ചട്ടക്കാരിയുടെ ഇന്റര്‍വ്യു
38 വര്‍ഷം മുമ്പ് കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്‌ത 'ചട്ടക്കാരി യുവഹൃദയങ്ങളെ ഒന്നടങ്കം ആകര്‍ഷിച്ചുകൊണ്ട് സൂപ്പര്‍ ഹിറ്റായ സിനിമയാണ്. അതുവരെ മലയാള സിനിമയില്‍ കാണാതിരുന്ന സവിശേഷതകള്‍ ചട്ടക്കാരിക്കുണ്ടായിരുന്നു.
രണ്ട് മതത്തില്‍പ്പെട്ട കമിതാക്കളായിരുന്നു മോഹന്‍, ലക്ഷ്‌മി. അവരുടെ പ്രണയം തീവ്രമായിരുന്നു. പ്രണയത്തിനിടയിലെ കുസൃതികള്‍. പിന്നീട് എല്ലാം മറന്ന് ഒന്നായ നിമിഷങ്ങള്‍.... അതിലെ മനോഹരമായ ഗാനങ്ങള്‍... ഗാനങ്ങളും അഭിനയവും സംവിധാന ശൈലിയും ഛായാഗ്രഹണമൂഡും എഡിറ്റിംഗും എല്ലാം ചേര്‍ന്നപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭവവും അനുഭൂതിയുമായി ചട്ടക്കാരി മാറി. അതിലെ കമിതാക്കളെ അവതരിപ്പിച്ച മോഹനും ലക്ഷ്‌മിയും സിനിമ പൂര്‍ത്തിയായപ്പോള്‍ വേര്‍പിരിയാന്‍ പറ്റാത്തവണ്ണം അടുത്തു. പിന്നീടവര്‍ വിവാഹിതരായി. ഒരുമിച്ച് താമസിക്കാന്‍ സാധിക്കാത്ത ഒരവസരം വന്നപ്പോള്‍ ഗുഡ്‌ബൈ പറഞ്ഞു.
ഇപ്പോള്‍ 'ചട്ടക്കാരി' പുതിയ രീതിയില്‍ ചിത്രീകരിക്കുകയാണ്. നിര്‍മാതാവ് ജി. സുരേഷ്‌കുമാറാണെങ്കില്‍ സംവിധായകന്‍ കെ.എസ്. സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനാണ്. നായകന്‍- ഫാസില്‍ 'ലിവിംഗ് ടുഗെദര്‍' എന്ന ചിത്രത്തിലൂടെ നായകനായി കൊണ്ടുവന്ന ഹേമന്ത്. നായിക- തമിഴ്, തെലുങ്ക് നായിക ഷംനാകാസിം. ചോദ്യങ്ങളും ഉപചോദ്യങ്ങളുമായി ഹേമന്തും ഷംനാകാസിമും സിനിമാമംഗളത്തിന് ഏതാനും മണിക്കൂര്‍ നല്‍കി.
? സീനിയര്‍ ഷംന (പൂര്‍ണ) ആയതുകൊണ്ട് തുടക്കം ഷംനയില്‍നിന്നാകാം, അല്ലേ.
ഷംന: സീനിയര്‍ എന്നു പറഞ്ഞാല്‍ വയസിന്റെ കാര്യത്തിലോ അഭിനയത്തിന്റെ കാര്യത്തിലോ?
ഹേമന്ത്: (ഇടയ്‌ക്ക് കയറി) വയസിന്റെ കാര്യത്തില്‍തന്നെ.അഭിനയത്തിന്റെ കാര്യത്തില്‍ സീനിയറായി ഞാനുണ്ടല്ലോ.
ഷംന: അതു മനസില്‍ വെച്ചാല്‍മതി. അഭിനയത്തിന്റെ കാര്യത്തില്‍ ഞാനാണ് സീനിയര്‍.'
ഹേമന്ത്: അപ്പോള്‍ വയസിന്റെ കാര്യത്തിലോ?
ഷംന: നമ്മള്‍ തുല്യരല്ലേ?
ഹേമന്ത്: അതെങ്ങനെ നമ്മള്‍ തുല്യരാകും? ഞാനിപ്പോഴും വിദ്യാര്‍ത്‌ഥിയാണ്. സ്വീറ്റ് ട്വന്റിഫോര്‍.
ഷംന: എനിക്ക് സ്വീറ്റ് ട്വന്റി ത്രി മാത്രമേയുള്ളൂ.
ഹേമന്ത്: അത് അഞ്ച് വര്‍ഷം മുമ്പ് അല്ലേ? അതുകൂടി കൂട്ടിയാല്‍ 28. അതായത് എന്നേക്കാള്‍ 4 വയസ് കൂടുതല്‍.
ഷംന: (പിണക്കം നടിച്ചിരിക്കുന്നു.)
ഹേമന്ത്: (കളി കാര്യമായെന്നു മനസിലാക്കി ഷംനയെ സാന്ത്വനപ്പെടുത്തുന്നു.) തൊട്ടാവാടിയാണെന്ന് മനസിലായി. ഷംനയ്‌ക്ക് 23 വയസാണെങ്കിലും അത്രയൊന്നും തോന്നിക്കുകയില്ല.
ഷംന: (സന്തോഷം) എത്ര തോന്നിക്കും?
ഹേമന്ത്: പതിനേഴ് വയസില്‍ കൂടുതല്‍ തോന്നിക്കുകയില്ല.
ഷംന: (സന്തോഷത്തോടെ) കറക്‌ട്.... ഇപ്പഴാണ് ഹേമന്ത്‌ചേട്ടനോട് എനിക്കു കൂടുതല്‍ ഇഷ്‌ടം തോന്നിയത്.
ഹേമന്ത്: എന്നെ ചേട്ടനെന്നൊന്നും വിളിക്കണ്ട... കോള്‍ മി ഹേമ.
ഷംന: (പൊട്ടിച്ചിരിക്കുന്നു) ഹേമയോ.... അത് പെണ്ണിന്റെ പേരല്ലേ?
ഹേമന്ത്: സ്‌നേഹമുള്ളവര്‍ എന്നെ ഹേമ എന്നും ഹേമേ എന്നുമാണ് വിളിക്കുന്നത്.
ഷംന: ഓക്കെ... ഞാനും ഇനി അങ്ങനെ മാത്രമേ വിളിക്കൂ.
ഹേമന്ത്: നമുക്കിനി കാര്യത്തിലേക്ക് കടക്കാം.
ഷംന: (ഗൗരവത്തില്‍ ഇരുന്ന്, തൊണ്ട ശരിയാക്കുന്നു.)
ഹേമന്ത്: പാട്ടുപാടാന്‍ പോക്വാണോ?
ഷംന: അല്ല.
ഹേമന്ത്: പിന്നെന്തിനാണ് തൊണ്ട ശരിയാക്കിയത്?
ഷംന: ഹേമന്തിന്റെ ചോദ്യത്തിന് ഉത്തരം പറയണ്ടേ?
ഹേമന്ത്: ഓക്കെ... ഓക്കെ.... ആദ്യത്തെ ചോദ്യത്തില്‍നിന്നും നമുക്ക് തുടങ്ങാം.
ഷംന: തുടങ്ങിക്കോളൂ ഡിയര്‍.
ഹേമന്ത്: അങ്ങനെ വിളിക്കരുത്. എനിക്കിപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്റെ റോളാണ്.
ഷംന: പത്രപ്രവര്‍ത്തകരെ ഡിയര്‍ എന്നു വിളിച്ചാലെന്താ?
ഹേമന്ത്: അങ്ങനെ വിളിക്കുന്നത് എനിക്കിഷ്‌ടമല്ല.
(ഷംനയുടെ മൊബൈല്‍ ശബ്‌ദിക്കുന്നു. 'ഒരു നിമിഷം' എന്നു പറഞ്ഞ് ശബ്‌ദം താഴ്‌ത്തി ഷംന സംസാരിക്കുന്നു. രാത്രി പുറപ്പെടുമെന്നും രാവിലെ മൈസൂറില്‍ എത്തുമെന്നും പറയുന്നു.)
ഷംന: രാവിലെ തെലുങ്ക്‌ചിത്രത്തില്‍ ജോയില്‍ ചെയ്യണം. അതുകൊണ്ട് നമുക്ക് കാര്യത്തിലേക്ക് കടക്കാം.
ഹേമന്ത്: എന്തിനാ അഭിനയിക്കാന്‍ വന്നത്?
ഷംന: (ഒരു നിമിഷം ഹേമന്തിനുനോക്കി. പിന്നെ പൊട്ടിച്ചിരിച്ചു.) ഇതെന്തു ചോദ്യം. അഭിനയിക്കാന്‍ വന്നു, അഭിനയിച്ചു.
ഹേമന്ത്: ആ അര്‍ത്‌ഥത്തിലല്ല ഞാന്‍ ചോദിച്ചത്. വേറെ ജോലിക്കു പോകാതെ, ഭാര്യയായി, അമ്മയായി ജീവിക്കാതെ അഭിനയിക്കാന്‍ വന്നത് എന്തിനാണ്?
ഷംന: എനിക്ക് നൃത്തത്തോടായിരുന്നു താല്‌ര്യം. നൃത്തം പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ സുന്ദരിയാണെന്നും സിനിമയില്‍ രക്ഷപ്പെടുമെന്നും പറഞ്ഞു.
ഹേമന്ത്: ഷംന സുന്ദരിയാണെന്ന് ആര് പറഞ്ഞു....? വെറുതെ സ്വയം പുകഴ്‌ത്തി സംസാരിക്കല്ലേ.
ഷംന: ഇപ്പോള്‍ ഹേമന്ത് പറഞ്ഞില്ലേ ഞാന്‍ സുന്ദരിയാണെന്ന്.
ഹേമന്ത്: ഞാനങ്ങനെ പറഞ്ഞിട്ടില്ല. അല്ലെങ്കിലും അങ്ങനെ പറയാന്‍ എനിക്കെന്താ വട്ടുണ്ടോ?
ഷംന: ഹേമന്ത് പ്ലീസ്... എന്നെ ഇന്‍സള്‍ട്ട് ചെയ്യരുത്.
ഹേമന്ത്: ഞാനെപ്പോഴാണ് ഷംന സുന്ദരിയാണെന്ന് പറഞ്ഞത്?
ഷംന: ഫോട്ടോഷൂട്ട് സമയത്ത് എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി, എന്നെ ചേര്‍ത്തുപിടിച്ച് ഹേമന്ത് പറഞ്ഞില്ലേ സുന്ദരിയാണെന്ന്.
ഹേമന്ത്: അത് സിനിമയിലെ രംഗമായിരുന്നില്ലേ?
ഷംന: ഞാന്‍ സുന്ദരിയായതുകൊണ്ടല്ലേ അങ്ങനെ പറയിപ്പിച്ചത്?
ഹേമന്ത്: ഓക്കെ.... ഞാന്‍ സമ്മതിച്ചിരിക്കുന്നു. ബാക്കി പറ.
ഷംന: നൃത്തം പഠിക്കാന്‍ പ്രധാന കാരണം ശോഭനാമാഡമാണ്. അവരുടെ 'മണിച്ചിത്രത്താഴ്' ഞാന്‍ പതിനഞ്ച് പ്രാവശ്യം കണ്ടു. എനിക്കവരെ അത്രയ്‌ക്കും ഇഷ്‌ടമാണ്. അവരെപ്പോലെ നല്ലൊരു നര്‍ത്തകിയും അഭിനേത്രിയുമാകാന്‍ ആഗ്രഹിച്ചു.
ഹേമന്ത്: ആദ്യമായി ചാന്‍സ് ലഭിച്ച സിനിമ.
ഷംന: 'പച്ചക്കുതിര'.
ഹേമന്ത്: ആള്‍ക്കൂട്ടത്തിലെ പെണ്‍കുട്ടിയായി അഭിനയിച്ചു അല്ലേ?
ഷംന: അസൂയക്ക് കണക്കുവേണം. ഞാന്‍ ഗോപികച്ചേച്ചിയുടെ അനുജത്തിയായിട്ടാണ് അഭിനയിച്ചത്. വിശ്വാസമില്ലെങ്കില്‍ വിളിച്ചു ചോദിക്ക്.
ഹേമന്ത്: ആരെ വിളിച്ചു ചോദിക്കണം. ദിലീപേട്ടനെയോ ഗോപികയെയോ?
ഷംന: നാലഞ്ച് സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഹേമന്തിന് അഹങ്കാരം തുടങ്ങി അല്ലേ?
ഹേമന്ത്: ആര്‍ക്കാണ് അഹങ്കാരമെന്ന് ഞാന്‍ പറയണോ?
ഷംന: തര്‍ക്കം വേണ്ട ഹേമന്ത്... ചോദ്യങ്ങള്‍ ചോദിക്കൂ.... എനിക്ക് മൈസൂറിലെത്തണം.
ഹേമന്ത്: ഇപ്പോ ചോദിക്കാം. ദ്വേഷ്യം വരല്ലേ... നമ്മള്‍ എവിടെയാണ് പറഞ്ഞുനിര്‍ത്തിയത്?
ഷംന: നമ്മളല്ല, ഹേമന്താണ് നിര്‍ത്തിയത്. ചോദിക്കൂ ഹേമന്ത്.
ഹേമന്ത്: ആദ്യം അഭിനയിച്ചത് പച്ചക്കുതിര. പ്രതിഫലം കിട്ടിയതോ?
ഷംന: പച്ചക്കുതിരയില്‍ അഭിനയിച്ചതിന് പ്രതിഫലം കിട്ടിയെങ്കിലും അതെത്രയാണെന്ന് എനിക്കറിയില്ല. എന്നാല്‍ സെക്കന്‍ഡ് സ്‌റ്റാന്‍ഡേര്‍ഡില്‍വച്ച് നൃത്തം ചെയ്‌തതിന് എനിക്ക് മൂവായിരം രൂപ കിട്ടി.
ഹേമന്ത്: മൂവായിരം രൂപ എന്തു ചെയ്‌തു?
ഷംന: സ്വര്‍ണം വാങ്ങി.
ഹേമന്ത്: മോഹന്‍ലാല്‍ചേട്ടന്റെകൂടെ 'അലിഭായ്' ചെയ്‌തുകൊണ്ടിരുന്നപ്പോള്‍ മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ പോയെന്നും ഡേറ്റ്‌സ് തമ്മില്‍ ക്ലാഷ് ആയെന്നും അതുകൊണ്ട് അലിഭായില്‍ സീനുകള്‍ കുറച്ചെന്നും പറഞ്ഞുകേട്ടു. ശരിയാണോ?
ഷംന: (തലയില്‍ കൈവച്ച്, വിശ്വസിക്കാനാവാതെ) ആരാണ് എടുത്താല്‍ പൊന്താത്ത നുണ പറഞ്ഞത്. ഹേമന്ത് കൈയില്‍നിന്നിട്ട് പറഞ്ഞതാണോ?
ഹേമന്ത്: എല്ലാവര്‍ക്കും അറിയാവുന്ന കാര്യം ഞാനെന്തിന് കൈയില്‍നിന്നിട്ട് പറയണം?
ഷംന: 'അലിഭായ്' സിനിമയില്‍ കിങ്ങിണി എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. എല്ലാവര്‍ക്കും കിങ്ങിണിയെ ഇഷ്‌ടമായിരുന്നു. ആ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് അമൃതയിലെ സൂപ്പര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലും ഞാന്‍ മത്‌സരിച്ചത്. ഷൂട്ടിംഗ് ഒരു സ്‌ഥലത്തും റിയാലിറ്റിഷോ മറ്റൊരു സ്‌ഥലത്തും. അതെന്നെ ഏറെ ബുദ്ധിമുട്ടിച്ചു. അന്നു ഞാന്‍ അറിയപ്പെടുന്ന നടിയായിരുന്നില്ല. ബസില്‍ യാത്ര ചെയ്‌തിട്ടാണ് സൂപ്പര്‍ ഡാന്‍സിലേക്ക് പോയത്.
ഹേമന്ത്: അന്ന് കുറെ അഹങ്കരിച്ചു?
ഷംന: എന്തിന്?
ഹേമന്ത്: അലിഭായിയിലെ കിങ്ങിണിവേഷം. സൂപ്പര്‍ സ്‌റ്റാര്‍ മോഹന്‍ലാലിനൊപ്പം. ആരാണ് അഹങ്കരിക്കാത്തത്?
ഷംന: മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. ഞാന്‍ അഹങ്കരിച്ചിട്ടില്ല. കിങ്ങിണിയാണ് ഇതുവരെ മലയാളത്തില്‍ അഭിനയിച്ച സിനിമകളില്‍ നല്ല കഥാപാത്രം. തിരുവനന്തപുരം-പൊള്ളാച്ചി യാത്ര ക്ലേശകരമായിരുന്നു. പൊള്ളാച്ചിയില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടയിലും ഞാന്‍ ഡാന്‍സ് പ്രാക്‌ടീസ് ചെയ്യുമായിരുന്നു. ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍, അതെങ്ങനെ എനിക്ക് സാധിച്ചൂ എന്നോര്‍ത്ത് പേടിയായിരുന്നു.
ഹേമന്ത്: ഇപ്പോള്‍ കാറും മറ്റ് സൗകര്യവുമുണ്ട്. മുമ്പത്തെപ്പോലെ ആട്ടോറിക്ഷയില്‍ സഞ്ചരിക്കുമോ?
ഷംന: ഞാന്‍ സഞ്ചരിച്ചല്ലോ. കാര്‍ ഉണ്ടായാലും ഇല്ലെങ്കിലും കഴിഞ്ഞതൊന്നും ഞാന്‍ മറക്കില്ല. ഇന്ന് കാണുന്നത് പലതും നാളെ നഷ്‌ടപ്പെടാം. അങ്ങനെ ചിന്തിക്കുന്ന കുട്ടിയാണ് ഞാന്‍.
ഹേമന്ത്: (പൊട്ടിച്ചിരിച്ച്) കുട്ടിയോ?
ഷംന: എന്റെ അച്‌ഛനും അമ്മയ്‌ക്കും ഞാന്‍ കുട്ടിയാണ്.
ഹേമന്ത്: പ്രായപൂര്‍ത്തിയായ ബഹുഭാഷാനടിയാണ് ഷംന അല്ലെങ്കില്‍ പൂര്‍ണ എന്ന് എപ്പോഴും ഓര്‍ക്കണം.
ഷംന: എന്റെ മനസില്‍ കള്ളം ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ എന്നെ കുട്ടിയെന്ന് വിശേഷിപ്പിച്ചത്.
ഹേമന്ത്: ആരോടാണ് കടപ്പാട്?
ഷംന: എന്റെ അച്‌ഛനും അമ്മയോടും.
ഹേമന്ത്: ഒരു കുടുംബചിത്രം?
ഷംന: അങ്ങനെയല്ല. ഞാന്‍ ഒരു മുസ്ലീം പെണ്‍കുട്ടിയാണ്. അവര്‍ക്ക് സിനിമയില്‍ സജീവമാകാന്‍ കഴിയാറില്ല. പല തരം പ്രതിസന്‌ധികള്‍ ഉണ്ടാകും. എന്നാല്‍, എനിക്ക് എല്ലാ സപ്പോര്‍ട്ടും നല്‍കിയത് എന്റെ അച്‌ഛനും അമ്മയുമാണ്. അതുകൊണ്ടാണ് എന്റെ കടപ്പാട് അവര്‍ക്ക് നല്‍കിയത്.
ഹേമന്ത്: തമിഴ് സിനിമയിലേക്ക് ഓടിയല്ലോ. അതില്‍ ആര്‍ക്കാണ് നന്ദി പറയുക?
ഷംന: നമ്മുടെ ലാലേട്ടനോട്.
ഹേമന്ത്: അതെങ്ങനെ? ലാലേട്ടന്‍ മലയാള സിനിമയിലല്ലേ?
ഷംന: അതൊരു സംഭവമാണ് മോനെ.
ഹേമന്ത്: എന്താ വിളിച്ചത്?
ഷംന: വിഷമിക്കണ്ട... എന്നെ അമ്മയെന്നു വിളിക്യൊന്നും വേണ്ട. നമ്മള്‍ കൂടുതല്‍ അടുത്തതുകൊണ്ട് സ്വാതന്ത്ര്യം വിനിയോഗിച്ച് വിളിച്ചതാണ്.
ഹേമന്ത്: ലാലേട്ടനോട് നന്ദി എന്തിനാണ്?
ഷംന: 'കോളജ്‌കുമാരന്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്നാണ് ഞാന്‍ ഭരതിന്റെ തമിഴ് സിനിമയിലേക്ക് പോയത്. പോകാന്‍നേരം ഞാന്‍ ലാലേട്ടനോടും മറ്റും പറഞ്ഞു: ഞാന്‍ നായികയായി അഭിനയിക്കാന്‍ തമിഴ്‌നാട്ടിലേക്ക് പോകുകയാണ്. എല്ലാവരും എനിക്കുവേണ്ടി പ്രാര്‍ത്‌ഥിക്കണം. അപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു..... ഇനി ഷംന മലയാളത്തിലേക്ക് തിരിച്ചുവരില്ല. ലാലേട്ടന്റെ നാവ് പൊന്നായിരുന്നു. അതിനുശേഷം ഞാന്‍ മലയാള സിനിമയില്‍ വന്നിട്ടില്ല. ലാലേട്ടന്റേത് നല്ല മനസാണ്. സൂപ്പര്‍ ഡാന്‍സ് സമയത്ത് എനിക്കത് മനസിലായി. പ്രശസ്‌തയൊന്നുമല്ലാത്ത എനിക്കുവേണ്ടി സെറ്റിലുള്ളവരോട് പറഞ്ഞ് എസ്.എം.എസ്. അയപ്പിക്കുകയും മറ്റും ചെയ്‌ത് സഹായിച്ചിട്ടുണ്ട്.
ഹേമന്ത്: ഷംന പാവമാണോ, പാവയാണോ?
ഷംന: രണ്ടുമല്ല, അത്യാവശ്യം കുസൃതിത്തരങ്ങളെല്ലാം എനിക്കുണ്ട്.
ഹേമന്ത്: ആദ്യത്തെ തമിഴ്‌സിനിമയില്‍ 29 ടേക്കിനാണ് ഒരു സീന്‍ ഓക്കെയായത്, അല്ലേ?
ഷംന: ഇങ്ങനെയാണെങ്കില്‍ ഞാനൊന്നും പറയില്ല. 46 ടേക്കുവരെ എടുത്തവര്‍ ഉണ്ട്. ഒമ്പതാമത്തെ ടേക്കിലാണ് ഞാന്‍ ഓക്കെയായത്. അതില്‍ എനിക്ക് വിഷമമുണ്ട്; എന്റെ കാരണംകൊണ്ടല്ലെങ്കിലും.
ഹേമന്ത്: ചിന്ന ദളപതി വിജയ് ഷംനയ്‌ക്ക് പേരിട്ട നടനാണല്ലേ?
ഷംന: അതെ.... എന്നെ കുറെ സമയം നോക്കിനിന്ന് എന്തോ പറയുന്നതുപോലെ തോന്നി. പിന്നെ എന്നെ നോക്കി ഉറക്കെ വിളിച്ചു- നീ 'ചിന്ന അസിന്‍' ആണ്... അതിനു മുമ്പ് പലരും പറഞ്ഞിരുന്നു; എനിക്ക് അസിന്റെ ഛായ ഉണ്ടെന്ന്.
ഹേമന്ത്: ഡൂപ്പ് വേഷം ചെയ്യാം.
ഷംന: എന്താ പറഞ്ഞത്?
ഹേമന്ത്: അസിന് വേണമെങ്കില്‍ ഷംനയുടെ ഡ്യൂപ്പ് ഇടാമെന്ന്.
ഷംന: അങ്ങനെയല്ലല്ലോ പറഞ്ഞത്. എന്തായാലും അസിന്‍ച്ചേച്ചിയെ ഇങ്ങനെ ചിത്രീകരിക്കരുത്. മലയാളത്തിന്റെ അഭിമാനമാണവര്‍. വൃന്ദമാസ്‌റ്റര്‍ ഡാന്‍സ് എടുക്കുമ്പോള്‍ പറയുമായിരുന്നു; പൂര്‍ണാ, നീ അസിന്റെ ഫോട്ടോ കോപ്പിയാണ്. രൂപത്തില്‍ മാത്രമല്ല, അസിന്റെ ചലനങ്ങള്‍, നോട്ടം എല്ലാം അതേപടി.
ഹേമന്ത്: അസിനെ നേരില്‍ കണ്ടിട്ടുണ്ടോ?
ഷംന: ആ ഭാഗ്യം എനിക്ക് ലഭിച്ചിട്ടില്ല.
ഹേമന്ത്: ഒരു ദിവസം അസിനെ നേരില്‍ കണ്ടാല്‍?
ഷംന: ഞാന്‍ അസിന്റെ ഫാനാണ്. നേരില്‍ കാണുമ്പോള്‍ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഉമ്മകൊടുക്കും.
ഹേമന്ത്: വെറുതെ, ഒന്നും പറയാതെ കെട്ടിപ്പിടിക്കുകയോ? ചേച്ചി എന്നെങ്കിലും വിളിച്ചുകൂടെ?
ഷംന: ചേച്ചിയെന്നോ? ഇപ്പോഴത്തെ ജനറേഷനില്‍ ആരെങ്കിലും ചേച്ചിയെന്നു വിളിക്കുമോ? എനിക്കൊന്നും വയ്യ 'ചേച്ചി' എന്നു വിളിക്കാന്‍.
ഹേമന്ത്: ഷംനയുടെ ഈഗോയല്ലേ?
ഷംന: അല്ല, ഞാന്‍ ചേച്ചി എന്നു വിളിച്ചതിന്റെ പേരില്‍ എന്നോട് മിണ്ടാതെ നടന്നവരുണ്ട്. അസിന്റെ സ്‌നേഹം എനിക്ക് വേണം. ചേച്ചി എന്നു വിളിക്കാനാണ് അവര്‍ക്ക് ഇഷ്‌ടമെങ്കില്‍ ഓക്കെ.
ഹേമന്ത്: തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ അഭിനയിച്ചു. 'ഞാനൊരു നല്ല നടിയാണ്' എന്നു പറയാന്‍ തോന്നിയത് ഏതു സിനിമയില്‍ അഭിനയിച്ചപ്പോഴാണ്?
ഷംന: ഇന്നേവരെ ഞാനങ്ങനെ ചിന്തിച്ചിട്ടില്ല.
ഹേമന്ത്: എപ്പഴാ ചിന്തിക്കുന്നത്?
ഷംന: ചിന്തിക്കുന്നില്ല. നല്ല സിനിമകളും വേഷങ്ങളും കിട്ടണമെന്ന പ്രാര്‍ത്‌ഥന മാത്രമേ ഉള്ളൂ.
ഹേമന്ത്: അഭിനയത്തിന്റെ കാര്യത്തില്‍ ഏതു ക്ലാസിലാണ്? ഹൈസ്‌കൂളിലോ?. കോളജിലോ?
ഷംന: മലയാളത്തില്‍ ഞാന്‍ കിന്റര്‍ഗാര്‍ഡനിലും മറ്റ് ഭാഷകളില്‍ എല്‍.കെ.ജിയിലും.
ഹേമന്ത്: സിനിമയില്‍ ഷംനയെ അമ്പരപ്പിച്ച നിമിഷം?
ഷംന: ആദ്യത്തെ തമിഴ് സിനിമയില്‍ നായികയായപ്പോള്‍ എനിക്ക് കാരവന്‍ തന്നനിമിഷം ഞാന്‍ അമ്പരന്നു. 'പച്ചക്കുതിര' മലയാള സിനിമയില്‍ ദിലീപേട്ടന് 'കാരവന്‍' ഉണ്ടായിരുന്നു. അന്ന് ഞാനത് ഉപയോഗപ്പെടുത്തി. ചില സമയത്ത് കാരവന്‍ നല്ലതാണ്.
ഹേമന്ത്: ഏതെങ്കിലും സിനിമയില്‍ 'കാരവന്‍' കിട്ടിയില്ലെങ്കിലോ?
ഷംന: എനിക്ക് 'കാരവന്‍' വേണമെന്ന് നിര്‍ബന്‌ധമില്ല. അതേ സമയം ഞാനഭിനയിച്ച ചെറിയ ബഡ്‌ജറ്റ് ചിത്രങ്ങളില്‍ 'കാരവന്‍' ഉണ്ടാകില്ലെന്ന് മുമ്പേ പറഞ്ഞിരുന്നു. എന്നിട്ടും ഞാനാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഹേമന്ത്: പ്രണയം!
ഷംന: വിരോധമില്ല. പക്ഷേ, ഇപ്പോള്‍ പ്രണയിക്കാന്‍ സമയമില്ല. അഭിനയത്തോടാണ് എന്റെ പ്രണയം.
ഹേമന്ത്: ഗോസിപ്പുകള്‍?
ഷംന: ഇഷ്‌ടമാണ്. വേദനിപ്പിക്കാത്ത, കുടുംബബന്‌ധങ്ങള്‍ തകര്‍ക്കാത്ത ഗോസിപ്പുകള്‍ ഞാന്‍ പ്രോത്‌സാഹിപ്പിക്കും.
ഹേമന്ത്: മലയാള സിനിമയില്‍ നായികയായിവന്നു, എന്തു തോന്നി?
ഷംന: എന്റെ സ്വപ്‌നമായിരുന്നു മലയാളത്തിലെ നായികാപദവി. ഒരു വലിയ സിനിമയിലൂടെ അതു സാധിച്ചതില്‍ സന്തോഷം.
ഹേമന്ത്: 'ചട്ടക്കാരി'യില്‍ ലക്ഷ്‌മി അഭിനയിച്ച റോളിലാണ് അഭിനയിക്കുന്നത്. പേടി തോന്നുന്നില്ലേ?
ഷംന: എല്ലാം പോസിറ്റീവ് ആയി കാണാനാണ് എനിക്കാഗ്രഹം. എന്നാല്‍ കഴിയാവുന്ന രീതിയില്‍ ഞാന്‍ ജൂലി എന്ന കഥാപാത്രത്തെ വിജയിപ്പിക്കാന്‍ ശ്രമിക്കും.
(ഒന്നു നിര്‍ത്തി.)
ഹേമന്ത്, ഇത്രയും സമയം എന്നെ ചോദ്യം ചെയ്‌തില്ലേ, ഇനി ഞാന്‍ ഹേമന്തിനെ ചോദ്യം ചെയ്യട്ടെ.
ഹേമന്ത്: ഓക്കെ... ഞാനിതാ മൈക്ക് ഷംനയ്‌ക്ക് കൊടുക്കുന്നു.
ഷംന: 'ചട്ടക്കാരി'യില്‍ ഫോട്ടോഷൂട്ട് സമയത്ത് എന്നെ കെട്ടിപ്പിടിക്കാന്‍ പറഞ്ഞപ്പോള്‍ ഹേമന്ത് വിറച്ചിരുന്നു.... പേടികൊണ്ടാണോ?
(തുടരും)
║│││▌│█║▌║│ █║║▌█ ║
╚»+91 9447 14 66 41«╝
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment