Sunday, 5 February 2012

[www.keralites.net] മാദ്ധ്യമ സിണ്ടിക്കേറ്റും മാദ്ധ്യമ രാഷ്ട്രീയവും

 

ബി.ആർ.പി. ഭാസ്കർ

ഒരുകാലത്ത് ഒരു കൂട്ടായ്മയെ പരാമർശിക്കാൻ ഇംഗ്ലീഷ് ഭാഷയിൽ ഉപയോഗിച്ചിരുന്ന നിർദ്ദോഷപരമായ വാക്കാണ് സിണ്ടിക്കേറ്റ്. പിന്നീട് അത് ദു:സൂചനയുള്ള പദമായി. കോൺഗ്രസ് പാർട്ടിയിൽ ഇന്ദിരാ ഗാന്ധിക്കെതിരെ ശക്തരായ പ്രാദേശിക നേതാക്കളുടെ നിര ഉയർന്നുവന്നപ്പോൾ അവരെ പരാമർശിക്കാൻ മാദ്ധ്യമങ്ങൾ ഈ വാക്ക് വ്യാപകമായി ഉപയോഗിക്കുകയുണ്ടായി. കേരളത്തിൽ സി.പി.എമ്മിനെ തകർക്കാൻ ഒരു മാദ്ധ്യമ സിണ്ടിക്കേറ്റ് പ്രവർത്തിക്കുന്നുവെന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തോടെയാണ് ആ പദപ്രയോഗമുണ്ടായത്. അതു സംബന്ധിച്ച വാദപ്രതിവാദങ്ങൾ നടക്കുന്ന കാലത്ത് അങ്ങനെയൊരു സംഘടിത സിണ്ടിക്കേറ്റ് പ്രവർത്തനം നടക്കുന്നതായി വിശ്വസിക്കുന്നില്ലെന്ന അഭിപ്രായം ഞാൻ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴും ആ അഭിപ്രായം തന്നെയാണ് എനിക്കുള്ളത്.

അതേസമയം മാദ്ധ്യമങ്ങളിൽ മാർക്സിസ്റ്റ്വിരുദ്ധത നിലനിൽക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അതൊരു പുതിയ കാര്യവുമല്ല. അമ്പതിൽ‌പരം കൊല്ലം മുമ്പ് ആദ്യമായി കേരളത്തിൽ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഒരു മലയാളപത്രം മാത്രമാണ് അതിന് അനുകൂലമായ നിലപാട് എടുത്തത്. ഇപ്പോൾ സി.പി.എം അധികാര രാഷ്ട്രീയത്തിൽ ഉറച്ച സ്ഥാനമുള്ള കക്ഷിയാണ്. കോൺഗ്രസും സി.പി.എമ്മും നയിക്കുന്ന മുന്നണികൾ മാറിമാറി അധികാരത്തിൽ വരുന്നു. നേരിയ വ്യത്യാസത്തിലാണ് ജയപരാജയങ്ങൾ നിശ്ചയിക്കപ്പെടുന്നത്. അപ്പോൾ ഒരു വലിയ ജനവിഭാഗം സി.പി.എമ്മിനോടൊപ്പമാണെന്ന വസ്തുത വിപണിയിൽ മത്സരിക്കുന്ന മാദ്ധ്യമങ്ങൾക്ക് അവഗണിക്കാനാവില്ല. അതുകൊണ്ടാണ് വലിയ പത്രം ആഴ്ചതോറും പംക്തിയെഴുതാൻ ആറു പേരെ നിശ്ചയിക്കുമ്പോൾ ഒരു ദിവസം ഒരു സി.പി.എം.കാരന് ഉറപ്പായും നൽകുന്നത്.

മാദ്ധ്യമങ്ങളിൽ നിലനിൽക്കുന്ന മാർക്സിസ്റ്റ്വിരുദ്ധതയെ സി.പി.എമ്മുമായി ബന്ധപ്പെട്ടു കാണേണ്ടതില്ല. അടിസ്ഥാനപരമായി അത് മാദ്ധ്യമസ്ഥാപനങ്ങളുടെ മുതലാളിത്തപരമായ ഘടനയുമായി ബന്ധപ്പെട്ടതാണ്. ഇന്ന് മാദ്ധ്യമങ്ങൾ വ്യവസായങ്ങളാണ്. വ്യക്തികളുടെയൊ കുടുംബങ്ങളുടെയൊ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾപോലും കോർപ്പൊറേറ്റ് ചട്ടക്കൂട്ടിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഭാഷാ പത്രങ്ങളുടെ വളർച്ച വിശദമായി പഠിച്ച പ്രൊഫസർ റോബിൻ ജെഫ്രിയുടെ India's Newspaper Revolution എന്ന പുസ്തകത്തിൽ -- ഇത് "ഇന്ത്യയിലെ പത്രവിപ്ലവം" എന്ന പേരിൽ മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്— പത്രങ്ങളുടെ വളർച്ചയും മുതലാളിത്തത്തിന്റെ വികാസവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യുന്നുണ്ട്. നിരവധി മാദ്ധ്യമ സ്ഥാപനങ്ങൾ നടത്തുന്ന കക്ഷിയാണ് സി.പി.എം. അതും ഈ ആവശ്യത്തിനായി മുതലാളിത്ത ചട്ടക്കൂടാണ് സ്വീകരിച്ചിട്ടുള്ളത്. കോർപ്പൊറേറ്റ് സംവിധാനത്തിൽ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വർഗ്ഗവൈരുദ്ധ്യമുണ്ടാകും. ജീവനക്കാർ പാർട്ടിബന്ധമുള്ളവരാകയാൽ പാർട്ടിയുടെ സ്ഥാപനങ്ങളിൽ ഇത് പ്രകടമാകാറില്ല. പാർട്ടി ബന്ധം ഇല്ലാതാകുമ്പോൾ അത് പ്രകടമാകും. സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം പത്രപ്രവർത്തകൻ എന്ന നിലയിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കായി അപ്പുക്കുട്ടൻ വള്ളിക്കുന്ന് നിയമ നടപടി സ്വീകരിച്ചത് ഇതിന് തെളിവാണ്.

മാദ്ധ്യമങ്ങൾക്ക് രാഷ്ട്രീയമുണ്ട്. ഇന്ത്യയിൽ നിലനിൽക്കുന്ന മാദ്ധ്യമ സ്വാതന്ത്ര്യം പൌരന്റെ ആവിഷ്കാര-അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെ ഭാഗമാണ്. അപ്പോൾ ഒരു പൌരനെന്നപോലെ ഒരു മാദ്ധ്യമ സ്ഥാപനത്തിനും സ്വന്തമായ രാഷ്ട്രീയ ചിന്താഗതി വെച്ചുപുലർത്താനും അത് പ്രചരിപ്പിക്കാനും അവകാശമുണ്ട്. സ്വന്തം രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാനായി മാദ്ധ്യമങ്ങൾ നടത്തുന്ന ഒരു രാഷ്ട്രീയ കക്ഷിക്ക് ഇത് മനസിലാക്കാൻ കഴിയേണ്ടതാണ്. മാദ്ധ്യമങ്ങളുടെ രാഷ്ട്രീയം നിഷിദ്ധമായി തോന്നുന്നത് രാഷ്ട്രീയം എന്നത് രാഷ്ട്രീയ കക്ഷികൾക്ക് മാത്രം അവകാശപ്പെട്ട മേഖലയാണെന്ന തെറ്റിദ്ധാരണ മൂലമാണ്.

മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കും അവരുടേതായ രാഷ്ട്രീയമുള്ളപ്പോഴും തൊഴിൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ബാധ്യതയുണ്ട്. അതിന്റെ ഭാഗമായി വസ്തുതകളെ മാനിക്കാൻ അവർക്കാകണം. ഇവിടെ സത്യം എന്ന വാക്ക് ഉപയോഗിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്താണ് സത്യം എന്നത് വളരെക്കാലമായി മനുഷ്യരാശിയുടെ മുന്നിലുള്ള ഒരു വലിയ ചോദ്യമാണ്. അതിനുള്ള ഉത്തരം അന്വേഷിച്ച ചിലർ ഒടുവിലെത്തിച്ചേർന്ന നിഗമനം പരമമായ സത്യം ഒന്നേയുള്ളു അത് ദൈവമാണ് എന്നാണ്. അത്തരം സത്യാന്വേഷണം ദൈനദിന മാദ്ധ്യമപ്രവർത്തനത്തിന്റെ പരിധിയിൽ പെടുന്നില്ല. അവർക്ക് ചെയ്യാവുന്നത് വസ്തുതകൾ ശേഖരിച്ച് അവതരിപ്പിക്കുക മാത്രമാണ്.

കേരളത്തിൽ, വ്യക്തികൾക്കെന്നപോലെ,മാദ്ധ്യമൾക്കും രാഷ്ട്രീയ കക്ഷികൾക്കും ജാതിയും മതവുമൊക്കെയുണ്ട്. സ്വാഭാവികമായും ജാതിമതബന്ധങ്ങളുള്ള മാദ്ധ്യമങ്ങളുടെ രാഷ്ട്രീയത്തിൽ അതിന്റെ പ്രതിഫലനമുണ്ടാകും.

ആധുനിക സാങ്കേതികവിദ്യ മാദ്ധ്യമപ്രവർത്തനത്തിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. മാറ്റങ്ങൾ അനിവാര്യമാണ്. നാം ബോധപൂർവ്വം ശ്രമിച്ചാലും ഇല്ലെങ്കിലും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. എല്ലാ മാറ്റങ്ങളും നല്ലതാവണമെന്നില്ല. നമുക്ക് ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും നല്ലവയെ പ്രോത്സാഹിപ്പിക്കുകയും നല്ലതല്ലാത്തവയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാൻ നമുക്കാകണം. എല്ലാ മാറ്റങ്ങൾക്കിടയിലും മാറ്റം കൂടാതെ നിലനിൽക്കേണ്ട തൊഴിൽ മൂല്യങ്ങളുണ്ട്. അതിലൊന്നാണ് വസ്തുതകളെ മാനിക്കുകയെന്നത്.

(കോട്ടയത്ത് നടക്കുന്ന ഇരുപത്തിയെട്ടാമത് ദർശന പുസ്തക പ്രദർശനത്തിന്റെ ഭാഗമായി ഫെബ്രുവരി 3ന് സംഘടിപ്പിക്കപ്പെട്ട മാദ്ധ്യമ സെമിനാർ ഉത്ഘാടനം ചെയ്തുകൊണ്ട് ചെയ്ത പ്രസംഗത്തിന്റെ ഏകദേശരൂപം)

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a comment