Monday, 30 April 2012

[www.keralites.net] ദൂരെ പാരമ്പര്യം തിരി കത്തുമ്പോള്‍

 

ദൂരെ പാരമ്പര്യം തിരി കത്തുമ്പോള്‍
സി.എം.ബിജു

കാലത്തിനൊപ്പം ചുവടുവെച്ച് നീങ്ങുകയാണ് കേരളത്തിലെ നമ്പൂതിരി സ്ത്രീകള്‍. അപ്പോഴും അവരുടെ മനസ്സില്‍ പാരമ്പര്യത്തിന്റെ മുദ്രകള്‍ മായാതെ കിടക്കുന്നുണ്ട്. നമ്പൂതിരി ഇല്ലങ്ങളിലെ മാറിയ ജീവിതത്തിന്റെ തുടിപ്പുകളറിഞ്ഞ് ഒരു യാത്ര...

Fun & Info @ Keralites.netപച്ച വിരിച്ച പാടവരമ്പിലൂടെ ഒരു ജാഥ കടന്നുവന്നു, 'നമ്പൂരിത്തം തുലയട്ടെ, തൂങ്ങിച്ചാവാന്‍ കയറില്ലേല്‍, പൂണൂലില്ലേ നമ്പൂരി'....തൊണ്ടപൊട്ടുന്ന ശബ്ദത്തില്‍ അവര്‍ വിളിച്ചുകൊണ്ടിരുന്നു. ഇല്ലങ്ങളുടെ കിളിവാതില്‍പ്പഴുതിലൂടെ കുറെ മനുഷ്യര്‍ ആ കാഴ്ച കണ്ടുനിന്നു.നെഞ്ചില്‍ വീണുകിടക്കുന്ന പൂണുലില്‍ അവര്‍ ഇറുകെപ്പിടിച്ചു. കാലത്തിനുമുകളില്‍ ചുവപ്പുരാശി പടര്‍ന്നു.

ഒളപ്പമണ്ണ, വരിക്കാശ്ശേരി, കൂടല്ലൂര്, പൂമുള്ളി... പാലക്കാടിന്റെ ഗ്രാമങ്ങളില്‍ പഴയ മനകള്‍ നെഞ്ചുവിരിച്ചു നില്‍ക്കുന്നു. ഇല്ലങ്ങളും നാലുകെട്ടുകളും നിറഞ്ഞുനില്‍ക്കുന്നതിന്റെ ഗമയുണ്ട് ചെര്‍പ്പുളശ്ശേരിക്കും വെള്ളിനേഴിക്കും. കേരളത്തില്‍ ഏറ്റവുമധികം മനകളുള്ള നാട്. 'ഇവിടിപ്പോ മനകളിലൊക്കെ ഷൂട്ടിങ്ങിന്റെ തിരക്കല്ലേ' ഒരു വഴിപോക്കന്‍ തിരുമേനി വാചാലനായി.

ഇടവഴിയില്‍ ചപ്പിലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം. കുറെ കുട്ടിക്കാവുകള്‍(നമ്പൂതിരി പെണ്‍കുട്ടികള്‍) ഓടിവരികയാണ്.ചുണ്ടില്‍ 'കൊലവെറി' മുഴങ്ങുന്നു. ഇതുകേട്ടാല്‍ പഴയ നമ്പൂതിരി സ്ത്രീകള്‍ എന്റീശ്വരാ എന്നു വിളിച്ചുപോവും. കാരണം അവരിതൊക്കെ എത്ര കൊതിച്ചിട്ടുള്ളതാണ്.

പത്തെണ്‍പത് വര്‍ഷം മുമ്പുള്ള കേരളം. നമ്പൂതിരി സമുദായത്തില്‍ പരിഷ്‌കരണത്തിന്റെ കാറ്റ് വീശുകയാണ്. അപ്പോഴും വെളിച്ചം കടന്നുചെല്ലാത്ത കുറെ ഇല്ലങ്ങളുണ്ടായിരുന്നു. അക്കാലത്തെ കവി ആറ്റൂര്‍ രവിവര്‍മ ഇങ്ങനെ ഓര്‍ത്തെടുക്കുന്നു.'ഇല്ലത്തിനുപുറത്ത് ക്ഷോഭം നിറഞ്ഞ കാലമാണ്. നമ്പൂതിരിമാര്‍ ജാതിത്വം മടുത്ത് തങ്ങളുടെ വ്യക്തിത്വമില്ലായ്മയെപ്പറ്റി വിചാരങ്ങളും ആധികളും ചെയ്തികളും കൊണ്ട കാലം. നാട്ടില്‍ ഉപ്പുസത്യാഗ്രഹവും കോവില്‍ പ്രവേശനവും വിദേശത്തുണി കത്തിക്കലും നടക്കുന്നു. എന്നിട്ടും ചില മനവളപ്പുകളും അകത്തളങ്ങളും നാലുകെട്ടുകളും ശ്രീകോവിലുകളും ഇരുട്ടൊഴിയാതെ നിന്നു. ഒടുക്കം മാത്രം മഴയെത്തുന്ന ചില പ്രദേശങ്ങളെപ്പോലെ.'

ആ കാലത്ത് ജീവിച്ചതിന്റെ അനുഭവരേഖകളുമായാണ് 78-ാം വയസ്സില്‍ ദേവകി നിലയങ്ങോട് എഴുതിത്തുടങ്ങുന്നത്. 'ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ'യും 'കാലപ്പകര്‍ച്ച'കളും നമ്പൂതിരി സ്ത്രീകളുടെ ജീവിതം വരച്ചുവെക്കുന്നു. ''അന്ന് പുറംലോകത്ത് എന്താണ് നടക്കുന്നതെന്നൊന്നും ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ല. ഒന്നിനും സ്വാതന്ത്ര്യമില്ലാത്ത ജീവിതം. വീടിനടുത്താണ് മൂക്കുതല ക്ഷേത്രം. അവിടെ ദര്‍ശനത്തിനായി ദൂരെദിക്കില്‍ നിന്നൊക്കെ അന്തര്‍ജനങ്ങള്‍ വരും. അവര്‍ വന്നാല്‍ പുറംലോകത്തെ കാര്യങ്ങളെക്കുറിച്ചൊക്കെ പറഞ്ഞുകേള്‍ക്കാം. വലിയ സാമൂഹിക പരിഷ്‌കരണങ്ങളൊക്കെ വരുന്നുണ്ടെന്ന് അറിഞ്ഞത് അങ്ങനെയാണ്. ആ അന്തര്‍ജനങ്ങളാണ് പറഞ്ഞത്, പുറത്ത് ഒരു വിധവാ വിവാഹം നടന്നെന്ന്. അതുകേട്ട് ഇല്ലത്തുണ്ടായിരുന്ന മുത്തശ്ശിമാരൊക്കെ പരിഭവിച്ചു, 'ഈശ്വരാ...ഈ ജന്മം വെറുതെയായല്ലോ' എന്ന്. പുറത്ത് നടക്കുന്നതെന്തെന്നറിയാന്‍ ഞങ്ങള്‍ക്കും ആകാംക്ഷ തോന്നി'', ദേവകി നിലയങ്ങോട് ഓര്‍ത്തെടുക്കുന്നു.

പുറംലോകത്ത് കുറിയേടത്ത് താത്രി എന്ന അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ബ്രാഹ്മണമേധാവിത്വത്തിന്റെ തായ് വേരുകള്‍ ചുട്ടെരിഞ്ഞു. പിന്നാലെ വി.ടി.ഭട്ടതിരിപ്പാട് ഒരുക്കിയ ഭൂതം കുടംതുറന്ന് പുറത്തുചാടി.'അമ്മാത്തെ അമ്പലക്കുളത്തിനപ്പുറം ഒരു ലോകമുണ്ടെന്ന് നിങ്ങളില്‍ എത്രപേര്‍ അറിഞ്ഞിട്ടുണ്ട്...' വി.ടി.യുടെ ചോദ്യം അന്തര്‍ജനങ്ങളെ ഇളക്കിമറിച്ചു. അവര്‍ സ്വാതന്ത്ര്യദാഹികളായി. അകത്തളങ്ങളില്‍നിന്ന് അന്തര്‍ജനങ്ങള്‍ പുറത്തേക്കൊഴുകി. അവര്‍ പുതിയ ലോകത്തിനും കാലത്തിനുമൊപ്പം ചുവടുവെച്ചു.

'ഇപ്പോള്‍ നമ്പൂതിരി പെണ്‍കുട്ടികളൊക്കെ നല്ലവണ്ണം പഠിക്കുന്നുണ്ട്. ഒരുപാട് കാലം അടിച്ചമര്‍ത്തി വെച്ചതല്ലേ അവരെ. തുറന്നുവിട്ടതിന്റെ ഒരു സന്തോഷത്തില്‍ ഉത്സാഹിച്ച് മുന്നേറുകയാണ്. കൂടുതല്‍ കരുത്തുനേടിയ പോലെ അവര്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു.'കാലം മാറിയതിന്റെ സന്തോഷം ദേവകി നിലയങ്ങോടില്‍ തെളിഞ്ഞുവന്നു. തൃശ്ശൂരില്‍ മുളങ്കുന്നത്തുകാവിലെ വീട്ടിലിരിക്കുമ്പോള്‍ പകരാവൂരിലെ പഴയ ഇല്ലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ വന്ന് ഇടയ്ക്കിടെ അവരെ തൊട്ടുപോവും. അപ്പോഴെല്ലാം അവര്‍ വീണ്ടും തൂലികയെടുക്കുന്നു.

വള്ളുവനാടിന്റെ നാട്ടുവഴിയില്‍ മുതുതല പഞ്ചായത്ത് പ്രസിഡന്റ് ഉഷടീച്ചര്‍ പ്രത്യക്ഷപ്പെട്ടു. ഉയരങ്ങള്‍ തേടുന്ന പുതിയ നമ്പൂതിരി സ്ത്രീകളുടെ പ്രതിനിധി. വിപഌവങ്ങളുടെ വിത്തുമുളച്ച കാഞ്ഞൂര്‍ മനയില്‍ നിന്നാണ് ടീച്ചര്‍ പൊതുരംഗത്തേക്ക് ഇറങ്ങിവന്നത്. 'എന്റെ ഭര്‍ത്താവിന്റെ ഇല്ലത്തൊക്കെ പൊതുരംഗത്ത് വരാനുള്ള സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാനൊക്കെ രാഷ്ട്രീയത്തില്‍ പേടിയില്ലാതെ ഇറങ്ങിയത്.' ടീച്ചറുടെ കണ്ണുകളില്‍ അഭിമാനം തിളങ്ങുന്നു.

വെയിലുവീണുതുടങ്ങിയിരുന്നു മൂര്‍ത്തിയേടത്ത് മനയുടെ മുറ്റത്ത്. പാലക്കാട് ശ്രീകൃഷ്ണപുരത്തെ തലയെടുപ്പുള്ള നാലുകെട്ടുകളിലൊന്ന്. പണ്ട് അന്തര്‍ജനങ്ങള്‍ അടക്കംപറഞ്ഞിരുന്ന വടക്കിനിയില്‍ ഇപ്പോള്‍ ആളനക്കമേയില്ല. കാരണവന്‍മാരുടെ ശാസനകള്‍ക്കുമുന്നില്‍ വീര്‍പ്പുമുട്ടിയിരുന്ന പടിഞ്ഞാറ്റ ആള്‍പ്പെരുമാറ്റം കൊതിച്ചു കിടക്കുന്നു. ചിതലും എട്ടുകാലിയുമാണ് മച്ചിലെ പുതിയ താമസക്കാര്‍. ആ മണ്‍കൊട്ടാരത്തിനുള്ളിലെ കനത്ത നിശ്ശബ്ദതയ്ക്ക് മുകളില്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ കനമുള്ള ശബ്ദം മുഴങ്ങി.

'പണ്ട് നമ്പൂതിരിമാര്‍ വിചാരിച്ചത് കൃഷിയാണ് ജീവിതമെന്ന്. അവര്‍ കേരളത്തിലെല്ലായിടത്തും കൃഷി നടപ്പാക്കി. ധനസമ്പാദനത്തിനു വേണ്ടിയായിരുന്നില്ല അത്. അതില്‍ ഒരു ആനന്ദവും ആഘോഷവും അവര്‍ കണ്ടെത്തി. പക്ഷേ ഭൂപരിഷ്‌കരണം വന്ന് ഭൂമി പോയതോടെ പ്രതീക്ഷകളറ്റു, എന്തുചെയ്യണമെന്നറിയാതെ അവരാകെ പരിഭ്രമിച്ചുനിന്നു' പഴയകാലത്തിന്റെ ചിത്രങ്ങള്‍ തെളിഞ്ഞുവരുന്നു. കൂത്തമ്പലത്തിന്റെ നിര്‍മിതിയിലും പഴയ തച്ചുശാസ്ത്രത്തിന്റെ കൗതുകങ്ങളിലും മനസ്സുടക്കിയയാളാണ് ഈ പരമേശ്വരന്‍ നമ്പൂതിരി. ഇപ്പോള്‍ ചരിത്രത്തിലും ലേശം കമ്പമുണ്ട്്.

'നമ്പൂതിരിമാരുടെ കൈമുതല്‍ ഭൂസ്വത്തായിരുന്നില്ല. വേദപഠനത്തിലെ മികവാണ്. എവിടെച്ചെന്നാലും അവരത് പയറ്റിനോക്കും. പക്ഷേ കാലം മാറുമ്പോള്‍ അവരാകെ പകച്ചുപോയി. ക്ഷേത്രത്തില്‍ നിന്ന് വരുമാനം നിലച്ചു. വേറെ ജോലിയൊന്നും വശമില്ല. ശരിക്കും ഒരു പ്രതിസന്ധി ഘട്ടം തന്നെയായിരുന്നു.'

ചെമ്പുകൊണ്ടുള്ള പഴയ ചെല്ലപ്പെട്ടി പരമേശ്വരന്‍ നമ്പൂതിരി മുന്നിലേക്ക് നീക്കിവെച്ചു. വെറ്റിലയുടെ നീല ഞെരമ്പുകളില്‍ അദ്ദേഹം നഖങ്ങള്‍കൊണ്ട് പോറി. പണ്ടേ യാഗാധികാരമുള്ള തറവാടാണ് മൂര്‍ത്തിയേടത്ത് മന. പക്ഷേ ഇപ്പോള്‍ ഇവിടുത്തെ നമ്പൂതിരിമാരുടെ കൈയിലെല്ലാം തൂമ്പയും കൈക്കോട്ടും മാത്രം. കാലം നമ്പൂതിരിയുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം.

പരമേശ്വരന്‍ നമ്പൂതിരിയുടെ അരികിലിരിക്കുന്ന അനുജന്‍ ശങ്കരന്‍ നമ്പൂതിരിയെ പരിചയപ്പെടാം. പ്രദേശത്തെ ഒന്നാംകിട ജൈവകര്‍ഷകനാണ് തിരുമേനി.

'കാലത്തിന് അനുസരിച്ച് മാറാനുള്ള മനസ്സുണ്ട് നമ്പൂതിരിക്ക്. അതുകൊണ്ടാണ് ഞങ്ങള്‍ പിടിച്ചുനിന്നത്. ആഡ്യത്തം പറഞ്ഞിരുന്നാല്‍ ജീവിക്കാനാവില്ലല്ലോ. ഈ ദേശത്ത് ആദ്യമായി റബ്ബര്‍ വെച്ചയാളാണ് ഞാന്‍,1976ല്‍. അന്ന് നാട്ടിലാകെ എന്തൊക്കെ പുകിലുകളായിരുന്നെന്നോ. ഇപ്പോഴോ,കൃഷിയുള്ളത് കൊണ്ട് ജീവിച്ചുപോകാം' അദ്ദേഹം പുരികമുയര്‍ത്തി.

പൂരങ്ങളും പൂമരങ്ങളും നിറയുന്ന പാലക്കാടന്‍ സന്ധ്യ. മനകളും കുളങ്ങളും പ്രാര്‍ത്ഥനകളുമാണ് ഈ വള്ളുവനാടിന്റെ അടയാളം. ആന നടയ്ക്കുപിന്നില്‍ ആഞ്ഞാഞ്ഞുനടക്കുന്ന ആനപ്രാന്തര്‍. കഥകളിയും കളിവിളക്കും പൂരവും നിറഞ്ഞ പഴയ നമ്പൂതിരി കാലത്തിന്റെ ശേഷിപ്പുകള്‍.

ഒരു വലിയ ലോറി കിതച്ചുകൊണ്ടു വടക്കോട്ടുപോയി,അതിലുണ്ട് കോങ്ങാട് കുട്ടിശങ്കരന്‍. ഏതോ പൂരത്തിന് തിടമ്പേറ്റാനുള്ള പുറപ്പാടിലാണ് കൊമ്പന്‍.

'അല്ലെങ്കിലും ആനകളുടെ കാര്യം മഹാകഷ്ടമാണിപ്പോള്‍.' ചെര്‍പ്പുളശ്ശേരി പാതിരക്കുന്നത്ത് മനയില്‍ നിന്നൊരു അന്തര്‍ജനത്തിന്റെ ശബ്ദം. നിഭ നമ്പൂതിരിയാണ്, ആനകള്‍ക്കുവേണ്ടി കേരളമാകെ അലറിവിളിച്ച നമ്പൂതിരി പെണ്‍കുട്ടി,ഏഷ്യയിലെ ആദ്യ ആനപ്പാപ്പാത്തി.

Fun & Info @ Keralites.net


'നാട്ടാനകളുടെ ക്ഷേമവും സംരക്ഷണവുമൊക്കെയായിരുന്നു എന്റെ ലക്ഷ്യം. ഒരു നമ്പൂതിരി പെണ്‍കുട്ടി ഇതിനുവേണ്ടിയിറങ്ങിയപ്പോള്‍ ഒട്ടൊരു അത്ഭുതത്തോടെയാണ് എല്ലാവരും നോക്കിനിന്നത്. ഇപ്പോള്‍ കാലം മാറിയില്ലേ. അന്തര്‍ജനങ്ങള്‍ എന്നും പ്രാകൃതമായ യുഗത്തില്‍ ജീവിക്കുന്നവരല്ലല്ലോ.' നിഭ സ്വന്തം അനുഭവങ്ങളിലൂടെ കണ്ണോടിച്ചു. ഇപ്പോള്‍ നിഭ ആനക്കാര്യത്തെക്കുറിച്ച് അധികം മിണ്ടാറില്ല 'മിണ്ടിയിട്ട് കാര്യമില്ല.കേരളീയര്‍ ആനപ്രാന്ത് അവസാനിപ്പിക്കാതെ ഇവിടുത്തെ ആനകളുടെ കഷ്ടപ്പാട് അവസാനിക്കില്ല', അന്തര്‍ജനത്തിന്റെ സ്വരത്തില്‍ തെല്ല് നിരാശ കലര്‍ന്നു.

അകത്തുനിന്ന് കുറെ രസക്കൂട്ടുകളുടെ ചീട്ട് വന്നുവീണു-ശര്‍ക്കര-30കിലോ, തേങ്ങ- 50 എണ്ണം, പൂവന്‍പഴം - 2 കുല, പനമ്പട്ട-രണ്ട് ലോഡ് .... ഓ... എല്ലാം ആനകള്‍ക്കുള്ളതാണ്.


മാറ്റത്തിന്റെ അടയാളങ്ങള്‍


ശ്ശികാലായി കണ്ടിട്ട്...'ഒരില്ലത്തിന്റെ തെക്കിനിയില്‍ നിന്നൊരു കിളിനാദം. വള്ളുവനാടന്‍ ഭാഷയുടെ ലാളിത്യം വിതറുന്ന മനുഷ്യര്‍. വഴി എടപ്പാളിലേക്കും കുറ്റിപ്പുറത്തേക്കും പിരിഞ്ഞുകിടക്കുന്നു. വള്ളുവനാട് വന്ന് മലബാറിനെ തൊടുകയാണ്. നമ്പൂതിരി സമുദായത്തിലേക്ക് വിപ്ലവം കടത്തിവിട്ട പഴയ ശുകപുരം ദേശമിതാ മുന്നില്‍.

എടപ്പാളില്‍നിന്ന് ഇത്തിരിയകലെ കുറ്റിപ്പാലയില്‍ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള പടിഞ്ഞാറേ കുത്തുള്ളി മന. പൂമുഖത്ത് വെടിവട്ടത്തിലാണ് രണ്ട് നമ്പൂതിരിസുഹൃത്തുക്കള്‍, നാരായണനും ശങ്കരനും. വേളിമാര്‍ ആര്യ അന്തര്‍ജനവും വത്സല അന്തര്‍ജനവും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് വന്നുകഴിഞ്ഞു. ആര്യയാണ് ഈ മനയിലെ വീട്ടമ്മ. പണ്ട് കൂട്ടുകുടുംബങ്ങളുടെ ആരവമുയര്‍ന്ന ഇല്ലത്ത് ഇപ്പോള്‍ നാരായണനും ആര്യയും തനിച്ചുള്ള ജീവിതത്തിലാണ്.

'ഞാന്‍ സ്‌കൂളില്‍ പോവുന്ന കാലത്തൊക്കെ മറക്കുട പിടിച്ച സ്ത്രീകളെ കണ്ടിട്ടുണ്ട്. അന്നൊക്കെ അന്തര്‍ജനത്തിന് രണ്ടുവട്ടമേ ഉമ്മറത്തുകൂടെ കടക്കാന്‍ അനുവാദമുള്ളു. ഒന്ന് മംഗല്യം കഴിഞ്ഞ് വരുമ്പോള്‍, അടുത്തത് മരിച്ച് അടക്കിന് കൊണ്ടുപോവുമ്പോള്‍. അടുക്കള മാത്രമാണ് ഇതിനിടെയുള്ള അവരുടെ ലോകം.' ആര്യ അന്തര്‍ജനം പൂമുഖത്തുവന്ന് പഴയകാലത്തിലേക്കൊന്ന് തിരിഞ്ഞുനോക്കി. അധ്യാപകനായിരുന്നു ഭര്‍ത്താവ് നാരായണന്‍നമ്പൂതിരി. വിരമിച്ച ശേഷം തിരുമേനി ജൈവകൃഷിയിലേക്കിറങ്ങി. പിന്നാലെ കൃഷി കാര്യങ്ങളുമായി തൊടിയില്‍ത്തന്നെയുണ്ട് ആര്യ അന്തര്‍ജനവും.

'ഈയിടെ ഒരു സംഭവമുണ്ടായി, അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് നാടകം ഞങ്ങളെല്ലാം ചേര്‍ന്ന് വീണ്ടും അരങ്ങിലെത്തിച്ചു. ഈ മുറ്റത്തുവെച്ചായിരുന്നു റിഹേഴ്‌സല്‍. സ്ത്രീകളെല്ലാം സജീവമായി വേഷമിട്ടു. എനിക്കുമുണ്ടായിരുന്നു ഒരു റോള്‍' വത്സല അന്തര്‍ജനമാണ്, ശങ്കരന്‍ നമ്പൂതിരിയുടെ ഭാര്യ. നാടകവും ഗ്രന്ഥശാലാ പ്രവര്‍ത്തനവുമൊക്കെയാണ് ശങ്കരന്‍ നമ്പൂതിരിക്ക്താത്പര്യം. കൂട്ടിനുകിട്ടിയ അന്തര്‍ജനവും ഒരു നാടകപ്രേമി. പഠിക്കുന്ന കാലത്തേ നാടകത്തില്‍ അഭിനയിച്ചുതുടങ്ങിയിട്ടുണ്ട് വത്സല. അശ്വത്ഥാമാവില്‍ നായികാ വേഷമണിഞ്ഞിരുന്നു.

'അല്ലെങ്കിലും ഇപ്പോള്‍ നമ്പൂതിരിമാര്‍ക്കിടയില്‍ പെണ്ണുങ്ങള്‍ക്കാണ് കേമത്തം' നാരായണന്‍ നമ്പൂതിരി വിശദീകരിച്ചു. 'നമ്പൂതിരി പെണ്‍കുട്ടികള്‍ ഇപ്പോള്‍ നന്നായി പഠിക്കുന്നു. ആണ്‍കുട്ടികളോ, പത്താം ക്ലാസുകഴിഞ്ഞാല്‍ ശാന്തിപ്പണിക്ക് പോവുകയാണ്. അതിന് നല്ല വരുമാനം കിട്ടുന്നു. പക്ഷേ വേളിപ്രായമെത്തുമ്പോഴാണ് പ്രശ്‌നം. വിദ്യാഭ്യാസം കുറഞ്ഞ ചെറുപ്പക്കാരെ പെണ്‍കുട്ടികള്‍ക്ക് വേണ്ട. ഈയിടെ കുറ്റിപ്പുറത്തെ നാല് നമ്പൂതിരികള്‍ പെണ്ണുകിട്ടാതായപ്പോള്‍ തവനൂര്‍ റസ്‌ക്യൂ ഹോമില്‍നിന്നാണ് വേളി കഴിച്ചത്.'

മാറിയ കാലത്തെക്കുറിച്ചോര്‍ത്ത് നാരായണനും ശങ്കരനും മൗനത്തിലായി. തക്കം നോക്കി അന്തര്‍ജനങ്ങള്‍ അരങ്ങത്തുനിന്ന് അടുക്കളയിലേക്ക് പിന്മാറി. അകത്ത് ഊണുകാലമാവുന്നു.'പണ്ടേ സമുദായത്തില്‍ ഭക്ഷണത്തിന് കുറെ ചിട്ടകളുണ്ട്. ഉള്ളി അധികം കഴിക്കാന്‍ പാടില്ല. അതേ പോലെ കപ്പ, ഓമക്കായ,കാബേജ് ഒക്കെ വിരുദ്ധമാണ്. ഇതൊന്നും സാത്വികഭക്ഷണമല്ലെന്നാണ് വെപ്പ്. ഇതിലൊക്കെ ഉത്തേജക അംശങ്ങള്‍ അടങ്ങിയിട്ടുണ്ടത്രേ. ഉ ഴുന്ന്, പപ്പടം തുടങ്ങിയവയ്ക്കും വിലക്കാണ്. ദോശയില്‍ ഉഴുന്നിന് പകരം ഉലുവ പൊടിച്ച് ചേര്‍ക്കും. കുട്ടികള്‍ പപ്പടം വേണമെന്ന് പറഞ്ഞുകരഞ്ഞാല്‍ വെളിയില വാട്ടി അരിയില്‍ മുക്കി പപ്പടം പോലെയാക്കും. എവിടെയും ഒരു സാധുത്വം നമ്പൂതിരിക്ക് സ്വന്തമാണ്. അതീ ഭക്ഷണത്തിന്റെ മെച്ചമാണ്.'

ഇല്ലത്തുനിന്ന് ഇറങ്ങുമ്പോള്‍ ഒരു കവിതയുടെ മുഴക്കം. തൊട്ടടുത്താണ് അക്കിത്തത്തിന്റെ മന. ചുറ്റുവട്ടത്തെ ഇല്ലങ്ങളിലുള്ള താമസക്കാരെയെല്ലാം നാമറിയും. സി.രാധാകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ആലങ്കോട് ലീലാകൃഷ്ണന്‍, പാരീസ് വിശ്വനാഥന്‍... കേരളത്തിലെ കലാകാരന്‍മാരില്‍ തലയെടുപ്പുള്ള കൊമ്പന്‍മാര്‍.


അയ്യപ്പന്‍ സാക്ഷി


യാത്ര കോഴിക്കോട്ടേക്ക് നീളുന്നു, തൃക്കുറ്റിശ്ശേരി പാലക്കാട്ടില്ലത്തേക്ക്. പഴയ എട്ടുകെട്ടിന്റെ മുന്‍ഭാഗം കാലത്തിന് അനുസരിച്ച് ഒന്ന് മിനുക്കിയിട്ടുണ്ട്. അകത്തളങ്ങളില്‍ കൂട്ടുകുടുംബത്തിന്റെ സന്തോഷം നിറയുന്നു. ജീവിതത്തില്‍ ഒരു നമ്പൂതിരിയുടെ ഈടുവെപ്പുകള്‍ നിലനിര്‍ത്തുകയാണ് ശിവപ്രസാദും ഹരിപ്രസാദും ശ്രീപ്രസാദും. കോയമ്പത്തൂര്‍ സിദ്ധാപുതൂര്‍ അയ്യപ്പക്ഷേത്രത്തിലെ തന്ത്രിമാരാണ്. ഒപ്പം ഭാര്യമാര്‍, മക്കള്‍, അച്ഛന്‍, അമ്മ, മുത്തശ്ശി....നാലുപതിറ്റാണ്ടായി പൂജാകാര്യങ്ങളില്‍ അഭിരമിക്കുന്ന കുടുംബം.

Fun & Info @ Keralites.net 'ആകെ കൂട്ടിനുണ്ടായത് ദൈവവിശ്വാസം മാത്രമാണ്. പൂജാകാര്യങ്ങളില്‍ തന്നെ ഒതുങ്ങിയതിനാല്‍ ഞങ്ങള്‍ കുറച്ച് രക്ഷപ്പെട്ടു.' ശിവപ്രസാദ് ഒരു നിമിഷം അയ്യപ്പനെ ഭജിച്ചു. ഗുരുവായൂരപ്പന്‍ കോളേജിലെ സഹപാഠി മീര അരികിലിരുന്ന് കൈകള്‍ കൂപ്പി. ഇപ്പോള്‍ ശിവപ്രസാദിന്റെ നല്ലപാതിയാണ് മീര. ഇപ്പോള്‍ നമ്പൂതിരി സ്ത്രീകള്‍ ഗ്രാമസഭയിലും മറ്റും സജീവമാണ്. എന്നാലും പഴയ ചിട്ടകളൊന്നും കളയാന്‍ ഞങ്ങള്‍ തയ്യാറുമില്ല.' ഇല്ലങ്ങളിലെ മാറിയ ജീവിതത്തെക്കുറിച്ച് മീരയുടെ നിരീക്ഷണം.

'രാവിലെ പൂജ, കുളി, തേവാരം തുടങ്ങി നമ്പൂതിരിജീവിത ശൈലി ഇപ്പോഴുമുണ്ട്. അതാണ് ഞങ്ങളുടെ ജീവിതത്തിന്റെ ആധാരം. ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോഴേക്കും സാധാരണ കുടുംബങ്ങളൊക്കെ ആടിപ്പോവുന്നതു കണ്ടിട്ടില്ലേ. പക്ഷേ നമ്പൂതിരിമാര്‍ അവിടെയും പിടിച്ചുനില്‍ക്കും. ഈ ജീവിതശൈലി തന്നെയാണ് അതിന് കാരണം..' നമ്പൂതിരിയുടെ ജീവിതത്തിലെ അച്ചടക്കസംഹിതയെപ്പറ്റി മീരയുടെ ചെറു വിവരണം. പക്ഷേ അതുകൊണ്ട് ദോഷവുമുണ്ടായെന്ന് ശിവപ്രസാദ്.

'ഭൂപരിഷ്‌കരണം ഞങ്ങളുടെ ആളുകളെ പെട്ടെന്ന് തളര്‍ത്തിക്കളഞ്ഞു. ഒരുപാട് ഇല്ലങ്ങളിലെ നമ്പൂതിരിമാര്‍ എക്‌സന്‍ട്രിക് ആയിട്ടുണ്ട്. പലരുടെയും ഭൂമി ക്രയവിക്രയം ചെയ്തുപോയി. അവരറിയാതെ തന്നെ. എല്ലാം ദേവിയുടെ കോപം എന്നുകരുതി മിണ്ടാതിരുന്നു. ഇപ്പോള്‍ ജീര്‍ണിച്ച നാലുകെട്ട് മാത്രമാണ് ബാക്കി. സംവരണം എന്നൊക്കെ പറഞ്ഞ് ഒരുപാട് ആനുകൂല്യങ്ങള്‍ നല്‍കുന്നു. പക്ഷേ ഞങ്ങള്‍ മുന്നാക്കക്കാരല്ലേ, അതും പറഞ്ഞ് ജോലിയില്‍ നിന്നൊക്കെ അകറ്റിനിര്‍ത്തുകയാണ്' ശിവപ്രസാദ് രോഷം കൊണ്ടു.

'ഒരു കണക്കിന് നന്നായി. ആരും സഹായിക്കാനില്ലാതായപ്പോഴല്ലേ ഈ സമുദായം അധ്വാനിക്കാന്‍ തുടങ്ങിയത്. സ്വന്തം കഴിവുകൊണ്ടുതന്നെ പലരും ഉന്നതങ്ങളിലെത്തിയില്ലേ...' ആ നമ്പൂതിരി സ്വയം ആശ്വാസം കണ്ടെത്തി.

തെക്കോട്ടുള്ള പരശുറാമില്‍ കുറെ പെണ്‍കുട്ടികള്‍. കെട്ടഴിച്ചുവിട്ട പട്ടംപോലെ അവരുടെ മനസ്സ് പാറിനടക്കുന്നു.'അന്തര്‍ജനം,നമ്പൂതിരി...ആ വാലൊന്നും ഞങ്ങള്‍ക്ക് വേണ്ട. ആണുങ്ങള്‍ കുടുമ മുറിച്ച പോലെ ഞങ്ങളാ വിളിപ്പേര് മുറിച്ചുകളഞ്ഞു.' രശ്മിയും ഉണ്ണിമായയും കാര്‍ത്തികയും സധൈര്യം തുറന്നടിച്ചു. മംഗലാപുരത്തെ ഫാഷന്‍ ടെക്‌നോളജി വിദ്യാര്‍ത്ഥിനികളാണ്. അവര്‍ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുചേര്‍ന്നു. അവരെ നോക്കി കാലം പുഞ്ചിരി പൊഴിച്ചുകൊണ്ടിരുന്നു. തീവണ്ടിക്ക് വേഗം കൂടിത്തുടങ്ങി.

ദേവകി നിലയങ്ങോട് പറഞ്ഞതാണ് ശരി.'ഇന്ന് നമ്പൂതിരിയുടെ കുടുംബത്തിന് മാത്രമായി ഒരു പരാധീനതയില്ല. മറ്റ് കുടുംബങ്ങള്‍ക്കുള്ള അതേസുഖം. അതേ ദുഖം, അതേ വേവലാതിയും അതേ ആഗ്രഹവും തന്നെയാണ് അവര്‍ക്കും ഉള്ളത്. കാലം എല്ലാവരെയും ഒരുപോലെയാക്കിയിരിക്കുന്നു. ഇനിമേലില്‍ അന്തര്‍ജനങ്ങള്‍ക്കുമാത്രമായി ഒരു ആത്മകഥയില്ല തന്നെ.'


സ്വാതന്ത്ര്യത്തിന്റെ ലോകത്ത്


ശ്രീദേവി അന്തര്‍ജനം (കവി ഒളപ്പമണ്ണയുടെ ഭാര്യ)

Fun & Info @ Keralites.net 'എന്റെ അച്ഛനൊക്കെ വലിയ പരിഷ്‌കര്‍ത്താവായിരുന്നു. അതിന്റെയൊരു സ്വാതന്ത്ര്യം ചെറുപ്പത്തില്‍ കിട്ടിയിട്ടുണ്ട്. കല്യാണം കഴിഞ്ഞിട്ടും അന്തര്‍ജനത്തിന്റെ വേഷമണിയേണ്ടി വന്നില്ല. കവിക്കും വലിയ സ്‌നേഹമായിരുന്നു. എപ്പോഴും പറയും. പാതിരാത്രീല് വന്നിറങ്ങുമ്പോള്‍ പടച്ചോറും ശ്രീദേവിയും മാത്രമുണ്ടാവും എന്നെ കാത്തിരിക്കാനെന്ന്.

ഇ.എം.എസ്.പാട്ടം നിര്‍ത്തുന്ന നിയമം കൊണ്ടുവന്നപ്പോഴാണ് ഞങ്ങളാകെ തകര്‍ന്നുപോയത്. സാമ്പത്തികമായി വല്ലാതെ ബുദ്ധിമുട്ടി. കണ്ടമംഗലത്ത് ഒളപ്പമണ്ണ മന വക ഒരുപാട് കാടുണ്ടായിരുന്നു. ഞാനും കവിയും അങ്ങോട്ട് കുടിയേറി. കാടെല്ലാം വെട്ടിത്തെളിച്ചു. റബ്ബര്‍ നട്ടുപിടിപ്പിച്ചു. അഞ്ചുകൊല്ലം ഞങ്ങള്‍ അവിടെ വീട് കെട്ടിത്താമസിച്ചു. ചുറ്റും കൊടും കാടായിരുന്നു. ആനയുടെ ചിന്നംവിളിയൊക്കെ കേള്‍ക്കാം. രാത്രി തൊട്ടടുത്തുനിന്ന് നരി മുരളുന്നുണ്ടാവും. ഇല്ലത്ത് രാജകീയമായി കഴിഞ്ഞകാലത്തില്‍നിന്ന് ഭൂപരിഷ്‌കരണമാണ് ഈ അവസ്ഥയൊക്കെ ഉണ്ടാക്കിയത്. അതിന്റെ ദുഃഖത്തിലാണ് കവി പടച്ചോറ് എന്ന കവിത എഴുതിയത്.

നിയമം കൊണ്ടുവന്ന് ഒന്നുമില്ലാതാക്കിയിട്ടും അദ്ദേഹത്തിന് ഇ.എം.എസ്സോട് വെറുപ്പൊന്നും തോന്നിയില്ല. അവര്‍ വലിയ സൗഹൃദത്തിലായിരുന്നു. അദ്ദേഹം ഇടയ്ക്കിടെ ഇല്ലത്ത് വരാറുണ്ട്. അവര്‍ ഉമ്മറത്തിരുന്ന് എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞ് ചിരിക്കും. കഥകളിയൊക്കെയാവും വിഷയം. ഇ.എം.എസ്സും ഒരു നമ്പൂരിയല്ലേ. ശ്ശി കളിഭ്രാന്ത് കാണാതിരിക്ക്വോ...'


ഇനിയും എത്രയോ മാറാനുണ്ട്


വി.എം.ഗിരിജ(കവയിത്രി)


Fun & Info @ Keralites.netനമ്പൂതിരി സ്ത്രീകള്‍ ഇന്ന് മാറിയിട്ടുണ്ട്. പക്ഷേ അത് തിരിച്ചാണെന്നു മാത്രം. ഒരു കാലത്ത് മാറ്റം ഉള്‍ക്കൊണ്ടവര്‍ ഇന്ന് ജാതി നോക്കുന്നുണ്ട്. മുന്‍തലമുറയെക്കാളും ജാതി ചിന്ത ഇന്നുണ്ട്. തന്റെ മക്കള്‍ സ്വസമുദായത്തില്‍ നിന്ന് വിവാഹം കഴിക്കണം എന്നാണ് സ്ത്രീകള്‍ വിചാരിക്കുന്നത്. അല്ലാത്തത് വലിയ മനോവേദന ഉണ്ടാക്കുന്നു. ജാതിപ്രാമാണ്യം,ജന്മിത്തം എന്നിവ ഉപേക്ഷിക്കാന്‍ മാതൃക കാട്ടിയവര്‍ പിന്നീട് ജാതി ചിന്ത വളര്‍ത്തുകയാണ്.

പണ്ടൊന്നും അങ്ങോട്ടും ഇങ്ങോട്ടും സന്ദര്‍ശനം പോലും ഇല്ലാത്ത വീടുകളോട് സമാവസ്ഥയില്‍ പെരുമാറാന്‍ ഇന്നും എല്ലാവര്‍ക്കും വിഷമം തന്നെ. അതായത്് ജാതി പോയിട്ടില്ല. ആര്‍ത്തവ കാലത്ത് തൊടാതെ ഇരിക്കല്‍ നാട്ടിന്‍പുറത്തെ ചില ഇല്ലങ്ങളില്‍ ഇപ്പോഴുമുണ്ട്. ബാഹ്യമായ ആചാരങ്ങള്‍, പൂജകള്‍ എന്നിവയോടും ആഭിമുഖ്യം കൂടിക്കൂടി വരുന്നു.ജീവിതം ഒന്നാണെങ്കിലും ഞങ്ങള്‍ വേറെ ആണ് എന്ന ഒരു ബോധം നമ്പൂതിരി സ്ത്രീകള്‍ക്കിടയിലുണ്ട്.ഒരു ആചാരവും ജീവിതത്തില്‍ നന്നായി സ്വീകരിക്കയില്ല.ഉണ്ട്,അറിയാം,അത് ഞങ്ങള്‍ പാലിക്കുന്നു എന്നൊരു മിഥ്യാബോധം ആണത്.

നമ്പൂതിരിപ്പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ഉണ്ട്,ജോലി ഉണ്ട്,വിദേശത്ത് പോവുന്നുണ്ട്.എന്നാലും വിവാഹം വരുമ്പോള്‍ നമ്പൂതിരി തന്നെ വേണം.ജോലി,ഭക്ഷണം,യാത്ര,മരുന്ന്,ചികിത്സ,വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയിലും ഒന്നാണെങ്കിലും വിവാഹം പോലുള്ള വ്യക്തിപര കാര്യങ്ങളില്‍ അവര്‍ തനി നമ്പൂതിരിമാര്‍ ആയിമാറുന്നു.

ഒരു ജാതിയില്‍ ജനിച്ചാല്‍ പൂജിക്കാന്‍ അവകാശം ഉണ്ടെന്ന് അംഗീകരിക്കുന്ന സമൂഹത്തില്‍ അത് അങ്ങനെയേ ആവു.വരേണ്യവ്യവസ്ഥ ഇവിടെ സജീവമാണ്.നമ്പൂതിരി വിവാഹത്തിന് പോയാല്‍ സ്ത്രീകള്‍ പരസ്പരം പറയുന്ന ഭാഷ ഒരു മലയാളിക്കും മനസ്സിലാവില്ല.എവിടത്തെ മഹളാ,എവിടത്തെ ആതെമ്മാര,എവിടത്തെ മരുമഹളാ,അമ്മാത്ത് എവിടെയാ...ഇങ്ങനെ ഉള്ള ചോദ്യങ്ങളേ കേള്‍ക്കൂ.ഒരു പൊതുകാര്യവും ആരും പറയില്ല.

നമ്പൂതിരി സ്ത്രീകള്‍ക്കിടയില്‍ നല്ലതായി ഉണ്ടെന്ന് തോന്നിയ കാര്യങ്ങള്‍ ലളിതജീവിതം,നിസ്വാര്‍ത്ഥത എന്നിവയാണ്.ആ ലാളിത്യമെല്ലാം പോയി.

ഒരു തരത്തില്‍ നരകജീവിതം നയിച്ചപ്പോഴും കുറെ മൂല്യങ്ങള്‍ സൂക്ഷിച്ചിരുന്നു അവര്‍.മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അധ്വാനം,ലളിതജീവിതം,സപത്‌നികളുടെ മക്കളെ സ്‌നേഹിക്കല്‍,ജീവജാലങ്ങളെ മനുഷ്യര്‍ക്കൊപ്പം കാണല്‍ എന്നിവ അതില്‍പ്പെടുന്നു.അത് പൊതുവേ സ്ത്രീ സഹജഗുണമായിരിക്കും. ഒരു ജാതിഗുണം അല്ല എന്നും എനിക്ക് തോന്നുന്നു.

ശാന്തിപ്പണി, അതിനുകിട്ടുന്ന ഉയര്‍ന്ന വരുമാനം,ജനസമ്മതി,ബഹുമാനം ഇവയാണ് നമ്പൂതിരിമാരെ ജാതിചിന്തക്കുള്ളില്‍ തളച്ചിടുന്നത.് ജാതി ആചാരമായും പുറംപൂച്ചായും സൂക്ഷിക്കാന്‍ മിക്ക നമ്പൂതിരി സ്ത്രീകളും ആശിക്കുന്നു.എന്നിട്ട് ആരോഗ്യകരമായ പഴയ കാര്യങ്ങള്‍ മറക്കുന്നു.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment