ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുകയാണെങ്കില്‍ വിദ്യാഭ്യാസവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കെഎസ്യു സംസ്ഥാന കമ്മിറ്റിയാണ് രണ്ടാഴ്ച മുമ്പ് ആവശ്യപ്പെട്ടത്. ലീഗിന്റെ കൈയില്‍നിന്ന് വിദ്യാഭ്യാസവകുപ്പ് എടുത്തുമാറ്റിയേ തീരൂ എന്ന വാശിയിലാണ് യുഡിഎഫിലെ മുഖ്യപാര്‍ടിയുടെ വിദ്യാര്‍ഥിസംഘടന ഇങ്ങനെയൊരാവശ്യം പരസ്യമായി ഉന്നയിച്ചത്.
ഇത് ഡോ. സുകുമാര്‍ അഴീക്കോട് മുമ്പേ പറഞ്ഞതാണ്. മുസ്ലിംലീഗിലെ അബ്ദുറബ്ബിന് വിദ്യാഭ്യാസ മന്ത്രിസ്ഥാനം നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നാണ് വകുപ്പുവിഭജന വാര്‍ത്ത പുറത്തുവന്നയുടന്‍ അഴീക്കോട് പ്രതികരിച്ചത്. മുസ്ലിംലീഗ് മാനേജ്മെന്റിന്റെ ഭാഗത്തുമാത്രമേ നില്‍ക്കുകയുള്ളൂവെന്നും ലീഗിന് വിദ്യാഭ്യാസവകുപ്പ് നല്‍കിയത് തെറ്റായ വഴിയിലൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആ മുന്നറിയിപ്പ് ശരിവയ്ക്കുന്ന അനുഭവങ്ങളാണ് തുടരെത്തുടരെ ഉണ്ടായത്. കോഴിക്കോട് സര്‍വകലാശാലയുടെ ഭൂമി ലീഗ് നേതാക്കള്‍ക്ക് വീതിച്ചുനല്‍കാനുള്ള തീരുമാനം അതില്‍ ഒടുവിലത്തേതാണ്.
കാട്ടാന കരിമ്പിന്‍തോട്ടത്തില്‍ കയറിയാല്‍ എല്ലാം താറുമാറാക്കുകയേ ഉള്ളൂ.ലീഗ് വിദ്യാഭ്യാസവകുപ്പില്‍ കയറിയപ്പോള്‍ സര്‍വതും കൊള്ളയടിച്ചുകൊണ്ടുപോകുകയാണ്. തപാല്‍ മാര്‍ഗം വിദ്യാഭ്യാസം നടത്തിയ, കോളേജിന്റെ പടികയറിയിട്ടില്ലാത്ത ആളെ ലീഗുകാരനെന്ന ഒറ്റ യോഗ്യതയുടെ അടിസ്ഥാനത്തില്‍ കലിക്കറ്റ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാക്കാന്‍ തുനിഞ്ഞിറങ്ങിയവരാണ് ലീഗുകാര്‍. നന്നായി കച്ചവടം നടത്താന്‍ അറിയാവുന്നവര്‍ വൈസ്ചാന്‍സലറായാല്‍ മതിയെന്ന് ലീഗുകാര്‍ കരുതുന്നു.
പോസ്റ്റല്‍ ഡിഗ്രിക്കാരനായ ആദ്യത്തെ ആളെ ഒഴിവാക്കേണ്ടിവന്നെങ്കിലും അതിനേക്കാള്‍ വലിയ കച്ചവടക്കാരനെയാണ് പിന്നീട് കണ്ടെത്തി നിയമിച്ചത്. സര്‍വകലാശാല തറവാട്ടു സ്വത്താണെന്ന മട്ടിലാണ് ലീഗ് കൈകാര്യം ചെയ്യുന്നത്. വിവരംകെട്ട തറവാട്ടു കാരണവന്മാരുടെ തണ്ടന്‍ ഭരണശൈലിയാണ് വൈസ് ചാന്‍സലര്‍ മുതിര്‍ന്ന അധ്യാപകര്‍ക്കുനേരെ പോലും പ്രയോഗിക്കുന്നത്. കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ ഇന്ന് അധ്യാപകരോ വിദ്യാര്‍ഥികളോ അല്ല, സ്വകാര്യ കമ്പനികളുടെ ഏജന്റുമാരും റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുമാണ് വിരാജിക്കുന്നത്. ജീവനക്കാരോടും അധ്യാപകരോടും മാന്യമായി ഒന്നുചിരിക്കാന്‍ തയ്യാറാകാത്ത വൈസ്ചാന്‍സലര്‍ ഇത്തരം കച്ചവടക്കാരെ മാലയിട്ടു സ്വീകരിക്കുന്നു.
ലീഗ് നേതാക്കളുടെ ബന്ധുക്കള്‍ക്ക് ഭൂമി നല്‍കാന്‍ സര്‍വകലാശാല എടുത്ത തീരുമാനം താന്‍ അറിഞ്ഞതല്ലെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. അതു ശരിയെങ്കില്‍ ഒന്നുകില്‍ വിസി; അല്ലെങ്കില്‍ മന്ത്രി- ഇതിലൊരാള്‍ക്കു മാത്രമേ തുടരാന്‍ അവകാശമുള്ളൂ. വിസിയുടെ ഭൂമിദാന തീരുമാനം തെറ്റാണെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി ഒടുവില്‍ പറഞ്ഞിരിക്കുന്നു. എങ്കില്‍ വിസിയെ എന്തുകൊണ്ട് പിന്‍വലിക്കുന്നില്ല? ഭൂമി കൈക്കലാക്കാന്‍ ഉപജാപം നടത്തി ആര്‍ത്തിയോടെ കൈയിട്ടുവാരാന്‍ ശ്രമിച്ച സ്വന്തം ബന്ധുക്കള്‍ നല്ല പിള്ളകളാണോ എന്നും കുഞ്ഞാലിക്കുട്ടി പറയേണ്ടതാണ്. കോണ്‍ഗ്രസ് നോക്കുകുത്തിയാണ്. ആ പാര്‍ടിയുടെ രണ്ട് സിന്‍ഡിക്കറ്റംഗങ്ങള്‍ പരസ്യമായി എതിര്‍ത്തിട്ടും ഭൂമിദാനത്തില്‍നിന്ന് പിന്മാറാന്‍ ലീഗ് തയ്യാറായിരുന്നില്ല.
ലീഗിന്റെ ഔദാര്യമാണ് ഉമ്മന്‍ചാണ്ടി വഹിക്കുന്ന മുഖ്യമന്ത്രിസ്ഥാനമെന്ന അഹന്ത പ്രവൃത്തിയില്‍ വരുന്നത് ഇത്തരം രംഗങ്ങളിലൂടെയാണ്. മലപ്പുറം ജില്ലയില്‍ ആസ്ഥാനം സ്ഥിതിചെയ്യുന്ന കലിക്കറ്റ് സര്‍വകലാശാലയുടെ കാര്യംനോക്കാന്‍ കോണ്‍ഗ്രസിന് എന്തവകാശം എന്നതാണ് അഹന്ത. എം അബ്ദുള്‍സലാമാണ് ലീഗ് നോമിനിയായ കലിക്കറ്റ് വിസി. കൃഷിയാണ് പഠിപ്പിച്ചത് എന്നതുകൊണ്ടുതന്നെ വൈസ് ചാന്‍സലറായപ്പോള്‍ അദ്ദേഹം സര്‍വകലാശാലയെ കൃഷിചെയ്തു തുടങ്ങി. പതിനാലംഗ സിന്‍ഡിക്കറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളായ ആര്‍ എസ് പണിക്കര്‍, ജി സി പ്രശാന്ത്കുമാര്‍ എന്നിവര്‍ പ്രത്യേകം വാര്‍ത്താസമ്മേളനം വിളിച്ച് കലിക്കറ്റ് വാഴ്സിറ്റിയിലെ ക്രമക്കേടുകള്‍ എണ്ണിപ്പറയേണ്ടിവന്നു. വിവാദമായപ്പോഴാണ് ഭൂമിദാന തീരുമാനം മരവിപ്പിച്ചതെന്നും ഇല്ലെങ്കില്‍ ഭൂമിദാനവുമായി മുന്നോട്ടു പോകുമായിരുന്നുവെന്നുമാണ് പണിക്കര്‍ പറഞ്ഞത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്വകാര്യ ട്രസ്റ്റുകള്‍ക്ക് ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ചതെന്നും അതില്‍ താന്‍ ആശങ്ക തുടര്‍ച്ചയായി അറിയിച്ചിരുന്നുവെന്നും വിസിയുടെ കടുംപിടിത്തമാണ് തീരുമാനത്തിനു പിന്നിലെന്നും പണിക്കര്‍ പറഞ്ഞിട്ടുണ്ട്. ഭൂമിദാനം കലിക്കറ്റില്‍ നിന്നുയരുന്ന നാറ്റത്തിന്റെ ഒരുഭാഗം മാത്രമാണ്. ലീഗിന്റെ പേക്കൂത്താണ് അവിടെ വൈസ് ചാന്‍സലറിലൂടെ അരങ്ങേറുന്നത്.
അടിയന്തരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിയാണ് ക്യാമ്പസില്‍. സര്‍വകലാശാലാ കെട്ടിടങ്ങളുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രക്ഷോഭങ്ങള്‍ പാടില്ലെന്ന വിധി വിസി കോടതിയില്‍ നിന്നു സമ്പാദിച്ചിട്ടുണ്ട്. അതിന്റെ മറവില്‍ എല്ലാ പ്രതിഷേധവും പ്രകടനങ്ങളും യോഗങ്ങളും പോസ്റ്ററുകളും നിരോധിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ക്യാമറ വയ്ക്കുന്നത് നിയമം അനുവദിക്കുന്നില്ല. കലിക്കറ്റില്‍ ഇപ്പോള്‍ ക്യാമറകളുടെ കൃഷിയും നടക്കുന്നു. മൂത്രപ്പുരയില്‍ വരെ ക്യാമറ വച്ച് ജീവനക്കാരെ "നിരീക്ഷിക്കുന്നു" എന്നാണ് കേള്‍വി. പ്രതിഷേധിച്ചാല്‍ കേസും സസ്പെന്‍ഷനും പ്രതികാരവുമാണ്. ഈയിടെ ചരിത്ര സെമിനാര്‍ പോലും നിരോധിച്ചു.
മാനദണ്ഡങ്ങളും നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തിയാണ് 36 സ്വാശ്രയ കോളേജിന് ഒറ്റയടിക്ക് അംഗീകാരം നല്‍കിയത്. അതില്‍ മുപ്പതോളം കോളേജ് ലീഗിന്റെ സ്വന്തക്കാരുടെ ഉടമസ്ഥതയിലുള്ള ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയുമാണ്. വിസി മൂര്‍ച്ചയുള്ള ഉപകരണം മാത്രമാണ് ലീഗിന്. സെമിനാറുകള്‍ക്കും മറ്റു സര്‍വകലാശാലകളിലെ പരീക്ഷാജോലികള്‍ക്കും പോകുന്നത് അധ്യാപകരുടെ തൊഴിലിന്റെ ഭാഗമാണ്. എന്നാല്‍, അവയെല്ലാം ഒഴിവാക്കി സര്‍വകലാശാലയില്‍ തന്നെ ഇരിക്കണമെന്നാണ് വിസിയുടെ ശാഠ്യം. പുച്ഛത്തോടെയേ പെരുമാറുന്നുള്ളൂ. അധ്യാപക നിയമനത്തിനായി അക്കാദമിക് കൗണ്‍സില്‍ തീര്‍ത്ത മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്നു. അതിലൂടെ, റാങ്കുനേടിയവരെയും മിനിമം മാര്‍ക്കുള്ളവരെയും ഒരേനിലയില്‍ പരിഗണിക്കുന്ന വിചിത്രമായ അവസ്ഥ വരുന്നു. പട്ടാളത്തില്‍ നിന്നു വിരമിച്ച പാചകക്കാരനും പ്ലസ്ടു അധ്യാപകനും പ്രാദേശിക രാഷ്ട്രീയക്കാരനുമെല്ലാം അടങ്ങുന്ന സിന്‍ഡിക്കറ്റിലെ അംഗങ്ങളും സ്വന്തം പഠനമേഖലയല്ലാതെ മറ്റൊന്നിനെക്കുറിച്ചും തരിമ്പും വിവരമില്ലാത്ത വിസിയും അക്കാദമിക് നിയമനങ്ങള്‍ നടത്തുകയാണ്. വിഷയവിദഗ്ധനായ മറ്റ് അധ്യാപകരെ സമ്മര്‍ദത്തിലൂടെയും ഭീഷണിയിലൂടെയും വരുതിയില്‍ നിര്‍ത്തുന്നു. സാമുദായിക നേതാക്കളുടെ മക്കളും ബന്ധുക്കളും ഇഷ്ടക്കാരുമൊക്കെ ഇങ്ങനെ നിയമനം നേടുകയാണ്.
സീനിയര്‍ അധ്യാപകരോടും വകുപ്പുതലവന്മാരോടും പുറത്താക്കുമെന്നും കുടുക്കുമെന്നും നിങ്ങള്‍ വെറും വെയിസ്റ്റാണെന്നും മറ്റും പരസ്യമായി പുലമ്പുകയാണ് വിസി. അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളുമെല്ലാം ഗുണനിലവാരം ഇല്ലാത്തവരാണെന്ന് പൊതുവേദികളില്‍ കയറി ആവര്‍ത്തിച്ചുപറയാന്‍ അദ്ദേഹത്തിന് അറപ്പില്ല. ബോര്‍ഡ് ഓഫ് സ്റ്റഡീസ് തലവന്മാരായ സീനിയര്‍ അധ്യാപകരെ "വിവരമില്ലാത്ത വയസ്സന്മാരെന്നാണ്" വിസി വിശേഷിപ്പിച്ചത്. ഇതൊക്കെ ആരെങ്കിലും പുറത്തുപറയാമെന്നുവച്ചാലോ? മാധ്യമങ്ങളോട് ജീവനക്കാര്‍ മിണ്ടാന്‍ പാടില്ലെന്ന കല്‍പ്പനയുണ്ട്.
കുരങ്ങന് പൂമാല കിട്ടിയപോലെ എന്ന പ്രയോഗം ലീഗിന് വിദ്യാഭ്യാസവകുപ്പു കിട്ടിയതുമായി ചേര്‍ത്തുവയ്ക്കാനാകില്ല. ഹിറ്റ്ലര്ഭരണം തകര്ത്തുനടത്തുമ്പോഴും രാഷ്ട്രീയ യജമാനന്മാര്ക്ക് ഭൂമി സമ്പാദിച്ചുകൊടുക്കാനും അഴിമതിക്കുള്ള അവസരമൊരുക്കിക്കൊടുക്കാനും വിസി ബദ്ധശ്രദ്ധനാണ്.
കലിക്കറ്റ് സര്‍വകലാശാലയില്‍ മാത്രമല്ല, എല്ലാ തലത്തിലും ഇതുതന്നെയാണ് സ്ഥിതി. മന്ത്രി എം കെ മുനീറിന്റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയും മുസ്ലിംലീഗ് നിലമ്പൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരിയെയാണ് ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് ഐടി@സ്കൂള്‍ ഡയറക്ടറാക്കിയത്. അഞ്ചുവര്‍ഷമായി മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ ഐടി@സ്കൂളിനെ പൊതുവിദ്യാഭ്യാസമേഖലയുടെ ചാലകശക്തിയാക്കുന്നതിന് നേതൃത്വം നല്‍കിയ ഡയറക്ടര്‍ അന്‍വര്‍ സാദത്തിനെ നീക്കിയാണിത്. ഇത് ഒരുദാഹരണം മാത്രം.
എണ്ണിയാലൊടുങ്ങാത്ത ഇത്തരം ഇടപെടലുകള്‍ വിദ്യാഭ്യാസവകുപ്പില്‍ നടക്കുന്നു. ലീഗിന്റെ അപ്രമാദിത്വത്തിന്റെ അരികുപറ്റി, കിട്ടുന്നതുകൊണ്ട് തൃപ്തിയടഞ്ഞ് കോണ്‍ഗ്രസ് മിണ്ടാതിരിക്കുന്നു. ഈ പോക്കുപോയാല്‍, നാളെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളും കോളേജുകളും സ്ഥിതിചെയ്യുന്ന കണ്ണായ സ്ഥലങ്ങള്‍ ലീഗ് നേതാക്കളുടെ പേരിലായാല്‍ അത്ഭുതപ്പെടാനില്ല. അവിടങ്ങളില്‍ ഷോപ്പിങ് കോംപ്ലക്സുകള്‍ ഉയരുമ്പോള്‍ ഏതാനും സ്ഥലം കോണ്‍ഗ്രസിനും കിട്ടുമായിരിക്കും. അഴീക്കോടിന്റെ ദീര്‍ഘദൃഷ്ടി ആപാരമെന്നുതന്നെ പറയണം.
No comments:
Post a Comment