കോണ്‍ഗ്രസ് സാമുദായിക സൌഹാര്‍ദ്ദം തകര്‍ക്കുന്നു: പന്ന്യന്‍ .
കല്‍പറ്റ: വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ്, സംസ്ഥാനത്ത് നടത്തുന്നത് നാണംകെട്ട കുതിരക്കച്ചവടമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൌഹാര്‍ദ്ദം പോലും തകര്‍ക്കുന്ന നിലയിലേക്ക് ഇത് നീങ്ങുകയാണ്. താല്‍ക്കാലിക നേട്ടത്തിനായി കോണ്‍ഗ്രസ് എത്ര നാണംകെട്ട നിലപാടും സ്വീകരിക്കുമെന്നാണ് സമകാലിക സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. വയനാട് പ്രസ് ക്ളബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചാം മന്ത്രിയെന്ന വാക്കിന് പോലും തുടക്കമിട്ടത് കോണ്‍ഗ്രസാണ്. യു ഡി എഫില്‍ കോണ്‍ഗ്രസിനെ ഘടകകക്ഷികള്‍ വിഴുങ്ങുകയാണ്. കേരളത്തിലെ പൊതു സമൂഹം സാമുദായിക സൌഹാര്‍ദ്ദത്തിന്റെ നേര്‍ക്കാഴ്ചയാണ്. ഇതിന് കോട്ടം തട്ടും വിധമാണ് കോണ്‍ഗ്രസിന്റെ നിലപാട്. അഞ്ചാം മന്ത്രിയുടെ പേരില്‍ സമുദായം തിരിച്ചുള്ള ചര്‍ച്ചകള്‍ക്കും പരസ്പര വെല്ലുവിളികള്‍ക്കും ഉത്തരവാദി കോണ്‍ഗ്രസ് തന്നെയാണ്. ഡല്‍ഹിയില്‍ മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും പോവുന്നത് പൊതുസമൂഹത്തിന്റെ പ്രശ്നം പറയാനല്ല. അവരുടെ സ്വന്തം കാര്യങ്ങളും പാര്‍ട്ടി പ്രശ്നങ്ങളും മാത്രം ലക്ഷ്യമാക്കിയാണ്. സാമുദായികാടിസ്ഥാനത്തില്‍ മന്ത്രിമാരുള്ളതുകൊണ്ടല്ല കേരളം ഇത്രത്തോളം വളര്‍ന്നതെന്ന് കോണ്‍ഗ്രസുകാരും യു ഡി എഫും ഓര്‍ക്കുന്നത് നല്ലതാണ്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ നിയുക്ത യു ഡി എഫ് സ്ഥാനാര്‍ഥിയുടെ രാഷ്ട്രീയ അധാര്‍മികത ഇടതുമുന്നണി പ്രധാന പ്രചാരണായുധമാക്കും. അവിടെ എല്‍ ഡി എഫ് വിജയിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്ന മുന്‍ എം എല്‍ എ പൊരുത്തക്കേടുകളുടെ കൂടാരമാണ്. ഇടതുമുന്നണിയുടെ ടിക്കറ്റില്‍ നെയ്യാറ്റിന്‍കരയില്‍നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം എം എല്‍ എ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. രാജിക്ക് കാരണമായി ശെല്‍വരാജ് മാറ്റിയും മറിച്ചും പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ല. വോട്ടര്‍മാരെ ആജ്ഞാനുവര്‍ത്തികളായാണ് ശെല്‍വരാജും അദ്ദേഹത്തിന് ഒപ്പമുള്ളവരും കാണുന്നത്. ഇത് വിലപ്പോകില്ല. പിറവത്തെ വിജയത്തിന്റെ പേരില്‍ യു ഡി എഫ് അഹങ്കരിക്കേണ്ട കാര്യമില്ല. പിറവം അവരുടെ സീറ്റാണ്. നെയ്യാറ്റിന്‍കര ഇടതുമുന്നണിയുടെയും. ഇവിടെ ഇടതുമുന്നണി വിജയിക്കും. സി പി എമ്മിനോടുള്ള സി പി ഐയുടെ സമീപനത്തില്‍ മുന്‍വിധിയില്ല. സി പി എമ്മും സി പി ഐയും വിഭിന്ന വ്യക്തിത്വമുള്ള രണ്ട് പാര്‍ട്ടികളാണ്. എല്ലാ കാര്യത്തിലും രണ്ട് പാര്‍ട്ടികള്‍ക്കും ഒരേ അഭിപ്രായമായിരിക്കണമെന്നില്ല. എന്നാല്‍ പൊതുവായ കാര്യങ്ങളില്‍ രണ്ട് പാര്‍ട്ടികളും ചര്‍ച്ചചെയ്ത് യോജിച്ച അഭിപ്രായത്തിലെത്തും. സി പി ഐയില്‍ ഗ്രൂപ്പില്ല. പാര്‍ട്ടിയില്‍ ചര്‍ച്ചയും അഭിപ്രായ പ്രകടനവും ഉണ്ടാകും. അതിനെ ഗ്രൂപ്പിസമായി കാണേണ്ടതില്ല. സി പി ഐയില്‍ ഗ്രൂപ്പിസമാണെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത പരത്താന്‍ ശ്രമിക്കുന്നു. ഗ്രൂപ്പിസമുണ്ടെന്ന് സ്ഥാപിക്കാന്‍ തെറ്റായ കാര്യങ്ങളും ചുണ്ടിക്കാട്ടുന്നു. ഇത് മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കും. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങളെ ജനം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. കോണ്‍ഗ്രസിനെ വിഴുങ്ങാന്‍ പാകത്തില്‍ യു ഡി എഫിലെ മറ്റു ഘടകകക്ഷികള്‍ ശക്തിപ്രാപിച്ചിരിക്കയാണ്. ദുര്‍ബലമായ കോണ്‍ഗ്രസില്‍നിന്ന് എന്തും പിടിച്ചുവാങ്ങാമെന്ന ബോധ്യം ഘടകകക്ഷികള്‍ക്കുണ്ട്. കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിന്റെ മുനയില്‍നിര്‍ത്തിയാണ് മുസ്ലിം ലീഗ് അഞ്ചാം മന്ത്രിപദം പിടിച്ചുവാങ്ങിയത്. അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ട ആപത്കരമായ ചര്‍ച്ചകള്‍ക്ക് ഉത്തരവാദി കോണ്‍ഗ്രസാണ്. സാമുദായിക വോട്ട് ബാങ്കുകള്‍ പാര്‍ട്ടിയുടെ അടിത്തറയാണെന്ന് കോണ്‍ഗ്രസ് നേതാക്കളാണ് പ്രഖ്യാപിച്ചത്. സാമൂഹിക ജീവിതത്തെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. അഞ്ചാം മന്ത്രി പ്രശ്നം കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹത്തിനും കാരണമായി. പാര്‍ട്ടിയില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിക്ക് കെ പി സി സി പ്രസിഡന്റിനെ വിശ്വാസമില്ല. മന്ത്രിമാര്‍ തമ്മിലും എം എല്‍ എമാര്‍ തമ്മിലുമുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സാമുദായിക സംഘടനകള്‍ തമ്മിലുള്ള ബന്ധവും തകരാറിലാക്കി. പാവപ്പെട്ടവരുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു ശ്രദ്ധയുമില്ല. നിത്യോപയോഗ സാധനങ്ങള്‍ക്കടക്കം ഇപ്പോഴത്തേതുപോലെ വിലക്കയറ്റം ഉണ്ടായ മറ്റൊരു കാലമില്ല. പൊതുവിതരണ ശൃംഖല തരിപ്പണമായിരിക്കയാണ്. പക്ഷേ, സംസ്ഥാനം ഭരിക്കുന്നവര്‍ക്ക് കുലുക്കമില്ല. കേരളത്തിലെ മന്ത്രിപ്രമുഖരില്‍ പലരും ഏതാണ്ട് മുഴുവന്‍ സമയവും ഡല്‍ഹിയിലാണ്. എന്നാല്‍ കേരളത്തിനുള്ള അരി, മണ്ണെണ്ണ, പാചകവാതക ക്വാട്ട വെട്ടിക്കുറച്ചതിനെതിരെ ഇവര്‍ മിണ്ടുന്നില്ല. കോണ്‍ഗ്രസിന് സ്വാധീനമുള്ള മുന്നണിയാണ് കേന്ദ്രം ഭരിക്കുന്നത്. എന്നിട്ടും കേരളത്തിനുളള വിഹിതം വാങ്ങിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനു കഴിയുന്നില്ല. മന്ത്രിമാര്‍ക്ക് അവരുടെ വകുപ്പുകളുടെ കാര്യത്തില്‍ത്തന്നെ നിശ്ചയമില്ലാത്ത അവസ്ഥയാണ്. എങ്ങനെയും അധികാരം നിലനിര്‍ത്തുന്നതില്‍ മാത്രമാണ് യു ഡി എഫ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും താല്‍പര്യം. അധികാരത്തിനുവേണ്ടി ഏതു വളഞ്ഞവഴിയും സ്വീകരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഉമ്മന്‍ചാണ്ടി അത് തെളിയിച്ചുകഴിഞ്ഞു. നാണംകെട്ട രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ അധികാരത്തില്‍ വരാന്‍ സി പി ഐയും ഇടതുമുന്നണിയും താല്‍പര്യപ്പെടുന്നില്ലെന്നും പന്ന്യന്‍ വ്യക്തമാക്കി. സി പി ഐ. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ടി വി ബാലന്‍, സംസ്ഥാന കൌണ്‍സില്‍ അംഗം പി കെ മൂര്‍ത്തി, ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര എന്നിവരും ഒപ്പം ഉണ്ടായിരുന്നു. പ്രസ്ക്ളബ്ബ് വൈസ് പ്രസിഡന്റ് വി ആര്‍ രാകേഷ് അധ്യക്ഷനായിരുന്നു. സെക്രട്ടറി ഒ വി സുരേഷ് സ്വാഗതവും രമേഷ് എഴുത്തച്ഛന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment