Tuesday, 24 April 2012

[www.keralites.net] മാനവികതയെ താങ്കള്‍ കൊന്നു കളഞ്ഞതല്ലേ!

 

 

കരിനാക്ക്
 


മാനവികതയെ താങ്കള്‍ കൊന്നു കളഞ്ഞതല്ലേ!

 


ഴിഞ്ഞയാഴ്ച കാന്തപുരത്തിന്‍റെ കേരളയാത്രയുടെ സുവര്‍ണരഥം മാനവികതയെ ഉണര്‍ത്തുക എന്ന മുദ്രാവാക്യവും മുഴക്കി ദുരന്ത - സുകൃത സ്മരണകള്‍ ഒരുപോലെ പേറുന്ന നാദാപുരത്തിന്റെ നഗരവീഥികളിലൂടെ കടന്നു പോയപ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് ഒരു സാത്വികന്റെ മുഖമായിരുന്നു. ജാതിമത ഭേദമന്യേ കേരളം മുഴുവന്‍ ആദരിച്ചു പോന്ന, സമീപപ്രദേശത്ത് ജീവിച്ച ഒരു മഹത്‌ വ്യക്തിത്വം. പേര്, കെ. മൊയ്തു മൗലവി. അറിയപ്പെടുന്ന പണ്ഡിതന്‍, തത്വജ്ഞാനിയായ അറബിക് കവി. ശുഭ്രവസ്ത്രം പോലെ ശുദ്ധമായ മനസ്സിനുടമ. വെള്ളിയാഴ്ചകളില്‍ കുറ്റിയാടി ജുമുഅത്ത് പള്ളിയിലെ പ്രസംഗപീഠത്തില്‍ നിന്നുയര്‍ന്ന മൗലവിയുടെ പ്രൌഡഗംഭീരമായ ഉപദേശ പ്രസംഗങ്ങള്‍ക്ക് ഖബര്‍സ്ഥാനിലെ പുല്‍നാമ്പുകള്‍ പോലും ചെവി കൊടുക്കാറുണ്ടോ എന്ന് തോന്നിപ്പോയിട്ടുണ്ട് പലപ്പോഴും. ജീവിതലാളിത്യത്തിനും പരസ്പര സഹവര്‍ത്തിത്വത്തിനുമായിരുന്നു അദ്ദേഹം പ്രസംഗങ്ങളില്‍ ഊന്നല്‍ നല്‍കിയിരുന്നത്. ആ പ്രസംഗങ്ങള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതവും. നാദാപുരം പ്രദേശം കലാപ കലുഷിതമായ കാലങ്ങളില്‍ മുഖം നോക്കാതെ പ്രതികരിക്കാനും അനീതിക്കെതിരെ കലഹിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. അല്ലെങ്കിലും, ജാതി മത സങ്കുചിത ചിന്തകള്‍ക്കെതിരെ വല്ലതും പറയാന്‍ സ്വന്തം ജീവിതം കൊണ്ട് മതസൗഹാര്‍ദത്തിന്റെ മഹനീയ മാതൃക തീര്‍ത്ത അദ്ദേഹത്തെക്കാള്‍ അര്‍ഹത മറ്റാര്‍ക്കായിരുന്നു! മണ്ണിലും മനസ്സിലും മതങ്ങള്‍ കൊണ്ട് മുള്ളുവേലികള്‍ തീര്‍ക്കുന്ന സമകാലിക ലോകത്തായിരുന്നില്ലല്ലോ മൗലവിയുടെ കുട്ടിക്കാലം. ഉമ്മ ചുരത്തിയ മുലപ്പാലിനൊപ്പം തയ്യുള്ളതില്‍ ഉണിച്ചിര എന്ന ഹിന്ദു സ്ത്രീയുടെ മാറിടവും ആ പിഞ്ചുകുഞ്ഞിന് അമൃതേകിയപ്പോള്‍ അവിടെ വിരിഞ്ഞത് മാനവികതയുടെ ഒരായിരം റോസാപൂക്കളായിരുന്നു. ചെറുപ്പത്തില്‍ സംഭവിച്ചൊരു കുഞ്ഞുകാര്യമെന്നോര്‍ത്ത് ആ അമ്മയെയോ അവരുടെ മക്കളെളെയോ മറന്നു കളഞ്ഞില്ല മൗലവി. 2002 ല്‍ സി.പി.എം പ്രവര്‍ത്തകനായ ബിനു കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന കലാപ സമയത്ത് തെരുവന്‍പറമ്പില്‍ ചേര്‍ന്ന സമാധാന യോഗത്തിലൊരു ദിനം ജ. കൃഷ്ണയ്യരെ വേദിയിലിരുത്തി മൌലവി ലോകത്തോട് പ്രഖ്യാപിച്ചു, തനിക്ക് 'ചിരുത'യെന്ന് പേരുള്ള ഒരു പെങ്ങള്‍ കൂടിയുണ്ട്. പലരും നെറ്റി ചുളിച്ചു. കൃഷ്ണയ്യര്‍ പോലും അന്ധാളിച്ചു. പക്ഷെ, മുലകുടി ബന്ധത്തിലൂടെ പെങ്ങളായിത്തീര്‍ന്ന ചിരുതയ്ക്ക്‌ ഭാവഭേദമേതുമുണ്ടായില്ല. വര്‍ഷങ്ങളുടെ ഗതിവേഗം വരഞ്ഞു വെച്ച കവിളുകളിലൂടെ ആനന്ദബാഷ്പം പൊഴിച്ച് അവരും ഏറ്റുപറഞ്ഞു. ഇതെന്‍റെ പൊന്നാങ്ങളയാണ്. കാലങ്ങളായി രണ്ടു കുടുംബങ്ങള്‍ കാത്തു സൂക്ഷിച്ച പരമരഹസ്യം നാടറിഞ്ഞതോടെ മൊയ്തു മൗലവിയെന്ന വലിയ മനുഷ്യന്‍ വീണ്ടും വലുതാവുകയായിരുന്നു.

ആ മഹാമാനുഷിയും കാന്തപുരത്തിന്റെ കേരളയാത്രയും തമ്മിലുള്ള ബന്ധമാവും ഇപ്പോള്‍ വായനക്കാരുടെ സംശയം. അതറിയാന്‍ രണ്ടായിരത്തി അഞ്ചിലേക്ക് മടങ്ങണം. മൗലവിയുടെ മരണ ദിവസം മറക്കാനാവില്ല. ആയിരങ്ങളാണ് മരണ വാര്‍ത്തയറിഞ്ഞ് ഒഴുകിയെത്തിയത്. വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു കിടന്നു. കേരളത്തിനകത്തും പുറത്തും വ്യാപിച്ചു കിടന്ന ശിഷ്യഗണങ്ങളും അനുയായികളും ഒഴുകിയെത്തി. പള്ളി നിറഞ്ഞു കവിഞ്ഞപ്പോള്‍ മയ്യിത്ത്‌ നമസ്കാരം പല ഘട്ടങ്ങളിലായി നടത്തേണ്ടി വന്നു. എന്നാല്‍, ആ മഹാന്‍റെ മയ്യിത്ത്‌ ഒരു നോക്ക് കാണാന്‍ പോലും നില്‍ക്കാതെ തൊട്ടപ്പുറത്തെ ഒരു മുസ്ലിം കുടുംബം വീടും പൂട്ടി സ്ഥലം വിട്ടു. കാരണം ലളിതം. മൊയ്തു മൗലവി ജമാഅത്തെ ഇസ്‌ലാമിക്കാരനായിരുന്നു. ജമാഅത്ത്‌, മുജാഹിദ്‌, തബ്ലീഗ് വിഭാഗങ്ങളില്‍ പെട്ട ആളുകളുടെ മരണചടങ്ങുകളില്‍ പങ്കെടുക്കുകയോ, അവരുടെ വീടുകളില്‍ ഒന്ന് കയറി ഇറങ്ങുകയോ ചെയ്യരുതെന്നാണ് അവരുടെ വിശ്വാസം. ഈയൊരു വിശ്വാസത്തിന്റെ വക്താക്കള്‍ക്ക് മൗലവിയുടെ മരണ സമയത്ത്‌ വീടും പൂട്ടി സ്ഥലം കാലിയാക്കലല്ലാതെ നിര്‍വാഹമില്ല. അതവരുടെ കാര്യം, വിശ്വാസം. അവിടെ തന്നെയുള്ള മറ്റൊരു മനുഷ്യന്‍, പ്രദേശത്തെ മദ്രസാധ്യാപകനാണ്. അദ്ദേഹം ചെയ്തത് മറ്റൊന്നാണ്. അവിടെ പഠിക്കാന്‍ വന്ന പിഞ്ചുമക്കളോട് 'ആ മരണ വീട്ടില്‍ പോകാന്‍ പാടില്ലെന്ന്' ഓതിക്കൊടുത്തുകളഞ്ഞു ടിയാന്‍. കുട്ടികളില്‍ ചിലര്‍ ബന്ധുക്കളോട് കാര്യം പറഞ്ഞു. ഉടനെ തന്നെ ആ അധ്യാപകനെ സ്ഥലം മാറ്റിയെന്നത്‌ മറ്റൊരു ചരിത്രം. ഇതാര് പഠിപ്പിച്ച വിശ്വാസമാണെന്നുള്ളതാണ് നമ്മുടെ ചര്‍ച്ച. അവിടെയാണ് കേരളയാത്ര വിചാരണ ചെയ്യപ്പെടുന്നതും മൊയ്തു മൗലവി വിഷയമാവുന്നതും. കേരളത്തില്‍ നശിച്ചു കൂമ്പടഞ്ഞു പോയ മാനവികതയെ ഉണര്‍ത്താന്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് രഥയാത്ര നടത്തുന്ന കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ പകര്‍ന്നു നല്‍കിയ മഹനീയ പാഠങ്ങള്‍ അണുവിട തെറ്റാതെ ജീവിതത്തില്‍ പകര്‍ത്തിയ കുറച്ചു മനുഷ്യരെയാണ് നാമിവിടെ പരിചയപ്പെട്ടത്‌! ഓര്‍ക്കണം നിങ്ങള്‍, സ്വന്തം സമുദായത്തില്‍ പെട്ട ഒരു പണ്ഡിതന്റെ മരണത്തോട് ഇവര്‍ പുലര്‍ത്തിയ, പുലര്‍ത്തണമെന്ന് നിഷ്കര്‍ഷിക്കുന്ന സമീപനങ്ങള്‍ എത്രമാത്രം അപരിഷ്കൃതമാണെന്ന്! ഇതിനെ എങ്ങനെയാണ് മാനവികതയെന്ന പേരിട്ടു വിളിക്കുക? ഇത് മാനവികതയല്ല, പൈശാചികതയാണ്, തികഞ്ഞ പൈശാചികത.

നേരത്തെ പറഞ്ഞ വിഭാഗങ്ങളോട് ഇസ്‌ലാം ആവശ്യപ്പെടുന്ന തരത്തില്‍ അഭിവാദ്യം (സലാം) പറയാന്‍ പാടില്ലെന്നാണ് ഇവരുടെ മതം. അവരുമായി വിവാഹ ബന്ധം പാടില്ലത്രേ, പ്രാര്‍ഥനയില്‍ പിന്തുടരല്‍ പാപമത്രേ. എന്തിന് അവരോടൊന്നു മനസ്സ് തുറന്നു പുഞ്ചിരിക്കല്‍ പോലും നിഷിദ്ധമാണത്രേ! ഇത്തരം കാട്ടാള നിയമങ്ങള്‍ മതത്തിന്‍റെ ലേബലില്‍ ഉറുക്കായും ചരടായും പാമരങ്ങളുടെ കൈയിലും അരയിലും കെട്ടിവെച്ച് അവരുടെ ഓട്ടക്കീശയിലെ നാണയത്തുട്ടുകള്‍ തട്ടിയെടുത്താണ് ഈ പൌരോഹിത്യം ഇവിടെ തടിച്ചു കൊഴുത്തത്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഗര്‍ഭഗൃഹങ്ങളില്‍ മാലപ്പാട്ടും കുത്തീറാത്തീബും കളിച്ചും കളിപ്പിച്ചുമാണ് ഇവര്‍ ഒരായിരം സ്വപ്നഗൃഹങ്ങള്‍ പണിതുയര്‍ത്തിയത്. ഏറ്റവുമൊടുവില്‍ പുണ്യപ്രവാചകന്റെ പേരില്‍ കളവു പറഞ്ഞു പണിതുയര്‍ത്താനൊരുങ്ങുന്ന മുടിപ്പള്ളിയുടെ കള്ളി വെളിച്ചത്തായതിലൂടെ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാനാണ് ഈ തെക്കോട്ടോട്ടം നടത്തുന്നതും.

കോര്‍പറേറ്റ്‌ മുതലാളിയെന്നു വിളിപ്പേര് ലഭിച്ചിട്ടും ആസനത്തില്‍ ആല് മുളച്ച ഭാവമാണ്. തെക്കോട്ടൊഴുകാന്‍ ഇന്ത്യയിലെ വാഹനങ്ങള്‍ പോര. സാക്ഷാല്‍ അമേരിക്കക്കാരന്റെ ജീഎംസി തന്നെ വേണം. അത് തരാന്‍ ഫോറിന്‍ പണക്കാരനും തയ്യാര്‍. ജീഎംസി നമ്മുടെ നിരത്തിലിറക്കാന്‍ എത്ര ചെലവു വരുമെന്ന് മാത്രം ചോദിക്കരുത്. അത് പാപമാണ്. അല്ലെങ്കിലും പണ്ടുതൊട്ടേ ഇവര്‍ക്ക് വാഹനം ഒരു വീക്ക്‌നെസ്സാണ്. 'മുസല്യാര്‍ നിന്നു മുള്ളിയാല്‍ ശിഷ്യന്മാര്‍ നടന്നു മുള്ളുമെന്ന' പഴഞ്ചൊല്ല് പരമാര്‍ത്ഥമായി കാണാറുള്ളതും ഇവരിലാണ്. കാന്തപുരത്തിന്റെ വാഹനങ്ങള്‍ ചരിത്രത്തില്‍ എപ്പോഴും വാര്‍ത്തയായിട്ടുണ്ട്. ഗള്‍ഫു വിപണികളിലെ മുന്തിയ ഇനം തന്നെയാണ് അദ്ദേഹത്തിനെന്നും പഥ്യം. പിന്നെ ശിഷ്യന്മാര്‍ മോശമാക്കരുതല്ലോ. പേരോട്‌ അബ്ദുറഹിമാന്‍ സഖാഫി അടക്കമുള്ളവരും നാടു നീളെ ഓടി നടന്നു മുള്ളാന്‍ തുടങ്ങി. ഇതിനിടയില്‍ ആരെങ്കിലും ഒട്ടകത്തിന്റെയോ ഈന്തോലപ്പട്ടയുടെയോ പ്രവാചകന്റെയോ കാര്യം തിരക്കിയാല്‍ പൊല്ലാപ്പായി, പിഴച്ചവനായി. ഉസ്താദിന് സ്നേഹത്തോടെ കൊടുത്തതല്ലേയെന്ന മറുചോദ്യത്തില്‍ എല്ലാമായി. അവിടെ നിര്‍ത്തിയേക്കണം. അല്ലെങ്കില്‍ നാളെ മരിച്ചാല്‍ മയ്യിത്ത് പോലും അനാഥമായി കിടക്കുമെന്ന അവസ്ഥയായി. പക്ഷേ, അപ്പോഴും ചങ്കുറപ്പുള്ള ചിലരെങ്കിലും ഓര്‍മപ്പെടുത്തി. ഒരു രാഷ്ട്രത്തിന്റെ സുല്‍ത്താനായി മരണപ്പെട്ട പുണ്യപ്രവാചകന്‍ മുഹമ്മദിനെ. ഒരു നേരത്തെ പശിയടക്കാന്‍ വേണ്ടി സ്വന്തം പടച്ചട്ട ഒരു ജൂതന്‍റെ കൈയില്‍ പണയപ്പെടുത്തി ഇഹലോകവാസം വെടിഞ്ഞ എക്കാലത്തെയും വലിയ മാനവികതയുടെ പ്രയോക്താവിനെ. അറേബ്യന്‍ സാമ്രാജ്യത്തിന്‍റെ ഖജനാവിന്റെ താക്കോലും അരയില്‍ തിരുകി പട്ടിണി കിടന്നു പാവങ്ങള്‍ക്ക് വേണ്ടി ചുമട് താങ്ങിയ പ്രവാചകാനുയായികളെ. പക്ഷേ, പുരോഹിതകര്‍ണങ്ങള്‍ക്ക് ഇതൊക്കെയും ആലോസരങ്ങളായി. ഇവരൊക്കെയും പഴഞ്ചന്‍മാരുമായി.

ഇക്കാലത്തും ഈന്തോലപ്പട്ടയില്‍ അന്തിയുറങ്ങണമെന്നല്ല പറഞ്ഞു വന്നത്. മുസ്ലിം സമുദായത്തിന് ദൈവം നല്കിയൊരു സ്ഥാനമുണ്ട്. മധ്യമസമുദായം എന്ന മഹത്തായ സ്ഥാനം. അതൊരു അതിരടയാളമാണ്. ഒരു വിശ്വാസിയുടെയും സകലമാന ജീവിതമണ്ഡലങ്ങളിലും നിര്‍ബന്ധമായും പാലിക്കപ്പെടേണ്ട അതിരടയാളം. ഊണും ഉറക്കവും സമ്പാദ്യവും ചെലവഴിക്കലും കളിയും കരച്ചിലുമടക്കം എല്ലാമെല്ലാം ആ മധ്യരേഖയില്‍ അവസാനിക്കണം. കൈയില്‍ പണമുണ്ടെന്നു കരുതി അമ്പിളിമാമനെ കൈപ്പിടിയിലൊതുക്കണമെന്നാഗ്രഹിക്കുന്നവനെ കാന്തപുരമെന്നു വിളിക്കേണ്ട ഗതികേടില്‍ കൊണ്ടെത്തിച്ചതിന്‍റെ പൂര്‍ണ ഉത്തരവാദി അദ്ദേഹം തന്നെയാണ്. താന്‍ ഇരിക്കുന്നതും ചിരിക്കുന്നന്തും ചരിക്കുന്നതും മാത്രമല്ല ചിന്തിക്കുന്നത് പോലും സസൂക്ഷ്മം വീക്ഷിച്ചു അതുപോലെ ജീവിക്കാന്‍ ശ്രദ്ധിക്കുന്ന ഒരായിരം പേര്‍ ഇവിടെയുണ്ടെന്ന് മറക്കാന്‍ പാടില്ല അദ്ദേഹം. ഈ മര്യാദയുടെ സീമകളൊന്നും അദ്ദേഹത്തിന് മാത്രം ബാധകമല്ലെന്നതും അടിവരയിടണം. മത രാഷ്ട്രീയ രംഗങ്ങളില്‍ നേതൃപദവി വഹിക്കുന്ന സര്‍വരും ഇത് പാലിക്കുക തന്നെ വേണം.

കാന്തപുരം മാതൃസംഘടന വിട്ടു പുറത്തു വരാനുള്ള 'പെട്ടെന്നുള്ള കാരണവും' മറ്റൊരു 'മാനവിക ചിന്ത'യായിരുന്നുവല്ലോ. ലോകമാദരിക്കുന്ന മഹാനായ പണ്ഡിതന്‍ അലി മിയാന്‍ എന്ന അബുല്‍ ഹസന്‍ അലി നദ്‌വിയോടൊത്ത് സമസ്തയുടെ നേതാക്കള്‍ വേദി പങ്കിട്ടുകളഞ്ഞുവെന്നതായിരുന്നു ആ 'മഹാപാപം'! വല്ലാത്തൊരു മാനവികതാവാദി തന്നെ! എന്നിട്ട് ഇന്ന് കാര്യങ്ങള്‍ എവിടെവരെയെത്തി എന്ന് നാമറിയണം. നാല് വോട്ടും തുട്ടും ലക്ഷ്യമിട്ട് രാഷ്ട്രീയത്തിലെ ക്രിമിനല്‍ മുഖമുള്ളവരും ഇല്ലാത്തവരും കള്ളനോട്ടു കേസിലെ പ്രതിയായ യുവമോര്‍ച്ച നേതാവ് വരെയും ഉസ്താദിന്റെ സ്വന്തമാളുകളാണിപ്പോള്‍. ഹാരാര്‍പ്പണവും പൊന്നാടയണിയിക്കലും കെട്ടിപ്പിടിക്കലും തകൃതിയാണ്. നല്ലത്, വളരെ നല്ലത്. പക്ഷേ, ഇതിനിടയില്‍ ഒരു ജമാഅത്ത് അനുഭാവി വന്നു സലാം പറഞ്ഞാല്‍ ഒന്നു മടക്കാന്‍ ഉസ്താദ്‌ തയ്യാറാവുമോ? പോകും വഴിയില്‍ ബാങ്ക് വിളി കേട്ടാല്‍ ഇതര വിഭാഗങ്ങളിലെ പള്ളിയില്‍ കയറി അവര്‍ക്ക് പിന്നില്‍ വേണ്ട മുന്നില്‍ നിന്നെങ്കിലും നമസ്കരിക്കുമോ? വഴിയിലെങ്ങാന്‍ ഒരു മുജാഹിദ്‌ നേതാവിന്റെ മരണ വീട് കണ്ടാല്‍ അവിടെ കയറി ആ മൃതദേഹമൊന്നു കാണുമോ? ഇല്ല, ഇല്ലേയില്ല. പുറം മോടിയിലും ജാഡയിലും വെട്ടിത്തിളങ്ങുന്ന വേദികളിലെ വെടിക്കെട്ട്‌ പ്രസംഗങ്ങളിലും അവസാനിക്കുന്നു കാന്തപുരത്തിന്റെ മാനവികത. അവിടെത്തന്നെയാണ് നമ്മുടെ വിമര്‍ശനം ആരംഭിക്കുന്നതും.

പ്രിയകാന്തപുരം, കേരളത്തിലെ തെരുവോരങ്ങളില്‍ മാനവികതയെ ഉണര്‍ത്തിയെടുക്കാന്‍ വേണ്ടി രഥയാത്ര നടത്തും മുമ്പ്‌ സ്വന്തം അണികളുടെ മനസ്സിലേക്ക് ഒരു തീര്‍ഥയാത്ര നടത്താന്‍ താങ്കള്‍ തയ്യാറാവണം. ആയിരക്കണക്കിന് പാതിരാപ്രഭാഷണങ്ങളിലൂടെ താങ്കളും താങ്കളുടെ ശിഷ്യന്‍മാരും അവരുടെ മനസ്സുകളില്‍ നെയ്തെടുകൂട്ടിയ സങ്കുചിത ചിന്തകളാകുന്ന മാറാലകളൊന്ന് തൂത്ത് വൃത്തിയാക്കണം. താങ്കളുടെ പ്രസ്ഥാനമിറക്കിയ നൂറുക്കണക്കിന് പ്രസിദ്ധീകരണങ്ങളിലൂടെ അവരുടെ ഹൃദയങ്ങളില്‍ പകര്‍ന്നു നല്‍കിയ വിഷ ചിന്തകള്‍ പിഴുതു മാറ്റണം. അങ്ങനെ യഥാര്‍ത്ഥ ഇസ്‌ലാമിന്റെ മാനവികതാ ബോധം അവരില്‍ സൃഷ്ടിച്ചെടുക്കണം. അനുയായികളോടോത്ത് വഴിയില്‍ നില്‍ക്കവേ അതുവഴി ശവമഞ്ചവുമായി ഒരാള്‍ക്കൂട്ടം കടന്നു വരുന്നത് കണ്ടപ്പോള്‍ എഴുന്നേറ്റു നിന്ന പ്രവാചകനോട് 'അത് ഒരു ജൂതന്റെയല്ലേ' എന്ന് സംശയം ചോദിച്ചവരോട് 'അതൊരു മനുഷ്യന്റെതാണെന്ന്' ചരിത്രത്തില്‍ സ്വര്‍ണലേഖനം ചെയ്ത വാക്കുകളാല്‍ മറുപടി നല്‍കിയ പുണ്യപ്രവാചകന്‍ മുഹമ്മദിനെ ശരിയായ രൂപത്തിലൊന്ന് കാണിച്ചു കൊടുക്കണം. അല്ലാതെ, ജീഎംസീയില്‍ എന്നല്ല സാക്ഷാല്‍ ബുഗാട്ടി വിറോണില്‍ തന്നെ കയറിയിരുന്ന് പന്തീരാണ്ട് കൊല്ലം കേരളം ചുറ്റിയിട്ടും കാര്യമില്ല. തൊണ്ടപൊട്ടുമാറുച്ചതില്‍ മാനവികതയെ ഉണര്‍ത്താന്‍ ശ്രമിച്ചതുകൊണ്ടുമായില്ല. അവരുടെ മനസ്സുകളില്‍ മാനവികത ഉണരാന്‍ പോകുന്നില്ല. കാരണം, പണ്ടെപ്പോഴോ ആ മാനവികതയെ താങ്കള്‍ തന്നെ കൊന്നു കളഞ്ഞതല്ലേ!

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment