Friday, 18 May 2012

[www.keralites.net] മുഹമ്മദ്‌ ഇക്ക....താങ്കള്‍ ദൈവത്തിനു ഏറ്റവും പ്രിയപെട്ടവന്‍ ആകുന്നു.

 

Fun & Info @ Keralites.net

.''ഓന്‍ മൊബൈലില്‍ ഇയര്‍പോണ്‍ വെച്ചിറ്റ് പാട്ടും കേട്ടോണ്ട് ട്രാക്കില് നടന്ന് പോയി.തൊട്ടപ്രത്തെ ട്രാക്കില് ഓന്റെ അനിയനും ചങ്ങായിമാരും നടന്ന്.രണ്ട് ചെവിടും ബന്ദാക്കീറ്റ് പാട്ട് ബെച്ചാല് തീബണ്ടിയല്ല പ്ലൈയിന് ബന്നാല് അറിയോന്ന്.കാത് ബ്ലോക്കായിക്കിടക്കേല്ലേ?ഒച്ചകേട്ടീറ്റ് തിരിഞ്ഞ് നോക്കുമ്പേക്ക് അടിച്ചിറ്റായീന്.ഓന്‍ പാട്ടും കേട്ടോണ്ട് പോയീ...മയ്യത്ത് തൊടാന്‍ പോലും ആരൂല്ല''

''കുമ്പള പോലീസ് ബിളിച്ചിറ്റാ ഞാനറിഞ്ഞെ.ഓറ് എത്തുംമ്പേ ഞാനാടെത്തി.ചങ്കിന് തായെം മുട്ടിന് മേലേം മാത്രേ ബാക്കിവെച്ചീറ്റു. പിന്നെ ഒരു ബണ്ടിപോയപ്പേക്കും പൊറോം മാന്തിപ്പറിച്ചോലെ ആയി.മൊഖം ഇല്ലേയില്ല.മൊഖത്തെല്ലേ ആദ്യ അടി പറ്റീറ്റ്ണ്ടാവല്. ഒര് കണ്ണ് കിട്ടീത് അഞ്ചീറ്ററ് അപ്രത്ത്‌ന്‌നാ മറ്റേയിന് കൊറേ നോക്കി.ഏടക്കിട്ടാന്‍. കാലിന്റെ ഒരുപീസും കിട്ടീറ്റ. കൈരണ്ടും ഷോള്‍ഡറിനടുത്ത് കട്ടായീന്. കിട്ടിയതെല്ലാം പറക്കീറ്റ് പ്ലാസ്റ്റിക് ഷീറ്റില് ബാരിവെച്ച് ചാക്കില് കെട്ടി. രാത്രി എട്ടര മണി ആയിന് കയീമ്പം. ജനറല്‍ ആസ്പത്രീ മോര്‍ച്ചറീല് കൊണ്ടച്ച്.വേറെന്ത് ചെയ്യാന്''

''പിറ്റേന്ന് രാവിലെ പോസ്റ്റ് മോര്‍ട്ടം.തലയും തലച്ചോറും ഇല്ലാത്തോണ്ട് തലയോട്ടി തട്ടിപ്പൊളിക്കേണ്ടി വന്നിറ്റിണ്ടാവില്ല. നെഞ്ചിങ്കൂട് തുറന്ന് നോക്കി പോസ്റ്റ് മോര്‍ട്ടം കയിച്ച് മയ്യത്ത് ബിട്ട് തന്ന്. ഉത്തര്‍പ്രദേശ്കാരനാ.മൊഗ്രാല്‍പുത്തൂരില്‍ തുണിതുന്നിക്കൊടുക്കുന്ന പണിയാ.ഉപ്പനേം ഉമ്മേനേം അറിയിച്ചിറ്റും മയ്യത്ത് കൊണ്ടോയി കാണിച്ചിറ്റും എന്ത് കാര്യം. ഇരുപത്തിയാറ് വയസ്സില് പാട്ടും കേട്ട് പോയമോനേ ഓര്‍ക്ക് തിരിച്ച് കിട്ടോ?മാലിക് ദിനാറില് മയ്യത്ത് ഖബറടക്കി. പാര്‍ട്‌സ് വാരിക്കൂട്ടിയതിന് ഇള്ള കൂലി എനക്ക് പടച്ചോന്‍ തരും. ആംബുലന്‍സ് ബാടക മാത്രേ ഞാവാങ്ങീറ്റൂ. എത്ര ചോയിച്ചാലും ഓറ് തരട്ടീ.എനക്കത് ബേണ്ട...നമ്മളെ നാളത്തെ സ്തിതി ഒടേക്കാരനല്ലേ അറിയൂ...നീലവെളിച്ചവും സൈറണുമില്ലാത്ത ഇടവേളയില്‍ മുഹമ്മദ് മനസ്സ് തുറക്കുകയാണ്. ദിവസത്തില്‍ അധിക സമയം കിട്ടാറില്ല ഇങ്ങനെ ഇരിക്കാന്‍. കാസര്‍കോട് ഭാഗത്ത് എവിടെ അത്യാഹിതം നടന്നാലും മുഹമ്മദിന്റെ മൊബൈല്‍ ചിലയ്ക്കും. ശുഭ വാര്‍ത്തകളുമായായിരിക്കില്ല ആ വിളികള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുഹമ്മദിന്റെ ജീവിതവും വഴിയും ഇങ്ങനെയാണ്. ആരും കാണാനാഗ്രഹിക്കാത്ത കാഴ്ചകള്‍ കണ്ട്...ആരും തൊടാനറയ്ക്കുന്നവ ദൈവത്തെ മനസ്സിലോര്‍ത്ത് പെറുക്കിക്കൂട്ടി...

''ചെലര് ആരും കാണാത്തെട്ത്ത് പോയിറ്റ് പണി ഒപ്പിക്കും.നാറ്റം വെരുമ്പോ ആയിരിക്കും ആളറിയുക.നിലത്ത്‌ന്‌ന് എത്താത്തിടത്ത് തൂങ്ങി നിന്നാലും അതില് പുഴു എത്തും. കറുത്ത തലേം വെളുത്ത ശരീരവുമാണതിന്. ഉള്ളില്‍ കറുപ്പാണെങ്കിലും മനുഷ്യനും കറുത്ത തലയും വെളുത്ത ഒടലുമാണല്ലോ പടച്ചോന്‍ നല്‍കിയതും. തൂങ്ങി നില്‍ക്കുന്നത് ആണാണോ പെണ്ണാണോന്നൊന്നും മനസ്സിലാകൂല. തേനീച്ചക്കൂടുപോലെ പുഴുനുരക്കുകയായിരിക്കും. നാറുന്ന മയ്യത്തിനടുത്തേക്ക് പോകാന്‍ പോലും ആരും ഇണ്ടാവൂല. അപ്പം പോലീസ് നമ്മളെ ബിളിക്കും. നമ്മക്കിത് സ്ഥിരം ഏര്‍പ്പാട്. ആ വിളി വന്നാലേ പ്ലാസ്റ്റീക്ക് ഷീറ്റ് കരുതും. പിന്നെ ചിമ്മിണി എണ്ണയാണ് ആയുധം. അത് മണപ്പിക്കുമ്പേ ശവത്തിന്റെ നാറ്റം കുറയും. അടുത്ത് ചെന്നിറ്റ് മയ്യത്തിന്റെ മേലേക്ക് ഒയിക്കും .കുളിപ്പിക്കുംപോലെയാണത്. ഒരു പുഴുപോലും ഒഴിയാതെ തായെ വീഴും.അപ്ലേക്കും പലഭാഗങ്ങളും പുഴുവരിച്ചിരിക്കും. പിന്നെ അതിറക്കുന്ന പണിയാണ്. പ്ലാസ്റ്റീക്കില് പൊതിഞ്ഞ് ബെച്ചാലും നാറും''

''ജീവിച്ചിരിക്കുമ്പോ ഒന്നിച്ച് ചിരിച്ചുകളിച്ച് നടന്ന ആരും ചീഞ്ഞുനാറിയ ശവത്തിന്റൊപ്പം വണ്ടിയില്‍ കേറാറില്ല.മനിശ്യന്റെ മറ്റൊരുമണം തന്നെ കാരണം. മോര്‍ച്ചറീലേക്കുളള ആ യാത്രയില്‍ ഞാനും കൊറച്ച് ഈച്ചകളും ഓര്‍ക്കൊപ്പം.എത്രകൈകിയാലും ആംബുലന്‍സിന്റെ നാറ്റം പോകില്ല. ശവം ഫ്രഷ് ആയാലും പയകിനാറിയാലും നമ്മളെ ബാടക മാറാറില്ല. ചോയിച്ചാ ഓറ് എത്രേം തെരും. ആ ചോറ് ബൈച്ചാ പടച്ചോന്‍ പൊറുക്കൂല''- മുഹമ്മദ് നയം വ്യക്തമാക്കുന്നു.

''സീതാംഗോളിയില്‍ ബസ്സ് കയറീറ്റ് യുവാവ് മെരിച്ച്. ബൈക്കില് ചെത്ത് സ്പീഡാക്കീറ്റ് പറന്നതാ. ബസ്സിന്റെ അടീക്ക്. സ്‌പോട്ടിലെന്നെ പോയീന്. കറുത്ത റോഡീല് ചിത്രം വരച്ചപേലെ മൊഖം. മേലിന് ഒരീപരിക്കൂല്ല. പുത്യ കുപ്പായോം പേന്റും. അയിന്റെ കുടുക്കോലും പോയീറ്റ. എന്താക്കണംന്നറിയാതെ എല്ലാരും തരിച്ച് നിക്കിന്ന്. ഞായെത്തുമ്പോക്ക് സര്‍ക്കസ് കാണുമ്പോലെ ആള്. ജീവന് പോയാപ്പിന്നെ അത് തൊടണേങ്കി ഞാങ്ങോന്നെ ബേണം. ഗ്ലൗസിട്ട് അതെടുക്കുന്നത് മൊബൈലില്‍ എടുക്കാനും ആടെ ആള്ണ്ടായി. എന്തിനാന്ന്പ്പാ ഓര്‍ക്ക് അത്. ആരാ അത് കണ്ടിറ്റ് ചിരിക്കല്.ഞങ്ങ... ഞങ്ങളെ തൊയില് ചെയ്യ്ന്ന്. ഞങ്ങക്കതില് സന്തോഷോന്നൂല്ല.ആരെങ്കിലും ചെയ്യണ്ടേ അത്.ചത്താ അതങ്ങനെ തന്നെ ഇട്ടീറ്റ് ബെരാനാകോ?പടച്ചോന്‍ ഞങ്ങക്ക് പറഞ്ഞ പണിയാ ഇത്.മൊഹമ്മദിനി ഇപ്പണി ബേണോന്ന് പലേരും ചോയിച്ചിറ്റീണ്ട്.ഞാനിത് തൊടങ്ങീപ്പോം ഇപ്പോം മോശായീറ്റ് കണ്ടീറ്റില്ല.ന്റെ കുടുംബം കയീന്നതും ഇതോണ്ടാ.കക്കാനും പിടിച്ച് പറിക്കാനും പോയീറ്റ്‌ലല്ലോ?രാത്രീലും പകലും നോക്കാതെ പണിയാണ്.ഏട്ന്നും എപ്പോം ബിളിബരും.ആവൂലാന്ന് പറയാനറീല്ല .ബിളി വന്നാ പിന്നെ ആ നമ്പറും ആ സ്ഥലവും മാത്രമുകും മനസ്സില്‍മുഹമ്മദ് പറയുന്നു.ഓരോ മുഖങ്ങള്‍...ശരീരങ്ങള്‍...പക്ഷേ, മരണത്തിന് ഒറ്റമുഖം മാത്രം.ശാന്തതയുടെയും ശൂന്യതയുടെയും.ഏത് വഴി തിരഞ്ഞെടുത്താലും മരണത്തിന്റെ തണുപ്പ് മാത്രമാണ് അവസാനം എല്ലാവരും ബാക്കി വെക്കുന്നത്. മതമേതായാലും ആണായാലും പെണ്ണായാലും ആ തണുപ്പിന് മാറ്റമൊന്നുമില്ല ഇതു പറയാന്‍ മുഹമ്മദിനോളം അര്‍ഹത മറ്റാര്‍ക്കുണ്ടിവിടെ?

''മെരിച്ച് കയിഞ്ഞാ അനുശോചിക്കാന്‍ ഈടെ രാഷ്ട്രീയക്കാരുടെ തിരക്കോട് തിരക്കല്ലേ? മരണത്തീന്ന് രക്ഷിക്കാന്‍ ഈ റോഡിലൂടെ ജീവന്‍ പണയംബെച്ച് ഞങ്ങ പായുന്നത് അവര്ക്ക് അറിയോ? സീരിയസ് ആകുമ്പോ ആണ് മംഗലാപുരത്തേക്ക് ഡോക്ടര്‍മാര്‍ രോഗികളെ ബിട്ന്നത ്. ആംബുലന്‍സില്‍ കേറ്റിയാപിന്നെ ആധിയാണ്. മുമ്പ് 25 മിനുട്ടോണ്ട് മംഗലാപുരത്തെത്തിയിരുന്നു. ഇപ്പോ ഒന്നേകാമണിക്കൂറാണെടുക്കുന്നത്. അതുതന്നെ വണ്ടി മറന്ന് ഓടിച്ചിട്ടാണ്. വാടകയെല്ലാം വണ്ടിനന്നാക്കാനേ ഉണ്ടാകൂ. ആയുസ്സിന് ബലമുളള രോഗികള്‍ മാത്രമാണ് മംഗലാപുരത്തെത്തി രക്ഷപ്പെടുന്നത്. വണ്ടി കുലുങ്ങി കെട്ട് പൊട്ടി രക്തം വാര്‍ന്ന് മംഗലാപുരത്തേക്കെത്തുന്നതിനു മുമ്പേ മരിച്ച് പോയ സംഭവങ്ങളുമുണ്ട്. അവരെ വേദന ആര് കാണാന്‍. നേതാക്കള്‍ക്കു കൊള്ളുമ്പോളേ ഓര്‍ക്ക് കണ്ണ് തുറക്കൂ നമ്മുടെ റോഡിലൂടെ മുഹമ്മദ് വാഹനമോടിക്കുന്നത് പലപ്പോഴും അദ്ദേഹത്തിന് വേണ്ടിയല്ല. ജീവിതത്തിനും മരണത്തിനും ഇടയില്‍ പിടയുന്നവര്‍ക്ക് വേണ്ടിയാണ്. നഷ്ടപ്പെടുന്ന ഓരോ നിമിഷത്തിനും വിലകല്‍പ്പിക്കാനാകാത്ത അവസ്ഥ. തന്റെയും വാഹനത്തിന്റെയും കുറവുകൊണ്ട് ഒരു ജീവന്‍ പൊലിയരുതെന്ന് നിര്‍ബന്ധവും ഉണ്ട് മുഹമ്മദിന്.

പണ്ട് പൊള്ളലേറ്റ യുവതിയെയും കൊണ്ട് മംഗലാപുരത്തേക്ക് പറന്നു.''അവരെ അമ്മ മാത്രമാണ് ഒക്കെ ഇണ്ടായത്. ആട ആസ്പത്രീല് ഒരു കാര്യവും ചെയ്യാന്‍ ഓര്‍ക്ക് ആവൂലല്ലോ? ഞാന്‍ എല്ലാം ചെയ്ത് കഴിഞ്ഞപ്പോ ആണ് ഓറെ മോനെത്തിയത്. ന്റെ വിസിറ്റിങ് കാര്‍ഡ് നല്‍കി ഞാന്‍ മടങ്ങി. പണിക്കിടെ ഓടിവരികയാണെന്നും വാടക പിന്നെ തരാമെന്നും അയാള ് പറഞ്ഞ്. പക്ഷെ ഞാന്‍ കാസര്‍കോടെത്തുമ്പോഴേക്കും വാടകയുമായി വേറൊരാളിവിടെ കാത്തിരിക്കുകയായിരുന്നു. പിന്നെയാണ് യഥാര്‍ഥ സംഭവം ഉണ്ടായത്. മാസങ്ങള്‍ക്ക് ശേഷം പോലീസ് വിളിക്കുന്നു. ഒരു മീന്‍ വില്‍പ്പനക്കാരന്‍ ലോറിയിടിച്ച് മരിച്ചു. ഓന്റെ കീശയീന്ന് ഇന്റെ വിസിറ്റിങ് കാര്‍ഡ് കിട്ടീന്ന്. എനിക്ക് ആളെ കണ്ടിട്ട് മനസ്സിലായില്ല. മുഖം കംപ്ലീറ്റ് തകര്‍ന്നിന്. ബോഡിയുമായി പോലീസിന്റെ കൂടെ വീട്ടില്‍ പോയി. മോന്റെ ശവം കണ്ട് കരയുന്ന അമ്മയെ കണ്ടപ്പോ ആണ് നിക്ക് ആളെ തിരിഞ്ഞത്. മംഗലാപുരത്ത്‌ന്‌ന് നല്‍കിയ വിസിറ്റിങ് കാര്‍ഡ് ആ കുണ്ടംകുഴിക്കാരന്‍ മരണത്തിലും ഓന്റെ പഴ്‌സില്‍ കരുതിയിരിക്കുകയായിരുന്നു'' ചില ബന്ധങ്ങള്‍ അങ്ങനെയാണ്. മുഹമ്മദിന് തൊണ്ടയിടറിയോ?

''ചെറിയ മക്കളെ മയ്യത്ത് തൊടുമ്പോ ഉള്ളൊന്ന് പെടക്കല്ണ്ട്.ലോകം അറിയാത്തോരല്ലേ? ഓറെ കുറ്റങ്കൊണ്ടായിരിക്കില്ല മരണം.വെല്ല്യോര്‌ടെ കൊയപ്പത്തിന് കുഞ്ഞോളും ബലിയാടാകുകയാണ്. കുഞ്ഞള് ചത്ത ബീട്ടിലെ കരച്ചല് കേക്കാനാകില്ല. എത്ര ദിവസം അഴുകിയ മയ്യത്തും ഈ കയ്യിലെടുത്തിട്ടുണ്ട്. ചൂടുവെള്ളത്തില് കുളിച്ചുകഴിഞ്ഞാ പിന്നെ ശരീരവും മനസ്സും വൃത്തിയാകുന്നു. എന്നാ കുഞ്ഞുമക്കള്‌ടെ മയ്യത്ത് കണ്ടാല്‍ പിന്നെ കുറച്ച് ദിവസം അത് ഉളളീത്തന്നെ നിക്കും മുഹമ്മദിന്റെ ഉള്ള് തുറക്കുകയാണ്. --
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment