Monday, 30 April 2012

[www.keralites.net] കോണ്‍ഗ്രസിന്‌ ഇനി കഷ്‌ടനാളുകള്‍

 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ ഇപ്പോള്‍ ആരിലാണ്‌, എവിടെയാണ്‌ പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയുക? കാരണം ദേശീയ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസ്‌ ഇത്രയേറെ ഒറ്റപ്പെട്ടുപോയ ഒരു കാലഘട്ടം കഴിഞ്ഞ ഒന്നര ദശകത്തിനിടയില്‍ ഒരിക്കലും ഉണ്ടായിട്ടില്ല എന്നതാണ്‌.

അതിന്റെ വ്യക്‌തമായ സൂചനയാണ്‌ കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ അവലംബിക്കുന്ന അര്‍ഥഗര്‍ഭമായ മൗനം. സന്യാസിവര്യനായ ബാബ മൗനിയെപ്പോലെയായി മാറിയിരിക്കുന്നു പ്രധാനമന്ത്രി ഇപ്പോള്‍. തീരുമാനമില്ലായ്‌മയുടെ തടവുകാരന്‍ എന്നു വിമര്‍ശിക്കപ്പെട്ടിരിക്കുന്ന മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ഒരു കാലഘട്ടത്തില്‍ അവലംബിച്ച മൗനത്തെക്കാള്‍ ആഴമുള്ളതാണ്‌ മന്‍മോഹന്‍സിംഗിന്റെ ഇപ്പോഴത്തെ മൗനം.

തീരുമാനമില്ലായ്‌മ എന്നതുതന്നെ ഒരു തീരുമാനമാണെന്നു വിശദീകരിക്കാന്‍ അന്നു നരസിംഹറാവുവിനു കഴിഞ്ഞിരുന്നു എന്നതാണൊരു പ്രത്യേകത. ഉടഞ്ഞുപോയ സോഷ്യലിസ്‌റ്റ് സ്വപ്‌നത്തിന്റെ തകര്‍ന്നുകിടന്ന പാതയില്‍നിന്നു രാജ്യത്തെ ഉദാരവല്‍ക്കരണത്തിന്റെ പാതയിലേക്ക്‌ ഇതിനിടയില്‍ ഇന്ത്യയെ എത്തിക്കാന്‍ നരസിംഹറാവുവിനു കഴിഞ്ഞിരുന്നു എന്നതാണൊരു പ്രത്യേകത. പക്ഷേ ആ ഉദാരവല്‍ക്കരണത്തിന്‌ മനുഷ്യത്വത്തിന്റെ ഒരു മുഖമുണ്ടാക്കാന്‍ കഴിഞ്ഞോ എന്നതും മറ്റൊരുകാര്യം. മനുഷ്യത്വത്തിന്റെ ഒരു നല്ല മുഖം നല്‍കാന്‍ കഴിയുമെങ്കില്‍ ഉദാരവല്‍ക്കരണ നയം മാത്രമാണ്‌ ഇന്ത്യയുടെ രക്ഷാമാര്‍ഗമെന്ന്‌ കടുത്ത സോഷ്യലിസ്‌റ്റുകളായിരുന്നവരും കമ്യൂണിസ്‌റ്റുകളുംവരെ അംഗീകരിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്‌.

അനിയന്ത്രിതമായ അഴിമതി രാഷ്‌ട്രീയത്തില്‍ പിടിമുറുക്കുകയും അതിന്റെ ഭാഗമായ വിലക്കയറ്റം ജനങ്ങളെ ദുരിതത്തിലാഴ്‌ത്താന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ കോണ്‍ഗ്രസിനോടൊപ്പം നിന്ന ജനങ്ങള്‍ അതിനെ കൈവിട്ടുകൊണ്ടിരിക്കുന്നതാണ്‌ രാജ്യം കാണുന്നത്‌. നഗരപ്രദേശങ്ങളും ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളും കോണ്‍ഗ്രസിനെ കൈവിടുന്നതിപ്പോള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. നഗരങ്ങളിലുള്ളവരുടെയും വെള്ളക്കോളര്‍കാരുടേയും പാര്‍ട്ടിയെന്നു കരുതപ്പെട്ടിരുന്ന ഭാരതീയ ജനതാപാര്‍ട്ടിയില്‍നിന്നു നഗരവാസികളെ പിടിച്ചെടുത്തതാണ്‌ 2004 ലും 2009 ലും നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ വിജയിക്കാന്‍ കാരണമായത്‌. ഇപ്പോള്‍ ആ നഗരവാസികള്‍ കോണ്‍ഗ്രസിനെ കൈവിടുന്ന കാഴ്‌ചയാണ്‌ രാജ്യം ദര്‍ശിക്കുന്നത്‌.

ഡല്‍ഹിയിലെ സിറ്റി കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും മുംബൈ, ബംഗളുരു, ചെന്നൈ സിറ്റി കോര്‍പ്പറേഷനുകളിലുമെല്ലാം കോണ്‍ഗ്രസ്‌ പരാജയപ്പെട്ടുകഴിഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മാസ്‌മരികതയത്രയും നഷ്‌ടപ്പെട്ടിരിക്കുന്നു. അതു രാജ്യത്തുടനീളം നഗരവോട്ടര്‍മാരിലുണ്ടായിട്ടുള്ള മനംമാറ്റത്തിന്റെ സൂചനയായി വേണം തീര്‍ച്ചയായും കാണാന്‍. അതിനേക്കാള്‍ വലിയ സംഭവവികാസം ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടുകൊണ്ടിരിക്കുന്നു എന്നതാണ്‌.

അടിയന്തരാവസ്‌ഥയ്‌ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങള്‍ മിക്കവാറും കോണ്‍ഗ്രസിനേയും ഇന്ദിരാ ഗാന്ധിയേയും കൈവിട്ടപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളാണ്‌ കോണ്‍ഗ്രസിനെ നിലനിര്‍ത്തിയത്‌. അധികാരം നഷ്‌ടപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ അന്നത്തെ ഏക പ്രതീക്ഷയും ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലായിരുന്നു. റായ്‌ബറേലി നിയോജകമണ്ഡലത്തില്‍ ഇന്ദിരാ ഗാന്ധിക്കുണ്ടായ കനത്ത പരാജയം അടക്കം അടിയന്തരാവസ്‌ഥ വരുത്തിവച്ച എല്ലാ അവമതിപ്പിനിടയില്‍ നിന്ന്‌ വീണ്ടും ലോക്‌സഭയിലെത്താന്‍ ഇന്ദിരാ ഗാന്ധിക്ക്‌ ആശ്രയമായി മാറിയത്‌ കര്‍ണാടകയിലെ ചിക്ക്‌മംഗളൂര്‍ മണ്ഡലമാണ്‌. എന്നു മാത്രമല്ല കര്‍ണാടകയും ആന്‌ധ്രാപ്രദേശും തമിഴ്‌നാടും കേരളവും അപ്പോഴും കോണ്‍ഗ്രസിന്റെ ശക്‌തികേന്ദ്രമായി തുടര്‍ന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ വരെ മിക്കവാറും ആ നില തുടര്‍ന്നു. പക്ഷേ, ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ്‌ തീരെ ദുര്‍ബലമായിരിക്കുന്നു. 

ആന്‌ധ്രയിലെ കരുത്തനായ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി വൈ.എസ്‌. രാജശേഖരറെഡ്‌ഡി ഒരു വിമാനാപകടത്തില്‍ മരണമടയുകയും കോണ്‍ഗ്രസില്‍നിന്ന്‌ തനിക്ക്‌ നീതി ലഭിക്കുകയില്ലെന്ന്‌ ബോധ്യമായ അദ്ദേഹത്തിന്റെ പുത്രന്‍ ജഗന്‍മോഹന്‍ റെഡ്‌ഡി പുതിയ പാര്‍ട്ടി ഉണ്ടാക്കുകയും ചെയ്‌തതോടെ കോണ്‍ഗ്രസ്‌ ആ സംസ്‌ഥാനത്ത്‌ വളരെ ദുര്‍ബലമായിക്കഴിഞ്ഞു. അതോടൊപ്പം പ്രത്യേക തെലുങ്കാന സംസ്‌ഥാനത്തിനുവേണ്ടി നടക്കുന്ന സമരത്തില്‍ കോണ്‍ഗ്രസ്‌ കള്ളക്കളിയോ ഇരട്ടത്താപ്പോ അവലംബിച്ചതോടെ അവശനിലയിലെത്തിയിരിക്കുന്ന കോണ്‍ഗ്രസിന്‌ പിടിച്ചുനില്‍ക്കാന്‍ കഴിയണമെങ്കില്‍ ജഗന്‍മോഹന്‍ റെഡ്‌ഡിക്കും തെലുങ്കാന നേതാവ്‌ ചന്ദ്രശേഖര റാവുവിനും കോണ്‍ഗ്രസ്‌ കീഴടങ്ങേണ്ടിയിരിക്കുന്നു.

രാഷ്‌ട്രീയത്തില്‍ അതി വികൃത മുഖവുമായി നില്‍ക്കുന്ന ദ്രാവിഡ മുന്നേറ്റകഴകം നേതാവ്‌ എം. കരുണാനിധിയുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ തമിഴ്‌നാട്ടില്‍ അല്ലെങ്കില്‍തന്നെ വലിയ മേല്‍വിലാസമില്ലാത്ത കോണ്‍ഗ്രസിനെ ഇനിയധികം തുണക്കില്ല. മുഖ്യമന്ത്രി ജയലളിതയുടെ എ.ഐ.എ.ഡി.എം.കെയെ ആശ്രയിക്കേണ്ട സ്‌ഥിതിയിലാണിപ്പോള്‍ കോണ്‍ഗ്രസ്‌.

അഴിമതിയാരോപണങ്ങളിലും ആഭ്യന്തര കലഹങ്ങളിലും മുങ്ങിത്താഴുന്ന ബി.ജെ.പി.യാണിപ്പോള്‍ കര്‍ണാടക ഭരിക്കുന്നതെന്നത്‌ ശരിതന്നെ. പക്ഷേ, കര്‍ണാടകയില്‍ അതിനു പകരമാകാന്‍ കോണ്‍ഗ്രസിനു കഴിയണമെങ്കില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ സാധിക്കണം. അധികാരത്തിലേക്ക്‌ തിരിച്ചുവരാന്‍ സാധ്യതകള്‍ തെളിയുന്നു എന്നു വന്നപ്പോള്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിമാരാകാന്‍ സിദ്ധരാമയ്യ, ബി.എല്‍. ശങ്കര്‍, കൃഷ്‌ണബൈര ഗൗഡ, ശരണ്‍ പ്രകാശ്‌, ശിവശങ്കര്‍, ബി.കെ.ഹരിപ്രസാദ്‌ തുടങ്ങിയ നേതാക്കള്‍ തമ്മിലുള്ള മത്സരവും ഗ്രൂപ്പ്‌ പ്രവര്‍ത്തനവും ആരംഭിച്ചുകഴിഞ്ഞു.

ഈയിടെ അഞ്ച്‌ സംസ്‌ഥാനങ്ങളിലേക്ക്‌ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കഷ്‌ടിച്ചൊരു ഭൂരിപക്ഷം തല്ലിക്കൂട്ടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിപദ സ്‌ഥാനത്തിനു വേണ്ടി നടന്ന ഗ്രൂപ്പുമത്സരം രാജ്യം കണ്ടതാണ്‌. ഇനി ഈ വര്‍ഷാന്ത്യത്തോടെ ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും തെരഞ്ഞെടുപ്പു നടക്കാന്‍ പോവുകയാണ്‌. അതിലും കോണ്‍ഗ്രസിന്‌ വലിയ പ്രതീക്ഷയില്ലാത്ത സ്‌ഥിതിയിലാണു കാര്യങ്ങള്‍ നീങ്ങുന്നത്‌. ഈ രണ്ടു തെരഞ്ഞെടുപ്പ്‌ ഫലങ്ങളുടെ അടിസ്‌ഥാനത്തിലും മറ്റു രാഷ്‌ട്രീയ പരിതസ്‌ഥിതികളിലും ഒരുപക്ഷേ, അടുത്തവര്‍ഷത്തോടെ ഒരു ഇടക്കാല തെരഞ്ഞെടുപ്പിനു രാജ്യം നിര്‍ബന്ധിതമായാലും അത്ഭുതപ്പെടാനില്ല.

ഇപ്പോഴത്തെ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്‌ 206 സീറ്റാണുള്ളത്‌. ബി.ജെ.പി.ക്ക്‌ 116 സീറ്റുമുണ്ട്‌. പക്ഷേ, ഈയിടെ നടന്ന തെരഞ്ഞെടുപ്പ്‌ ഫലങ്ങളനുസരിച്ച്‌ കോണ്‍ഗ്രസിന്‌ അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ്‌ കുറയാനാണ്‌ എല്ലാ സാദ്ധ്യതയും. കഴിഞ്ഞതവണ ഡല്‍ഹിയിലെ ഏഴ്‌ സീറ്റിലും കോണ്‍ഗ്രസ്‌ ജയിച്ചു. അതേസമയം പഞ്ചാബില്‍ 13-ല്‍ പത്തും ഹരിയാനയില്‍ പത്തില്‍ ഒന്‍പതും രാജസ്‌ഥാനില്‍ 25-ല്‍ 20-ഉം സീറ്റ്‌ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞു.

പക്ഷേ, ഇന്നത്തെ സ്‌ഥിതിയോ? ഡല്‍ഹിയിലും പഞ്ചാബിലും ഹരിയാനയിലും മഹാരാഷ്‌ട്രയിലും മറ്റും കോണ്‍ഗ്രസിന്‌ സീറ്റു കുറയുകയേയുള്ളൂ. അങ്ങനെ വന്നാല്‍ ഇന്നുള്ള 206 സീറ്റിന്റെ സ്‌ഥാനത്ത്‌ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ 130 സീറ്റിലേക്ക്‌ താന്നാല്‍ അത്ഭുതപ്പെട്ടിട്ടു കാര്യമില്ല. ബി.ജെ.പി.യാകട്ടെ ഇന്നത്തെ 116 സീറ്റെന്ന നില നേരിയ തോതിലെങ്കിലും മെച്ചപ്പെടുത്തിക്കൂടായ്‌കയുമില്ല. 

അതിനെല്ലാമിടയിലാണ്‌ യു.പി.യില്‍ മുലായംസിംഗിന്റെ സമാജ്‌വാദി, ബീഹാറില്‍ നിതീഷ്‌കുമാറിന്റെ സംയുക്‌ത ജനതാദള്‍, ഒറീസയില്‍ നവീന്‍ പട്‌നായിക്കിന്റെ ബി.ജെ.ഡി., ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍, തമിഴ്‌നാട്ടില്‍ ജയലളിതയുടെ കഴകം, ആന്‌ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്‌ഡിയുടെ വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌ എല്ലാം പുതിയ ശക്‌തികളായി മാറിയിരിക്കുന്നത്‌. അതിന്റെ പശ്‌ചാത്തലത്തില്‍ ഒരു പുതിയ രാഷ്‌ട്രീയ അഴിച്ചുവാര്‍ക്കല്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സംഭവിച്ചാലും അത്ഭുതമില്ല.

കോണ്‍ഗ്രസിന്റെ ഏക പ്രതീക്ഷ 2009-ല്‍ സംഭവിച്ചതുപോലെ ഒരു രാഷ്‌ട്രീയ അത്ഭുതമെന്ന നിലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കാര്യത്തില്‍ ഇന്ത്യന്‍ സമ്മതിദായകര്‍ കോണ്‍ഗ്രസിന്‌ അനുകൂലമായി ചിന്തിച്ചേക്കാമെന്നുള്ളതാണ്‌. പക്ഷേ, രണ്ടുമാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന പുതിയ രാഷ്‌ട്രപതിയുടെ തെരഞ്ഞെടുപ്പില്‍ ഒരു അഭിപ്രായ സമന്വയമുണ്ടാകാനാണ്‌ സാധ്യത എന്നാണ്‌ എല്ലാവരും കണക്കുകൂട്ടുന്നത്‌. അതിന്റെയടിസ്‌ഥാനത്തില്‍ ഡോ. എ.പി.ജെ. അബ്‌ദുള്‍കലാം രണ്ടാമതും ആ പദവിയില്‍ വന്നുകൂടായ്‌കയില്ല. 

അങ്ങനെ വന്നാല്‍ വഴിതെറ്റിയ കണക്കുകൂട്ടലുകളുടെ അടിസ്‌ഥാനത്തില്‍ ഒരു പുതിയ പ്രധാനമന്ത്രി ഇന്ത്യയില്‍ ഉണ്ടാകാനുള്ള സാധ്യതയും ഇല്ലാതാകും. ഇതും കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തെ അലട്ടുന്ന വലിയ പ്രശ്‌നമാണ്‌.

K M ROY


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment