പുരാതനകാലത്ത് ഋഷികുലങ്ങളില്‍ ഗുരുകുലവാസം അനുഷ്ഠിച്ച് സര്‍വവിദ്യകളും ഗ്രഹിച്ച് യോഗ്യചരായിത്തീര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ആചാര്യന്‍ പരമമായ ഈ വിദ്യയെ പകര്‍ന്നുനല്‍കിയിരുന്നത്. സനാതനധര്‍മ്മത്തിന്റെ ഉള്‍ക്കരുത്ത് ഈ വിദ്യയിലാണ് കുടികൊണ്ടിരിക്കുന്നത്. പ്രാചീനഭാരതത്തിലെ ഋഷികുലങ്ങള്‍ പരമ രഹസ്യമായ ആത്മവിദ്യയായി അതിനെ ആദരിക്കുകയും ഉപാസിക്കുകയും ചെയ്തു. ധര്‍മ്മം മറന്ന് അധര്‍മ്മത്തിന്റെ തീഷ്ണത ലോകത്തെ കീഴടക്കാന്‍ തുടങ്ങിയതിന്റെ മുന്നോടിയായി അതിമഹത്തായ ആത്മവിദ്യ ലോകത്തുനിന്നും മണ്‍മറഞ്ഞുപോയി. അതോടെ മനുഷ്യബോധം തമസ്സില്‍ ആണ്ടുപോയി. ആ വിദ്യയെ ലോകത്ത് വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ദൗത്യം കാലം കഥാതനിലലൂടെ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു. ആത്മവിദ്യയെ ആശ്രയിക്കാതെ മനുഷ്യബോധത്തെ ഈശ്വരീയമാക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഈ വിദ്യയിലൂടെ മാത്രമേ ലോകത്ത് ധര്‍മ്മം സ്ഥാപിക്കാനും പ്രകാശിപ്പിക്കാനും കഴിയൂ.
ഊര്‍ദ്ധപ്രാണനെ ഉപാസിച്ച് നമുക്ക് ആത്മപ്രകാശവുമായി സമ്പര്‍ക്കം പുലര്‍ ത്താന്‍ കഴിയും. അപ്രകാരം സാധന ചെയ്യുന്ന ഒരു ആത്മസാധകന് ആത്മപ്രകാശത്തിന്റെ വെളിച്ചത്തിലൂടെ ലോകവുമായും ലോകജീവിതവുമായും ബന്ധപ്പെടാന്‍ സാധിക്കും. അപ്പോള്‍ ലൗകിക ജീവിതവും ഈശ്വരീയമായിത്തീരും. നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളേയും ഈശ്വരീയമാക്കിത്തീര്‍ക്കാനുള്ള മാര്‍ഗമാണ് സൂത്രങ്ങളില്‍ അടങ്ങിയിട്ടുള്ളത്. ഇതിനുള്ള ഓരോ പടികളാണ് ഓരോ സൂത്രങ്ങളിലൂടെ വെളിപ്പെടുത്തിത്തരുന്നത്.
ഇനി നമുക്ക് സൂത്രങ്ങളിലേക്ക് തിരികെ വരാം. ഊര്‍ദ്ധ്വപ്രാണനാല്‍ അന്തര്‍ഗതമായ ശക്തികളെ പ്രബുദ്ധമാക്കുന്നതാണ് സമുത്ഥാപനം. അഷ്ടാംഗ മാര്‍ഗത്തിന്റെ ആദ്യപടിയായ സംസ്കരണത്തിലൂടെ ശരീര പ്രാണ മനസ്സുകള്‍ ശുദ്ധമാക്കിത്തീര്‍ത്തതിന് ശേഷം, തന്നില്‍ ഉറങ്ങിക്കിടക്കുന്ന ലക്ഷോപലക്ഷം ശക്തിസ്പന്ദനങ്ങളെ സാധകന്‍ പ്രബുദ്ധമാക്കി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കണം. സമുത്ഥാപനം എന്ന വാക്കുതന്നെ വളരെ അര്‍ത്ഥവത്താണ്. ഉത്ഥാപനം എന്ന വാക്കിന്റെ അര്‍ത്ഥം എഴുന്നേല്‍പ്പിക്കുക എന്നാണല്ലോ. ഇതില്‍ നിന്നും സമുത്ഥാപനത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ എളുപ്പമാണ്. ശരിരായ പ്രകാരത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിനെയാണ് സമുത്ഥാപനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്കരണം നടത്താതെ ശക്തിസ്പന്ദനങ്ങളെ ഉണര്‍ത്തിയാല്‍ അത് ശരിയായ വിധത്തിലുള്ള ഉത്ഥാപനം അതായത് സമുത്ഥാപനം ആകില്ല. അതുപോലെ ആന്തരിക ശക്തികളെ ഉണര്‍ത്തുന്ന സാധകന്റെ ജീവിതചര്യകളും ഭക്ഷണരീതികളും എല്ലാം അതിന് അനുയോജ്യമായിരിക്കണം. അല്ലാതെ വരുമ്പോള്‍ ഉണര്‍ന്ന ശക്തികള്‍ തന്നെ നമുക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കും.
സമുത്ഥാപനത്തിന് വേണ്ടി നാം ആശ്രയിക്കുന്ന സാധനാമാര്‍ഗങ്ങളും കുറ്റമറ്റതായിരിക്കണം. ആ സാധനാമാര്‍ഗ്ഗങ്ങള്‍ വിധിപ്രകാരം മനസ്സിലാക്കുകയും അനുഭവസമ്പന്നനായ ആചാര്യനില്‍ നിന്നും സംശയനിവൃത്തി വരുത്തുകയും വേണം. അതുമാത്രമല്ല, സാധനകള്‍ വേണ്ടവിധത്തില്‍ പരിശീലിപ്പിക്കുകയും വേണം.
മാലിന്യമുള്ള ശരീരത്തില്‍ ശക്തികള്‍ ഉണര്‍ത്തിയാല്‍ ഉണര്‍ന്ന ശക്തികള്‍ മാലിന്യത്തോടുചേര്‍ന്ന് മലിനമായ ജീവിതത്തിലേക്ക് നയിക്കും. അത് ഗുണത്തിലേറെ ദോഷമാണ് ഉണ്ടാക്കുക. അതുകൊണ്ടാണ് യമനിയമാദികളില്‍ നിഷ്ഠയുള്ളവര്‍ മാത്രമേ യോഗം അഭ്യസിക്കാന്‍ അധികാരികള്‍ ആകുന്നുള്ളൂ എന്ന് യോഗശാസ്ത്രഗ്രന്ഥത്തില്‍ പറയുന്നത്.
ശ്രേഷ്ഠമായ മനുഷ്യധര്‍മ്മത്തിലേക്ക് കടന്നുവരുന്ന ഏതൊരു വ്യക്തിയും ആദ്യം ശ്രദ്ധിക്കേണ്ടത് തന്റെ ശരീരപ്രാണമനസ്സുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളെ ശുദ്ധീകരിക്കാനാണ്. തുടക്കകാലത്ത് ശരിയായ ഭക്ഷണരീതികളും ജീവിതചര്യകളും പാലിക്കുകയും സംസ്കരണത്തിന് ആവശ്യമായ അനുഷ്ഠാനങ്ങള്‍ നല്ലപോലെ പരിശീലിക്കുകയും ചെയ്യുന്നത് അത്യാവശ്യമായ കാര്യങ്ങളാണ്. ശ്രേഷ്ഠനായ ഒരു ആചാര്യന്റെ സങ്കല്‍പത്തോടും അനുജ്ഞയോടും കൂടി നാം അതിനുവേണ്ടി പരിശ്രമിക്കുമ്പോള്‍ നമ്മുടെ പരിശ്രമങ്ങള്‍ കൂടുതല്‍ സുഗമവും കാര്യക്ഷമവുമായി തീരുന്നു.
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment