തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് തെരുവുയുദ്ധമായി മാറുന്നു. ഇന്നലെ പി.ടി. തോമസ് ഉമ്മന്‍ചാണ്ടിയുടെ വക്‌താവായി മറ്റുള്ളവരെയെല്ലാം പ്രതികളാക്കി രംഗത്തെത്തിയത് സ്വന്തം ഗ്രൂപ്പിലേയും എതിര്‍ഗ്രൂപ്പിലെയും പലരെയും പ്രകോപിപ്പിച്ചു. ഉടന്‍ തന്നെ പി.ടി. തോമസിന് മറുപടിയുമായി പലരും മുന്നോട്ടുവന്നു. ഇതോടെ ലീഗിന്റെ അഞ്ചാംമന്ത്രിയും അതിനുശേഷം നടത്തിയ വകുപ്പ് അഴിച്ചുപണിയും പിടിച്ചാല്‍ നില്‍ക്കാത്ത തലത്തിലായി.
ആദ്യംമുതല്‍ തന്നെ ഇത് ഗ്രൂപ്പുകളിക്ക് ആക്കംകൂട്ടിയെങ്കിലും ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ ഗൂഢാലോചന നടന്നുവെന്ന പി.ടി. തോമസിന്റെ പ്രസ്‌താവന അതിന്റെ തലംതന്നെ മാറ്റി. ഇനി വ്യക്‌തികളെ കേന്ദ്രീകരിച്ചുള്ള നേര്‍പയറ്റായി ഇതു മാറും. ഉമ്മന്‍ചാണ്ടിയുടെ വക്കാലത്തുമായി കോണ്‍ഗ്രസിലെ മറ്റുള്ളവരെയെല്ലാം പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള പി.ടി. തോമസിന്റെ രംഗപ്രവേശം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. പി.ടി. തോമസിനെതിരെ ജോസഫ് വാഴയ്‌ക്കനും അജയ്‌തറയിലും ശക്‌തമായി പ്രതികരിച്ചു. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് ഉമ്മന്‍ചാണ്ടി തന്നെ വ്യക്‌തമാക്കണമെന്നായിരുന്നു അജയ്‌തറയിലിന്റെ പ്രതികരണം. സമാനമായ രീതിയില്‍ തന്നെയാണ് ജോസഫ് വാഴയ്‌ക്കനും പ്രതികരിച്ചത്. അത് ഹൈക്കമാന്‍ഡ് അന്വേഷിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി രംഗപ്രവേശം ചെയ്‌ത പി.ടി. തോമസ് വാസ്‌തവത്തില്‍ അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയെന്നാണ് എ ഗ്രൂപ്പില്‍ നിന്നുതന്നെയുള്ള പ്രതികരണം. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഐക്യത്തോടെ പാര്‍ട്ടിയേയും സര്‍ക്കാരിനേയും മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാകും ഈ പ്രസ്‌താവന. ഇത് തോമസിന്റെ മാത്രം അഭിപ്രായമായിരിക്കുമെന്നും എഗ്രൂപ്പിലെ ഒരു വിഭാഗം വ്യക്‌തമാക്കുന്നു.
അധികാരത്തിലിരിക്കുമ്പോള്‍ ഗൂഢാലോചന നടത്തി സര്‍ക്കാരിനെ പുറത്താക്കാനുള്ള തന്ത്രം പി.ടി. തോമസിനും കൂട്ടര്‍ക്കുമാണ് നല്ലതുപോലെ അറിയാവുന്നതെന്നാണ് ഐ ഗ്രൂപ്പിന്റെ പ്രതികരണം. 2004-05ല്‍ ആന്റണിക്കെതിരെയും അതിനു മുമ്പ് 1995ല്‍ കരുണാകരനെതിരെയും ഗൂഢാലോചന നടത്തിയത് എ വിഭാഗമാണ്. രണ്ടു ഗൂഢാലോചനകളും അവര്‍ നല്ലതുപോലെ വിജയിപ്പിച്ചെടുക്കുകയും അതിന്റെ ഫലമായി കരുണാകരനെയും ആന്റണിയേയും പുറത്താക്കി പകരം ആന്റണിയേയും ഉമ്മന്‍ചാണ്ടിയേയും അവരോധിക്കുകയും ചെയ്‌തു. 1981 മുതല്‍ എന്നും ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നതില്‍ പി.ടി. തോമസിന്റെ പങ്ക് വ്യക്‌തമാണ്. ഉമ്മന്‍ചാണ്ടിക്കു പറയാനുള്ളത് അദ്ദേഹം പറയണം. ഇല്ലാതെ ഡമ്മികളെ ഇറക്കികളിക്കരുതെന്നും ഐ ഗ്രൂപ്പ് പറയുന്നു. കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് അന്വേഷിച്ചാല്‍ എല്ലാം വ്യക്‌തമാകുമെന്നും അവര്‍ വ്യക്‌തമാക്കി.
ഇതിനിടെ ലീഗിനെതിരെയുള്ള നിലപാട് ആര്യാടന്‍ ഒന്നുകൂടി കടുപ്പിച്ചതും എ ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ലീഗിനെതിരെ കടുത്ത ആക്രമണമാണ് ആര്യാടന്‍ നടത്തിയത്. പ്രശ്‌നത്തില്‍ തനിക്കുള്ള അതൃപ്‌തി വി.എം. സുധീരനും വ്യക്‌തമാക്കി. എത്രയും വേഗം കെ.പി.സി.സി. നിര്‍വാഹകസമിതി വിളിച്ച് പ്രശ്‌നം ചര്‍ച്ചചെയ്‌ത് നയം രൂപീകരിച്ചില്ലെങ്കില്‍ പരസ്യപ്രസ്‌താവനകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കളില്‍നിന്നു ഞാഞ്ഞൂലുകള്‍ വിഷയം ഏറ്റെടുക്കുന്നതാണ് എന്നും കോണ്‍ഗ്രസിലെ പ്രതിസന്ധിക്കു കാരണം. പി.ടി. തോമസ് ഇപ്പോള്‍ അതിനുള്ള വഴിമരുന്നാണ് ഇട്ടുകൊടുത്തിരിക്കുന്നത്. പി.ടി. തോമസിനെപ്പോലൊരു വ്യക്‌തിക്ക് ഇത്രയും മോശമായ രീതിയില്‍ ഗ്രൂപ്പിന്റെ വക്‌താവായി പ്രതികരിക്കാമെങ്കില്‍ എന്തുകൊണ്ട് തങ്ങള്‍ക്ക് അതായിക്കൂടെന്നാണ് പലരുടെയും ചോദ്യം. ഉമ്മന്‍ചാണ്ടിയുടെ പ്രീതി പിടിച്ചെടുക്കാനുള്ള പി.ടി. തോമസിന്റെ തന്ത്രം അദ്ദേഹത്തിനും മുഖ്യമന്ത്രിക്കും വിനയായി മാറുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. |
No comments:
Post a Comment