നിഷ്‌കളങ്കതയുടെ അന്ത്യം
മുരളി തുമ്മാരുകുടി
'പിള്ള മനസ്സില്‍ കള്ളമില്ല' എന്ന് മലയാളത്തില്‍ ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ കുട്ടികള്‍ പൊതുവെ നിഷ്‌കളങ്കരാണ്. നിഷ്‌കളങ്കതയെ വര്‍ണിക്കാനും ചിത്രീകരിക്കാനും കുട്ടികളെയാണല്ലേ ഉപയോഗിക്കാറ്.
പക്ഷെ കുട്ടികള്‍ വളരുന്നതോടെ ആ നിഷ്‌കളങ്കത കുറഞ്ഞുവരും. പിള്ള മനസ്സില്‍ കള്ളങ്ങള്‍ പതുക്കെ കയറിതുടങ്ങും. അതാണ് നല്ലതും. നിഷ്‌കളങ്കരായി അച്ഛനും അമ്മയും അധ്യാപകരും പറയുന്നതെല്ലാം അക്ഷരം പ്രതി അനുസരിക്കുന്ന കുട്ടിയുടെ നില എന്താവുമെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സെക്‌സ് എജ്യുക്കേഷനെപ്പറ്റി ഒന്നും പഠിപ്പിക്കാത്ത നമ്മുടെ സമൂഹത്തില്‍ സെക്‌സ് പുസ്തകത്തില്‍ വായിക്കുന്നതോ സിനിമകള്‍ കാണുന്നതോ ഇന്റര്‍നെറ്റ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതോ ഒക്കെ കുറ്റവും പാപവും ആയി കുട്ടികളെ പറഞ്ഞു മനസ്സിലാക്കിയിരിക്കുന്നു. അതെല്ലാം അക്ഷരം പ്രതി അനുസരിക്കുന്ന ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ടെങ്കില്‍ വിവാഹശേഷം അവര്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കില്ലേ ?
ഇതൊരതിശയോക്തിയായി നിങ്ങള്‍ക്കു തോന്നാം. കാരണം സമൂഹവും മാതാപിതാക്കളും കള്ളം ഒന്നും പാടില്ലെന്നു പറഞ്ഞിട്ടും അത്യാവശ്യം കള്ളപ്പണികാണിച്ചവര്‍ ആണ് നമ്മള്‍ എല്ലാവരും. പക്ഷെ ഫ്രഞ്ച് രാജകൊട്ടാരത്തില്‍ ആയമാരുടെയും മറ്റുള്ളവരുടെയും കൃത്യമായ ശാസനയിലും മേല്‍നോട്ടത്തിലും വളര്‍ന്ന ഒരു രാജകുമാരന്‍ (പില്‍ക്കാലത്ത് ലൂയി പതിനാറാമന്‍ രാജാവ്) കല്യാണം കഴിച്ച് കുറേനാളായിട്ടും കുട്ടികള്‍ ഉണ്ടാകാതിരുന്നത് അന്വേഷിച്ചപ്പോള്‍ സമ്പൂര്‍ണ്ണ ലൈംഗിക അജ്ഞാനമായിരുന്നു അതിനു കാരണം എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഭാഗ്യത്തിന് നമ്മുടെ ഭൂരിഭാഗം പേരുടെ കാര്യത്തിലും അജ്ഞാനം ഉണ്ടായിരുന്നു എങ്കിലും അത്ര 'സമ്പൂര്‍ണ്ണം' അല്ലായിരുന്നു. അല്പം കളവുകാണിച്ചതിനു നന്ദിപറയുക.
ഏതു പ്രായത്തില്‍ ആണ് കുട്ടികള്‍ നിഷ്‌കളങ്കത മാറി അല്പം കള്ളന്മാരാകുന്നത്, പറയാന്‍ ബുദ്ധിമുട്ടാണ്. വളരുന്ന സാഹചര്യം അനുസരിച്ചും മാതാപിതാക്കളുടെ സ്വഭാവം, കൂട്ടുകെട്ട് എല്ലാം അനുസരിച്ചു ഇരിക്കും ഇത്.
എന്റെ കാര്യത്തില്‍ ഞാന്‍ നിഷ്‌കളങ്കനല്ല എന്ന് സമൂഹത്തിന് വളരെ മുമ്പുതന്നെ ബോധ്യം വന്നു. കൃത്യമായി പറഞ്ഞാല്‍ ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍. എനിക്കത് സ്വയം ബോധ്യം വരാന്‍ കുറേനാള്‍ കൂടി എടുത്തു. അതു പോട്ടെ. എന്റെ വല്യച്ഛന്‍ ഒരു ജോത്സ്യന്‍ ആയിരുന്നു എന്നു പറഞ്ഞിട്ടുണ്ടല്ലോ. ദിവസവും അനവധി ആളുകള്‍ വല്യച്ഛനെ കാണാനും പ്രശ്‌നം വക്കാനും ഒക്കെയായി വരാറുണ്ട്. അതുപോയി നോക്കിയിരിക്കുക എന്നത് എന്റെ ഒരു വിനോദമായിരുന്നു. പില്‍ക്കാലത്ത് ഒരു ജോത്സ്യന്‍ ആകണമെന്ന് എനിക്ക് ചെറിയ ആഗ്രഹവും ഉണ്ടായിരുന്നു.
എന്റെ കൊച്ചച്ഛന്‍ ആര്‍മിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ഒരു പട്ടാളക്കാരനും പില്‍ക്കാലത്ത് ഒരു തയ്യല്‍ക്കാരനും ആയിരുന്നു. വല്യച്ഛന്റെ വര്‍ദ്ധിച്ചുവരുന്ന പ്രസിദ്ധിയും പ്രാക്ടീസുംകൊണ്ടോ എന്തോ ഒരു നാള്‍ കൊച്ചച്ഛന്‍ ജ്യോതിഷത്തിന്റെ പുവര്‍ കസിന്‍ ആയ 'മഷിനോട്ടം' തുടങ്ങി. (അപ്പൊ ആളെപ്പറ്റിക്കുന്ന പണി സാറിന്റെ മൊത്തം ഫാമിലിയില്‍ ഉണ്ടല്ലേ ! )
നായര്‍ കുടുംബം ആയതിനാല്‍ ഞങ്ങള്‍ അമ്മയുടെ വീട്ടിലാണ് താമസിക്കുന്നത്. അവധിക്കും അമ്പലത്തിലെ ഉത്സവത്തിനും ആണ് ഞങ്ങള്‍ അച്ഛന്റെ വീട്ടില്‍ പോകാറുള്ളത്. എന്നാല്‍ ഇടക്ക് അച്ഛന്‍ അച്ഛന്റെ വീട്ടില്‍ പോയി വരുമ്പോള്‍ അവിടുത്തെ പുതിയ വിശേഷങ്ങള്‍ എല്ലാം പറയും. അങ്ങനെ ഒരു ദിവസം അച്ഛന്‍ വീട്ടില്‍ വന്നപ്പോള്‍ മഷിനോട്ടത്തിന്റെ കാര്യം പറഞ്ഞു.
'അളിയന്‍ ഇപ്പോള്‍ തയ്യല്‍ പണി എല്ലാം നിര്‍ത്തി മഷിനോട്ടം ആണ്. നല്ല ഡിമാന്റും ഉണ്ട്'.(എന്റെ കൊച്ചച്ഛന്‍ എന്നാല്‍ അമ്മായിയുടെ ഭര്‍ത്താവാണ്).
'എന്താ അച്ഛാ ഈ മഷിനോട്ടം?' ഞാന്‍ നിഷ്‌കളങ്കമായി ചോദിച്ചു.
'ഭൂതവും ഭാവിയുമെല്ലാം ഒരു മാന്ത്രികമഷിയില്‍ നോക്കി കണ്ടുപിടിക്കുന്ന വിദ്യയാണത്'. അച്ഛന്‍ പറഞ്ഞു. ആ വര്‍ഷം അച്ഛന്റെ വീട്ടില്‍ പോകാന്‍ എനിക്ക് പതിവില്‍ കൂടുതല്‍ തിരക്കായി.
ഏപ്രില്‍ മാസത്തിലാണ് ഞങ്ങള്‍ അച്ഛന്റെ വീട്ടില്‍ പോകുന്നത്. അച്ഛന്റെ തറവാട്ടില്‍ ആണ് കൊച്ചച്ഛന്‍ താമസിക്കുന്നത്. വല്യച്ഛന്‍ അടുത്ത് പുതിയ വീട്ടിലും. സാധാരണ ഞാന്‍ ചെന്നാല്‍ വല്യച്ഛന്റെ ജ്യോതിഷവും നോക്കി കുറേസമയം ഇരിക്കും. ഈ തവണ പക്ഷെ ഞാന്‍ ചെന്ന വഴി കരോട്ടേക്ക് (മുകളിലെ വീട്) ഓടി.
വീടിന്റെ വലിയ ഇറയത്ത് താടിയൊക്കെ നീട്ടി കൊച്ചച്ഛന്‍ ഇരിക്കുന്നു. കൂടെ ഞാന്‍ അറിയാത്ത ഒരാളും ഉണ്ട്. എന്നെക്കണ്ടതും കൊച്ചച്ഛന് പതിവില്‍ കൂടുതല്‍ സന്തോഷമായി.
'ഇവന്‍ മതി' കൊച്ചച്ഛന്‍ പറഞ്ഞു. എന്താണെന്ന് എനിക്ക് മനസ്സിലായില്ല.
കൊച്ചച്ഛന്‍ മുറിക്കകത്തുപോയി ഒരു കവടി പിഞ്ഞാണം എടുത്ത് കൊണ്ടുവന്നു. എന്നിട്ട് പ്രാര്‍ത്ഥനയോടെ ഒരു ചെറിയ കുപ്പിയില്‍ നിന്നും കറുത്ത ഒരു മഷി തൂവല്‍ കൊണ്ട് അതിലാകെ പുരട്ടി. പിന്നെ എന്നേയും അവിടെയുണ്ടായിരുന്ന കക്ഷിയേയും കൂട്ടി അകത്തേക്ക് പോയി. സംഭവം പിന്നീട് ആണ് ആരോ എനിക്ക് പറഞ്ഞുതന്നത്. വന്നിരിക്കുന്ന കക്ഷിയുടെ കറവ പശുവിനെ രണ്ടു ദിവസമായി കാണാനില്ല. അത് എവിടെ പോയി, അല്ലെങ്കില്‍ ആര് അതിനെ കൊണ്ടുപോയി എന്നാണ് കക്ഷിക്ക് അറിയേണ്ടത്.
മഷി നോക്കുന്നത് കൊച്ചച്ഛന്‍ നേരിട്ടല്ല. ഒരു നിഷ്‌കളങ്കനായ കുട്ടിയാണ് മഷി നോക്കി വിവരിക്കുന്നത്. ഇന്നത്തെ നിഷ്‌കളങ്കന്‍ ഞാനാണ്.
മുറിയുടെ വാതില്‍ അടഞ്ഞു. അകത്ത് ഞാനും കൊച്ചച്ഛനും കക്ഷിയും മാത്രം. ഒരു നിലവിളക്കും. പുറത്ത് എന്റെ സഹോദരങ്ങളും, പിന്നെ അവധിക്കാലം ആയതിനാല്‍ ആരൊക്കെയോ ഉണ്ട്. മുറിയില്‍ ചെറിയ വെളിച്ചമേ ഉള്ളൂ.
'നല്ലപോലെ ദൈവത്തെ ഓര്‍ത്ത് ആ മഷിപുരട്ടിയിരിക്കുന്ന ഭാഗത്ത് നോക്കിയിരിക്കൂ' കൊച്ചച്ഛന്‍ ഉപദേശിച്ചു. 'എന്തെങ്കിലും കണ്ടാല്‍ പറയണം.'
ഞാന്‍ ദൈവത്തെ നല്ലപോലെ ധ്യാനിച്ച് ഏകാഗ്രമായി പിഞ്ഞാണത്തില്‍ നോക്കിയിരുന്നു.
'എന്തെങ്കിലും കാണുന്നുണ്ടോ?' കൊച്ചച്ഛന്റെ ചോദ്യം
'ഇല്ല കൊച്ചച്ചാ'
'സാരോല്യ മോനേ പുതിയതല്ലേ, ഏതെങ്കിലും സ്ഥലമോ ആളുകളെയോ ഒക്കെ കണ്ടാല്‍ പറയണം.'
പിന്നെയും ഏതാനും മിനുട്ടു കഴിഞ്ഞു
'എന്തെങ്കിലും കാണുന്നുണ്ടോ' കൊച്ചച്ഛന്‍ വീണ്ടും
'ഇല്ല'
'നീ എന്തുവിചാരിച്ച് ഇരിക്കുകയാണ്.' കൊച്ചച്ഛന്‍ അക്ഷമനാവാന്‍ തുടങ്ങി.
എനിക്ക് സങ്കടം വരാന്‍ തുടങ്ങി. എനിക്ക് ഒന്നും കാണാന്‍ കഴിയുന്നില്ല.
എന്റെ കഷ്ടകാലത്തിനും കൊച്ചച്ഛന്റെ നല്ലകാലത്തിനും ആ സമയത്തിന് അനന്തന്‍ ചേട്ടന്‍ അവിടേക്ക് വന്നു. എന്നേക്കാള്‍ ആറുമാസം മാത്രം മൂപ്പുള്ള എന്റെ അമ്മായിയുടെ മകളുടെ മകനാണ് അനന്തന്‍ ചേട്ടന്‍. കൊച്ചച്ഛന്റെ തൊട്ടടുത്ത വീട്ടില്‍ ആണ് താമസം. സാധാരണ ഏതു കക്ഷി വന്നാലും സ്ഥിരം എത്തുന്ന നിഷ്‌കളങ്കന്‍ ആണ് അദ്ദേഹം. അന്ന് ചേട്ടന്‍ കടയില്‍ എന്തോ മേടിക്കാന്‍ പോയതിനാലാണ് പുതിയ നിഷ്‌കളങ്കനെ വേണ്ടി വന്നത്. ഏതാണെങ്കിലും തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ കക്ഷി വന്നിട്ടുണ്ടെന്നറിഞ്ഞ് ഓടിയെത്തിയതാണ്.
'അനന്തന്‍ വന്നോ, നന്നായി' കൊച്ചച്ഛന് ആശ്വാസമായി.
കവിടി പിഞ്ഞാണം എന്റെ കയ്യില്‍ നിന്നും വാങ്ങി ചേട്ടനുകൊടുത്തു. എനിക്ക് നിരാശയായി. എങ്കിലും മഷിനോട്ടം കാണാനുള്ള ആകാംക്ഷകൊണ്ട് അത് അത്രതോന്നിയില്ല.
ചേട്ടന്‍ പാത്രത്തില്‍ നോക്കി ഒരു മിനുട്ടായില്ല
'മുത്തച്ഛാ, അതാ ഒരു പോലീസുകാരന്‍' ചേട്ടന്‍ പറഞ്ഞു.
'പോലീസുകാരനോട് പശു എവിടെ പോയി എന്നു ചോദിക്ക്'
'മുത്തച്ഛാ, പശു ഒരു റോഡില്‍ ചായക്കടയുടെ മുന്നിലാണ്'
'അതാ പങ്കന്‍നായരുടെ കടയായിരിക്കും' കക്ഷി പറഞ്ഞു.
'പശുവിന്റെ കൂടെ ആരെങ്കിലും ഉണ്ടോ?' കൊച്ചച്ഛന്റെ ചോദ്യം
'ഒരാളുണ്ട്, ചുവന്ന ലുങ്കിയാണ്. പക്ഷെ മുഖം എനിക്ക് കാണാന്‍ വയ്യ.' അനന്തന്‍ ചേട്ടന്‍ പറഞ്ഞു.
'എന്നാല്‍ പശു എങ്ങോട്ടാണ് പോയത് എന്ന് നോക്കൂ' കൊച്ചച്ഛന്റെ നിര്‍ദേശം
'മുത്തച്ഛാ, അവിടെ കുഞ്ചാട്ടുകരസ്‌കൂള്‍ '
'അതു ശരി അപ്പോ കള്ളന്‍ കിഴക്കമ്പലത്തേക്കാണ് അതിനെ കൊണ്ടുപോയത്'
കക്ഷി പറഞ്ഞു.
'ആ കള്ളന്റെ തലേല്‍ ഒരു കെട്ടുണ്ടോന്നു നോക്കിയേ പിള്ളേ?' കക്ഷി അനന്തന്‍ ചേട്ടനോട് നേരിട്ടായി പ്രശ്‌നം
'ഒരു വട്ടക്കെട്ട് കെട്ടിയിട്ടുണ്ട്' അനന്തന്‍ ചേട്ടന്‍ നേര്‍ മുമ്പില്‍ കാണുന്ന പോലെ പറഞ്ഞു
'അതാ പരമു തന്നെ ആണ്. അവനെ എനിക്ക് പണ്ടേ സംശയം ഉള്ളതാണ്. ആട്ടേ പിള്ളേ ഇപ്പോ പശു എവിടെ ഉണ്ട്?'
'മുത്തച്ഛാ ഞാന്‍ ഒന്നും കാണുന്നില്ല'
അനന്തന്‍ ചേട്ടനും പരിമിതികള്‍ ഉണ്ട്.
'എന്നാല്‍ പോലീസുകാരനോടുപോയിട്ട് ഇന്‍സ്‌പെക്ടറോടു വരാന്‍ പറയൂ' കൊച്ചച്ഛന്റെ ആജ്ഞ.
'കൊറേ പശുക്കളുണ്ട് മുത്തച്ഛാ, പശു ഇപ്പം വേരൊരാളുടെ അടുത്താണ്' അനന്തന്‍ ചേട്ടന്‍ വീണ്ടും ഉഷാര്‍.
'അപ്പൊ പരമു അതിനെ പെരുമ്പാവൂര്‍ ചന്തയില്‍ കൊണ്ടുപോയി വിറ്റു.' 'ഞാന്‍ അവനെ ഒന്നു കാണട്ടെ. പോലീസുകാരുടെ രണ്ടിടി കൊള്ളുമ്പോ അവന്‍ സത്യം പറയും' കക്ഷി എഴുന്നേറ്റു.
'ഏതാണെങ്കിലും അറക്കാന്‍ കൊടുക്കാത്തതുകൊണ്ട് പശുവിനെ കിട്ടും,' കൊച്ചച്ഛനും എഴുന്നേറ്റു.
'ഞാന്‍ എന്താ കുഞ്ചുപിള്ളേ തരേണ്ടത്?' കക്ഷി ചോദിച്ചു.
'ഞാന്‍ അങ്ങനെ ഒന്നും വാങ്ങാറില്ല. സത്യത്തില്‍ കാശിനുവേണ്ടിയല്ല ഞാന്‍ ഇതു ചെയ്യുന്നത്. നമ്മുടെ ഒരു ശാസ്ത്രമാണല്ലോ അന്യാധീനപ്പെട്ടു പോകേണ്ടല്ലോ എന്നു കരുതി. ഇനി എന്തെങ്കിലും തരണമെന്നുണ്ടെങ്കില്‍ ആ വിളക്കിനു താഴെ വച്ചേരേ.'
കക്ഷി അഞ്ചോ പത്തോ രൂപ തൊഴുത് വിളക്കിന്റെ കീഴെ വെച്ചു. അമ്പതുപൈസ എടുത്ത് അനന്തന്‍ ചേട്ടനും കൊടുത്തു. പിന്നെ ചേട്ടന്റെ മുഖത്ത് സ്‌നേഹപൂര്‍വം തലോടി.
എനിക്ക് പൈസയോ, സ്‌നേഹമോ, തലോടലോ കിട്ടിയില്ല. ചേട്ടന്‍ പൈസയുമായി മുട്ടായി മേടിക്കാന്‍ ഓടി.
അന്നു വൈകീട്ട് കൊച്ചച്ഛന്‍ അച്ഛനോട് പറഞ്ഞു 'മുരളിയുടെ കൂട്ടുകെട്ടൊക്കെ ഒന്നു ശ്രദ്ധിക്കണം, സാധാരണ ഈ പ്രായത്തില്‍ മനസില്‍ കളവു പാടില്ലാത്തതാണ്.' പിന്നെ നടന്ന സംഭവത്തിന്റെ ഒരു വിശദീകരണവും.
ഈ കഥ നടന്നിട്ട് ഇപ്പോള്‍ നാല്പതു വര്‍ഷത്തില്‍ ഏറെയായി. കഥയിലെ മുഖ്യകഥാപാത്രങ്ങള്‍ ഒന്നും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. പശു അന്നേ പോയി. കക്ഷിയേയും പിന്നെ കണ്ടിട്ടില്ല. പരമുവിനെ പോലീസു പിടിച്ചോ ഇടിച്ചോ എന്നൊന്നും പിന്നെ ആരും അന്വേഷിച്ചില്ല. കുഞ്ചുകൊച്ചച്ഛന്‍ അടുത്തയിടക്കാണ് മരിച്ചത്. അനന്തന്‍ ചേട്ടന്‍ പക്ഷെ ഇരുപത്തഞ്ച് വയസ്സിലേ മരിച്ചു.
ഈ കഥയിലെ വില്ലന്‍ ആരാണെന്ന് എനിക്ക് അന്നും ഇന്നും അറിയില്ല. എന്റെ കൊച്ചച്ഛന്‍ പൊതുവെ വളരെ നല്ല ആളായിരുന്നു. അതുകൊണ്ട് മനഃപൂര്‍വം ആളെ പറ്റിക്കാന്‍ ഇറങ്ങിയതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഏഴു വയസ്സുള്ള അനന്തന്‍ചേട്ടന്‍ ഈ മഷിയില്‍ ഇതെല്ലാം കണ്ടു? ആ?
ഒന്നെനിക്കറിയാം പൊതുവെ എല്ലാ ജ്യോത്സ്യന്‍മാരുടെ അടുത്തും വരുന്നവര്‍ തന്നെ അവരുടെ പ്രശ്‌നവും പരിഹാരവും ഒക്കെ പറയും. മാന്ത്രികമോ ദൈവികമോ ആയ ഒരുറപ്പാണ് ജ്യോതിഷക്കാരും മഷിനോട്ടക്കാരും ഒക്കെ കൊടുക്കുന്നത്.
മഷി നോട്ടവും .........ആമവിളക്കും പോലെയുള്ള തട്ടിപ്പുപരിപാടികള്‍ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നത് എന്നെ ചിന്തിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു.
വല്യച്ഛന്റെ ജ്യോതിഷത്തെപ്പറ്റി പിന്നൊരിക്കല്‍ എഴുതാം.
Mathrubhumi
KARUNAKARAN
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment