ജുഡീഷ്യല്‍ പ്രഹരം

ഈ ഭീതിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. എന്തെങ്കിലും ഭീതിയുണ്ടാകുമ്പോള്‍ നമ്മള്‍ പാഞ്ഞുചെന്ന് അയ്യോ യുവറോണര്‍ രക്ഷിക്കണേ എന്ന് നെഞ്ചത്ത് ഇടിച്ച് നിലവിളിക്കാറുള്ളത് സുപ്രീംകോടതിയുടെ അടുത്താണ്. വേറെ എവിടെ ചെല്ലാനാണ്! ജുഡീഷ്യറിയാണ് സര്‍വ പിശാചുക്കളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്ന രക്ഷകന്‍. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയെ സത്യം ബോധിപ്പിക്കാനുള്ള തീവ്രയജ്ഞം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു കേരളം. മുട്ടിന്മേല്‍ നിന്ന് കനിയണേ എന്നു കേഴുമ്പോഴാണ് രക്ഷകന്‍ വലിയ ഒരു മരമുട്ടി എടുത്ത് കേരളത്തിന്റെ തലമണ്ടയ്ക്ക് അടിച്ചിരിക്കുന്നത്.
ഇന്ത്യയിലെ നദികളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഉടനെ നടപടിയെടുക്കണമെന്നാണ് കോടതി കല്പിച്ചിരിക്കുന്നത്. ഭരണഘടനയിലോ പാര്‍ലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമത്തിലോ നദികളെ ബന്ധിപ്പിക്കണമെന്ന് പറഞ്ഞതായി ആരും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നദികളെ മുഴുവന്‍ കൂട്ടിക്കെട്ടിയാല്‍ രാജ്യത്തെ വരള്‍ച്ചയും തീരും വെള്ളപ്പൊക്കവും തീരും എന്ന് പണ്ടേതോ എന്‍ജിനീയര്‍ സാറിന് ഉള്‍വിളി ഉണ്ടായിരുന്നു. ശാസ്ത്രത്തിന്റെയും എന്‍ജിനീയറിങ്ങിന്റെയും ചില ടെക്‌നിക്കുകള്‍കൊണ്ട് എല്ലാ പ്രകൃതി പ്രതിഭാസങ്ങളെയും കീഴടക്കിക്കളയാമെന്ന വ്യാമോഹം ലോകത്തെ അടക്കിവാണ കാലമായിരുന്നല്ലോ അത്. കേള്‍ക്കുന്നമാത്രയില്‍ ആരും വീണുപോകുന്ന കിടിലന്‍ ആശയമാണ് നദീസംയോജനം. കാശെത്ര ചെലവാകും എന്ന ചോദ്യത്തിനുള്ള മറുപടി കേട്ടപ്പോള്‍ അക്കാലത്തെ ഭരണാധികാരികള്‍ തലകറങ്ങി വീണതുകൊണ്ടാണെന്ന് തോന്നുന്നു സംഗതി നടന്നില്ല. പിന്നീട് അതുകേട്ടത് 2002-ല്‍ എന്‍.ഡി.എ. ഭരണകാലത്താണ്. വിവരമുള്ളവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരംകിട്ടാതെ അന്ന് ഈ പദ്ധതി മേശവലിപ്പില്‍ ഇട്ടുപൂട്ടിയതാണ്. പത്തുവര്‍ഷം കഴിഞ്ഞ് ഈ സാധനം സര്‍പ്പമായി രൂപം പ്രാപിച്ച് ഇഴഞ്ഞുവന്ന് കൊത്തുമെന്ന് ഓര്‍ത്തതേയില്ല കേരളം.
ലോകത്തെവിടെയെങ്കിലും ഇങ്ങനെ നദികളെ ബന്ധിച്ചുനോക്കിയിട്ടുണ്ടോ എന്നറിയില്ല. എന്തായാലും ഇന്ത്യ പോലൊരു വലിയ രാജ്യത്ത് അങ്ങനെ ചെയ്തിട്ടില്ലെന്ന് ഉറപ്പാണ്. കോടതി എവിടെയെങ്കിലും പോയി പരിശോധിച്ചതായും അറിയില്ല. ചെറിയ അണക്കെട്ട് കെട്ടുന്നതിനുപോലും പരിസ്ഥിതി പ്രത്യാഘാത റിപ്പോര്‍ട്ട് വേണം. ഉണ്ടോ എന്നുകോടതി ചോദിക്കും. നദീ സംയോജനത്തിന് അത്തരം ഒന്ന് കൈയിലുണ്ടോ? ഇല്ല. എത്ര കാടുനശിക്കും എന്നറിയുമോ? ഇല്ല. എത്രയിടത്ത് ജലം കിട്ടാക്കനിയാകുമെന്ന് പഠിച്ചിട്ടുണ്ടോ? ഇല്ല. എത്ര പേര്‍ക്ക് വീട് നഷ്ടപ്പെടുമെന്നറിയുമോ? ഇല്ല. എത്ര ആയിരം ഏക്കറില്‍ കൃഷി നഷ്ടപ്പെടുമെന്നറിയുമോ? എത്ര കോടിയാളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും എന്നറിയുമോ? ഇല്ല. എത്ര അണക്കെട്ടുകള്‍ വറ്റിവരളുമെന്നറിയുമോ? ഇല്ല. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരംകണ്ടെത്തി തീരുമാനമെടുക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയാണോ ചെയ്തിരിക്കുന്നത് കോടതി? അല്ല. നിങ്ങളിതൊന്നും നോക്കേണ്ട, പദ്ധതിയങ്ങ് നടപ്പാക്കിയാല്‍ മതി എന്നാണ് പറഞ്ഞിരിക്കുന്നത്.
എന്‍ജിനീയറിങ്- ശാസ്ത്ര വിദഗ്ധര്‍ സുപ്രീം കോടതിയില്‍ ഉള്ളതായും അറിവില്ല. ഏതെങ്കിലും ഒരു സംസ്ഥാനത്തെങ്കിലും ഒന്ന് പരീക്ഷിച്ചിട്ട് ഘട്ടംഘട്ടമായി നോക്കാമെന്നൊന്നുമല്ല കല്പന. ഉടന്‍ തുടങ്ങണം നദികളെ കൂട്ടിക്കെട്ടുന്ന പണി. അണ കെട്ടി നദീപ്രവാഹം തടയുന്നതിന് എതിരെ തന്നെ പരിസ്ഥിതി ശാസ്ത്രം മുന്നറിയിപ്പ് നല്‍കുന്ന കാലമാണിത്. ശാസ്ത്രം പണ്ട് നിന്നസ്ഥലത്ത് ബ്ലോക്കായി നില്‍ക്കുകയല്ല. ഇന്നലത്തെ ശരികള്‍ പലതും തെറ്റുകളായി തിരിച്ചറിയുകയാണ് ഇപ്പോള്‍. അപ്പോഴാണ്, മിനിഞ്ഞാന്നത്തെ ഒരു ശരി ലോകാവസാനംവരേക്കുള്ള ശരിയാണ് എന്ന അന്ധവിശ്വാസം ചിലര്‍ അടിച്ചേല്പിക്കുന്നത്.
നദികള്‍ കൂട്ടിക്കെട്ടാന്‍ എത്ര ചെലവുവരും ? പത്ത് വര്‍ഷം മുമ്പെടുത്ത കണക്കാണ് അഞ്ചുലക്ഷം കോടി രൂപ എന്നത്. അന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയവര്‍ ഇപ്പോള്‍ അനേക ലക്ഷമോ കോടിയോ ഒക്കെയാണ് വാങ്ങുന്നത്. പണപ്പെരുപ്പത്തിന്റെ ആ നിരക്ക് നോക്കുമ്പോള്‍ നദീസംയോജനത്തിന്റെ ഇന്നത്തെ ചെലവ് എത്ര വരും എന്ന് അക്കത്തില്‍ എഴുതിക്കാണിക്കാന്‍ പറ്റില്ല. ഈ ലേഖനത്തില്‍ അതിനുള്ള സ്ഥലം തികയില്ല. സുപ്രീംകോടതിയല്ല, പടച്ച തമ്പുരാന്‍ പറഞ്ഞാലും ഈ പണി ഇന്ന് ജീവിച്ചിരിക്കുന്ന ആരുടെയും ആയുസ്സിനിടയ്ക്ക് തീരില്ല. മുപ്പത് വര്‍ഷം മുമ്പ് തുടങ്ങിയ അണക്കെട്ട്പണി ഇനിയുംതീരാത്ത രാജ്യമാണിത്. നദി കൂട്ടിക്കെട്ടിത്തീരുമ്പോഴേക്ക് പല തലമുറ പിന്നിട്ടിരിക്കും. ഇനി രണ്ട് തലമുറ കഴിഞ്ഞ് ഇതൊന്നും ശരിയായില്ല എന്നുതോന്നിയാലോ? കെട്ടാന്‍ ചെലവാക്കിയതിന്റെ എത്ര ഇരട്ടി ചെലവഴിച്ചാലാണ് കെട്ടഴിക്കാനാവുക എന്നറിയില്ല. അതിനുള്ള ടെക്‌നോളജി ഇനി വേറെ കണ്ടുപിടിക്കേണ്ടിവരും.
കോടതിക്കും എക്‌സിക്യൂട്ടീവിനും ലെജിസ്ലേറ്റീവിനും ഭരണഘടനയില്‍ ചില പണികള്‍ പ്രത്യേകം വേര്‍തിരിച്ച് ഏല്പിച്ചിട്ടുണ്ടെന്നാണ് അതുണ്ടാക്കിയവരും വായിച്ചവരുമൊക്കെ പറഞ്ഞിട്ടുള്ളത്. ഏല്പിച്ച പണിയൊന്നും ആരും തൃപ്തികരമായി ചെയ്തുതീര്‍ക്കാറില്ല. അതിനൊന്നും ആര്‍ക്കും നേരമില്ല. എല്ലാവരും അവനവന്റെ പണി ശരിയായി ചെയ്തിരുന്നെങ്കില്‍ രാജ്യം എന്നേ രക്ഷപ്പെട്ടുപോകുമായിരുന്നല്ലോ. അതുപാടില്ല. ഏല്പിച്ചപണി ചെയ്യാതിരിക്കുക, മറ്റാളുകളുടെ പണിയില്‍ തലയിട്ട് അത് കുളമാക്കുക- ഇതിലാണ് നമ്മുടെ മിടുക്ക്. ലെജിസ്ലേറ്റീവ് എക്‌സിക്യൂട്ടീവില്‍ തലയിടും. എക്‌സിക്യൂട്ടീവ് ലെജിസ്ലേറ്റീവില്‍ തലയിടും. എക്‌സിക്യൂട്ടീവിലും ലെജിസ്ലേറ്റീവിലും ഇടപെട്ട് അവര്‍ ചെയ്യേണ്ടതെല്ലാം ജുഡീഷ്യറി ഏറ്റെടുക്കും. സൂര്യന് കീഴിലുള്ള സകലതിനെയും ഭരിക്കുന്നത് തങ്ങളാണെന്ന് വിചാരിക്കുന്ന ഫോര്‍ത്ത് എസ്റ്റേറ്റ് ബോര്‍ഡ് വെച്ച വേറൊരു കൂട്ടരുണ്ട്. തങ്ങളാണ് എല്ലാവരേക്കാള്‍ മുകളിലെന്ന് എല്ലാവരും വിശ്വസിക്കുന്നു.
കുറെ മുമ്പ് ജുഡീഷ്യല്‍ ആക്ടിവിസം തുടങ്ങിയപ്പോള്‍ ജനങ്ങള്‍ ആശ്വസിച്ചിരുന്നു. രാഷ്ട്രീയക്കാരോട് കണക്കുപറയാന്‍ ജുഡീഷ്യറിയെങ്കിലുമുണ്ടല്ലോ എന്ന്. ഇന്നും അത് ആശ്വാസംതന്നെ. പക്ഷേ, രക്ഷകന്റെ സ്വഭാവം കുറച്ചായി വല്ലാതെ മാറിത്തുടങ്ങിയിട്ടുണ്ട്. ജനങ്ങളെ കാണുമ്പോള്‍ കക്ഷി മീശ പിരിക്കുന്നു, തുറിച്ചുനോക്കുന്നു. നീയാര് പറയാന്‍, പറയുന്നത് അങ്ങോട്ട് കേട്ടാല്‍മതി എന്നാക്രോശിക്കുന്നു. നിയമമുണ്ടാക്കാന്‍ ജനപ്രതിനിധിയൊന്നും വേണ്ട, ഞങ്ങള്‍ മതി എന്ന് അഹങ്കരിക്കുന്നു. നിങ്ങള്‍ എത്ര വലിയവനായാലും ശരി, നിയമം നിങ്ങള്‍ക്കും മുകളിലാണ് എന്ന തത്ത്വശാസ്ത്രത്തില്‍ എഡിറ്റിങ് നടത്തിയിരിക്കുന്നു. നിയമം എന്നത് വെട്ടിമാറ്റി ജഡ്ജി എന്നാക്കിയിരിക്കുന്നു. ആണവശാസ്ത്രമായാലും ശരി, എന്‍വയോണ്‍മെന്റ് എന്‍ജിനീയറിങ് ആയാലും ശരി, എല്ലാറ്റിലും അവസാന വാക്ക് തങ്ങളുടേതാണ് എന്ന് വാശി പിടിക്കുന്നു. ആരും ഒന്നും എതിര്‍ത്തുപറയില്ല. കോടതിയലക്ഷ്യഖഡ്ഗം തൂങ്ങിനില്പുണ്ട്. നദി കൂട്ടിക്കെട്ടുക രാജ്യത്തെ മഹാദുരന്തത്തിലെത്തിക്കും എന്ന് രാജ്യം ഭരിക്കുന്ന നൂറ്റിച്ചില്വാനം കോടി ജനതയുടെ പ്രതിനിധികള്‍ക്ക് തോന്നിയാലും ഒന്നും ചെയ്യാനാവില്ല. മൂന്നു ജഡ്ജിമാരുള്ള ഒരു ബെഞ്ച് പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ മന്‍മോഹന്‍ സിങ് കോടതിയലക്ഷ്യത്തിന് സമാധാനം പറയേണ്ടിവരും.
ഇതൊക്കെത്തന്നെയാവുംജനാധിപത്യം. അതും നമ്മളല്ലല്ലോ തീരുമാനിക്കുന്നത്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___