ഒരുകാലത്ത് എന്തായിരുന്നു ഗ്രീസിന്റെ പ്രൗഢിയും പത്രാസും! ഒരുപാട് സിറ്റി സ്റ്റേറ്റുകളായി മുറിഞ്ഞുകിടന്ന ഈ മലമ്പ്രദേശത്തുനിന്നാണ് പടിഞ്ഞാറിന്റെ സാഹിത്യവും സംസ്കാരവും ദാര്‍ശനിക വ്യാപാരവും രാഷ്ട്രമീമാംസയും യുക്തിശാസ്ത്രവും ആകാശംമുട്ടെ വളര്‍ന്നത്. യവന സംസ്കൃതിയില്‍നിന്നു കൊളുത്തിയ തിരികളുമായാണ് യൂറോപ്പ് നൂറ്റാണ്ടുകളിലൂടെ സഞ്ചരിച്ചത്. പാണ്ഡിത്യത്തിന്റെ പതിനെട്ടാം പടി കയറുന്നവരൊക്കെയും ഗ്രീക്ക് എഴുത്തിന്റെ ഇരുമുടിക്കെട്ട് തലയിലേറ്റിയിരുന്നു. ഗ്രീക്കില്ലെങ്കില്‍ നിഷ്ഫലം, ശൂന്യമീ ലോകം എന്നതായിരുന്നു അവസ്ഥ. ഗ്രീസില്‍നിന്നു വരാത്ത ഒന്നും യൂറോപ്പിലില്ല. വെള്ളക്കാരന്റെ കൈയിലുള്ള ഓരോന്നിനും അവര്‍ കടപ്പെട്ടിരിക്കുന്നത് ഹെല്ലനിക് സംസ്കൃതിയോടാണ്. ഇതു പറഞ്ഞത് ലോകം കണ്ട ഏറ്റവും വലിയ ചരിത്രകാരന്മാരില്‍ മുഖ്യനായ അര്‍നോള്‍ഡ് ടോയ്ന്‍ബി ആണ്. ഗ്രീസെന്നു കേള്‍ക്കുമ്പോള്‍ നാമോര്‍ക്കുന്നു. "ഇലിയഡും" "ഒഡിസ്സി"യും എഴുതിയ അന്ധനായ വിശ്വ മഹാകവി ഹോമറിനെ; മഹര്‍ഷി തുല്യനായ സോക്രട്ടീസിനെ; റിപ്പബ്ലിക് രചിച്ച പ്ലേറ്റോയെ; "പോയറ്റിക്സ്" എന്ന മഹത്ഗ്രന്ഥം നമുക്കു തന്ന അരിസ്റ്റോട്ടിലിനെ. ദുരന്തനാടകത്തിന്റെ ട്രാജഡിയുടെ വഴിവെട്ടിത്തുറന്ന ഏയ്സ്ചെലസിനെ, സോഫോക്ലീസിനെ യൂറിപ്പിഡസിനെ, കോമഡിയുടെ മഹാശില്പികളായ മിയാന്ഡറെ. അരിസ്റ്റോഫെന്സിനെ, കവിതയെ കാല്പനികതയുടെ കൊടുമുടിയിലെത്തിച്ച സാഫോ യെ. യവന പുരാണങ്ങളില്‍ ആറാടിയാണ് യൂറോപ്യന്‍ എഴുത്ത് ബാലകൗമാരങ്ങള്‍ കഴിച്ചത്. നീതിബോധമില്ലാത്തവരും ക്ഷിപ്രകോപികളും കാമാന്ധരുമായ യവനദൈവങ്ങളും ആദര്‍ശശാലികളും; ധര്‍മബുദ്ധികളായ മനുഷ്യരും തമ്മിലുള്ള നിരന്തരമായ വടംവലി, ബലപരീക്ഷ; അതാണ് യവനപുരാണം വര്‍ണിച്ചതും യവനസാഹിത്യം ധീരമായി വ്യാഖ്യാനിച്ചതും. അതിചപലമായ, അത്യന്ത്യനിന്ദ്യമായ ഇടപെടലുകളാണ് മനുഷ്യന്റെ കാര്യത്തില്‍ ഒലിംപസ്സിലമരുന്ന സ്യൂസും സംഘവും നടത്തിപ്പോന്നത്. സന്മാര്‍ഗിയായ മനുഷ്യനും ദുര്‍മാര്‍ഗിയായ ദൈവവും തമ്മിലുള്ള അസന്തുലിതമായ പൊയ്ത്താണ് ഗ്രീക് ട്രാജഡി എന്ന് ഈഡിത് ഹാമില്‍ട്ടണ്‍ നിരീക്ഷിച്ചതാണ് സത്യം. നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാം ദൈവങ്ങളുടെ കള്ളക്കളികള്‍. ഇംഗ്ലീഷു ഭാഷക്ക് ഗ്രീക്ക് വാണി കനിഞ്ഞുനല്‍കിയ സമ്മാനത്തെക്കുറിച്ച് സൂചിപ്പിക്കാതെ വയ്യ. മിക്ക ശാസ്ത്രീയ പദങ്ങളും യവനമാണെന്നും നാമോര്‍ക്കണം. പുതിയ പദങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യമായ ധാതുക്കള്‍ സമൃദ്ധമായി സംഭാവന ചെയ്തതും മഹാനായ അലക്സാണ്ടറുടെ അമ്മമൊഴി തന്നെ. അങ്ങനെ കലയുടെ, സംസ്കാരത്തിന്റെ, സാഹിത്യത്തിന്റെ തുഞ്ചത്ത് സമാനതകളില്ലാതെ വര്‍ത്തിച്ച ഗ്രീസ്, ഒരു വലിയ വന്‍കരക്കാകെ വെളിച്ചം തളിച്ചുനിന്ന ഗ്രീസ്, കാലഗതിയില്‍ വിസ്മൃതിയിലേക്ക് കൂപ്പുകുത്തി. ""എണ്ണീടിലാര്‍ക്കുമിതു താന്‍ ഗതി"" അല്ലേ? യവനസൂര്യന്‍ അസ്തമിച്ചപ്പോള്‍ റോമാസാമ്രാജ്യം ഉയര്‍ന്നുപൊന്തി. റോമിന്റെ സംസ്കാരവും സാഹിത്യവും നിയമവിദ്യയും യൂറോപ്പില്‍ പരന്നു. ഒരു വലിയ അളവില്‍ ഗ്രീസിന്റെ സര്‍ഗോര്‍ജം തന്നെയാണ് റോമക്കാരും ലാറ്റിന്‍ എഴുത്തും ഉള്‍ക്കൊണ്ടത് എന്നു കാണാം. ഏഥന്‍സും സ്പാര്‍ട്ടയും തീബ്സും കോറിന്‍തും ക്രീറ്റുമൊക്കെ കത്തിനിന്ന ഗ്രീസിന്റെ സുവര്‍ണകാലം ഇങ്ങിനി വരാത്തവണ്ണം അവസാനിച്ചുവെങ്കിലും പെരിക്ലിയന്‍ യുഗം ഒരു ചരിത്രസ്മരണയായി മാറിയെങ്കിലും ഗ്രീസ് അവശേഷിപ്പിച്ച സാംസ്കാരിക പൈതൃകത്തിന്റെ കെടാത്ത കനലുകള്‍ കാലത്തിന്റെ ചാരത്തിനടിയില്‍ ഇടയ്ക്കെങ്കിലും തിളങ്ങുന്നത് തിമിരം ബാധിക്കാത്ത കണ്ണുകള്‍ക്കു കാണാം. മഹത്തായതൊന്നും മരിക്കുന്നില്ലല്ലൊ. ക്രിസ്തുവിനു മുമ്പുള്ള ശതാബ്ദങ്ങളില്‍ യൂറോപ്പിന്റെ ആല്‍ഫയും ഒമേഗയുമായി നിലനിന്ന ഗ്രീസ് വര്‍ത്തമാനകാലത്ത് ലോകരാജ്യങ്ങളുടെ കീഴ്ത്തട്ടില്‍ ദീനതയോടെ നില്‍ക്കുന്നു. എല്ലാവര്‍ക്കും കലയും നാഗരികതയും തത്വജ്ഞാനവും വാരിക്കോരിക്കൊടുത്ത ആ രാജ്യത്തിന്റെ കൈയില്‍ ഇന്നുള്ളത് പിച്ചച്ചട്ടിയാണ്. യൂറോപ്യന്‍ യൂണിയന്‍ ഗ്രീസിനെ ഒരു രോഗിയായി വേര്‍തിരിച്ചുനിര്‍ത്തുന്നു. "ഇയാള്‍ക്ക് അല്പം കഞ്ഞി പകര്‍ന്നു കൊടുക്കൂ, കൂട്ടരെ" എന്നു സമ്പന്ന രാഷ്ട്രങ്ങള്‍ ആവശ്യപ്പെടുന്നു. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍?
ഇന്നത്തെ യവനരാജ്യത്തിന്റെ സാഹിത്യഗ്രഹസ്ഥിതിയാണ് നമുക്കു പരിശോധിക്കേണ്ടത്. ഗ്രീക് എഴുത്ത് ഉത്തരാധുനികവും അതിനു ശേഷവുമുള്ള അവസ്ഥയില്‍ എങ്ങനെ നീങ്ങുന്നു? ഇത്തരമൊരന്വേഷണം അത്യാവശ്യമാണെന്ന ബോധ്യം എനിക്കുണ്ട്. കാരണം മിക്ക സാഹിത്യകുതുകികളും ട്രാജഡിയുടെ നാടിനെ ഏതാണ്ട് മറന്ന മട്ടാണ്. കുചേലനായ ഗ്രീസിനു മുദ്രവിലയില്ല. നമ്പ്യാരാശാന്‍ പറഞ്ഞത് എത്ര ശരി! ""വീട്ടു ചോറുണ്ടേല്‍ വിരുന്നു ചോറും കിട്ടു- മൂട്ടിലും കിട്ടാ ദരിദ്രനെന്നോര്‍ക്കണം"". കവിത തഴച്ചു വളരുന്ന രത്നഗര്‍ഭയായ മണ്ണ് എന്ന ഖ്യാതി ഗ്രീസിന് അന്നുമിന്നുമുള്ളതാണ്. എപ്പോഴും അവിടെ കാവ്യവ്യാപാരം ഇടതടവലില്ലാതെ നടന്നുപോന്നു. ഗ്രീക് ഗദ്യത്തിനുമുണ്ട് നൈസര്‍ഗികമായ ഒരു കാവ്യലാവണ്യം. കാലിന്നടിയില്‍ അസ്വസ്ഥതയുടെ കോലാഹലങ്ങള്‍ മുഴങ്ങുമ്പോഴും രാഷ്ട്രീയ ഭൂചലനങ്ങള്‍ അടിക്കടി സംഭവിക്കുമ്പോഴും ഈ രാജ്യം അതിന്റെ കാവ്യാനുരാഗം കൈവെടിഞ്ഞില്ല. രണ്ടാം ആഗോള മഹായുദ്ധത്തിന്റെ കബന്ധഭൂമിയില്‍നിന്ന് പരിക്കേറ്റ ശരീരവും മുറിവുണങ്ങാത്ത മനസ്സുമായാണല്ലോ മിക്ക യൂറോപ്യന്‍ നാടുകളും ആയിരത്തിത്തൊളളായിരത്തി നാല്‍പ്പതുകളില്‍ എഴുന്നേറ്റുവന്നത്. ഗ്രീസും ഒരു അപവാദമായിരുന്നില്ല. നാസി - ഫാഷിസ്റ്റ് പടയോട്ടത്തില്‍ ഈ പുരാതന രാജ്യത്തിന്റെ അസ്ഥികളും മാംസപേശികളും അരഞ്ഞു നുറുങ്ങിയിരുന്നു. ചോര വാര്‍ന്ന് ഏതാണ്ട് നിശ്ചേതനമായിക്കിടന്ന ഗ്രീക് സാഹിത്യവും നഷ്ടപ്പെട്ട നാവു കണ്ടെത്താന്‍ പരിശ്രമിക്കുകയായിരുന്നു. 1945 മുതല്‍ പത്തുപതിനഞ്ചു കൊല്ലം പരിക്ഷീണമായ കവിതയെ മറികടന്നുകൊണ്ട് ഗ്രീക് ഗദ്യം മുന്നിലെത്തി. പദ്യത്തിനു മേല്‍ക്കൈ നഷ്ടമാവുന്ന അവസ്ഥയുണ്ടായി. കഥക്കും നോവലിനുമായിരുന്നു അക്കാലത്ത് ആവശ്യക്കാര്‍. യുദ്ധകാലത്ത് ഗ്രീസ് ഏറ്റുവാങ്ങിയ ക്ഷതങ്ങളും അനുഭവിച്ച അവമതികളും നോവലിസ്റ്റുകള്‍ക്കു വിഷയമായി. അവര്‍ ആ ക്രൂരകാലത്തിന്റെ കറുത്ത ചിത്രങ്ങള്‍ ധാരാളം വരച്ചു. മ്ലാനമായ ഒരു പരാജയബോധം യുദ്ധാനന്തര ഗ്രീക്കെഴുത്തിനെ കുറേക്കാലം ഗ്രസിക്കുകയുണ്ടായി. ഈ അത്യന്തം അനാരോഗ്യകരമായ നിരാശാവേദാന്തത്തില്‍നിന്നു അക്ഷരവിദ്യയെ രക്ഷിച്ചത് മാര്‍ക്സില്‍നിന്ന് വെളിച്ചമുള്‍ക്കൊണ്ട ഇടതുപക്ഷ എഴുത്തുകാരായിരുന്നു. സര്‍ഗസംവാദത്തില്‍ ഗുണപരമായ കമ്യൂണിസ്റ്റ് ഇടപെടല്‍ ഗ്രീസില്‍ നടന്നു. പുരോഗമന ചിന്തയുടെ നാളങ്ങള്‍, പ്രത്യാശയുടെ പ്രസാദഭാവങ്ങള്‍ കാണായി. 1946നും 1949നുമിടക്ക് ഗ്രീസില്‍ അഭ്യന്തര കലാപങ്ങള്‍ രൂക്ഷമായ രൂപങ്ങള്‍ സ്വീകരിച്ചപ്പോള്‍ ആ ക്ഷോഭങ്ങള്‍ കവിതയിലും നോവലിലും അലയടിച്ചു. എഴുത്തുകാരില്‍ നല്ലൊരു പങ്ക് മധ്യവര്‍ഗത്തില്‍നിന്നും ബൂര്‍ഷ്വാ പാരമ്പര്യത്തില്‍നിന്നും വന്നവരായിരുന്നുവെങ്കിലും മാര്‍ക്സിസ്റ്റ് ആശയശാസ്ത്രത്തിന്റെ സ്വാധീനം അ വരെ അവര്‍ഗീകരിക്കാന്‍ സഹായിച്ചു. പുതിയ എഴുത്തുകാര്‍ക്ക് നവലോക സങ്കല്‍പങ്ങളെ നിര്‍വചിക്കാന്‍ സാധിച്ചത് മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ വിശ്ലേഷണ യുക്തി കൈവന്നപ്പോഴാണ്. 1946-49 കാലത്തെ കലുഷാന്തരീക്ഷത്തെപ്പറ്റിപ്പറഞ്ഞുവല്ലോ. ജനകീയ പോരാട്ടത്തിന്റെ നായകസ്ഥാനത്തു നിന്നത് ഗ്രീക് കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു. പ്രതിലോമ ശക്തികള്‍ ഒത്തുചേര്‍ന്നു ഈ ബഹുജന സമരത്തെ അടിച്ചമര്‍ത്തുകയായിരുന്നു. ......................................................1960 മുതല്‍ 1967 വരെ ഗ്രീക് എഴുത്തിനു സര്‍വതോമുഖമായ വികാസത്തിന്റെ ഘട്ടമായിരുന്നുവെന്നു പറയാം. കവിതയും കഥയും തഴച്ചുവളര്‍ന്നു. ധീരമായ പരീക്ഷണങ്ങളും എഴുത്തിന്റെ രൂപത്തിലും ഭാവത്തിലും നടന്നു. 1967ല്‍ പട്ടാള മേധാവികള്‍ ഭരണം പിടിച്ചെടുത്തതോടെ സ്വതന്ത്രമായ സര്‍ഗപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങു വീണു. പല വിപ്ലവസ്വഭാവമുള്ള എഴുത്തുകാരും തടവറയിലായി. 1930" - 1930 ലെ തലമുറ എന്നു വിളിക്കപ്പെടുന്ന എഴുത്തുകാരില്‍ നിന്ന് മൂന്നു കാവ്യപ്രതിഭകള്‍ മസ്തകമുയര്‍ത്തി നില്‍ക്കുന്നുണ്ട്. ജോര്‍ജ് സെഫെറിസ് ഒഡിസിയാസ് എലൈറ്റിസ് യാനിസ്റിറ്റ്സോസ് ഈ കവിത്രയത്തിന്റെ മികച്ച കവനങ്ങള്‍ പുറത്തുവന്നത് അറുപതിനും അറുപത്തേഴിനുമിടക്കായിരുന്നു. ജോര്‍ജ് സെഫെറിസ് 1963ല്‍ സാഹിത്യ നൊബേല്‍ നേടുകയുണ്ടായി. ... അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കാവ്യങ്ങള്‍ ഇംഗ്ലീഷില്‍ പുറത്തുവന്നത് 1982ല്‍ മാത്രമാണ്. പുതിയൊരു ജീവിതത്തിനുവേണ്ടി പഴയതു പലതും കരിച്ചൊടുക്കണമെന്ന ആശയം ഈ കവി പല കവിതകളിലും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. അതേസമയം ഗ്രീസിന്റെ പൈതൃകത്തെ അദ്ദേഹം ലാളിക്കുകയും ചെയ്യുന്നു. ഒഡിസിയസ് എലൈറ്റിസിന്റെ പേരുകേട്ട കവിത------ ബൃഹത്തും സങ്കീര്‍ണവുമാണ്. ഇതിനെ ഒരു കാവ്യാത്മക ആത്മകഥയെന്ന് ചില പാശ്ചാത്യ വിമര്‍ശകന്മാര്‍ വിശേഷിപ്പിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി നാല്പതുകളിലെ സംഗ്രാമകലുഷവും ആപാദവ്രണിതവുമായ യവനാടിന്റെ വേവുകളും നോവുകളുമത്രെ എലൈറ്റിസ് കാവ്യവിഷയമാക്കിയത്. മനം കവരുന്ന ഗ്രീക് പ്രകൃതിയുടെ ദൃശ്യചാരുതയെ അദ്ദേഹം വാഴ്ത്തിപ്പാടുന്നു. എന്നിട്ട് സഹനത്തിന്റെ, പീഡനത്തിന്റെ, നിരാകരണത്തിന്റെ നരകങ്ങളിലേക്കു നമ്മെയും കൊണ്ട് സഞ്ചരിക്കുകയും ചെയ്യുന്നു. പുനര്‍ജനം, എന്നത് ഈ കവിക്ക് ആവേശകരമായ ഒരാശയമാകുന്നു. ജന്മനാടിന്റെ പൈതൃകത്തോട് അദ്ദേഹം പരമാവധി ഒട്ടിനില്‍ക്കുകയും ചെയ്യുന്നു. വ്യത്യസ്തനായ ഒരു മഹാകവിയാണ് യാനിസ് റിസ്ടോസ്. 1990ല്‍ എണ്‍പത്തൊന്നു വയസ്സില്‍ മരിച്ച അദ്ദേഹം ആദ്യന്തം ഒരുറച്ച കമ്യൂണിസ്റ്റായിത്തന്നെ ജീവിച്ചു. ധാരാളമെഴുതുന്ന കൂട്ടത്തിലായിരുന്നു റിസ്ടോസ്. എഴുപത്തഞ്ചിലേറെ കാവ്യസമാഹാരങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. അറുപതുകളിലാണ് റിസ്ടോസിന്റെ ഏറ്റവും ശ്രദ്ധേയമായ കാവ്യങ്ങള്‍ വെളിച്ചത്തു വന്നത്. അവ ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. സര്‍റിയലിസ്റ്റ് ബിംബാവലിയിലാണ് റിസ്ടോസ് താല്‍പര്യം കാട്ടിയത്. ഫലിതാത്മകമായ ലഘു കവനങ്ങളും നീണ്ട സ്വഗതഭാഷണങ്ങളും ഈ കവി എഴുതുകയുണ്ടായി. .....
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment