Tuesday 27 March 2012

[www.keralites.net] വിഭാഗീയത വിഴുങ്ങിയ പ്രസ്ഥാനം..

 


ആദര്‍ശജീവിതത്തിന്റെ മാമരങ്ങളായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ വിളങ്ങിനിന്ന എം.വി. രാഘവനും കെ.ആര്‍ ഗൗരിയമ്മയും പാര്‍ട്ടി പുറത്താക്കിയപ്പോള്‍ വേറെ പാര്‍ട്ടിയുണ്ടാക്കി. അവര്‍ അതിനു തയ്യാറായത് അവര്‍ക്ക് ഭൂമിയില്‍ കാലുകുത്താന്‍ അവസരം നല്‍കില്ലെന്ന് സി.പി.എം. ശഠിച്ചതുകൊണ്ടായിരുന്നു. അവര്‍ക്ക് പുതിയ പാര്‍ട്ടി ഉണ്ടാക്കാന്‍ കഴിയുമായിരുന്ന ജനസ്വാധീനം കേരളത്തിലുടനീളമുണ്ടായിരുന്നു. അവരെപ്പോലുള്ള വന്‍മരങ്ങളുടെ കാലം കഴിഞ്ഞു. ഇനി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പുറത്താക്കുന്നവര്‍ക്ക് പ്രാദേശികക്കൂട്ടായ്മകള്‍ ഉണ്ടാക്കാനേ കഴിയൂ


കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും നിര്‍മിക്കുന്നതില്‍ വലിയ പങ്കുവഹിച്ച പലരും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹയാത്രികരായിരുന്നു. ചരിത്രത്തിന്റെ ഏതോ ക്രോസ് റോഡില്‍വെച്ച് അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വരൂപത്തില്‍ നിന്ന് ചീന്തിയെറിയപ്പെട്ടു. അതിനുകാരണമായി പറയപ്പെട്ടത് വിഭാഗീയതയായിരുന്നു. കേരളത്തിലെ സി.പി.എമ്മിന്റെ ചരിത്രം വിഭാഗീയതയുടെ വിരലടയാളം പതിഞ്ഞതാണ്. അതിന്റെ പിന്നില്‍ അസൂയയും കുശുമ്പും കുതികാല്‍വെട്ടും ചതിപ്രയോഗങ്ങളും ഒളിഞ്ഞിരിക്കുന്നു.

ചോര പൊടിച്ചുകൊണ്ട് വെടിച്ചീളുകളും മാംസം ചതച്ചരച്ചുകൊണ്ട് ഇരുമ്പ് ബൂട്ട്‌സുകളും തലങ്ങും വിലങ്ങും സഞ്ചരിച്ച പോരാട്ടത്തിന്റെ കനലെരിയുന്ന കാലത്ത് കമ്യൂണിസ്റ്റ് ജീവിതത്തിലേക്ക് നെഞ്ചുയര്‍ത്തി കയറിവന്ന പെണ്‍കുട്ടിയായിരുന്നു കെ.ആര്‍. ഗൗരി. പിന്നീട് അവര്‍ കേരളത്തിന്റെ ത്യാഗസുരഭിലമായ രാഷ്ട്രീയജീവിതത്തിന്റെ പെണ്‍കാഴ്ചയും അനുഭവവുമായി വളര്‍ന്നു. ധീരതയുടെയും സാഹസികതയുടെയും ചേരുവ ചേര്‍ന്ന ആ അഗ്‌നി നക്ഷത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ഞെട്ടറ്റുവീണു. അത് ഒരു അറുത്ത് വീഴ്ത്തലായിരുന്നു. കാരണം, പിന്നീട് ഇത് ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയത് വിഭാഗീയത എന്ന പേരിലായിരുന്നു.

ഗൗരിയമ്മയെ സി.പി.എമ്മില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനുള്ള കാരണം ഒരു വൈരത്തിലാണ് ആരംഭിക്കുന്നത്. അതില്‍ ഒരു പ്രത്യയശാസ്ത്ര വിഭിന്നതയും ഉണ്ടായിരുന്നില്ല. അക്കഥ നടന്നത് ഗൗരിയമ്മ വ്യവസായമന്ത്രിയായിരുന്നപ്പോളാണ്. തിരുവനന്തപുരം ടൈറ്റാനിയം കമ്പനിയിലെ ഒരു പ്രശ്‌നത്തില്‍ നിന്നാണ് ഗൗരിയമ്മയെ പാര്‍ട്ടിയില്‍നിന്ന് പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമം ആരംഭിച്ചത്. തിരുവനന്തപുരം ടൈറ്റാനിയം കമ്പനിയില്‍ 1962 മുതല്‍ 1974 വരെ ദിവസക്കൂലിക്ക് ജോലിചെയ്തിരുന്നവരെ 1974-ല്‍ ടി.വി. തോമസ് വ്യവസായമന്ത്രിയായപ്പോള്‍ സ്ഥിരപ്പെടുത്തി. കുറേ നാളുകള്‍ക്കുശേഷം ഗൗരിയമ്മ വ്യവസായവകുപ്പ് മന്ത്രിയായപ്പോള്‍ ഈ തൊഴിലാളികള്‍ക്ക് മുന്‍കാല പ്രാബല്യത്തോടുകൂടി സ്ഥിരം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗൗരിയമ്മയുടെ മുന്നില്‍ ഒരു ഫയല്‍ പ്രത്യക്ഷപ്പെട്ടു. ഇതിന് എന്തെങ്കിലും പ്രീസീഡെന്റ് ഉണ്ടോ എന്ന് ഗൗരിയമ്മ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് ആരാഞ്ഞു. ഇല്ല എന്നായിരുന്നു ഉത്തരം. അവര്‍ ഫയല്‍ മടക്കി.

സര്‍ക്കാര്‍ ഖജനാവിന് കനത്ത നഷ്ടംവരുത്തുന്ന പൊതുമുതല്‍ ദുര്‍വിനിയോഗത്തിന് ഗൗരിയമ്മ എതിരായിരുന്നു. ഫയല്‍ ഗൗരിയമ്മയുടെ മേശപ്പുറത്ത് എത്തിച്ചത് കെ.എന്‍. രവീന്ദ്രനാഥായിരുന്നു. അന്ന് അദ്ദേഹം ടൈറ്റാനിയത്തിലെ തൊഴിലാളി നേതാവായിരുന്നു. അദ്ദേഹം ഗൗരിയമ്മയുമായി ഈ വിഷയത്തില്‍ ഇടഞ്ഞു. ഗൗരിയമ്മ പറഞ്ഞു: ''സര്‍ക്കാര്‍ പണം ചെലവാക്കുന്നതിന് റൂളും ചട്ടവും ഉണ്ട്. മറിച്ച് ചെയ്യണമെങ്കില്‍ പാര്‍ട്ടി തീരുമാനമായി എഴുതിത്തരണം''. രവീന്ദ്രനാഥ് ഗൗരിയമ്മയ്ക്ക് നേരെ പൊട്ടിത്തെറിച്ചു. ''നിങ്ങളുടെ തന്തയുടെ വകയാണോ സര്‍ക്കാര്‍ പണം'' എന്നായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണം. അതിന് ഗൗരിയമ്മ കൊടുത്ത മറുപടി രൂക്ഷമായിരുന്നു-''തന്തയുടെ വിലയെന്തെന്ന് അറിയുന്നവര്‍ക്കല്ലേ അങ്ങനെ ചോദിക്കാന്‍ പറ്റൂ.'' ഇതോടെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള അകലം അനന്തമായി. അത് പാര്‍ട്ടിയില്‍ വലിയ വഴക്കായി വളര്‍ന്നു. ഗൗരിയമ്മ രവീന്ദ്രനാഥിനെ തന്തയില്ലാത്തവന്‍ എന്നു വിളിച്ചു എന്ന ആരോപണം സി.ഐ.ടി.യു. ഏറ്റെടുത്തു. അന്നുമുതല്‍ ആരംഭിച്ച സമ്മര്‍ദങ്ങളും ചേരിപ്പോരും ചതിപ്രയോഗങ്ങളും കെ.ആര്‍. ഗൗരിയമ്മയെ തെരുവിലെത്തിച്ചു. ഒരു നേതാവിനെ സി.പി.എം. പുറത്താക്കിയതിന്റെ സാമ്പിളാണ് ഗൗരിയമ്മ തന്നെ പറഞ്ഞ ഈ കഥ.

ഗൗരിയമ്മ, എം.വി. രാഘവന്‍ തുടങ്ങി വി.ബി. ചെറിയാന്‍ വരെയുള്ളവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത് വൈരനിര്യാതനത്വം കൊണ്ടായിരുന്നു. പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ അതിനിടയില്‍ ഉയര്‍ന്ന അന്തസ്സുള്ള തര്‍ക്കപ്രശ്‌നം മാത്രമാണ്. ഇവരെല്ലാം പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയതിനുശേഷം ഈയടുത്ത കാലത്തായി ഒട്ടനവധിപേര്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയി. സി.ഐ.ടി.യു. നേതൃനിരയ്‌ക്കെതിരെ അച്യുതാനന്ദന്‍ വിഭാഗത്തിന്റെ വെട്ടിനിരത്തലിലും പിന്നീട് വി.എസ്. ഗ്രൂപ്പിനെതിരെ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഔദ്യോഗികപക്ഷം നടപ്പാക്കിയ വെട്ടിനിരത്തലിലുമാണ് അങ്ങനെ പാര്‍ട്ടിയുടെ ഹൃദയഭാഗങ്ങളെ മുറിച്ചു മാറ്റിയത്. ആ രാജികളും പുറത്താക്കലുകളും പ്രത്യയശാസ്ത്ര പ്രശ്‌നമായിട്ടുതന്നെയാണ് പാര്‍ട്ടി കൈകാര്യം ചെയ്തിരുന്നത്. എന്നാലിപ്പോള്‍ പാര്‍ട്ടിയുടെ എം.എല്‍.എ.യും തിരുവനന്തപുരം ജില്ലാക്കമ്മിറ്റി അംഗവുമായ സെല്‍വരാജ് പാര്‍ട്ടി അറിയാതെ രാജിവെച്ചു. അപ്പോള്‍ പാര്‍ട്ടി പറഞ്ഞു. ഇത് കുതിരക്കച്ചവടമാണ്. കോടികള്‍ കൈപ്പറ്റി സെല്‍വരാജ് മറുകണ്ടം ചാടിയെന്ന്. സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കേരളത്തോട് പറഞ്ഞത് ഞങ്ങളുടെ എം.എല്‍.എ. വില്‍ക്കപ്പെട്ടു എന്നാണ്.

ഇതുനല്‍കുന്ന സന്ദേശമെന്താണ്? കമ്യൂണിസ്റ്റുകാരന്‍ ആക്രിക്കടയിലെ ചരക്കിനെപ്പോലെ തൂക്കി വില്‍ക്കപ്പെടാന്‍ പരുവത്തിലായെന്നോ? ലോകത്തെ മാറ്റുക എന്നതാണ് വിപ്ലവത്തിന്റെ അജന്‍ഡ. ധാര്‍മികതയും ഇച്ഛാശക്തിയും നല്‍കുന്ന ഊര്‍ജമാണ് വിപ്ലവത്തിന്റെ എന്‍ജിനെ ചലിപ്പിക്കുന്നത്. അത് തീവ്രമായി ഉരുകി അസാധാരണത്വത്തിന്റെ നായകരൂപങ്ങളായിമാറിയ മനുഷ്യരാണ് കമ്യൂണിസത്തെ ഒരു മിത്താക്കി മാറ്റിയത്. ശത്രുവിന്റെ പത്മവ്യൂഹത്തില്‍ മരണത്തെ മുഖാമുഖം കണ്ടുനില്‍ക്കുമ്പോള്‍ ചെഗുവേര പറഞ്ഞു: ''എന്റെ പരാജയം വിജയത്തെ അസാധ്യമാക്കുന്നില്ല. എവറസ്റ്റ് കീഴടക്കാന്‍ ഇറങ്ങിത്തിരിച്ചവരില്‍ പലരും ഇടയ്ക്ക് ഇടറിവീഴാം. അവര്‍ കൊടുമുടി കാണില്ല. പക്ഷേ, ഒന്ന് നമുക്ക് ഉറപ്പാണ്. അവസാനഫലം നമ്മുടെ വിജയത്തിന്റേതാണ്. എവറസ്റ്റ് കീഴടക്കപ്പെടുക തന്നെ ചെയ്യും.'' മനുഷ്യവിമോചനപ്പോരാട്ടത്തിന് ഇറങ്ങിയ കമ്യൂണിസ്റ്റ് വിശ്വസിക്കുന്നത് അവസാനവിജയം ജനങ്ങളുടേതാണെന്നാണ്. അന്ന് തെരുവുകള്‍ വിപ്ലവകാരികളുടെ വിജയാഘോഷംകൊണ്ട് സമൃദ്ധമായിരിക്കും. ഇതാണ് കമ്യൂണിസ്റ്റിനെ നിര്‍മിക്കുന്ന കാല്പനികത. ഈ കാല്പനികത കാത്ത ഒരു കമ്യൂണിസ്റ്റിനെയും ആര്‍ക്കും വിലയ്ക്കു വാങ്ങാനാവില്ല.

ഇവിടെ നിന്നാണ് കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ കോടികളുടെ വിപണിയിലേക്ക് വലിച്ചെറിയപ്പെടുന്നത്. ഇന്ന് കമ്യൂണിസ്റ്റുകാരന്‍ കേരളീയ ജീവിതത്തില്‍ അടയാളപ്പെടുന്നത് അച്യുതാനന്ദന്‍മാരിലൂടെയല്ല ആനാവൂര്‍ നാഗപ്പന്‍മാരിലൂടെയാണ്. തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തിഗ്രാമങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എങ്ങനെയാണ് അതിന്റെ രാഷ്ട്രീയ ഐഡന്റിറ്റി കണ്ടെത്തുന്നത്. അതില്‍ പ്രധാനഘടകം ജാതിയാണ്. പാറശ്ശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, കോവളം, നേമം തുടങ്ങിയ പ്രദേശങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത് നാടാര്‍ സമുദായത്തിലാണ്. ക്രിസ്ത്യന്‍ നാടാരായാലും ഹിന്ദു നാടാരായാലും നാടാരാണ് പ്രധാനം. അവരാണ് ആര് തിരഞ്ഞെടുപ്പ് ജയിക്കണമെന്ന് നിശ്ചയിക്കുന്നത്. സി.പി.എമ്മില്‍ നിന്ന് സെല്‍വരാജ് രാജിവെച്ച സമയത്ത് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ വി.എസ്.ഡി.പി. പ്രവര്‍ത്തകരായിരുന്നു. അതായത് വൈകുണ്ഠസ്വാമി ധര്‍മ പ്രചാരണ സഭയുടെ പ്രവര്‍ത്തകര്‍. ഈ മേഖലയിലെ ഒരു ശക്തി സ്രോതസ്സാണവര്‍. സെല്‍വരാജിന്റെ സപ്പോര്‍ട്ടിങ് ഫോഴ്‌സില്‍ മുഖ്യമായ ഒന്ന്.

പൊതുവെ ജനകീയ അംഗീകാരമുള്ള സെല്‍വരാജ് പാര്‍ട്ടിക്കകത്തെ വിഭാഗീയപ്പോരാട്ടത്തില്‍ മലപ്പുറം സമ്മേളനം വരെ വി.എസ്. ചേരിയിലായിരുന്നു. എന്നാല്‍ മലപ്പുറം സമ്മേളനത്തിനുശേഷം ആനാവൂര്‍ നാഗപ്പനും സെല്‍വരാജും ചേരിമാറി പിണറായി പക്ഷത്തെത്തി. സെല്‍വരാജിനെ പാര്‍ട്ടിയുടെ അവശ്യഘടകമാക്കി മാറ്റിയത് ജനകീയ പ്രവര്‍ത്തനവും നാടാര്‍ സഭയുമായുള്ള സുദൃഢബന്ധവുമാണ്. പാറശ്ശാലയിലും നെയ്യാറ്റിന്‍കരയിലും കാട്ടാക്കടയിലുമൊക്കെ നിലനില്‍ക്കുന്ന ജാതി സ്വാധീനത്തെ സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി പാകപ്പെടുത്തിയ പാചകക്കാരന്‍ എന്ന നിലയിലാണ് സെല്‍വരാജ് കരുത്തനായത്. പക്ഷേ, അവിടെ അദ്ദേഹത്തിന് ഒരു എതിരാളിയായി ആനാവൂര്‍ നാഗപ്പന്‍ വന്നുകയറി. പാര്‍ട്ടിയില്‍ എല്ലാ മേഖലയിലും ആനാവൂര്‍ നാഗപ്പനാണ് സ്വാധീനം. ഇവര്‍ തമ്മിലുള്ള കലഹം മൂര്‍ച്ഛിച്ച് സെല്‍വരാജ് രാജിവെക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

രാജിവെച്ച സെല്‍വരാജ് പറഞ്ഞത് തനിക്കും കുടുംബത്തിനും പാര്‍ട്ടിയില്‍ നിന്ന് പീഡനങ്ങള്‍ ഉണ്ടാവുന്നു. ഇത് സഹിക്കാവുന്നതിലേറെയായതുകൊണ്ട് രാജിവെക്കുന്നു എന്നാണ്. രാജി പാര്‍ട്ടിയില്‍ അമിതാധികാരം നേടിയ അഴിമതിക്കാര്‍ക്കെതിരെയുള്ള പോരാട്ടമാണെന്നും സെല്‍വരാജ് വ്യക്തമാക്കി. അതൊരു യുദ്ധമാണ്. തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടി നേതൃത്വം അധികാര ദല്ലാള്‍മാരുടെയും കച്ചവടക്കാരുടെയും അധോലോക മാഫിയകളുടെയും അധീനതയിലാണെന്ന് സെല്‍വരാജ് പറഞ്ഞു. മണീച്ചന്റെ പണം അവിടെ ഒഴുകി നടക്കുന്നു. ധനാഢ്യ സുഖാസക്തിയില്‍ അമര്‍ന്നുപോയ പാര്‍ട്ടി നേതൃത്വം ജനവിരുദ്ധരാണ്. അതിര്‍ത്തി ജില്ലകളില്‍ നടക്കുന്ന അഴിമതികളെ കാണാതെ സെല്‍വരാജിനെ ചര്‍ച്ചചെയ്യുന്നതില്‍ അര്‍ഥമില്ല. മതവും പണവും പലതരം രഹസ്യബന്ധങ്ങളിലൂടെ രാഷ്ട്രീയ നേതൃത്വത്തെ സ്വാധീനിക്കുമ്പോള്‍ അതിനെതിരെയുള്ള പോരാട്ടമാണ് കമ്യൂണിസ്റ്റുകാരന് നടത്താനുള്ളത്. അതിനവിടെ ആളില്ല. ഈ അന്തരീക്ഷം സെല്‍വരാജിന്റെ രാജിയെ പ്രത്യയശാസ്ത്ര പ്രശ്‌നമല്ലാതാക്കി മാറ്റുകയാണ്. അത് ആനാവൂര്‍ നാഗപ്പനും പാര്‍ട്ടി ജില്ലാക്കമ്മിറ്റിയും ഒരുഭാഗത്തുനിന്നുകൊണ്ട് സെല്‍വരാജിനെ നിരന്തരം മാനസിക സമ്മര്‍ദത്തിലെത്തിച്ച് രാജിവെക്കാന്‍ നിര്‍ബന്ധിച്ചു. പക്ഷേ, അപ്രതീക്ഷിതമായ മുഹൂര്‍ത്തത്തില്‍ രാജിവെച്ച് സെല്‍വരാജ് പാര്‍ട്ടിയെ ഞെട്ടിച്ചു. അതിനിര്‍ണായകമായ ഒരു രാഷ്ട്രീയ യുദ്ധവേളയാണ് സെല്‍വരാജ് രാജിക്കായി കണ്ടെത്തിയത്. പിറവം ഉപതിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഉണ്ടായിരുന്നു. അത് റദ്ദുചെയ്യാന്‍ സെല്‍വരാജിന്റെ രാജിക്ക് കഴിഞ്ഞു. പാര്‍ട്ടിയെ പ്രഹരിക്കാന്‍ ഇതിനെക്കാള്‍ നല്ല സമയം കിട്ടില്ല. മറ്റ് പലര്‍ക്കും പറ്റിയത്‌പോലെ നിസ്സഹായനായി പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകാന്‍ സെല്‍വരാജ് തയ്യാറല്ലായിരുന്നു. ശിഖരങ്ങള്‍ വെട്ടി ദുര്‍ബലപ്പെടുത്തി മൃതപ്രായമാക്കി പാര്‍ട്ടി പുറത്തെറിയുമ്പോള്‍ അവിടെനിന്ന് കുതറിത്തെറിക്കാനാണ് പലരും ശ്രമിച്ചിരുന്നത്. ഇവിടെ സെല്‍വരാജ് പാര്‍ട്ടിയെ അമ്പരപ്പിച്ചു.

ആദര്‍ശജീവിതത്തിന്റെ മാമരങ്ങളായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ വിളങ്ങിനിന്ന എം.വി. രാഘവനും കെ.ആര്‍ ഗൗരിയമ്മയും പാര്‍ട്ടി പുറത്താക്കിയപ്പോള്‍ വേറെ പാര്‍ട്ടിയുണ്ടാക്കി. അവര്‍ അതിനു തയ്യാറായത് അവര്‍ക്ക് ഭൂമിയില്‍ കാലുകുത്താന്‍ അവസരം നല്‍കില്ലെന്ന് സി.പി.എം. ശഠിച്ചതുകൊണ്ടായിരുന്നു. അവര്‍ക്ക് പുതിയ പാര്‍ട്ടി ഉണ്ടാക്കാന്‍ കഴിയുമായിരുന്ന ജനസ്വാധീനം കേരളത്തിലുടനീളമുണ്ടായിരുന്നു. അവരെപ്പോലുള്ള വന്‍മരങ്ങളുടെ കാലം കഴിഞ്ഞു. ഇനി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പുറത്താക്കുന്നവര്‍ക്ക് പ്രാദേശികക്കൂട്ടായ്മകള്‍ ഉണ്ടാക്കാനേ കഴിയൂ. അതുകൊണ്ടാണ് സെല്‍വരാജ് ജനകീയ വികസന സമിതി എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. അത് ഉദ്ഘാടനം ചെയ്ത എം.ആര്‍. മുരളി ഷൊറണൂരില്‍ ഇതേ കൂട്ടായ്മയുടെ നേതാവാണ്. പാര്‍ട്ടിയോട് പോരാടാന്‍ എം.ആര്‍. മുരളിയും എം.വി. രാഘവനും കെ.ആര്‍. ഗൗരിയമ്മയും തിരഞ്ഞെടുത്ത യുക്തി ശരിയാണെങ്കിലും അവര്‍ തങ്ങളുടെ തന്നെ രാഷ്ട്രീയ ഒസ്യത്തിനെ തിരസ്‌കരിക്കുകയായിരുന്നു. മനുഷ്യനെ കണ്ടെത്താനുള്ള മഹത്തായ തീര്‍ഥാടനമായി മനുഷ്യജന്മത്തെ കണ്ട എം.വി. രാഘവനും കെ.ആര്‍. ഗൗരിയമ്മയും ത്യാഗനിര്‍ഭരമായ ഒരു ജീവിതത്തിന്റെ ലെഗസിയെ പണയപ്പെടുത്തി യു.ഡി.എഫിന്റെ കൂടെ നില്‍ക്കേണ്ട രാഷ്ട്രീയ ഭിക്ഷാംദേഹിത്വം നിര്‍മിക്കുകയായിരുന്നു. കുറച്ചു മാസങ്ങള്‍ക്കുശേഷം നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ അവിടത്തെ വര്‍ഗീയതയും യു.ഡി.എഫിന്റെ രാഷ്ട്രീയരക്തവും ഒരുമിച്ചൊഴുകി സെല്‍വരാജിനെ തിരഞ്ഞെടുപ്പ് വിജയിയാക്കുമ്പോള്‍ വിചാരണ ചെയ്യപ്പെടുന്നത് മാര്‍ക്‌സിസത്തിന്റെ പ്രായോഗിക പാഠങ്ങളായിരിക്കും.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അതിലെ അംഗങ്ങളുടെ രാഷ്ട്രീയ സംസ്‌കാരത്തെ എങ്ങനെ നിര്‍മിക്കുന്നു? അമ്പതുവര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാലും മാര്‍ക്‌സിസ്റ്റ് സംസ്‌കാരം മനുഷ്യനില്‍ നിര്‍മിക്കപ്പെടുന്നില്ലെങ്കില്‍ അതെന്തൊരു പാര്‍ട്ടി പ്രവര്‍ത്തനമാണ്? പാര്‍ട്ടിയിലുള്ള നേതാക്കളെയും അനുയായികളെയും നിരന്തരം പീഡിപ്പിച്ചു പുറത്താക്കുന്നതുകൊണ്ട് പാര്‍ട്ടി നേടുന്നതെന്താണ്? അഹങ്കാരികളും അഴിമതിക്കാരുമായ കൗശലക്കാര്‍ പാര്‍ട്ടിയുടെ പീഡനങ്ങളില്‍ നിന്ന് വഴുതി മാറി അവസരോചിതമായി സ്ഥാനമാനങ്ങള്‍ സ്വന്തമാക്കുമ്പോള്‍ അതിന് വഴങ്ങാന്‍ പറ്റാത്തവര്‍ പുറത്തെറിയപ്പെടുന്നു. ഇത് തുടരുമ്പോള്‍ സി.പി.എമ്മിന്റെ ഉള്ളടക്കത്തിന് എന്തു സംഭവിക്കും? സെല്‍വരാജന്മാര്‍ ഉണ്ടാവുന്നത് എന്തുകൊണ്ട്? പാര്‍ട്ടിയുടെ ഏറ്റവും വിപണിമൂല്യമുള്ള ചോദ്യമാണത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment