Monday 30 April 2012

Re: [www.keralites.net] മെയ്‌ ദിനാശംസകള്‍....

 

പണിയെടുക്കുന്നവരുടെ പുതുവത്സര ദിനം

ലോകത്തെ ചുവപ്പിച്ചുകൊണ്ട് "പണിയെടുക്കുന്നവരുടെ പുതുവത്സര ദിന" മായ മെയ്ദിനം. 80 രാജ്യങ്ങളില്‍ ഔദ്യോഗികമായും മറ്റു രാജ്യങ്ങളില്‍ അനൗദ്യോഗികമായും ദിനാചരണവും തൊഴിലാളിറാലികളും നടക്കുമ്പോള്‍ "സര്‍വരാജ്യത്തൊഴിലാളികളേ ഏകോപിക്കുവിന്‍" എന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ആഹ്വാനം ഒരു ദിവസമെങ്കിലും യാഥാര്‍ഥ്യമായിത്തീരുകയാണ്. ചെങ്കൊടികളുമായി നീങ്ങുന്ന മഹാറാലികളുടെ ആ ദിവസം ബഹിരാകാശത്തുനിന്ന് ഫോട്ടോയെടുക്കുകയാണെങ്കില്‍ ചുവന്നുനില്‍ക്കുന്ന ഒരു മെയ്ഫ്ളവറ ായി ഭൂമിയെ കാണാം. മെയ്ദിനം വരുമ്പോള്‍ ചരിത്രം പൊടുന്നനെ ഒരു വര്‍ത്തമാനമായിത്തീരുകയാണ്. കവി തിരുനെല്ലൂര്‍ കരുണാകരന്‍ പാടിയതുപോലെ "നിന്നെക്കാണ്‍കെ ഞങ്ങളിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയല്ലോ, തങ്ങടെ കൈകളിലെ പാഴ്ച്ചങ്ങല പൊട്ടിച്ചെറിയാന്‍ ധീരം പൊരുതി മരിച്ചു ജയിച്ചവരെല്ലാം" എന്ന അവസ്ഥ. തങ്ങളാണ് ഭൂരിപക്ഷമെന്നും തങ്ങളെ ചൂഷണംചെയ്താണ് ന്യൂനപക്ഷം വരുന്ന മുതലാളിവര്‍ഗ്ഗം തടിച്ചുകൊഴുക്കുന്നതെന്നുമുള്ള തിരിച്ചറിവ് ഇടിമിന്നല്‍പോലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ മനസ്സില്‍ വന്നു വീഴുന്ന ദിവസം.

അധ്വാനമാണ് മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനടിസ്ഥാനമെന്നും തൊഴിലാളികള്‍ മൃഗങ്ങളല്ലെന്നും നഷ്ടപ്പെടുവാന്‍ കൈവിലങ്ങുകള്‍ മാത്രമുള്ള അവര്‍ക്ക് കിട്ടാനുള്ളത് വലിയൊരു ലോകമാണെന്നുമുള്ള തിരിച്ചറിവ് 1848ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറങ്ങിയതുമുതലാണ് തൊഴിലാളി വര്‍ഗ്ഗത്തിനുണ്ടായിത്തുടങ്ങിയത്. പഴയ റോമന്‍ അടിമകളേക്കാള്‍ നിന്ദ്യവും ദയനീയവുമായി ജീവിച്ചിരുന്ന തൊഴിലാളികള്‍ക്ക് ദിവസം ശരാശരി 20 മണിക്കൂര്‍ ജോലി ചെയ്യേണ്ടിയിരുന്നു. ജോലിസ്ഥിരതയോ, അവധിയോ, വിശ്രമമോ, വിനോദമോ കുടുംബ ജീവിതമോ ഇല്ലാത്ത തുച്ഛവരുമാനക്കാര്‍. പ്രാണികളെപ്പോലെ തൊഴിലിടങ്ങളില്‍ ചത്തുവീഴുന്ന തൊഴിലാളികള്‍ അന്നൊരു പതിവു കാഴ്ചമാത്രം. ആപ്ടേണ്‍ സിംഗ്ലയറും , ജാക്ക് ലണ്ടനുമൊക്കെ നോവലുകളിലൂടെ വരച്ചുകാട്ടിയ അതേ ജീവിതം. ഫോര്‍ഡ്, റോക്ക്ഫെല്ലര്‍, മോര്‍ഗന്‍ തുടങ്ങിയ ഫൗണ്ടേഷനുകളിലൂടെ വളരുകയായിരുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തില്‍നിന്നുതന്നെയാണ് പിടഞ്ഞൊടുങ്ങുന്നവരുടെ ആദ്യ നിലവിളിയുയര്‍ന്നത്. "എട്ടുമണിക്കൂര്‍ ജോലി" എന്ന മുദ്രാവാക്യം അങ്ങനെ പിറന്നു.

1827ല്‍ ഫിലാഡല്‍ഫിയയിലെ കെട്ടിട വ്യവസായ തൊഴിലാളികളാണ് സമരത്തിന് തുടക്കം കുറിച്ചത്. ജോലിസമയം പത്തുമണിക്കൂറാക്കിക്കിട്ടുന്നതില്‍ അവര്‍ വിജയിച്ചു. പിന്നീട് 1886 ആഗസ്ത് 20ന് ബാള്‍ട്ടിമൂറില്‍ "നാഷണല്‍ ലേബര്‍ യൂണിയ"ന്റെ സ്ഥാപകസമ്മേളനം എട്ടുമണിക്കൂര്‍ ജോലി എന്ന മുദ്രാവാക്യം അംഗീകരിക്കുന്നതിനു പിന്നില്‍ മാര്‍ക്സും ഏംഗല്‍സും നേതൃത്വം നല്‍കിയ ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്റെയും ഒന്നാം ഇന്റര്‍നാഷണലിന്റെയും സ്വാധീനമുണ്ടായിരുന്നു. 1866 ആകുമ്പോഴേക്കുതന്നെ നിരവധി "എട്ടുമണിക്കൂര്‍ ലീഗുകള്‍" അമേരിക്കയില്‍ രൂപംകൊണ്ടിരുന്നു. അവയെ തകര്‍ക്കാനാണ് ഫാക്ടറിയുടമകള്‍ "പിങ്കാര്‍ട്ടണ്‍ ഏജന്‍സി" തുടങ്ങിയ കരിങ്കാളിക്കമ്പനികള്‍ക്ക് രൂപം നല്‍കിയത്. മുതലാളിമാരുടെ എതിര്‍പ്പുകളെയെല്ലാം മറികടന്ന് 1884ല്‍ "ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ആന്‍ഡ് ലേബര്‍ യൂണിയന്‍സ് ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ് ആന്‍ഡ് കാനഡ" എന്ന സംഘടന മെയ് ഒന്ന് മുതല്‍ സമരം നടത്താന്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്തു. അഞ്ചുലക്ഷം പേര്‍ സമരരംഗത്തേക്കിറങ്ങിയ ചിക്കാഗോയില്‍ കലാപത്തിനുള്ള ഗൂഢാലോചന എന്നാക്രോശിച്ച് സായുധസേന തെരുവിലിറങ്ങിയതോടെ സമരത്തിന്റെ സ്വഭാവം മാറി.

ആദ്യദിവസം തികച്ചും സമാധാനപരമായി പ്രകടനം നടന്നു. എന്നാല്‍, മെയ് മൂന്നിന് മാക്മോക് റീപ്പര്‍ വര്‍ക്സ് എന്ന ഫാക്ടറിയുടെ ഗേറ്റിനുപുറത്ത് ചേര്‍ന്ന വിശദീകരണയോഗം പൊളിക്കാന്‍ മുന്നൂറോളം കരിങ്കാലികള്‍ തക്കം പാര്‍ത്തിരിപ്പുണ്ടായിരുന്നു. ഓഗസ്റ്റ് സ്പൈസ് സംസാരിക്കുമ്പോള്‍ അവര്‍ കുഴപ്പമുണ്ടാക്കി. ആറ് തൊഴിലാളികളുടെ രക്തസാക്ഷിത്വത്തില്‍ കലാശിച്ചു തുടര്‍ന്നുണ്ടായ സംഘര്‍ഷം. പിറ്റേന്ന് ഹെയ്മാര്‍ക്കറ്റില്‍ നടന്ന പ്രതിഷേധയോഗം പൊലീസ് കൈയേറുകയും എവിടെനിന്നോ ഒരു ബോംബ് വന്നുവീഴുകയും ചെയ്തതോടെ വീണ്ടും സംഘര്‍ഷമായി. പൊലീസ് വെടിവച്ചു. നാല് തൊഴിലാളികളും ഏഴ് പൊലീസുകാരും മരിച്ചുവീണു. 200 നേതാക്കളെ അറസ്റ്റ് ചെയ്തു. തൊഴിലാളി വിരുദ്ധതക്ക് പേരുകേട്ട ജോസഫ് ഇ ഗാരിയുടെ നേതൃത്വത്തിലുള്ള ബോഡ് ഓഫ് ജൂറിയെവച്ച് വിചാരണ നടത്തി. 1886 ജൂണ്‍ 21ന് തുടങ്ങിയ വിചാരണയുടെ വിധി വന്നത് ഒക്ടോബര്‍ ആറിന്. എട്ട് തൊഴിലാളിനേതാക്കള്‍ക്ക് വധശിക്ഷ. അമേരിക്കകത്തും പുറത്തും പ്രതിഷേധമുയര്‍ന്നപ്പോള്‍, ശിക്ഷ നടപ്പാക്കേണ്ടതിന് തലേന്ന് സാമുവല്‍ ഫീല്‍ഡന്‍, ഷ്വാബ് എന്നിവരുടെ വധശിക്ഷ ജീവപര്യന്തമാക്കി. ഓസ്കാര്‍ നീബിന് 15 വര്‍ഷത്തേക്ക് തടവുശിക്ഷ നല്‍കി. ഇരുപത്തിരണ്ടുകാരനായ ലൂയിലിങ്ങ് തൂക്കിക്കൊല്ലേണ്ടതിന്റെ തലേന്ന് പടക്കം കടിച്ചുപൊട്ടിച്ച് ജയിലില്‍ ജീവനൊടുക്കി.

1886 നവംബര്‍ 11ന് ഓഗസ്റ്റ് സ്പൈസ്, ഏണസ്റ്റ് ഫിഷര്‍, ജോര്‍ജ് എംഗല്‍സ്, ഹാര്‍സണ്‍സ് എന്നിവരെ തൂക്കിലേറ്റി. മരിക്കുംമുമ്പ് സ്പൈസ് പറഞ്ഞു: "ഇപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ വാക്കുകളെ ഞെരിച്ചുകൊല്ലാം. എന്നാല്‍, ഞങ്ങളുടെ മൗനം വാക്കുകളേക്കാള്‍ ശക്തമായിത്തീരുന്ന കാലംവരും". ഹെയ്മാര്‍ക്കറ്റിലെ മെയ് ദിന സ്മാരകത്തില്‍ എഴുതിവെച്ചിട്ടുള്ള സ്പൈസിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമായിത്തീരുന്നതാണ് പിന്നീട് ലോകം കണ്ടത്. എല്ലാവര്‍ഷവും മെയ് ഒന്ന് സാര്‍വദേശീയ തൊഴിലാളി ദിനമായി ആചരിക്കാന്‍ 1888 ഡിസംബറില്‍ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബറും 1889 ജൂലൈ 14ന് പാരീസില്‍ ചേര്‍ന്ന രണ്ടാം ഇന്റര്‍നാഷണലും തീരുമാനിച്ചു. 1890ല്‍ അമേരിക്കയില്‍ ആദ്യമായി മെയ്ദിനം ആചരിച്ചു. എന്നാല്‍, തൊഴിലാളി പ്രസ്ഥാനങ്ങളെയെന്നപോലെ മെയ്ദിനാചരണത്തെയും ഇല്ലാതാക്കാനാണ് അമേരിക്ക ശ്രമിച്ചത്. ആ ദിവസത്തെ ഭയക്കുകയായിരുന്നു ഭരണാധികാരികള്‍. പ്രസിഡന്റ് ഗ്രോവര്‍ ക്ലീവ്ലന്റ് സെപ്തംബറിലെ ഒരു ദിവസം തൊഴിലാളിദിനമായി പ്രഖ്യാപിച്ച് മെയ്ദിനത്തെ അവഗണിച്ചു. മറ്റൊരു പ്രസിഡന്റ് മെയ് ഒന്ന് ശിശുദിനമായി പ്രഖ്യാപിച്ച് തൊഴിലാളിവര്‍ഗ്ഗത്തെ അപഹസിച്ചു.

1921ല്‍ ഈ ദിവസം അമേരിക്കന്‍വല്‍ക്കരണദിന മാക്കി അവധി നല്‍കാന്‍ തുടങ്ങി. അധ്വാനമാണ് സകല സമ്പത്തിന്റെയും ഉറവിടം. കലയും ശാസ്ത്രവുമെല്ലാം അധ്വാനത്തിന്റെ ഫലംതന്നെ. സര്‍ഗ്ഗാത്മകത യെന്നാല്‍ അധ്വാനം എന്നുതന്നെയാണര്‍ഥമെന്ന് മാക്സിംഗോര്‍ക്കി പറഞ്ഞത് അതുകൊണ്ടാണ്. സങ്കല്‍പ്പത്തില്‍നിന്ന് യാഥാര്‍ഥ്യവും യാഥാര്‍ഥ്യത്തില്‍നിന്ന് സങ്കല്‍പ്പവും സൃഷ്ടിക്കാന്‍ മനുഷ്യര്‍ക്ക് കഴിയുന്നത് അധ്വാനവും അതുകഴിഞ്ഞ് ഒഴിവു സമയവും ലഭിക്കുന്നതുകൊണ്ടാണ്.

1890 മെയ് നാലിന് ഹൈഡ് പാര്‍ക്കില്‍ നടന്ന ആദ്യ മെയ്ദിനാചരണ പ്രസംഗത്തില്‍ മാര്‍ക്സിന്റെ മകള്‍ എലീനര്‍ മാര്‍ക്സ് പറഞ്ഞു: ""സിംഹങ്ങളെപ്പോലെ ഉണര്‍ന്നെണീക്കുക രാത്രിയില്‍ അവരണിയിച്ച ചങ്ങലകള്‍ മഞ്ഞുതുള്ളികള്‍ പോലെ കുടഞ്ഞെറിയുക നിങ്ങള്‍ അനവധി പേരാണ് അവര്‍ കുറച്ചുപേരും"" 2011 സെപ്തംബറില്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകാരികളുടെ മുദ്രാവാക്യം ഇങ്ങനെ: "നമ്മള്‍ 99 ശതമാനമാണ്. " അതെ, ഒരു ശതമാനത്തിനുവേണ്ടി 99 ശതമാനത്തെ കുരുതികൊടുക്കുന്നതിനെതിരായ ആഹ്വാനമാണ് എന്നും മെയ് ദിനത്തിന്റേത്.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment