെ സ്വീകരിക്കാനും തൊഴിലാളിക്ക് പൂര്ണ സ്വാതന്ത്ര്യം നല്കുന്നതാണ് പുതിയ പരിഷ്കാരമെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാല് ഇതിനര്ഥം വിദേശ തൊഴിലാളികള്ക്ക് യഥേഷ്ടം ഇവിടെ കടന്നുവന്ന് ഇഷ്ടമുള്ള തൊഴിലുകള് അന്വേഷിച്ച് കണ്ടെത്താനുള്ള സ്വാതന്ത്ര്യം നല്കുന്നുവെന്നല്ല. അത് ലോകത്ത് തൊഴില് വിപണിയിലെവിടേയും ഇല്ലാത്തതാണ്. തൊഴിലുടമയാല് തൊഴിലാളിയുടെ അവകാശങ്ങള് ഹനിക്കപ്പെടുന്നില്ല എന്നുറപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ റിക്രൂട്ടിങ്ങ് കമ്പനികളുടെ വരവോടെ വ്യക്തിഗത സ്പോണ്സര്ഷിപ്പ് വ്യവസ്ഥയില് വരുത്തുന്ന മാറ്റത്തെ കുറിച്ച് പഠനം നടത്തി സമര്പ്പിച്ച റിപ്പോര്ട്ടിന്മേല് മന്ത്രിസഭ 2012 അവസാനത്തോടെ ചര്ച്ച നടത്തുമെന്നുമുള്ള വാര്ത്തകള് ശ്രദ്ധയില്പെടുത്തിയ മാധ്യമ പ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടി പറയുകയായിരുന്നു ഹുമൈദാന്‍. പഠന റിപ്പോര്‍ട്ടില്‍ വിദേശ തൊഴിലാളികളുടെ സാചര്യം പഠിക്കുന്നതിനും സ്പോണ്സര്ഷിപ്പ് വ്യവസ്ഥ റദ്ദാക്കുന്നതിനും മേല്നോട്ടം വഹിക്കാന് വിദേശ തൊഴിലാളികാര്യ സമിതി രൂപവത്കരിക്കണമെന്ന ശിപാര്ശയുണ്ട്. പാസ്പോര്ട്ട് പിടിച്ചുവെക്കുന്നത് തടയുക, തന്െറ കുടുംബത്തെ കൊണ്ടുവരുന്നതിനും ഹജ്ജ് ചെയ്യുന്നതിനും വിവാഹം നടത്തുന്നതിനും തൊഴിലുടമയുടെ അനുമതി തേടണമെന്ന വ്യവസ്ഥ റദ്ദുചെയ്യുക, തൊഴിലിലുപരി മറ്റൊരു കാര്യത്തിലും തൊഴിലാളിക്ക് മേല് സ്പോണ്സര് അധികാരം ചെലുത്താതിരിക്കുക തുടങ്ങിയ ശിപാര്ശകളും മന്ത്രിസഭയുടെ പരിഗണനയിലുള്ള റിപ്പോര്ട്ടിലുണ്ട്. ഇരുകൂട്ടരുടേയും പരസ്പര അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സംരക്ഷിക്കുന്നതിനും തൊഴിലാളിയില്നിന്ന് തൊഴിലുടമക്കുണ്ടാകുന്ന നഷ്ടങ്ങള് നികത്തുന്നതിനും ഇന്ഷൂറന്സ് സംവിധാനം നവീകരിക്കാനൂം റിപ്പോര്ട്ട് ശിപാര്ശ ചെയ്യുന്നു. ജി.സി.സി തലത്തില് തൊഴില് വ്യവസ്ഥകള് ഏകീകരിക്കാന് നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് സൗദി കാതലായ നയം മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 2009ല് ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള് സ്പോണ്സര്ഷിപ്പ് എടുത്തുകളഞ്ഞിരുന്നു. ഖത്തര് ഇതിനുള്ള ആലോചനയിലാണ്. യു.എ.ഇ കഫാലത്ത് വ്യവസ്ഥ കൂടുതല് സുതാര്യമാക്കി.
No comments:
Post a Comment