എം.എല്‍.എമാര്‍ തൊഴില്‍ നികുതിയടയ്ക്കണമെന്ന് നഗരസഭ
സെക്രട്ടറി ഹാജരാകണമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: എം.എല്‍.എ മാരുടെ തൊഴില്‍ നികുതി ആവശ്യപ്പെട്ട് നിയമസഭാസെക്രട്ടറിക്ക് കത്തുനല്‍കിയ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ തീരുമാനിച്ചു. 17 ന് രാവിലെ 11ന് സ്പീക്കറുടെ ചേംബറില്‍ ഹാജരാകാനാണ് ഉത്തരവ്.
ഇതാദ്യമായാണ് എം.എല്‍.എ മാരില്‍ നിന്ന് കോര്‍പ്പറേഷന്‍ തൊഴില്‍ നികുതി ആവശ്യപ്പെട്ടത്. എം.എല്‍.എ മാര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ജോലിചെയ്ത് ശമ്പളം പറ്റുന്ന തൊഴിലാളികളാണെന്ന സമീപനത്തോടെയാണ് കോര്‍പ്പറേഷന്‍ കത്തയച്ചത്. 141 എം.എല്‍.എ മാരില്‍ നിന്നും 2008 മുതലുള്ള തൊഴില്‍ നികുതി ഒരുശതമാനം പലിശയടക്കം പിടിച്ചുകൊടുക്കണമെന്നാണ് സെക്രട്ടറി ടി. ഭാസ്‌കരന്‍ കത്തില്‍ ആവശ്യപ്പെട്ടത്.
എം.എല്‍.എ മാര്‍ ശമ്പളമല്ല, ആനുകൂല്യങ്ങളാണ് കൈപ്പറ്റുന്നത് എന്ന് മനസ്സിലാക്കാതെയുള്ള കോര്‍പ്പറേഷന്റെ വിചിത്രമായ ഈ നടപടി സഭയുടെ അവകാശലംഘനമായി കണക്കാക്കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത് അവകാശലംഘനമായി കരുതണോയെന്നത് വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ തീരുമാനിക്കും.
ഈ നടപടി അസാധാരണവും കീഴ്‌വഴക്കങ്ങള്‍ ലംഘിക്കുന്നതുമാണെന്ന് നഗരസഭാ സെക്രട്ടറിക്ക് സ്പീക്കര്‍ അയച്ച കത്തില്‍ പറയുന്നു. നിയമസഭാ സാമാജികരെ സംബന്ധിച്ച് ഇത്തരമൊരു കത്തയയ്ക്കാനുള്ള കാരണം വിശദീകരിക്കാനാണ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എം.എല്‍.എ മാര്‍ക്ക് നല്‍കുന്നത് ശമ്പളമല്ലെന്ന് നിയമസഭ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. വിവിധയിനങ്ങളിലുള്ള ബത്തയാണ് നല്‍കുന്നത്. നിയമസഭാ സെക്രട്ടറിയുടെ കീഴിലുള്ള ജീവനക്കാരുമല്ല അവര്‍. ഇതൊന്നും മനസ്സിലാക്കാതെയാണ് കോര്‍പ്പറേഷന്‍ കത്തയച്ചിരിക്കുന്നത്. എം.എല്‍.എ മാര്‍ ശമ്പളം പറ്റുന്നതായി മനസ്സിലാക്കുന്നു എന്നാണ് കത്തിലെ വാചകം. അവര്‍ നികുതി അടയ്ക്കുന്നുമില്ല. അതിനാല്‍ നികുതി അവരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചുകൊടുക്കണമെന്നാണ് ആവശ്യം. ഈ കാലപരിധി നിര്‍ണയിച്ചതും വിചിത്രമാണ്. 2008 ല്‍ വന്ന എം.എല്‍.എ മാരിലേറെപ്പേരും ഇപ്പോള്‍ സഭയില്‍ഇല്ലെന്ന കാര്യംപോലും കോര്‍പ്പറേഷന്‍ ഓര്‍ത്തില്ല.
കേരളത്തില്‍ എം.എല്‍.എ മാര്‍ക്ക് നല്‍കുന്ന പ്രതിമാസ ആനുകൂല്യങ്ങള്‍ ഇപ്രകാരമാണ്: സ്ഥിരബത്ത -300 രൂപ, ടെലിഫോണ്‍ അലവന്‍സ്-5000 രൂപ, മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാനുള്ള ബത്ത-5000 രൂപ, യാത്രാക്കൂലി -10,000 രൂപ. ഇങ്ങനെ മാസം 20,300 രൂപയാണ് എം.എല്‍.എ മാര്‍ക്ക് ലഭിക്കുന്നത്. കേരളത്തില്‍ മന്ത്രിമാര്‍ , സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ് ,ചീഫ് വിപ്പ് എന്നിവര്‍ക്ക് മാത്രമാണ് ശമ്പളം നല്‍കുന്നത്.
അവര്‍ കോര്‍പ്പറേഷന് തൊഴില്‍ നികുതി നല്‍കുന്നുണ്ട്.എന്നാല്‍ ഓഡിറ്റ് പരാമര്‍ശം വന്നതിനാലാണ് ഇത്തരമൊരു കത്തയച്ചതെന്ന് മേയര്‍ കെ.ചന്ദ്രിക പറഞ്ഞു. നികുതി ഒടുക്കേണ്ടതില്ലെന്ന ഉത്തരവോ രേഖയോ സഹിതം മറുപടി നല്‍കിയാല്‍ അതനുസരിച്ച് നടപടി സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു.
ഇതിനുമുമ്പ് കോര്‍പ്പറേഷന്‍ നിയമസഭാമന്ദിരത്തിന്റെ ദീര്‍ഘകാല കുടിശ്ശിക ആവശ്യപ്പെട്ടതും വിവാദമായിരുന്നു. 19 കോടിരൂപ കുടിശ്ശികയുണ്ടെന്നാണ് മേയര്‍ അറിയിച്ചത്. എന്നാല്‍ പിന്നീട് നടന്ന വിലയിരുത്തലില്‍ ഇത് മൂന്നുകോടിയായി കുറഞ്ഞു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ഉദ്യോഗസ്ഥരുടെ നികുതി കുടിശ്ശിക ആവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറിക്കും നഗരസഭ കത്തയച്ചിട്ടുണ്ട്.
നികുതി നല്‍കേണ്ടതില്ല- മുന്‍ സ്പീക്കര്‍ വിജയകുമാര്‍
എം.എല്‍.എ മാരോട് തൊഴില്‍ നികുതി ആവശ്യപ്പെടുന്ന കോര്‍പ്പറേഷന്റെ നടപടി ശരിയല്ലെന്ന് മുന്‍ സ്പീക്കറും സി.പി.എം. നേതാവുമായ എം.വിജയകുമാര്‍. എം.എല്‍.എ മാര്‍ തൊഴിലാളികളല്ല. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന കാലത്തേക്ക് സേവനം നടത്തുന്നവരാണ്. അവര്‍ക്കിതിന് ശമ്പളമല്ല, ആനുകൂല്യമാണ് നല്‍കുന്നത്. ഇതുവരെയാരും എം.എല്‍.എ മാരില്‍ നിന്ന് തൊഴില്‍ നികുതി ആവശ്യപ്പെട്ടിട്ടുമില്ല. ഈ നടപടി കോര്‍പ്പറേഷന്‍ പുനഃപരിശോധിക്കണമെന്നും വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
No comments:
Post a Comment