Sunday 29 April 2012

[www.keralites.net] the brave story of Abhaya Sahu

 

തിരുവനന്തപുരം: കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് ഐ സി യൂണിറ്റില്‍ കൈവിലങ്ങുകളോടെ കാല്‍ച്ചങ്ങല ചാര്‍ത്തി ഒരു രോഗിയെ പ്രവേശിപ്പിക്കുക. കൊളോണിയല്‍, രാജവാഴ്ചക്കാലത്തോ കടുത്ത സ്വേച്ഛാധിപത്യ ഭരണത്തിന്‍ കീഴില്‍പോലും സങ്കല്‍പിക്കാന്‍ കഴിയാത്ത ചിത്രം. ഒരു പക്ഷേ ചരിത്രത്തില്‍ ഇത്തരമൊരു തടവുകാരനേ ഇതുവരെയുണ്ടായിട്ടുള്ളൂ. ഇനിയൊട്ട് ഉണ്ടാകാനുംതരമില്ല. സി പി ഐയുടെ വിപ്ളവ തേജസ്സാര്‍ന്ന ആ മുഖം രോഗവിമുക്തി കഴിഞ്ഞ് വിലങ്ങണിഞ്ഞ് ആശുപത്രിക്കു പുറത്തേക്കുവരുമ്പോഴും നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിരൂപം. അതാണ് അഭയ്സാഹു എന്ന ഒഡീഷയിലെ കൃശഗാത്രനായ വിപ്ളവനക്ഷത്രം. ഭരണാധികാരി വര്‍ഗത്തിന്റെയും വിദേശ സ്വദേശകുത്തക മുതലാളിത്തത്തിന്റെയും ചൂഷകപരിഷകളുടെയും ഉള്ളില്‍ പേടിസ്വപ്നങ്ങളുടെ തീമലകള്‍ തീര്‍ക്കുന്ന അജയ്യനായ ആ പടനായകന്റെ ചരിത്രം തൊഴിലാളിവര്‍ഗത്തിന്റെ പോര്‍ക്കളങ്ങളില്‍ ഇന്ന് ഒരു വീരഗാഥപോലെ നാവേല്‍പ്പാട്ടാകുന്നു. പതിനായിരക്കണക്കിന് ആദിവാസികളടക്കമുള്ളവരെ തങ്ങള്‍ പിറന്നുവീണ മണ്ണില്‍നിന്ന് വേരോടെ പിഴുതെറിഞ്ഞ് 4500 ഏക്കര്‍ വിസ്തീര്‍ണമുള്ള ഒരു പ്രദേശമാകെ ദക്ഷിണകൊറിയന്‍ കുത്തകയായ പോസ്കോയ്ക്ക് കാഴ്ചവച്ച ഭരണകൂട ഭീകരതയ്ക്കെതിരെ ഒഡീഷയെ ഇളക്കിമറിച്ച അഭയ്സാഹു. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന് പുതിയ പടക്കളങ്ങളിലിറങ്ങാന്‍ പ്രകാശഗോപുരമായ സംഗ്രാമധീരന്‍. സി പി ഐ ഒഡീഷാ സംസ്ഥാന സെക്രട്ടേറിയറ്റംഗവും ദേശീയ കൌണ്‍സില്‍ മെമ്പറുമായ അഭയ്സാഹു ഇന്നലെ നഗരത്തിലെ ഒരാകര്‍ഷണബിന്ദുവായി മാറുകയായിരുന്നു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ വിലക്കയറ്റത്തിനും സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ നടന്ന ധര്‍ണയെ അഭിസംബോധന ചെയ്ത സാഹുവിന്റെ വാക്കുകള്‍ ആവേശത്തിന്റെ അലമാലകളിളകി. അത് അഭയ്സാഹുവെന്നറിഞ്ഞപ്പോള്‍ അഭിമുഖത്തിന് മാധ്യമങ്ങളുടെ തിരക്കായി. ഇന്നലെ രാത്രി കോഴിക്കോട്ടെയ്ക്ക് തിരിക്കുന്നതുവരെ അഭിമുഖങ്ങളും പാര്‍ട്ടി പരിപാടികളും. ഉച്ചയോടുകൂടി 'ജനയുഗ'ത്തിലെത്തിയ വിപ്ളവത്തിന്റെ ആ ധ്രുവനക്ഷത്രത്തെ സി എം ഡി അഡ്വ. പി രാമചന്ദ്രന്‍ നായരും ജനയുഗം പ്രവര്‍ത്തകരും ചേര്‍ന്ന് ചെമ്പനീര്‍പൂച്ചെണ്ടുനല്‍കി വരവേറ്റു. പ്ളാച്ചിമട സമരനേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ആര്‍ അജയന്‍ ഒപ്പമുണ്ടായിരുന്നു. സാഹുവിന്റെ മറുപടി പ്രസംഗം തീക്ഷ്ണമായ സമരാനുഭവങ്ങളുടെ ഒരു വാങ്മയ ചിത്രമായി. വികസനമെന്ന പേരില്‍ തങ്ങളുടെ ഭൂമികളില്‍ നിന്നു പറിച്ചെറിയപ്പെടുന്ന ആയിരങ്ങളുടെ ദയനീയകഥ അദ്ദേഹം വിവരിച്ചു. അനര്‍ഘമായ ഇരുമ്പയിര് കൊറിയയിലേക്ക് കയറ്റി അയയ്ക്കാന്‍ ചൂഷകവര്‍ഗവും ഭരണകൂടവും അവരുടെ മര്‍ദനോപകരണമായ പൊലീസും ചേര്‍ന്ന് നിസഹായരായ മനുഷ്യ സഹസ്രങ്ങള്‍ക്കെതിരെ നടത്തുന്ന തേര്‍വാഴ്ചയെ ചെറുത്തു തോല്‍പിക്കാന്‍ സി പി ഐ നയിക്കുന്ന ധീരോദാത്ത സമരത്തിന്റെ നായകനായ അഭയ്സാഹുവിന്റെ വാക്കുകള്‍ക്ക് തീനാളങ്ങളുടെ ചൂടും പ്രകാശവും. ഞാന്‍ സി പി ഐക്കാരനായിരുന്നില്ലെങ്കില്‍ ഈ ജനകീയ പോരണിയിലേ ഉണ്ടാകുമായിരുന്നില്ല. എല്ലാ രാഷ്ട്രീയകക്ഷികളും മൂകസാക്ഷികളായി നില്‍ക്കുമ്പോള്‍ പോസ്കോ ഖനിപ്രദേശത്തെ 99 ശതമാനം ജനങ്ങളും ചെങ്കൊടിക്കീഴില്‍ പടയോട്ടം നടത്തുന്നത് ആവേശകരമായ കാഴ്ചയാണ്. തൊഴിലാളിവര്‍ഗത്തിന്റെ ഇന്ത്യയിലെങ്ങും പിറവിയെടുക്കാനിരിക്കുന്ന സമരഭൂമികള്‍ക്ക് ആവേശദീപമായി മാറിയിരിക്കുന്നു പോസ്കോയിലെ ഇതിഹാസോജ്വലസമരമെന്ന് സാഹു ഓര്‍മ്മിപ്പിച്ചപ്പോള്‍ സദസില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള അഭിമാനത്തിന്റെ പൂത്തിരികത്തി. മനസുകളാല്‍ ആ പടവീരന് റെഡ്സല്യൂട്ട്. പടത്തലവനെ തളച്ചാല്‍ പടനീക്കം നിലയ്ക്കുമെന്ന ഭരണകൂടത്തിന്റെ കണക്കുകൂട്ടലും അഭയ്സാഹു പൊളിച്ചു. അഞ്ചുവര്‍ഷം ഒളിവിലും ജയിലിലുമായി അദ്ദേഹം നയിച്ച പ്രക്ഷോഭജ്വാലകള്‍ ഒഡീഷയിലാകെ ആളിപ്പടര്‍ന്നു. ജയിലില്‍ നിന്നിറങ്ങി അമ്മയെ ഒരുനോക്ക് കണ്ടിട്ടു മടങ്ങുമ്പോള്‍ വീണ്ടും കൈവിലങ്ങ്. സാഹുവിനെതിരായി ഒഡീഷ സര്‍ക്കാര്‍ കെട്ടിച്ചമച്ച 51 വ്യാജ ക്രിമിനല്‍ കേസുകളിലൊന്നിന്റെ പേരില്‍ പിന്നെയും ആ സഖാവിനെതിരെ ജയിലറയുടെ അഴിവാതിലുകള്‍ തുറന്നു. ജയിലിലായിരുന്നതിനാല്‍ ഹൈദരാബാദില്‍ നടന്ന സി പി ഐയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായില്ല. നിശ്ചയദാര്‍ഢ്യം പൂത്തുലഞ്ഞുനില്‍ക്കുന്ന ആ മനസില്‍ സാഹു കുറിച്ചിട്ടു; പട്നയിലെ ഇരുപത്തിയൊന്നാം പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുത്തിട്ടുതന്നെ ഇനി മേല്‍കാര്യം. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താല്‍ക്കാലിക ജാമ്യത്തിനു നല്‍കിയ അപേക്ഷ ഒഡീഷ ഹൈക്കോടതി കയ്യോടെ തള്ളി. ഒടുവില്‍ നാലുദിവസത്തെ സോപാധിക പരോള്‍ അനുവദിച്ചു; പോസ്കോ പ്രദേശത്തു കടക്കരുതെന്നും കോടതിയുടെ പരിധിയില്‍നിന്നു പുറത്തുപോകരുതെന്നുമുള്ള കര്‍ശന വ്യവസ്ഥയോടെ. പക്ഷേ പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ച് അഭയ്സാഹുവിലെ ധീരവിപ്ളവകാരി മാര്‍ച്ച് 27ന് കൊടിയേറിയ പട്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധിയായെത്തി. അവിടെയും ദേശീയമാധ്യമങ്ങളടക്കം വലിയൊരുപടതന്നെ ആ സമരധീരനെ പൊതിഞ്ഞു. സമ്മേളനത്തിനു കൊടിയിറങ്ങുന്നതിന്റെ തലേന്ന് തന്നെ പരോള്‍തീരും മുമ്പ് ജയിലിലേക്ക് ഒരു മടക്കയാത്ര. അഭയ്സാഹുവിന്റെ എന്‍ജിനീയര്‍മാരായ രണ്ടുപുത്രന്മാരും പാര്‍ട്ടിയുടെ ഉശിരന്‍ വാഗ്ദാനങ്ങള്‍. ഒരു മകന്‍ അഭിജിത് സാഹു എ ഐ എസ് എഫിന്റെ ഒഡീഷ സംസ്ഥാന സെക്രട്ടറി. ഇരുവരെയും ഭരണകൂടം കൊലക്കുറ്റത്തിന് കള്ളക്കേസെടുത്തു വേട്ടയാടിയതോടെ അവരും ഒളിവിലിരുന്നു പടനയിക്കുന്നു. "സഖാക്കളെ, നിങ്ങള്‍ കേരളത്തില്‍ നടത്തുന്ന സമരപരമ്പരകളില്‍ നിന്നു വിഭിന്നമാണ് ഞങ്ങളുടെ പ്രക്ഷോഭം. പൊലീസിന്റെയും ചൂഷകവര്‍ഗത്തിന്റെയും പൈശാചികമായ നരനായാട്ടിനെ നേരിട്ടാണ് ഞങ്ങള്‍ ഓരോ പടനീക്കവും നടത്തുന്നത്. ഞങ്ങളുടെ ഐതിഹാസികമായ സമരം ഇന്ത്യന്‍ വിപ്ളവപ്രസ്ഥാനത്തിന് ഒരു ദീപഗോപുരമാക്കുന്നതില്‍ ഞങ്ങള്‍ക്കു ചാരിതാര്‍ഥ്യമുണ്ട്. ഞങ്ങളുടെ യാതനകള്‍ക്കും വേദനകള്‍ക്കും ഈ ആവേശം ആശ്വാസമേകുന്നു.'' ആ വിപ്ളവകാരിയുടെ വാക്കുകളില്‍ നന്ദിയുടെ നറുമണം. ജാമ്യത്തിലിറങ്ങിയെങ്കിലും തന്റെ കുടുംബത്തെയോ, ഒളിത്താവളങ്ങളില്‍ കഴിയുന്ന മക്കളെയോ കാണാനദ്ദേഹത്തിന് നേരമില്ല. ഇന്ത്യയൊട്ടാകെ ഒരു ചുഴലിക്കാറ്റുപോലെ ചുറ്റിയടിച്ചുകൊണ്ട്, ഐതിഹാസികമായ പോസ്കോ വിരുദ്ധ സമരത്തിന്റെ പ്രചണ്ഡമായ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അഭയ്സാഹു കേരളത്തിലെത്തിയിട്ടുള്ളത്.
Fun & Info @ Keralites.net

 

 

 

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment