കോട്ടയം: ലീഗിന്റെ അഞ്ചാം മന്ത്രിസ്‌ഥാനത്തെച്ചൊല്ലി യു.ഡി.എഫില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധി മറികടക്കാന്‍ നിയമസഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ മന്ത്രിസ്‌ഥാനം ഏറ്റെടുക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടേയ്‌ക്കുമെന്നു സൂചന. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെയും നിര്‍ദേശപ്രകാരമാണ് ഹൈക്കമാന്‍ഡ് ഇത്തരമൊരു ഫോര്‍മുല മുന്നോട്ടുവച്ചത്. സംസ്‌ഥാനത്തെ യു.ഡി.എഫിലുണ്ടായ പ്രശ്‌നം നേതൃത്വം തന്നെ പരിഹരിക്കണമെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചതെങ്കിലും പിന്നീട് പ്രതിരോധമന്ത്രി ഏ.കെ. ആന്റണിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കാര്‍ത്തികേയനോടു മന്ത്രിസ്‌ഥാനം ഏറ്റെടുക്കണമെന്നതു സംബന്ധിച്ച് അഭിപ്രായം ആരായാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. എന്നാല്‍ ഈ നിര്‍ദേശം വന്നപ്പോള്‍തന്നെ തനിയ്‌ക്കു മന്ത്രിസ്‌ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നും വേണമെങ്കില്‍ കെ.പി.സി.സി. അധ്യക്ഷനായി പ്രവര്‍ത്തിക്കാമെന്ന അഭിപ്രായമാണ് കാര്‍ത്തികേയന്‍ പറഞ്ഞത്. കേരളത്തില്‍നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയില്‍ ലീഗിനു പരമാവധി നല്‍കാന്‍ കഴിയുന്ന പദവി സ്‌പീക്കര്‍ സ്‌ഥാനം മാത്രമാണെന്ന് വ്യക്‌തമാക്കി. ഹൈക്കമാന്‍ഡിന്റെ ഈ നിര്‍ദേശം മുഖ്യമന്ത്രി കഴിഞ്ഞദിവസം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ അറിയിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ സ്‌പീക്കര്‍ സ്‌ഥാനം ലീഗിനു നല്‍കികൊണ്ടുള്ള ഒത്തുതീര്‍പ്പ് മാത്രമേ ഉണ്ടാകുകയുള്ളൂ. ഇതിനിടെ കാര്‍ത്തികേയന്‍ കെ.പി.സി.സി. അധ്യക്ഷസ്‌ഥാനത്തെത്തുകയാണെങ്കില്‍ സ്‌ഥാനമൊഴിയുന്ന രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ നിലവില്‍ കാര്‍ത്തികേയനു മന്ത്രിസ്‌ഥാനം നല്‍കുകയെന്നതിനു മാത്രമാണ് പ്രഥമപരിഗണന. ലീഗ് സ്‌പീക്കര്‍ സ്‌ഥാനംകൊണ്ട് തൃപ്‌തിപ്പെടേണ്ടിവരുമെന്നു വ്യക്‌തമായതോടെ ലീഗിലെ മന്ത്രിമാരില്‍ ആരെയെങ്കിലും രാജി വയ്‌പ്പിക്കാനുള്ള ശ്രമവും സജീവമായി. ഇതോടൊപ്പം ഒഴിവ് വരുന്ന രാജ്യസഭാസീറ്റുകളില്‍ ഒന്നില്‍ വി.എം.സുധീരനെ പരിഗണിക്കാനും മറ്റൊന്ന് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനു നല്‍കാനുമാണു തീരുമാനം. സുധീരനു രാജ്യസഭാ സീറ്റ് നല്‍കാനുമാണ് തീരുമാനം. സുധീരനു രാജ്യസഭാസീറ്റ് നല്‍കുന്നതു വഴി ഭൂരിപക്ഷസമുദായത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയും. അതോടൊപ്പം കേരള കോണ്‍ഗ്രസിനു രാജ്യസഭാസീറ്റ് നല്‍കിയാല്‍ അവരുടെ പ്രശ്‌നവും പരിഹരിക്കപ്പെടും. ഇങ്ങനെയൊരു ഫോര്‍മുലയാണ് ഹൈക്കമാന്‍ഡ് പ്രധാനമായും പരിഗണിക്കുന്നത്. |
No comments:
Post a Comment