ചെറുപുഴ: കൂടുതല്‍ സ്വത്ത് ആവശ്യപ്പെട്ട് രോഗികളായ മാതാപിതാക്കളെ മക്കള്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. ചെറുപുഴക്കടുത്ത് അരിയിരിത്തിപൊങ്കന്‍ സ്വദേശികളായ വെളിയം കുന്നേല്‍ ഡൊമനിക്(78), ഭാര്യ ഏലിക്കുട്ടി എന്നിവരെയാണു മക്കളായ ജോണ്‍സണ്‍, സുനില്‍ എന്നിവര്‍ ചേര്‍ന്നു വീട്ടില്‍നിന്ന് കഴിഞ്ഞദിവസം ഇറക്കിവിട്ടത്. സ്വത്തിന്റെ പേരില്‍ ജോണ്‍സണും സുനിലും തങ്ങള്‍ക്കെതിരേ ഭീഷണി മുഴക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തുവെന്നു വൃദ്ധദമ്പതികള്‍ പറയുന്നു. കഴിഞ്ഞ മാസം ഒമ്പതിനു സുനില്‍ ഇരുമ്പുപാര കൊണ്ട് പിതാവ് ഡൊമനിക്കിന്റെ കൈ തല്ലിയൊടിക്കുകയും തലയ്‌ക്കു മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്‌തെന്ന കേസില്‍ ചിറ്റാരിക്കല്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തിവരികയാണ്. ഇതിനു പിന്നാലെയാണ് ജോണ്‍സണും സുനിലും ചേര്‍ന്നു തങ്ങളെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പാരാതി നല്‍കിയത്. സുനിലും ജോണ്‍സണും കഴിഞ്ഞയാഴ്‌ച വീട്ടിലെത്തി വീടിന്റെ ഒരു ഭാഗം തകര്‍ത്ത ശേഷം ഭീഷണിപ്പെടുത്തിയതായും രോഗികളായ മാതാപിതാക്കള്‍ വെള്ളരിക്കുണ്ട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഇവര്‍ക്കു കൂടുതല്‍ സ്വത്ത് വേണമെന്നു പറഞ്ഞാണു ഭീഷണി. പോലീസില്‍ പരാതി നല്‍കിയതിന്റെ പേരില്‍ വാടകഗുണ്ടകളെയും കൂട്ടിയാണു സുനിലും ജോണ്‍സണും വന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വൃദ്ധരായ ഇവര്‍ക്കു മൂന്ന് ആണ്‍മക്കളും ഒരു മകളുമാണ്. ഇവര്‍ക്ക് സ്വത്തുവിഹിതം നേരത്തെ നല്‍കിയിരുന്നു. ബാക്കിയുള്ള ഒരേക്കര്‍ 88 സെന്റ് സ്‌ഥലത്താണു വൃദ്ധരായ മാതാപിതാക്കള്‍ താമസിക്കുന്നത്. വീട്ടില്‍ നിന്നു പുറത്താക്കപ്പെട്ട വൃദ്ധദമ്പതികള്‍ ചിറ്റാരിക്കലില്‍ താമസിക്കുന്ന ഇളയമകന്‍ സന്തോഷിനോടൊപ്പമാണു സി.ഐക്കു പരാതി നല്‍കാനെത്തിയത്. സ്വന്തം വീട്ടിലേക്കു തിരിച്ചുപോകാന്‍ സാഹചര്യമൊരുക്കണമെന്നും മക്കളുടെ ഭീഷണിയില്‍ നിന്നു സുരക്ഷ നല്‍കണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു. |
No comments:
Post a Comment