Saturday 3 March 2012

[www.keralites.net] പ്രാര്‍ഥനകള്‍ ബാക്കിയാക്കി പൂര്‍ണിമ യാത്രയായി

 

പ്രാര്‍ഥനകള്‍ ബാക്കിയാക്കി പൂര്‍ണിമ യാത്രയായി


 

കോഴിക്കോട്:  ഒരു കൂട്ടം ആളുകളുടെ സഹായഹസ്തങ്ങളും മനംനിറഞ്ഞ പ്രാര്‍ഥനകളും  ബാക്കിയാക്കി പൂര്‍ണിമ യാത്രയായി.വേദനകളും സ്വപ്നങ്ങളുമില്ലാത്ത ലോകത്തേക്ക്. ഒരാണ്ടിലേറെ  മരുന്നുകളുടേയും യന്ത്രങ്ങളുടേയും മടുപ്പിക്കുന്ന ലോകത്തായിരുന്നുപുര്‍ണിമ.  പലതവണ മരണം തൊട്ടു വിളിച്ചപ്പോഴും ആരുടെയൊക്കെയോ പ്രാര്‍ഥനകളാണ് അവളില്‍ ഒരിത്തിരി ജീവന്‍ ബാക്കിയാക്കിയത്.  

2011 ജനുവരി 12ന് വെള്ളിമാടുകുന്നില്‍  വാഹനാപകടത്തില്‍ സുഷുമ്ന നാഡിക്ക് പരിക്കേറ്റാണ് പൂര്‍ണിമ മരണത്തിന്റെ മടിത്തട്ടിലകപ്പെട്ടത്.ട്യൂഷന്‍ സെന്ററില്‍നിന്ന്  രാവിലെ സ്കൂളിലേക്ക് കൂട്ടുകാരോടൊപ്പം മടങ്ങുകയായിരുന്നു അവള്‍. അശ്രദ്ധമായി ഓടിച്ചുവന്ന ടൂറിസ്റ്റ് ബസിന്റെ തുറന്നുകിടന്ന ലഗേജ് ബോക്സിന്റെ ഡോര്‍ തട്ടിയാണ് അപകടമുണ്ടായത്.   നിര്‍മല ആശുപത്രിയുടെ കാഷ്വാലിറ്റിയില്‍ ന്യൂറോ സര്‍ജന്‍ പ്രാഥമിക ചികിത്സ നല്‍കി. നേരെ മിംസ് ആശുപത്രിയിലെത്തിച്ചു. അന്ന് വെന്റിലേറ്ററില്‍ പ്രവേശിച്ചതാണ് പൂര്‍ണിമ.  കഴുത്തിന് കീഴ്ഭാഗത്ത് ജീവന്റെ തുടിപ്പ് നഷ്ടപ്പെട്ടുപോയ അവള്‍ക്ക് രണ്ടാഴ്ചയാണ് മെഡിക്കല്‍ സംഘം ആയുസ്സ് പ്രവചിച്ചത്. അധ്യാപകരും കൂട്ടുകാരും ഡോക്ടര്‍മാരുടെ പ്രവചനംകേട്ട് കണ്ണീരുതിര്‍ത്തപ്പോള്‍  അച്ഛന്‍ പ്രദീപ്കുമാര്‍ മകള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പൂര്‍ണിമക്ക് ഡയഫ്രമെറ്റിക് പേസ്മേക്കര്‍ ഘടിപ്പിച്ചാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ അത് മാധ്യമങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയും ലോകം മുഴുവന്‍ പരന്നു. 50 ലക്ഷം രൂപയായിരുന്നു ഇതിന് ചെലവ്. പേസ്മേക്കര്‍ വാങ്ങാനും തുടര്‍ചികിത്സക്കും നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും ധനസഹായമൊഴുകി.  70 ലക്ഷം രൂപയാണ് ചികിത്സാ സഹായം കിട്ടിയത്. പേസ്മേക്കര്‍ ചികിത്സ ഫലവത്താകില്ലെന്ന് പിന്നീട് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സ്വന്തമായി വെന്റിലേറ്റര്‍ വാങ്ങി.

ജെ.ഡി.ടി അണ്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറിയില്‍  പ്ളസ്ടു സയന്‍സ് വിദ്യാര്‍ഥിയായിരുന്നു പൂര്‍ണിമ. അപകടമുണ്ടായതറിഞ്ഞ നിമിഷംമുതല്‍ ജെ.ഡി.ടി മാനേജ്മെന്റും അധ്യാപകരും സഹായഹസ്തവുമായി മുന്നോട്ടുവന്നു. ആദ്യംതന്നെ സ്വന്തം അക്കൗണ്ടില്‍നിന്ന് ഒരുലക്ഷം രൂപയെടുത്ത് പ്രിന്‍സിപ്പല്‍ പ്രഫ. ഷാഹുദ്ദീന്‍ നല്‍കി. ജെ.ഡി.ടി കേന്ദ്രീകരിച്ച് രൂപവത്കരിച്ച ചികിത്സാ സഹായ കമ്മിറ്റിയിലേക്ക് സംഭാവനകള്‍ ഒഴുകിയെത്തി.

തിരുവല്ല സ്വദേശികളാണ് പൂര്‍ണിമയുടെ കുടുംബം. 97 മുതല്‍ വെള്ളിമാടുകുന്നിലായിരുന്നു താമസം. മകള്‍ ആശുപത്രിയിലായതോടെ വീട് വിറ്റു. തൊണ്ടയാട് വീട് വാടകക്കെടുത്തു. എന്‍ജിനീയറിങ് പഠനമുപേക്ഷിച്ച് ചേച്ചി പ്രവീണയും  ശമ്പളമില്ലാത്ത അവധിയെടുത്ത് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ അധ്യാപികയായ അമ്മയും കണ്ണിമ ചിമ്മാതെ പൂര്‍ണിമക്ക്  കാവലിരിക്കുകയായിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment