Sunday, 29 April 2012

[www.keralites.net] "ദേവി മഹാത്മ്യം"

 

 ദേവി മഹാമായയാണെന്നും അനാദിയാണെന്നുമാണ് സങ്കല്പം. പണ്ട് മഹാവിഷ്ണു ശിശുരൂപിയായി ആലിലയില്‍ കിടക്കുന്ന കാലത്ത് 'ഞാന്‍ ആരാണ്? എന്നെ സൃഷ്ടിച്ചത് ആരാണ്?' എന്നെല്ലാം ചിന്തിച്ച് അസ്വസ്ഥനായപ്പോള്‍ ആകാശത്തില്‍നിന്ന് ഒരു അശരീരി ഉണ്ടായി: 'ഇതെല്ലാം ഞാന്‍ തന്നെയാണ്. ഞാനല്ലാതെ സനാതനമായി യാതൊന്നും ഇല്ല'. അശരീരിയെ ധ്യാനിച്ചു കിടന്ന മഹാവിഷ്ണുവിന്റെ മുന്നില്‍ ദേവി നാല് തൃക്കൈകളോടും ശംഖ്ചക്രഗദാപദ്മായുധങ്ങളോടും ദിവ്യവസ്ത്രാഭരണങ്ങളോടും കൂടി രതി, ഭൂതി, ബുദ്ധി, മതി, കീര്‍ത്തി, ധൃതി, സ്മൃതി, ശ്രദ്ധ, മേധ, സ്വധ, സ്വാഹ, ക്ഷുധ, നിദ്ര, ദയ, ഗതി, തുഷ്ടി, പുഷ്ടി, ക്ഷമ, ലജ്ജ, ജൃംഭ, തന്ദ്രി എന്നീ ശക്തികളാല്‍ ആവൃതയായി പ്രത്യക്ഷപ്പെട്ടു.
മഹാവിഷ്ണുവിനെ നോക്കി ദേവി ഇപ്രകാരം പറഞ്ഞു: 'ഹേ വിഷ്ണുദേവാ, അദ്ഭുതപ്പെടുവാന്‍ എന്തുണ്ട്. ജഗത്തിന് സൃഷ്ടിസ്ഥിതിലയങ്ങളുണ്ടാകുന്ന കാലങ്ങളിലെല്ലാം ഇതുപോലെ മഹാശക്തിയുടെ മാഹാത്മ്യം നിമിത്തം അങ്ങയും ഉണ്ടായിട്ടുണ്ടല്ലൊ. പരാശക്തിയാകട്ടെ ഗുണാതീതയാണ്. നമ്മളെല്ലാം ഗുണത്തോടുകൂടിയവരുമാണ്. സത്വഗുണപ്രധാനനായ അങ്ങയുടെ നാഭിയില്‍നിന്ന് രജോഗുണപ്രധാനനായ ബ്രഹ്മാവ് ഉണ്ടാകും. ആ ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തില്‍നിന്ന് താമസശക്തിയോടുകൂടിയ രുദ്രനും ജനിക്കും. ബ്രഹ്മാവ് തപോബലം നിമിത്തം സൃഷ്ടിശക്തിയെ സമ്പാദിച്ച് രജോഗുണംകൊണ്ട് രക്തവര്‍ണമായ ലോകത്തെ സൃഷ്ടിക്കും. ആ ലോകത്തിന് അങ്ങ് രക്ഷിതാവായിത്തീരും. അതേ ജഗത്തിനെത്തന്നെ കല്പാന്തത്തില്‍ രുദ്രന്‍ സംഹരിക്കുകയും ചെയ്യും. സൃഷ്ടിക്കുവേണ്ടി അങ്ങയെ സമാശ്രയിച്ചു നില്ക്കുന്ന സാത്വിക ശക്തി തന്നെയാണ് ഞാന്‍ എന്ന് അറിഞ്ഞുകൊള്‍ക'. ദേവിയുടെ നിര്‍ദേശമനുസരിച്ചാണ് അനന്തരകാലത്ത് ലോകസൃഷ്ടികളെല്ലാം നടന്നിട്ടുള്ളത്.
ക്ഷേത്രങ്ങളില്‍ ദേവിയുടെ പ്രതിമ നിര്‍മിക്കുന്നതിന് പ്രത്യേക വിധികളുണ്ട്. ചണ്ഡികാദേവി ഇരുപതു കൈകളോടുകൂടിയവളായിരിക്കും. അവയില്‍വച്ച് വലതുഭാഗത്തെ കൈകളില്‍ ശൂലം, വാള്‍, വേല്‍, ചക്രം, പാശം, പരിച, മഴു, തോട്ടി, പാശം, മണി, കൊടി, ഗദ, കണ്ണാടി, മുല്‍ഗരം എന്നിവ ധരിച്ചിരിക്കും. ലക്ഷ്മീദേവിയുടെ വലതുകൈയില്‍ താമരപ്പൂവും ഇടതുകൈയില്‍ കൂവളത്തിന്‍കായും ഉണ്ടായിരിക്കും. സരസ്വതീദേവി കൈകളില്‍ പുസ്തകവും അക്ഷമാലയും വീണയും ധരിച്ചുകൊണ്ടിരിക്കുന്നു. ഗംഗാദേവി കൈകളില്‍ കുടവും താമരപ്പൂവും ധരിച്ച് ശ്വേതവര്‍ണയായി മകരമത്സ്യത്തിന്റെ പുറത്ത് സ്ഥിതിചെയ്യുന്നു. യമുനാദേവി ആമയുടെ പുറത്തിരിക്കുന്നവളും കൈയില്‍ കുടം ധരിക്കുന്നവളും ശ്യാമളവര്‍ണത്തോടുകൂടിയവളുമാണ്.
ശുക്ലവര്‍ണനായ തുംബുരു കൈയില്‍ വീണ ധരിച്ചുകൊണ്ട് മാതൃക്കളുടെ മുമ്പില്‍ വൃഷഭാരൂഢനായി ശൂലത്തില്‍ സ്ഥിതി ചെയ്യുന്നു. മാതൃക്കളില്‍ ബ്രാഹ്മി നാല് മുഖങ്ങളോടുകൂടിയവളും ഗൌര വര്‍ണമുള്ളവളും അക്ഷമാല ധരിക്കുന്നവളും ഇടതുകൈയില്‍ കിണ്ടി, അക്ഷപാത്രം എന്നിവയോടു കൂടിയവളും ഹംസഗമനയുമായി സ്ഥിതി ചെയ്യുന്നു. ശാങ്കരി (മഹേശ്വരി) ശുഭ്രവര്‍ണയാണ്. വലതുകൈകളില്‍ ശരചാപങ്ങളും ഇടതുകൈകളില്‍ ചക്രവും ധനുസ്സും വാഹനമായിട്ട് വൃഷഭവും ഉണ്ടായിരിക്കും. കൌമാരി മയിലിന്റെ പുറത്തിരിക്കുന്നവളും രക്തവര്‍ണയും രണ്ടുകൈകള്‍ ഉള്ളവളുമാണ്. ഒരു കൈയില്‍ ശക്തി (വേല്‍) ധരിച്ചിരിക്കുന്നു. ലക്ഷ്മി വലതുകൈകളില്‍ ശംഖു ചക്രങ്ങളും ഇടതുകൈകളില്‍ ഗദാപദ്മങ്ങളും ധരിച്ചുകൊണ്ടിരിക്കുന്നു.
വാരാഹി എന്ന ദേവി കൈകളില്‍ ദണ്ഡം, ഖഡ്ഗം, ഗദ, ശംഖ് എന്നിവ ധരിച്ചു കൊണ്ട് പോത്തിന്റെ പുറത്ത് സ്ഥിതിചെയ്യുന്നു. ഇന്ദ്രാണി ഗദാരൂഢയും വജ്രഹസ്തയും സഹസ്രാക്ഷിയുമാണ്. ചാമുണ്ഡി മരപ്പൊത്തുകള്‍ക്കൊത്ത കണ്ണുകള്‍ ഉള്ളവളും മാംസഹീനയും മൂന്ന് കണ്ണുകളോടുകൂടിയവളുമാണ്. ഇടതുകൈകളില്‍ ആനത്തോലും വലതു കൈകളില്‍ ശൂലവും ധരിച്ചിരിക്കും. ചിലപ്പോള്‍ ശവാരൂഢയായും സ്ഥിതിചെയ്യുന്നു.
അംബമാരുടെ പ്രതിമകള്‍ നിര്‍മിക്കുന്നതിനുള്ള വിധികള്‍ ഇപ്രകാരമാണ്: രുദ്രചര്‍ച്ചിക ഇടത്തും വലത്തും കൈകളില്‍ തലയോട്, കര്‍ത്തരി, ശൂലം, പാശം എന്നിവയെ ധരിക്കുന്നു. ഉടുക്കുന്നത് ആനത്തോലാണ്. കാല്‍ ഊര്‍ധ്വമുഖമായി പൊക്കിപ്പിടിച്ചിരിക്കുന്നു. ആ ദേവിതന്നെ എട്ടുകൈകള്‍ ഉള്ളവളും ശിരഃകപാലത്തെയും ഡമരുവിനെയും ധരിക്കുന്നവളുമായാല്‍ രുദ്രചാമുണ്ഡയാകും. ആ ദേവിതന്നെ നൃത്തം ചെയ്യുന്ന നിലയിലായാല്‍ നടേശ്വരിയാകും. നാലുമുഖങ്ങളോടു കൂടിയിരിക്കുന്നവളുടെ ആകൃതിയിലായാല്‍ മഹാലക്ഷ്മിയാകും.ആ ദേവി തന്നെ പത്തുകൈകളോടും മൂന്നുകണ്ണുകളോടും കൂടിയവളും മനുഷ്യര്‍, കുതിരകള്‍, പോത്തുകള്‍, ആനകള്‍ എന്നിവയെ കൈയിലെടുത്തു കടിച്ചുതിന്നുന്നവളും വലത്തെ കൈകളില്‍ ശസ്ത്രം, വാള്‍, ഡമരു എന്നിവയും ഇടത്തെ കൈകളില്‍ ഘണ്ടാമണി, ചുരിക, കുറുവടി, ത്രിശൂലം എന്നിവ ധരിക്കുന്നവളുമായാല്‍ സിദ്ധചാമുണ്ഡ എന്ന പേരാകും. ഈ ദേവിതന്നെ സര്‍വസിദ്ധി പ്രദായികയായാല്‍ സിദ്ധയോഗേശ്വരിയാകും. ഈ രൂപത്തില്‍ത്തന്നെ പാശാങ്കുശധാരിണിയും അരുണവര്‍ണയുമായി മറ്റൊരു ദേവിയുണ്ട്. അതാണ് ഭൈരവി. ഈ ദേവിതന്നെ പന്ത്രണ്ടുകൈകളോടുകൂടിയവളായാല്‍ രൂപവിദ്യയാകും. ഇവരെല്ലാംതന്നെ ശ്മശാനത്തില്‍ ജനിച്ചവരും രൌദ്ര മൂര്‍ത്തികളുമാകുന്നു. ഇവരെ അഷ്ടാംബമാരെന്നു പറയുന്നു.
ഭൂമിദേവി ശിവാവൃതയായും വൃദ്ധയായും രണ്ടുകൈകള്‍ ഉള്ളവളായും കാല്‍മുട്ടുകളും കൈകളുമൂന്നി ഭൂമിയില്‍ സ്ഥിതി ചെയ്യുന്നവളുമായും പ്രതിഷ്ഠിക്കപ്പെടുന്നു. യക്ഷികള്‍ സ്തബ്ധങ്ങളും ദീര്‍ഘങ്ങളുമായ കണ്ണുകള്‍ ഉള്ളവരായിരിക്കും. അപ്സര സ്സുകള്‍ പിംഗലനേത്രമാരും രൂപഗുണമുള്ളവരുമായിരിക്കും. അഗ്നിപുരാണം അന്‍പതാമധ്യായത്തിലാണ് ഈ വിവരണം നല്കിയിരിക്കുന്നത്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment